ഓർമ്മകൾക്ക് പരിസ്ഥിതിദിനത്തോളം പഴക്കമുള്ളത്പ്പോലെ.
ശരിയാണ് ബാല്യകാല ഓർമ്മകളിൽ അവന്റെ
പരിസ്ഥിതി മോശമായിരുന്നു..
ഓലമേഞ്ഞ ഒരു പഴയവീട്.
വിധവയായ ഒരമ്മ.
കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ദിനങ്ങൾ..
കാലവർഷമടുക്കുമ്പോൾ ഉള്ളിൽ ഭീതിയായിരുന്നു..
കഴിക്കാൻ ഒന്നുമില്ലാതാവും.
വിശപ്പിനെ വർണ്ണിക്കാനാവുമായിരുന്നെങ്കിൽ അതു വിവരിക്കാമായിരുന്നു.
മകന്റെ ഒട്ടിയ വയറു കണ്ടിട്ടാവും.. അമ്മ എവിടെ നിന്നോ ഒരു മുറി ചക്ക കൊണ്ട് വന്നു.
മുളകും തേങ്ങയും, ജീരകവുമൊക്കെ അരച്ചു ചക്ക വേവിക്കാൻ നിർവാഹമില്ലാഞ്ഞിട്ട് ചക്ക ചുളകൾ അടർത്തി കുരു കളഞ്ഞു പാവം അമ്മ വെള്ളത്തിലിട്ട് പുഴുങ്ങി കൊടുത്തു.
രാവിലെ സ്കൂളിൽ പോകുമ്പോൾ
ഇന്നലെ ടീച്ചർ പറഞ്ഞ കാര്യം അവനു ഓർമ്മ വന്നു.
നാളെ പരിസ്ഥിതി ദിനമാണ്.
എല്ലാവരും നല്ല നല്ല ചെടികൾ ചുറ്റുപാടും നടണം.
അനിലും അഖിലും, രമയും സുമയും,
നല്ല നല്ല ചെടികൾ കൊണ്ട് വരും. അവരുടെ മാതാപിതാക്കൾ കാശുള്ളവരാണ്. വില കൊടുത്തു മേടിക്കും.
സ്കൂളിൽ ചെന്നപ്പോൾ..
അന്ന് അതൊരു കാഴ്ചയായിരുന്നു.
സുമി ഇലകൾക്ക് സുഗന്ധമുള്ള ലാവണ്ടർ ആണ് കൊണ്ട് വന്നത്.
അഖിൽ ദേവതാരുവിന്റെ മനോഹരമായ തൈ കൊണ്ട് വന്നു.
ജനി അത്തി മരത്തിന്റെ തൈ കൊണ്ട് വന്നപ്പോൾ
സിജു ദുരിയാൻ കാണിച്ചു.
നീ എന്താടാ കൊണ്ട് വന്നത് ടീച്ചർ അവനോട് പുച്ഛത്തോടെ ചോദിച്ചു.
കാരണം ടീച്ചറിനറിയാം അവനു ഒന്നും കൊണ്ടു വരാനുള്ള പരിസ്ഥിതിയില്ലെന്ന്.
മങ്ങിയ മുഖത്തോടെ അവൻ പോക്കറ്റിൽ നിന്നും ഒരു ചക്കക്കുരു എടുത്തു ടീച്ചറിനെ കാണിച്ചു.
കൂട്ടചിരിയുയർന്നു.
എല്ലാരും ഇത്രയും വിലപിടിപ്പുള്ള മരങ്ങളും ചെടികളും കൊണ്ട് വന്നപ്പോൾ
ഒരുത്തൻ മാത്രം ചക്കക്കുരുവും കൊണ്ട് വന്നിരിക്കുന്നു.
ഉള്ള ചക്ക കുരുവെല്ലാം തിന്നിട്ടു ഞങ്ങളുടെ അടുത്തേയ്ക്ക് വരല്ലേ.
പരിഹാസം മഴപ്പോലെ പെയ്തു.
എല്ലാരും അവനെ നോക്കി ചിരിച്ചു.
ചില കുട്ടികൾ ചിരിയടക്കാൻ കഴിയാതെ ക്ലാസ്സിനുള്ളിലേയ്ക്ക് പോയി.
അവന്റെ മുഖം വല്ലാതെയായി.
സ്കൂളിൽ അന്ന് മുതൽ അവനൊരു പേര് വീണു ചക്കക്കുരു.
എല്ലാവരും എവിടെയെങ്കിലുമൊക്കെ കൊണ്ട് പോയി നട്ടോളൂ. ടീച്ചർ പറഞ്ഞു.
എല്ലാരും സ്കൂളിന്റെ മുൻവശത്തു ചെടികൾ നട്ടപ്പോൾ. പാവം അവൻ തന്റെ ചക്കക്കുരു മൈതാനത്തിന്റെ മൂലയിൽ ഒരു ചെറിയ കുഴിയുണ്ടാക്കി കുഴിച്ചിട്ടു.
എല്ലാരും എന്നും വന്നു വെള്ളമൊഴിച്ചു. അവൻ വെള്ളമൊഴിക്കാനൊന്നും പോയില്ല. എങ്കിലും അവന്റെ ചക്കക്കുരു കിളിർത്തു.
വില കൂടിയ ചെടികൾക്കും മരങ്ങൾക്കും നമ്മുടെ മണ്ണ് ചേരാത്തതു കൊണ്ടാവും അവയെല്ലാം ഉണങ്ങിപ്പോയി.
എന്നാൽ അവന്റെ പ്ലാവ് മാത്രം വളർന്നു.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ
പ്ലാവ് വളർന്നൊരു വലിയ വൃക്ഷമായിരുന്നു.
രാവിലെ വരുന്ന കുട്ടികൾ അതിന്റെ ചുവട്ടിൽ കൂട്ടം കൂടി നിൽക്കും.
ഉച്ച ഊണു കഴിഞ്ഞു കുട്ടികൾ അവിടെ വിശ്രമിച്ചു.
സ്പോർട്സ് ഡേയിൽ അധ്യാപകർ ആ മരത്തിന്റെ തണലിൻ കീഴിലിരുന്നു.
അതിൽ വലിയ ചക്കകളുണ്ടായി.
പ്യൂൺ.. വൈകുന്നേരം ചക്ക ഇട്ടു ചില അധ്യാപകരുടെ കാറിന്റെ ഡിക്കിയിൽ വെക്കുന്നത് കണ്ടു.
കാലങ്ങൾ കഴിഞ്ഞു. അവന്റെ പരിസ്ഥിതികൾ മാറിയിരുന്നു.
മക്കളും കൊച്ചുമക്കളുമായി.
ഇന്ന് പൂർവ്വ വിദ്യാർത്ഥി മീറ്റിംഗ്.
കാറിൽ മൈതാനത്തിൽ ഇറങ്ങി മുന്നോട്ടു നടക്കുമ്പോൾ അവൻ കണ്ടു
തനിക്കു ചക്കക്കുരുവെന്ന് ഇരട്ടപ്പേര് തന്ന മരം
പടർന്നു പന്തലിച്ചു നിൽക്കുന്നു
അതിന്റെ ചില്ലകളിൽ കിളികൂടുകൾ.
ആരൊക്കെയോ ആ മരത്തിൻ തണലിൽ ഇരിക്കുന്നു.
അഭിമാനം തോന്നി.
സ്കൂൾ ഗാർഡനിൽ ലാവണ്ടറും, ദുരിയാനും ദേവതാരുവും അത്തിയും ഒന്നും കാണ്മാനില്ല.
മൈതാനത്തിന്റെ മൂലയിൽ പ്ലാവ് മാത്രം.
പഴുത്തു താഴെ വീണു കിടക്കുന്ന ചക്കപ്പഴത്തിൽ ഈച്ചകൾ ആർക്കുന്നു.
അതിന്റെ കുരുക്കൾ അവിടവിടങ്ങളിലായി ചിതറി കിടക്കുന്നു
കുനിഞ്ഞു അതിൽ ഒന്നെടുത്തു കൈ വെള്ളയിൽ വെച്ചു..
എന്റെ ചക്കക്കുരു… ഒരിക്കൽ നീ എനിക്ക് ഒരു ഇരട്ടപ്പേര് ഉണ്ടാക്കി.
എന്നിട്ടും നീ പ്രീയപ്പെട്ടതായി.
എനിക്ക് നിന്നെ മറക്കാനാവുമോ?
എന്റെ ദാരിദ്ര്യത്തിൽ നീ എന്റെ വിശപ്പ് മാറ്റി.
ഇന്ന് നീ അനേകർക്ക് തണൽ വിരിക്കുന്നു. ഫലം നൽകുന്നു.
പൂർവ്വം വിദ്യാർത്ഥി സമ്മേളനത്തിൽ മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ
അഭിമാനത്തോടെ അവൻ പറഞ്ഞു.
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ
അത്തിയും, ഇലഞ്ഞിയും
ദേവതാരുവും, ദുരിയാനും ഒന്നും നട്ടില്ലെങ്കിലും ഒരു ചക്കക്കുരു കുഴിച്ചിടാൻ മനസ് കാണിക്കുക.
അതു കേട്ട് പഴയ കൂട്ടുകാർ ഉറക്കെ കൈകളടിച്ചു.
Good
നല്ല കഥ

നല്ല ഗുണപാഠമുള്ള കഥ നന്നായി അവതരിപ്പിച്ചു
നല്ല കഥ