ബ്രിട്ടീഷുകാരുടെയും, അതിന് മുന്‍പ് പുരാണേതിഹാസങ്ങളിലെ ചക്രവര്‍ത്തിപരമ്പരയുടെയും പ്രജകളായി ജീവിച്ചുപോന്നവരാണ് നമ്മുടെ പിതൃപിതാമഹന്മാര്‍. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തിയേഴില്‍ ബ്രിട്ടീഷുകാരുടെ കൊളനി ഭരണത്തില്‍നിന്ന് സ്വന്ത്രരായതിനുശേഷവും രണ്ടു വര്‍ഷക്കാലം നമ്മള്‍ അനേകം കൊച്ചുകൊച്ചു രാജ്യങ്ങളിലെ മഹാരാജാക്കന്മാരുടെ പ്രജകളായി തുടര്‍ന്നുപോന്നു. സ്വാതന്ത്ര്യസമരക്കാലത്ത് ഉരുത്തിരിഞ്ഞ ‘ഇന്ത്യ’ എന്ന രാഷ്ട്രീയ ആശയം ‘നമ്മള്‍ ഇന്ത്യക്കാര്‍’ എന്ന വാസ്തവമായി മാറുന്നത് 1950 ജനുവരി മാസത്തിലാണ്. മലബാറുകാരും തിരുകൊച്ചിക്കാരും മദ്രാസികളും പഞ്ചാബ്- സിന്ത് ഗുജറാത്ത- മറാത്തക്കാരും ഇന്ത്യക്കാരായത് ഈ ദിവസമാണ്.
എന്നാല്‍, മലബാറുകാരും മറ്റുള്ളവരും ഇന്ത്യക്കാരായി പരിണമിച്ചു എന്നതല്ല ഈ ദിവസത്തിന്റെ പ്രത്യേകത. അവരെല്ലാവരും ഒത്തുചേര്‍ന്ന് ഇന്ത്യ എന്ന ജനാധിപത്യരാഷ്ട്രം സൃഷ്ടിച്ച ദിവസമാണിത്. ‘ജനങ്ങള്‍ സൃഷ്ടിക്കുന്നു’ (constitute) എന്ന നമ്മുടെ ഭരണഘടനയുടെ ആമുഖം വ്യക്തമാക്കുന്നത് ഈ രാഷ്ട്രത്തിന്റെ പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നുവെന്നാണ്. അത് നമ്മള്‍ ഇന്ത്യക്കാരുടെ ദൃഢനിശ്ചയം (solumn declaration) ആണെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ വലിയ അക്ഷരത്തില്‍ ലിഖിതമാണ്. ഭേദഗതികള്‍ക്കതീതമാണ് ആ നിശ്ചയം. ഇതിനര്‍ത്ഥം ഏതെങ്കിലും രാജാവിന്റെയോ രാജ്യത്തിന്റേയോ പ്രജകളല്ല ഇന്ത്യക്കാര്‍ എന്നാണ്. രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ദൃഢനിശ്ചയം ചെയ്ത ഭാരതീയപൗരന്മാരണ് നമ്മള്‍. പൗരന്മാരും രാഷ്ട്രവും രണ്ടല്ല.
അത്ഭുതമെന്നു പറയട്ടെ, പ്രജകളും പൗരന്മാരും പര്യായപദങ്ങളാണെന്ന ഒരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഭാഷാപരമായി, ഇംഗ്ലീഷിലെ subjectsന് തുല്യമാണ് ‘പ്രജകള്‍”. ‘Politically dependent’, ‘under a government’ എന്നൊക്കെയാണ് ഈ പദത്തിന് നിഘണ്ഡുവില്‍ കാണുന്ന അര്‍ത്ഥം.’Subdue'(കീഴ്പ്പെടുത്തുക)എന്ന് മറ്റൊരു അര്‍ത്ഥവും ഈ പദത്തിനുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് കീഴ്പ്പെട്ടതുകണ്ടാണ് നമ്മള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രജകളായത്. ഒരു രാജ്യത്തിലെ പ്രജകള്‍ അവിടത്തെ രാജാവിന്റെ/സ്വേച്ഛാധിപതിയുടെ subjects (കീഴെയുള്ളവര്‍)ആണ്. രാജ്യത്തിന്റെ പരമാധികാരം ഭരണാധികാരിക്കാണ്.
പൗരന്മാര്‍ (citizens) ആവട്ടെ, രാഷ്ട്രത്തിന്റെ നിര്‍മ്മാതാക്കളും പരമാധികാരികളും ആണ്. Constitution എന്ന പദത്തിന് നിര്‍മ്മിതി എന്നാണ് അര്‍ത്ഥം. അതിന്റെ constituents (നിര്‍മ്മാണവസ്തുക്കള്‍) പൗരന്മാരാണ്.( Cinstitute-Constitution-constituent എന്ന് പദോത്പത്തി) ഗ്രീസിലെ സിറ്റി സ്റ്റേയ്റ്റ് ആണ് പൗരത്വത്തിന്റെ ആദിമമാതൃക. ‘Government of the people, for the people and by the people’ എന്ന ആശയം രൂപപ്പെട്ടത് ആ മാതൃകയില്‍നിന്നാണ്.
രാജാവും രാജ്യവും (king and kingdom)ചുമലില്‍ ചാര്‍ത്തിത്തന്നിരുന്ന നുകം അഴിച്ചുമാറ്റി രാഷ്ട്രത്തിന്റെ(Nation)പരമാധികാരികളായി നമ്മള്‍ ഇന്ത്യക്കാര്‍ ദൃഢനിശ്ചയം ചെയ്ത ദിവസം എന്നതാണ് Republic Day യുടെ ചരിത്രപ്രാധാന്യം. പ്രജകള്‍ പൗരന്മാരായി സ്വയം നിര്‍ണ്ണയിച്ച ദിവസമാണത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് നാല്‍പ്പത്തിയേഴിലാണെങ്കിലും ജനങ്ങള്‍ സ്വതന്ത്രരായത് ആയിരത്തിത്തൊള്ളായിരത്തി അമ്പതാംമാണ്ട് ജനുവരി ഇരുപത്തിയാറിനാണ്. സ്വാതന്ത്രദിനവും ഗണതന്ത്രദിനവും അതുകൊണ്ടുതന്നെ പരസ്പരപൂരകങ്ങളാണ്.
വലിയ ഒരു ഉത്തരവാദിത്വം ആണ് നമ്മള്‍ ഏറ്റെടുത്തിരിക്കുന്നത്. ഭരണവും ഭരണാധികാരികളും രാഷ്ട്രവും പൗരന്മാരുടെ കീഴിലാണ് വര്‍ത്തിക്കേണ്ടത്. ജാഗ്രതവേണം- പൗരന്മാരില്‍നിന്ന് സ്വതന്ത്രമാവരുത് രാഷ്ട്രം. അതാണ് പൗരധര്‍മ്മം.
അനുബന്ധം-
”WE, THE PEOPLE OF INDIA, having solemnly resolved to constitute India into a 1[SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC] and to secure to all its citizens: JUSTICE, social, economic and political; LIBERTY of thought, expression, belief, faith and worship; EQUALITY of status and of opportunity; and to promote among them all FRATERNITY assuring the dignity of the individual and the 2[unity and integrity of the Nation]; IN OUR CONSTITUENT ASSEMBLY this twentysixth day of November, 1949, do HEREBY ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION.”
(Constitute എന്ന ക്രിയ (verb)യില്‍നിന്ന് ആരംഭിച്ച് Constitution എന്ന നാമത്തില്‍ അവസാനിക്കുന്നു ഈ ഖണ്ഡിക എന്നത് കൗതുകകരമാണ്.)