ജീവിത തിരക്കിനിടയിൽ നാം പലരെയും ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ടെങ്കിലും ഓർത്തെടുത്തു ഒന്ന് അന്വേഷിക്കാൻ പലപ്പോഴും പറ്റിയെന്നു വരില്ല.
ചില സന്ദർഭങ്ങളിൽ അവരുടെ മുഖം ഓർമ്മയിൽ തെളിയും അവരിലൂടെ ഒന്ന് സഞ്ചരിക്കും. എവിടെയായിരിക്കും ?
ഇപ്പോൾ സുഖായിട്ട് ഇരിക്കുന്നോ ?
മനസ്സ്, ചിന്തകൾ അവരെ തിരക്കും.
അങ്ങിനെ ഓർമ്മകളിൽ പലപ്പോഴും തെളിഞ്ഞു വരുന്ന സങ്കടം നിറയുന്ന ഒരു മുഖമുണ്ട്. ബന്ധു എന്നു പറയാൻ ആവില്ല പക്ഷേ ബന്ധു പോലെ തന്നെ.
എൻ്റെ അച്ഛൻ്റെ സ്നേഹിതൻ്റ മകൻ്റെ ഭാര്യ ഉമ അതാണവളുടെ പേര്. അച്ഛനോ, അമ്മയോ, കൂടെപിറപ്പുകളോ ഇല്ല. പക്ഷേ അവൾക്ക് ഒരു വളർത്തച്ഛനും, വളർത്തമ്മയും ഉണ്ട്. അവരുടെ മക്കളുടെ കൂടെ അവളും വളർന്നു.
അവളെ അവർ സ്ക്കൂളിൽ അയച്ചിരുന്നില്ല.
എഴുതുവാനും, വായിക്കുവാനും അവളെ അവർ പഠിപ്പിച്ചു.
പതിനേഴ് വയസ്സിൽ അവളെ കല്യാണം കഴിപ്പിച്ചയച്ചു.
ജീവിതം മാറിയിട്ടും അവൾക്ക് ഒരു മാറ്റവും വന്നില്ല. അവിടെയും പല വിഷമതകളും അവൾക്ക് അനുഭവിക്കേണ്ടി വന്നു.
രണ്ട് മക്കൾ ആകുന്നത് വരെ ഭർത്താവ് അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു.
പിന്നീട് ആ ഒരാശ്വസവും അവൾക്കില്ലാതായി. ഭർത്താവിൻ്റെ മദ്യപാനം രണ്ടു മക്കളും ഉമയും വല്ലാതെ കഷ്ടപെട്ടു ജീവിക്കാനും നിവൃത്തിയില്ല പോകാൻ മറ്റ് ഒരു ഇടവും ഇല്ലവൾക്ക്.
ഭർത്താവിൻ്റെ അച്ഛൻ മരിക്കും വരെ അയാളുടെ സംരക്ഷണയിൽ അവളും മക്കളും കഴിഞ്ഞു പോന്നു.
പിന്നീട് ഗുജറാത്തിൽ തന്നെ ഒരു കടയിൽ ജോലിക്ക് കയറി. കിട്ടുന്ന പൈസ തന്നെ ചിലവിന് തികയില്ല. എന്നിട്ടും ആ പൈസയിൽ നിന്നും മദ്യപിക്കാൻ വേണ്ടി ബഹളം വെച്ചു അയാൾ തട്ടി എടുത്തു പോകും.
മക്കൾക്ക് നല്ല രീതിയിൽ വിദ്യാഭാസം കൊടുക്കുവാൻ അവൾക്ക് പറ്റിയില്ല. പിന്നീട് പ്രായപൂർത്തിയാവുന്നതിന് മുന്നേ മക്കൾ ജോലി തേടി പോയി.
മക്കൾ പോയ ശേഷം അവൾ ആകെ തളർന്നിരുന്നു. പക്ഷേ പിടിച്ചു നിന്നേ പറ്റു
മക്കൾ തിരിച്ചു വരും അപ്പോ ഞാൻ ഉണ്ടായേ പറ്റു അതവൾക്കറിയാമായിരുന്നു.
ഭർത്താവിൻ്റ ഉപദ്രവവും കടുത്ത ജോലിയും അവളെ മാനസികമായും ശാരീരികമായും തളർത്തി. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം മക്കൾ തിരിച്ചെത്തി അമ്മയുടെ കൂടെ കഴിഞ്ഞു. അതിനടുത്ത് തന്നെ രണ്ടാൺ മക്കളും ജോലിക്ക് പോയി തുടങ്ങി.
കുടിച്ചു വഴിയിൽ വീണു കിടക്കുന്ന അച്ഛൻ, ആളുകൾ അയാളെ എടുത്തു വീട്ടിൽ കൊണ്ടുപോയി കിടത്തും. ഭാര്യയും മക്കളുമായി നിരന്തരം വഴക്കും അടിയുമായിരുന്നു.
സഹികെട്ട് അമ്മയെയും കൂട്ടി മക്കൾ വേറേ സ്ഥലത്ത് പോയി താമസിച്ചു. അമ്മയും മക്കളും കഷ്ടപെട്ട് ജോലി ചെയ്തു ജീവിക്കുകയായിരുന്നു.
മക്കൾ വിവാഹ പ്രായമെത്തിയപ്പോൾ അവരുടെ ഇഷ്ടത്തിന് കല്യാണവും കഴിച്ചു.
മകനും ഭാര്യയും ജോലിക്ക് പോകുമ്പോൾ മകൻ്റെ കുട്ടിയെ നോക്കാൻ ഉമ ജോലിക്ക് പോകാതായി. ഇത്രയും കാര്യങ്ങൾ ഞാൻ അറിഞ്ഞിരുന്നു.
പിന്നെ അവരെ പറ്റി ഞാൻ തിരക്കിയതുമില്ല ഓർക്കുവാൻ ശ്രമിച്ചുമില്ല.
ഈ അടുത്ത നാൾ അവരെ ഓർത്തപ്പോൾ ഞാൻ തിരക്കി.
ആളെ കിട്ടിയില്ല. വേറെ ചിലരോട് ചോദിച്ചപ്പോൾ അവർ അസ്സാമിലാണ് അവിടെ റോഡിൽ പച്ചക്കറികൾ വിറ്റു ജീവിക്കുന്നു.
മക്കൾ ഒന്നും നോക്കാതെയായി.
വേറെ വഴിയില്ലാതായപ്പോൾ ഒരു കൂട്ടുകാരി അവരുടെ നാട്ടിലേക്ക് അവരെ കൂട്ടി കൊണ്ടുപോയി. ഉപജീവന മാർഗ്ഗത്തിനായി ഇപ്പോൾ ജോലി ചെയ്യുന്നു.
അതിനിടയിൽ മാരക രോഗവും അവരെ പിടികൂടി കാൻസർ.
നോക്കാൻ ആളില്ലാതെ ഇപ്പോഴും അവൾ ഏതോ നാട്ടിൽ ജീവിക്കുന്നു.
ഈ ഇത്തിരി പോകുന്ന ജീവിതത്തിൽ അവൾ ഒരു സന്തോഷവും സമാധാനവും അറിഞ്ഞിരുന്നില്ല.
ആരാരും തുണയില്ലാത്ത ആ പാവത്തിനെ ഓർത്തു എൻ്റെ നെഞ്ചകം ഇപ്പോഴും വിങ്ങാറുണ്ട്.
തുടരും..




👍