ജിദ്ദ: അവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്ക് മാനുഷിക സേവനങ്ങൾ നൽകുന്ന പ്രവാസി തമിഴ് കൂട്ടായ്മയായ ഇന്ത്യൻ വെൽഫെയർ ഫോറം (ഐഡബ്ല്യുഎഫ്), അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഐഡബ്ല്യുഎഫ് മെഡിക്കൽ വിങ്ങ് സെക്രട്ടറി അഹമ്മദ് പാഷയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ക്യാമ്പിൻ്റെ ഭാഗമായി മെഡിക്കൽ കൺസൾട്ടേഷൻ, രക്തസമ്മർദ്ദ പരിശോധന, പ്രമേഹ രോഗ നിർണ്ണയം, ഹൃദയം, ശ്രവണശേഷി, കാഴ്ച്ച ശക്തി എന്നീ പരിശോധനകൾക്കായി മികച്ച ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ടീമിനെയാണ് അബീർ ഗ്രൂപ്പ് ക്യാമ്പിൽ സജ്ജമാക്കിയത്.
കേൾവി പരിശോധനയ്ക്ക് വിധേയരായ നല്ലൊരു ശതമാനം പേർക്കും കേൾവിക്കുറവുണ്ടെന്ന് കണ്ടെത്തി. അവരിൽ നല്ലൊരു ശതമാനം പേരും ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് കൂടുതലാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ക്യാമ്പുമായി സഹകരിച്ച അബീർ ഡോക്ടർമാർക്കും നഴ്‌സിംഗ് സ്റ്റാഫിനും ഐഡബ്ല്യുഎഫ് ആദരവു നൽകി.
ക്യാമ്പിൻ്റെ ഭാഗമായ ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ ഡോ. നിയാസ് സിറാജ് പൊതുജനാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു . പ്രതിരോധ മരുന്നുകളുടെ ആവശ്യകതയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ക്യാമ്പ് വിജയകരമാക്കുന്നതിൽ നിർലോഭമായ പിന്തുണ നൽകിയ അബീർ ഹോസ്പിറ്റൽ നേതൃത്വത്തേടുള്ള കടപ്പാടും നന്ദിയും ഐഡബ്ല്യുഎഫ് അറിയിച്ചു.
ജിദ്ദ തമിഴ് സംഗമം സീനിയർ നേതാവ് എഞ്ചി. കാജാ മൊഹിദീൻ, സാഹിർ ഹുസൈൻ, മെപ്‌കോ ഗുലാം, ദാദാ ഭായ് അബൂബക്കർ എന്നിവർ
മികച്ച മാനുഷിക ക്ഷേമത്തിനും മെഡിക്കൽ ക്യാമ്പിൻ്റെ സംഘാടനത്തിനും ഇന്ത്യൻ വെൽഫെയർ ഫോറത്തിന് ആശംസകൾ നേർന്നു.
ഐഡബ്ല്യുഎഫ് ജിദ്ദ സോൺ അഡ്മിനിസ്ട്രേറ്റർമാരായ ഇസ്മായിൽ, എഞ്ചി. പനങ്ങാട്ടൂർ അബ്ദുൽ ഹലീം, കാരക്കൽ അബ്ദുൾ മജീദ്, പരമക്കുടി സെൽവക്കനി, എഞ്ചി. നീദൂർ റിസ്വാൻ, അഹമ്മദ് ബഷീർ, നെല്ലിക്കുപ്പം അഷ്‌റഫ്, മൻസൂർ, മൻസൂർ അലി, ആദം, മുഹമ്മദ് ഇർഫാൻ, ബാജുല്ല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



