1998ലെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരെ ഷൂട്ടൗട്ടിൽ ആ പ്രതിഭ കിക്കെടുക്കാൻ വന്നപ്പോൾ ഞാൻ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. അയാളുടെ ഉദ്യമം വിജയത്തിലെത്താൻ. എല്ലാം നഷ്ടപ്പെട്ട് തലതാഴ്ത്തിയുള്ള അദ്ദേഹത്തിൻ്റെ ചിത്രം പത്രത്തിൽ കണ്ട് കുട്ടിക്കാലത്ത് തന്നെ മനസ്സിൽ പതിഞ്ഞ രൂപം. ലോകകപ്പുകളിൽ അഴിഞ്ഞാടിയ സൂപ്പർതാരത്തിന്റെ പെനാൽറ്റി ലക്ഷ്യം കണ്ടെങ്കിലും ഇറ്റലി പുറത്തായപ്പോൾ ബാജിയോ കണ്ണീരണിഞ്ഞു. ഷൂട്ടൗട്ട് എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്ന രൂപം ഇറ്റലിയുടെ സൂപ്പർതാരമായിരുന്ന റോബർട്ടോ ബാജിയോടെതാണ്….
1994ലെ വേൾഡ്കപ്പിൽ സുന്ദരമായി കളിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും ഇറ്റലിക്ക് വേണ്ടി മുന്നിൽ നിന്ന് പടനയിച്ച് അസൂറികളെ ഫൈനൽ വരെയെത്തിച്ച റോബർട്ടോ ബാജിയോ വഹിച്ച പങ്കിൻ്റെ വ്യാപ്തി ഫിക്സഡ് ഡെപ്പോസിറ്റ് പോലെ സോക്കർ പ്രേമികളുടെ മനസ്സിനകത്ത് നിക്ഷേപമായി ഇന്നുമുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലാശ പോരാട്ടത്തിലും ബ്രസീലിനെതിരെ ബാജിയോ കളം നിറഞ്ഞു. ഒടുക്കം പെനാൽറ്റി നഷ്ടപ്പെടുത്തി രാജ്യം നഷ്ടപ്പെട്ട രാജാവിനെ പോലെ റോബർട്ടോ ബാജിയോടെ ആ നിൽപ്പ് ഇന്നും മറക്കാൻ പറ്റാത്തതാണ് …
1990, 94 , 98 തുടർച്ചയായി മൂന്ന് ലോകകപ്പുകളിലെ ടൈബ്രേക്കറിൽ മൂന്ന് കിക്കുകളിൽ ബാജിയൊ രണ്ടെണ്ണം ലക്ഷ്യത്തിലെത്തിച്ചെങ്കിലും മൂന്ന് ലോകകപ്പിലും ഇറ്റലി പുറത്തായപ്പോൾ അദ്ദേഹത്തിന് കരയാനായിരുന്നു വിധി…
94 ലെ വിജയികൾ ഇറ്റലിയാണെങ്കിൽ ആ ലോകകപ്പിലെ പ്ലയർ ഓഫ് ദ ടൂർണമെൻ്റ് റോബർട്ടോ ബാജിയോ ആയേനെ എന്നൊരു വിലയിരുത്തലും അന്നുണ്ടായിരുന്നു…
അവസാന നിമിഷത്തിൽ കൈവിട്ടു പോയ ലോകകിരീടത്തിൽ ചുംബിക്കാൻ സാധിക്കാത്തവരുടെ നിരയിലെ പ്രമുഖനാണ് ബാജിയോ…
റോബർട്ടോ ബാജിയോ ഒരിക്കലും പരാജയപ്പെട്ടവനല്ല മറിച്ച്, ലോകകപ്പിൽ നിറഞ്ഞാടിയ സുന്ദരനായ കളിക്കാരനും സ്ഫടികം പോലെ തിളക്കമുള്ള പ്രതിഭയും കളിയുടെ മികവ് കൊണ്ട് ഫുട്ബോൾ പ്രേമികളിൽ സ്വീകാര്യതയുള്ള വിരലിലെണ്ണാവുന്ന ഇറ്റാലിയൻ നിരയിലെ പ്രമുഖനുമാണ്….
നല്ല അവതരണം