ഈ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പ് കാലത്ത്, ശബരിമല സ്വർണ്ണപ്പാളി മോഷണവുമായി സഖാക്കളെ ബന്ധപ്പെടുത്തി, വലിയ കോലാഹലമുണ്ടാക്കിയ ഒരു പാട്ടാണ് ‘പോറ്റിയേ കേറ്റിയേ…’ എന്ന ഗാനം.
പാളിയെപ്പറ്റി പാടിയപ്പോൾ ചിലർക്കൊക്കെ പൊള്ളി. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഏറ്റത് ഈ നശിച്ച പാട്ടു കാരണമാണെന്നു കരുതി, എഴുതിയവനും, പാടിയവനും, പാടിപ്പിച്ചവനും, ഏറ്റുപാടിയവർക്കുമെതിരേ, ‘ വർഗീയ വിദ്വേഷം പരത്തുന്നു’ എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. അതോടുകൂടി ഭൂമി മലയാളത്തിലുള്ളവരെല്ലാം ഈ പാട്ടു വീണ്ടും വീണ്ടും ഏറ്റുപാടി. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥ.
അയ്യപ്പന്റെ ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ, ആരൊക്കെയോ ചേർന്ന്, ഗൂഢാലോചന നടത്തി അടിച്ചുമാറ്റി എന്നത് ഒരു സത്യമാണ്. പൂണൂലിട്ടതുകൊണ്ടുമാത്രം പോറ്റിയെന്നു പറഞ്ഞു നടക്കുന്ന ഒരു പൂക്കാണ്ടി കള്ളൻ വിചാരിച്ചാലൊന്നും ഒറ്റയ്ക്കു നടത്താവുന്ന ഒരു ഓപ്പറേഷൻ അല്ല ഇത്. ഈ മോഷണ പരമ്പരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ് പോറ്റി. ഏതു വമ്പൻ കുറ്റാന്വേഷണ ഏജൻസി അന്വേഷിച്ചാലും വമ്പന്മാരിലേക്ക് ഈ അന്വേഷണം നീളുകയില്ല എന്ന് മുൻകാല അനുഭവങ്ങൾ വെച്ച് നമുക്ക് അനുമാനിക്കാം.
ഇപ്പോൾ, പൂരാഘോഷത്തിനോടനുബന്ധിച്ച് തിരുവാമ്പാടി- പാറമേക്കാവ് കുടമാറ്റം നടത്തുന്നതുപോലെ പോറ്റിയും നേതാക്കന്മാരും ഒരുമിച്ചുള്ള ഫോട്ടോ പരസ്‌പരം പ്രദർശിപ്പിച്ച് കളിക്കുകയാണ് കമ്യൂണിസ്റ്റ്- കോൺഗ്രസ് പാർട്ടിക്കാർ.
കടകംപള്ളി സുരേന്ദ്രനും പോറ്റിയുമായുള്ള ചിത്രം കോൺഗ്രസുകാർ കാണിക്കുമ്പോൾ, അടൂർ പ്രകാശും പോറ്റിയുമൊത്ത് നിൽക്കുന്ന പടം കമ്യൂണിസ്റ്റുകാർ പോസ്റ്റു ചെയ്യുന്നു.
സോണിയാഗാന്ധിയുടെ കൈയിൽ പോറ്റി ‘രക്ഷ’ കെട്ടി കൊടുക്കുമ്പോൾ, ഭീമാ ജൂവലേഴ്‌സിന്റെ വക ആംബുലൻസിൻ്റെ താക്കോൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് പോറ്റി കൈമാറുന്നു. (ഭീമാ ജുവലേഴ്‌സിൻ്റെ പേരു കടന്നുവന്നത് യാദൃശ്ചികമാകാം- അതോ വല്ല സൂചനയുമാണോ?).
സ്വർണ്ണത്തിനിപ്പോൾ പൊള്ളുന്ന വിലയാണെന്നു പറഞ്ഞു കേൾക്കുന്നു.
‘പൂച്ചയ്ക്ക് പൊന്നുരുക്കിന്നിടത്ത് എന്തുകാര്യം?’ എന്നു ചോദിക്കുന്നതുപോലെ, ഇതിനെപ്പറ്റിയൊക്കെ അഭിപ്രായം പറയാൻ ഞാനാര്?
മത്തി വെട്ടുന്നിടത്ത് വായ് നോക്കിയിരിക്കുക, എലിയുടെ മാളത്തിനു പുറത്ത് കാവലിരിക്കുക ഇതൊക്കെയാണ് പൂച്ചയുടെ ഡ്യൂട്ടി. ഇതിനപ്പുറമുള്ള വലിയ വലിയ കാര്യങ്ങളിലൊന്നും ഇടപെടാതിരിക്കുന്നതാണ് ബുദ്ധി- തല പോകുന്ന കേസാണ്. മനുഷ്യൻ്റെ തലയ്ക്കൊന്നും ഇപ്പോൾ മത്തിയുടെ വിലപോലുമില്ല.
പുണ്യ സങ്കേതങ്ങളായി ക്രിസ്‌ത്യാനികൾ കരുതുന്ന ദേവാലയങ്ങളിലെ നേർച്ചപ്പെട്ടിയിലും, ഹിന്ദുക്കളുടെ ക്ഷേത്ര ഭണ്ഡാരങ്ങളിലും ഭക്തന്മാർ വിശ്വാസത്തോടുകൂടി സമർപ്പിക്കുന്ന കാണിക്ക കൈയിട്ടു വാരുന്ന ‘പോറ്റിമാർ’ വിലസുന്നുണ്ടെന്നുള്ള പകൽ പോലത്തെ സത്യം അർക്കാണറിയാത്തത്?
നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷപെട്ടാലും, മുകളിലിരുന്ന് ഒരാൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓർത്താൽ, ഓർക്കുന്നവന് കൊള്ളാം.
കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പ് കഴിഞ്ഞു. കോൺഗ്രസിനാണ് മേൽക്കൈ എന്നു പറയപ്പെടുന്നു. ഇത് തെറ്റാണെന്ന് കണക്കുകൾ നിരത്തി, മാഷ് ചിരിക്കുന്നു. ഏതായാലും ബി.ജെ.പി വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നുള്ളത് വെറും മിത്തല്ല, സത്യമാണ്.
തിരുവനന്തപുരം കോർപറേഷൻ ഭരണം സ്വന്തമാക്കിയാണ് ബി.ജെ.പി കരുത്ത് തെളിയിച്ചത്.
എന്നാൽ, മേയർ സ്ഥാനം വാഗ്ദാനം നൽകി അവിടെ കൗൺസിലറായി മത്സരിച്ച് വിജയിച്ച ശ്രീമതി ശ്രീലേഖ ഐ.പി.എസിനെ തഴഞ്ഞ്, ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ വി.വി. രാജേഷിനെ മേയറാക്കിയതിൽ, മാഡം കട്ടക്കലിപ്പിലാണ്.
അധികാരത്തിൻ്റെ സകല ആനുകൂല്യങ്ങളും ആവോളം ആസ്വദിച്ച് അനുഭവിച്ച് ജീവിച്ച ഒരു വ്യക്തിയാണ് ശ്രീലേഖ മാഡം.
താഴെക്കിടയിലുള്ള സാധാരാണ ജനങ്ങളുമായി ഇടപഴകുന്നതിനോ, അവരുടെ ആവശ്യങ്ങൾ മനസിലാക്കുന്നതിനുള്ള മെയ് വഴക്കമോ അവർക്കില്ല.
പണ്ടൊരു ‘ഫൊക്കാന’ സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായി ഇവിടെയെത്തി, കുറച്ച ജാഡ കാണിച്ചത് ഓർമ്മയിൽ വരുന്നു. അവരെ മുറിയിൽ നിന്ന് വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ പോയ ഒരു പെൺകുട്ടിയോട് തട്ടിക്കയറി, ആ കുട്ടിയെ കരയിച്ചാണ് അവർ പറഞ്ഞുവിട്ടത്. (അന്നത്തെ ഫൊക്കാനാ ഭാരവാഹികളിൽ ഒരാളായിരുന്ന ശ്രീമതി അന്നമ്മ മാപ്പിളശേരിയുടെ മകൾ). മാഡം വിചാരിച്ചത് ഓരോ തവണയും ഭാരവാഹികളെല്ലാം കൂടി ചെന്ന്, അവരുടെ മുന്നിൽ ഓച്ഛാനിച്ചു നിന്ന് വേദിയിലേക്ക് ആനയിക്കുമെന്നാണ്.
നിങ്ങൾ കേരളത്തിലേക്ക് അവധിക്കു വരുമല്ലോ! അപ്പോൾ കേരളാ പോലീസിന്റെ വില ഞാൻ കാണിച്ചു തരാം- ഞാൻ വിചാരിച്ചാൽ തിരിച്ച് അമേരിക്കയിലേക്ക് വരുമെന്ന് നിങ്ങൾ കരുതേണ്ട- എന്നൊരു ഭീഷണി മുഴക്കിയിട്ടാണ് അവർ വേദി വിട്ടത് (ഞാൻ സാക്ഷി).
അതുകൊണ്ടാണ്, ഒരു കോർപറേഷനിലെ സാധാരണ ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കുവാനുള്ള മനസ് അവർക്കില്ല എന്നു ഞാൻ കരുതുന്നത്.
പാലാ മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്, ഇരുപത്തിയൊന്നു വയസുമാത്രം പ്രായമുള്ള ഒരു പെൺകുട്ടിയാണ്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പെയർപേഴ്സൺ. കേൾക്കാനൊരു കൗതുകമുണ്ട്.
എന്നാൽ അതു മാത്രം പോരല്ലോ! ഒരു നഗരത്തിന്റെ ഭരണം ശരിയായി നിർവ്വഹിക്കുവാൻ പക്വത വേണം, പരിചയം വേണം, അനുഭവ സമ്പത്ത് വേണം- ഏതായാലും ഡ്രൈവിംഗ് സീറ്റിൽ അച്ഛനും സഹായത്തിന് വലിയച്ചനും കൂടെയുണ്ടെന്നത് ഒരു ആശ്വാസമാണ്.
തിരുവനന്തപുരം മോഡൽ ആവുകയില്ല എന്ന് പ്രതീക്ഷിക്കാം – നന്മകൾ നേരുന്നു..!
ഈ പ്രാദേശിക തെരഞ്ഞെടുപ്പിലെ നേരിയ വിജയത്തിനു പിന്നാലെ, മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി കോൺഗ്രസിൽ തമ്മിൽത്തല്ല് തുടങ്ങിക്കഴിഞ്ഞു. കട്ടിലിനടിയിൽ നെരിപ്പോടും പുകച്ച്, കമ്പിളി പുതപ്പും പുതച്ച്, കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ചേർത്തലക്കാരൻ അറയ്ക്കൽ ആൻ്റണി മുതൽ പത്തനംതിട്ടക്കാരൻ പി.ജെ. കുര്യൻ വരെ, തീവ്രത കുറവാണെങ്കിലും, വടിയും കുത്തിപ്പിടിച്ച് മുഖ്യമന്ത്രിക്കസേര ലക്ഷ്യംവെച്ച് അസംബ്ലി മന്ദിരത്തിലേക്ക് വേച്ചുവേച്ച് നടപ്പു തുടങ്ങിയെന്നാണ് വാർത്ത.
ഈയിടെ രാഹുൽ മാങ്കൂട്ടത്തിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം എന്താണെന്ന്, എന്റെ സുഹൃത്ത് റോയി (മലയാളം പത്രം) ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ’ അസൂയ’ എന്നു ഞാൻ മറുപടി പറഞ്ഞു. റോയിക്കും അതേ അഭിപ്രായമാണ്.
രാഹുൽ ഒരു പുണ്യവാളനാണെന്നൊന്നും ഞാൻ കരുതുന്നില്ല. അത്യാവശ്യത്തിന് അഹങ്കാരവുമുണ്ട്. എങ്കിലും കഴിവുള്ള ഒരു ചെറുപ്പക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇവനെ ഇങ്ങനെ കയറൂരി വിട്ടാൽ തങ്ങൾക്കൊരു പാരയാകുമെന്ന് മുതിർന്ന നേതാക്കന്മാർക്ക് ഒരു തോന്നൽ- എന്നാൽ പിന്നെ പണി കൊടുത്തിട്ടു തന്നെ കാര്യം.
ഒരു സുപ്രഭാതത്തിൽ ഒരു ഇളിച്ചിവായി നടി വന്ന് ആരോ ഗർഭിണിയാണെന്നും. രാഹുൽ ആണ് അതിന് ഉത്തരവാദിയെന്നും പറഞ്ഞപ്പോൾ, ആ പറഞ്ഞ നടി ‘തനിക്ക് മകളെപ്പോലെയാണെന്നും’ പറഞ്ഞ്, ഇടംവലം നോക്കാതെ, കോൺഗ്രസ് പ്രതിപക്ഷ നേതാവ് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.
ആരോപണം ഉന്നയിച്ച ആ നടിയുടെ മുഖത്ത് ‘ഞാനൊരു പഠിച്ച കള്ളിയാണെന്ന്’ പച്ചകുത്തിയിട്ടുണ്ട്. (ദോഷം പറയരുതല്ലോ, ഈ നടി, നമ്മൾക്കെല്ലാം പ്രിയങ്കരിയായ സോളാർ സരിതയുടെ ഏഴയൽപക്കത്ത് വരില്ല).
എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്. നിയമം അനുവദിക്കുമെങ്കിൽ, രാഹിൽ മാങ്കൂട്ടത്തിൽ ആണത്വമുള്ളവനാണെങ്കിൽ, പറവൂരിൽ നിന്നും, പാലക്കാട്ടുനിന്നും, ആറന്മുളയിൽ നിന്നും സ്വതന്ത്രനായി മത്സരിക്കണം. എനിക്കൊന്നും നേടാനല്ല.
ഇതിന്റെ പേരിൽ ‘ബാർക്’ റേറ്റിംഗിനുവേണ്ടി കേരളത്തിലെ വാർത്താ ചാനലുകാർ പരസ്‌പരം നോക്കി കുരയ്ക്കുന്നത് കാണുവാനുള്ള ഒരു പൂതികൊണ്ടു മാത്രം.
**** ***** **** *****
അമേരിക്കയിലെ ‘വിശ്വ വിശാല പൗരന്മാരുടെ’ അനുവാദത്തോടെ, മറ്റുള്ള സാദാ മലയാളികൾക്ക് നന്മ നിറഞ്ഞൊരു പുതുവർഷം ആശംസിക്കുന്നു.
രാജു മൈലപ്രാ✍



