വർഷങ്ങൾക്കുശേഷമാണ് പിറന്നാൾ ദിവസംപിറന്നാളുകാരനോടൊത്തുചേർന്നിരുന്ന് ആ ദിവസം ആസ്വദിക്കുന്നത്.അവൻ ഭൂമിയിലെ ആദ്യപ്രഭാതം കണ്ടതും ഇതുപോലൊരു പുലർകാലത്തായിരുന്നു. ഉദിച്ചുയരുന്ന സൂര്യൻ സാക്ഷിയായി മറ്റാരും കൂടെയില്ലാതെ ആശുപത്രിയിൽ ഉള്ള മുഴുവൻ അമ്മമാരും കൂട്ടിരിപ്പുകാരും എനിക്ക് ബന്ധുക്കളായ ദിവസം ! ആ ദിവസം എങ്ങനെ മറക്കും ?
മുൻകൂട്ടി ഏർപ്പാട് ചെയ്ത വണ്ടിയിൽ രാവിലെ സുൽത്താൻപൂരിലേക്ക്. യാത്രികർ ഞങ്ങൾ മാത്രമായിരുന്നില്ല .വിജനമായ ഡൽഹി വീഥികളിൽ കൂടി വാഹനം സഞ്ചരിക്കുന്ന ദിശയിൽ ഉദിച്ചുവരുന്ന സൂര്യനും ഞങ്ങളുടെ കൂടെയാത്ര ചെയ്തു . മൂപ്പർക്ക് യാത്ര ചെയ്യാതിരിക്കാനാവില്ലല്ലോ? ഓരോരുത്തരേയും ലക്ഷ്യത്തിത്തിലെത്തിക്കാൻ വെട്ടംകാട്ടണ ജോലിയല്ലേ? ചഞ്ചറോളയിൽ AlMS ൻ്റെ മറ്റൊരു സഹസ്ഥാപനത്തിന് പിറകിലെ മണ്ണ് നിറഞ്ഞ വഴിയിൽ കൂടി യാത്ര ചെയ്യുമ്പോൾ മറ്റൊരു കുട്ടനാടൻ പ്രദേശത്ത് എത്തിയ പ്രതീതി. മണ്ണിൻറെ വ്യത്യാസമാണ് കൂടുതൽ അനുഭവപ്പെട്ടത് . അത് മാറ്റിയാൽ വിളഞ്ഞതും പഴുത്തതും ചാഞ്ഞതും തുടങ്ങി പല കാഴ്ചയുടെ നെൽപ്പാടങ്ങൾ . കൊയ്തതും കൊയ്ത്കൂട്ടിയതും, വെയിലുറയ്ക്കുന്നതിന് മുമ്പ് പാടത്ത് കൊയ്യാൻ ഇറങ്ങിയ തലയിൽ തോർത്ത് കെട്ടി നിൽക്കുന്ന സ്ത്രീ – പുരഷന്മാരും; കാഴ്ചകൾക്ക് ഒരു മാറ്റവുമില്ല . ഇടയ്ക്ക് ട്രാക്ടറുകളും ട്രക്കറുകളും കിടക്കുന്നു ചിലർ കൊയ്ത പാടം ഉഴുതു കൊണ്ടിരിക്കുന്നു . ഇടയ്ക്കുള്ള ചെറിയ വെള്ളക്കെട്ട് – തടാകം പോലെ – അവിടെ പല തിരത്തിലുള്ള നീർപക്ഷികളുടെ ജലക്രീഡകൾ . എരണ്ടളകളെന്ന് തോന്നുമാറ് ഒരു കൂട്ടും വാത്തകൾ തലയ്ക്ക് മീതേ പറന്ന് പോയി. ( മൊബൈൽ ക്യാമറ)
കുഴഞ്ഞാൽ ചെളിയും പൊടിഞ്ഞാൽ ഭസ്മം പോലെയുമുള്ള മണ്ണ്. ബജ്റ കൊയ്തതിൻ്റെ – (കച്ചി എന്ന് പറയാമോ?)- കൂനകൾ കുന്ന് പോലെ ചാരി കൂട്ടിയിരിക്കുന്നതിൻ്റെ നിരകൾ കണ്ടപ്പോൾ ചെറിയ കുടിലുകളോ, കച്ച ഉണക്കി കൂട്ടി നനയാതെ പലപല കൂനകൾ ആക്കി തുറു ഇടുന്നതു പോലെ സൂക്ഷിച്ചിരുന്ന പഴയ നാട്ടിൻപുറ കാഴ്ചയും ഓർമ്മയിലെത്തിച്ചു.. ഉമിയും മങ്കും (പതിര്) മറ്റൊരിടത്ത് ചെറിയ കുന്ന് പോലെ . വീണ്ടും നിലം ഉഴുതൊരുക്കി എന്തോ ചിലത് മുളച്ചിട്ടുണ്ട്. ഡ്രിപ്പ് ഇറിഗേഷൻ കാനാലുകൾ ചെറിയ ഞരമ്പുകൾ പോലെയും.. ഒറ്റപ്പെട്ട് തലയുയർത്തി നിൽക്കുന്ന കുറ്റിമുൾമരങ്ങൾ . അവയ്ക്കിടയിൽ കൊഴിഞ്ഞുവീണ വിത്തുകളും ചെറിയ പ്രാണികളെയും തിന്നാൻ എത്തുന്ന ചെറു പക്ഷികൾ / പ്രാവുകൾ ….തക്കം പാർത്തിരിക്കുന്നവലിയ ചക്കിപ്പരുന്ത് ! (കറുമ്പൻ ) . ചുവന്ന പ്രാവിനെയും ആദ്യമായി കണ്ടു..! കണ്ട് കണ്ട് …
ചന്തുവില്ലേജും ചന്തുബുധേരയിലെ നജബ് ഗഡ് തടാകവും രാവിലെ കന്നുകാലികളും ഇടയരും പക്ഷിനിരീക്ഷകരും ! ജലപക്ഷികളുടെ വിഹാരയിടങ്ങൾ . ജലാശയവും ചതുപ്പും പാടവും പച്ചപ്പ് കുറഞ്ഞാലും നാടിനേ ഓർമ്മിപ്പിച്ചു.
മണലൂതി, പവിഴക്കാലി, അരിവാൾ കൊക്കൻ എന്ന് വേണ്ട …വയറിനല്ല, കണ്ണിനും മനസ്സിനുമായിരുന്നു വിരുന്ന്.
അവസാനമാണ് സുൽത്താൻപൂർ നാഷണൽ പാർക്കിലെത്തിയത്.



