ഓർമ്മസഞ്ചാരയാനത്തിലെ ജാലക കാഴ്ചകൾ
തളിരിലകളണിഞ്ഞു നിൽക്കുന്ന തരുക്കളെ നോക്കി നിന്നിട്ടുണ്ടോ? കരിപ്പച്ച ഇലകളെ വെല്ലുന്ന തിളക്കമോടെ കാറ്റിൽ അനാവശ്യ തിടുക്കത്തോടെ ഇളകിയാടുന്ന കാഴ്ച .പല്ലവാധരത്തെ എപ്പോഴും വിടർത്തി ഉത്സാഹത്തിമർപ്പിന്റെ അത്യുംഗശൃംഗത്തിൽ മതിമറന്ന പോലോരു ജീവിതം.
ഔചിത്യ അനൗചിത്യബോധമില്ലാതെ ഇളം പച്ചനിറത്തിൽ ചിരിച്ചു മറിഞ്ഞുള്ള നിൽപ്പു കണ്ടാൽ ലോകം എന്റേതു മാത്രമാണെന്ന് അഹംഭാവമാണോ അവർക്കെന്നു പച്ചിലയും പഴുത്തിലയുമൊക്കെ പരിഹസിച്ചിട്ടു കാര്യമുണ്ടോ? ജീവിതം അനുഭവിച്ചറിയും വരെ അവർ ആഹ്ലാദിച്ചോട്ടെ.അപരനു ഉപദ്രമില്ലാതെ അവരങ്ങനെ ആനന്ദിക്കുന്നതിൽ എന്താണു തെറ്റ്? അതു പോലെ ഒരിടവും കാലവുമിനി വരാനിടയില്ലയെന്ന ഉൾവിളി കൊണ്ടാവണം കിട്ടിയ ജീവിതമവരാഘോഷിച്ചാഹ്ലാദിക്കുന്നത്.
വളർന്നു വലുതാകാനാണ് ബാല്യത്തിൽ കൊതിച്ചത്. തിരിച്ചു പോകാനാകാത്തതാണ് ഇന്നിൻ്റെ വേദന. ഓർമ്മസഞ്ചാരയാനത്തിലിരുന്നുള്ള കാഴ്ചകളാണിനി ഏക ആനന്ദം.
എൽ. പി. ക്ലാസുകളിൽ പഠിക്കുന്ന കാലത്തേ യാത്രകളോട് എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നു. ആഗ്രഹങ്ങൾ എപ്പോഴും നിലയ്ക്കാത്ത ഓളങ്ങളാണല്ലോ? ഇന്നത് ചലനാത്മകമായ ഓർമ്മകളായി മാറുന്നു.
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടെതെങ്കിലും മറുകരകളിലേയ്ക്ക് സഞ്ചാരവഴികൾ ഒരുക്കി പുഴ ഞങ്ങൾക്കായി കാത്തിരുന്നു.
കിഴക്കേ പുഴയിറങ്ങിയാൽ ഇടക്കൊച്ചിയിൽ എത്താം. അരൂർ വഴി ആലപ്പുഴ ജില്ലയിൽ കയറി അനന്തപുരിക്കപ്പുറം പോകാം.
കിഴക്കു തന്നെ കുറച്ചു മാറി കെൽട്രോൺ കടത്ത് എന്ന അറിയപ്പെടുന്ന അരൂർക്ക് പോകാനുള്ള ഫെറിയുമുണ്ട്.
തെക്കേ പുഴയിറങ്ങിയാൽ എഴുപുന്ന വഴിയും ആലപ്പുഴയ്ക്കു പോകാം.
പടിഞ്ഞാറേക്കരയിൽ ജലയാനത്തിൽ പോകുന്നെങ്കിൽ നദിയുടെ മാറിലൂടെ കണ്ണമാലിയിലെത്താം.
എന്നാലും വടക്കേപ്പുഴ കടന്ന് പെരുമ്പടപ്പിലെത്തി കൊച്ചിയിലും, എറണാകുളത്തും മറ്റു ജില്ലകളിലേയ്ക്കും പോകാൻ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങൾ പ്രയോജനപ്പെടുത്തിയിരുന്ന ഫെറി സംവിധാനം, ചങ്ങാടം ഘടിപ്പിച്ച ബോട്ടു യാത്രയായിരുന്നു. ഇതു കൂടാതെ ‘മച്ചുവ ‘ എന്ന ഒരു ജലവാഹനവും സർവീസ് നടത്തിയിരുന്നു.
ഞാനീ റൂട്ടുമാപ്പു വരയ്ക്കുമ്പോൾ പുഴയും കരയും ചിരിക്കുന്നുവോ അതോ കരയുന്നുവോ
പുഴ തളർന്നൊഴുകി പറയുന്നു “കിഴക്കു പടിഞ്ഞാറു കരകളിൽ പോയാലും തെക്കു വടക്കു പോയാലും ഞാനൊരാൾ തന്നെ യല്ലേ ജലപാതയൊരുക്കി നിങ്ങളെയൊക്കെ അന്ന് കാത്തിരുന്നു കടത്തിവിട്ടത് ”
നഷ്ട സ്വർഗസ്മൃതിയുടെ ബാഷ്പകണങ്ങൾക്കിടയിലും ചിതറി വരണ്ട ചിരിയേകി ഇപ്പോഴും യാത്ര തുടരുന്ന പുഴയമ്മ നെടുവീർപ്പു കാറ്റായി വീശിയൊതുക്കി തന്നിലേയ്ക്കൊതുങ്ങി സ്വയം മന്ത്രിച്ചതാണോ? ഞാനുമതു കേട്ടു.
ഇരുകരകളിലേയ്ക്ക് പാലങ്ങൾ വന്നു രൂപഭാവം മാറിയ കരയ്ക്കും മറുപടിയായി പറയാനുണ്ടെന്തോ ! പിതൃഭാവത്തോടെ മുഖത്തൽപ്പം ഗൗരവം വരുത്തി മന്ത്രിക്കുന്നു. “നിന്റെ ജലവീഥികൾ ഒരുക്കിയ സൗഹൃദ സ്നേഹത്തോണികൾ എങ്ങോ മൺമറഞ്ഞെന്ന സങ്കടം.ഞാനും , നീയും, പരസ്പരമറിഞ്ഞതല്ലേ അപരിചിതനൊരാൾ വന്നാൽ ആരെന്ന് ആരായുന്ന മുഖങ്ങൾ ഇന്നില്ലല്ലോ. അപരന്റെ വിവരമന്വേഷിക്കുന്നവരും കുറഞ്ഞു. നാട്ടിൻപുറ നന്മ എന്നേ പുഴ കടന്നു മറഞ്ഞില്ലേ ?”
നഷ്ട സൗഭാഗ്യങ്ങളുടെ പട്ടികയിൽ ഗ്രാമം നഗരത്തോടടുത്തതു പോലുമിന്നൊരു നാശകാരണമാകുന്നോപുരോഗതിയുടെ പാതയിൽ എന്തെല്ലാം നഷ്ടപ്പെടുന്നു. എന്തിനേറെ പറയുന്നു നടവഴിയും ,ഇടവഴി പോലും തിരിക്കേറിയതും, തമ്മിൽ തിരിച്ചറിയാനാകാത്തതും പോകട്ടെ, നമ്മളനുഭവിച്ച നന്മകൾ തൊട്ടടുത്ത തലമുറയ്ക്കു കാണിച്ചു കൊടുക്കുന്നതിനു പകരം കഥകളാക്കി പറഞ്ഞു കൊടുക്കേണ്ടി വരുന്ന അവസ്ഥയും വന്നു ചേർന്നില്ലേ?
യാത്രകൾക്കായി കൊതിച്ച ഒരു ബാല്യം. സ്കൂളിൽ പോകുമ്പോൾ കാണുന്ന വി.എ.റ്റി. ബസും,വിൽസി ബസുമാണോർമ . വണ്ടിയിൽ കയറണമെന്നാഗ്രഹമുണ്ട്. പത്തു മിനിറ്റു വേഗത്തിൽ നടന്നാൽ സ്കൂളിൽ എത്താം. പത്തുപൈസ എസ്.റ്റി. ടിക്കറ്റിന് കൊടുക്കുന്നവരെ ആരു കയറ്റാനാണ് ?മാത്രമല്ല വാതിൽ വരെ തൂങ്ങിയാടുന്ന ആളുകളെ കൊണ്ട് നിറഞ്ഞ ബസ്.
ബസുകളൊക്കെ ചങ്ങാടത്തിൽ കയറി അക്കരെ ചെന്ന് എറണാകുളത്തിനും, മട്ടാഞ്ചേരിക്കും, ഫോർട്ടു കൊച്ചിക്കുമൊക്കെ പോയി തിരിച്ചു വരുന്നവയാണ്.
കടത്തു കടവെത്തിയാൽ എല്ലാവരും ബസിൽ നിന്നിറങ്ങും . പിന്നെ ബോട്ടിലും, ചങ്ങാടത്തിലും നിലകൊള്ളും. ബസ് ചങ്ങാടത്തിലേയ്ക്ക് അതിസമർത്ഥനും, കൂട്ടികളുടെ ആരാധ്യപുരുഷനുമായ ഡ്രൈവർ ഓടിച്ചു കയറ്റും. പിന്നെ അക്കരെ വണ്ടിയിറങ്ങുമ്പോൾ ആളുകളുടെ കൂട്ടയോട്ടമുണ്ട്. ചുവന്ന ശകടത്തിൽ കയറിപ്പറ്റാനുള്ള വ്യഗ്രത.
ഇക്കരയ്ക്കു വരാത്ത മറ്റു ബസുകളും കാത്തു കിടപ്പുണ്ടവിടെ. ഗ്രാമത്തിൽ വെച്ചു ടിക്കെറ്റെടുത്ത ആളുകൾ ഇതിൽ തന്നെ കയറി പറ്റിയേ നിവൃത്തിയുള്ളു. കടത്തുകടവുവരെ ടിക്കെറ്റെടുത്തവർ കാത്തു കിടക്കുന്ന മറ്റു ബസുകളിൽ കയറും. ഫെറിയിലും ടിക്കറ്റെടുക്കണം.
ഇടക്കൊച്ചി കടത്താണ് ഞങ്ങളുടെ വീടിനു തൊട്ടുമുമ്പിലുള്ളത്. കളത്തിനടുത്ത് അപ്പച്ചന്റെ പാടത്തിനു ചേർന്ന സ്ഥലത്തിനു ചേർന്നാണ് ഇതാദ്യം ഉണ്ടായിരുന്നത്.
പിന്നീടത് ഞങ്ങളുടെ വീടിനു മുമ്പിലുള്ള ഭാഗത്തേയ്ക്ക് മാറി. രസകരമായിരുന്നു ആ യാത്രകൾ.
അക്കരെ ഇടക്കൊച്ചി സ്റ്റാന്റിൽ നിന്ന് എറണാകുളത്തേയ്ക്ക് തിരക്കില്ലാത്ത ബസിൽ ഇരുന്നു പോകാം.
കുടുംബം ഒരുമിച്ചുള്ള യാത്രയിൽ മാത്രം ടാക്സി വിളിക്കും. അല്ലെങ്കിൽ ജലയാത്രാ വീഥി ഈ ഫെറിയാണ്.
പ്രകൃതി സൗന്ദര്യത്തിൽ മുഴുകി മതി മറന്നു പോകുന്ന എന്നിൽ അനുപമ സൗന്ദര്യത്തിൻ മനം കവരും കാഴ്ചകളേകി ഹൃദയത്തെ ചലിപ്പിച്ചിരുന്ന അസുലഭനിമിഷ യാത്രകളായിരുന്നു അത്. അമ്മ വീട്ടിൽ പോകാൻ ഈ യാത്രയ്ക്കായി കാത്തിരുന്നിരുന്നു.
വല്യപ്പച്ചന്റെ മക്കളാകട്ടെ തോണിയാത്ര ചെയ്ത് അവരുടെ അമ്മയുടെ വീടായ പള്ളുരുത്തി വരെ പോയിരുന്നു. സ്പെഷൽ വഞ്ചിയിൽ കിഴക്കേവീട്ടിലെ ജോസച്ചേട്ടൻ അവരെ കൊണ്ടുപോകും. അവർക്കു കുറച്ചധികം നേരം തോണി സഞ്ചാരമുണ്ട്. അവരുമതാസ്വദിച്ചിരുന്നു.
എറണാകുളത്തെ അമ്മ വീട്ടിലേയ്ക്ക്, പുഴയിൽ വെയിൽ മങ്ങുന്ന നേരത്ത് യാത്ര പോകുന്ന ഓർമയിലേക്കാണെന്റെ സ്മൃതി സഞ്ചാരത്തോണി പുറപ്പെടുന്നത്.
വഞ്ചിയിലേയ്ക്ക് കൈപിടിച്ചു കയറ്റും. മരപ്പടിയിൽ ഇരുന്നു കഴിഞ്ഞാൽ പിന്നെ മനോഹരമായ കാഴ്ച കാണാനാരംഭിക്കും. നല്ലവീതിയും നീളവുമാർന്ന പുഴയാത്രയിലെ എന്റെ ഇരുപ്പു കണ്ടാൽ സാമ്രാജ്യം പിടിച്ചെടുത്ത രാജഭാവമാണ്.
വഞ്ചിക്കാരൻ പങ്കായമെടുത്തു തുഴയും മുമ്പ് കഴുക്കോൽ കുത്തി വള്ളമെടുക്കും. കാറ്റനുസരിച്ച് പായ് നിവർത്തികെട്ടും.
ഇളം മഞ്ഞവെയിലിൻ പൊന്നാഭരണം ചാർത്തി വെള്ളിപ്പുടവയണിഞ്ഞ യുവതിയാണന്നു പുഴ. അവളുടെ ഓളങ്ങൾക്കു പോലുമൊരു താളാത്മകതയാർന്ന ചലനം. തന്നിലൂടെ ചരിക്കുന്നവരെ പുഞ്ചിരിയോടെ നോക്കി കാറ്റിനാൽ വെഞ്ചാമരം വീശിക്കൊണ്ടുള്ള ആഢ്യത്വമാർന്ന പുഴ പ്പെണ്ണിൻ കിടപ്പ് ഒന്നു കാണേണ്ടതു തന്നെയാണ്. പോക്കു വെയിലിൽ കുളിച്ച് തണുത്ത കാറ്റേറ്റ് ഞാനോ മറ്റൊരു ലോകത്ത്.
അക്കരക്കാഴ്ചകൾ അടുത്തടുത്തു വരുന്ന അപൂർവ്വ ചാരുത. നൗകയ്ക്കു ചുറ്റും വെള്ളത്തിൽ മിന്നൽ തിളക്കം. പായലിനെ ഭേദിച്ച് വഞ്ചി മുന്നോട്ട് .
കരയിൽ നിന്നു കണ്ടാസ്വദിക്കുന്ന നദിയുടെ ചലനങ്ങളിലേയ്ക്കിറങ്ങിയനുഭവിക്കുന്ന സുഖം പറഞ്ഞറിയിക്കാൻ വയ്യ .കൈ തൊട്ട് പുറകെ വരുന്ന ഓളങ്ങളെ പിടിക്കാൻ തോന്നും .
തോണി നീങ്ങുമ്പോൾ പുഴയും , നൗകയുമൊക്കെ നിയന്ത്രിച്ചു കൊണ്ടു പോകുന്നതു ഞാനാണെന്ന തോന്നലിൽ മൂന്നാം ക്ലാസുകാരിയുടെ നാട്യഭാവം.
അക്കരെപ്പച്ച അടുത്തേയ്ക്കു വരും. പുഴയെ തൊട്ടുരുമ്മി കിന്നരിക്കാൻ ചാഞ്ഞു നിന്നിരുന്ന തെങ്ങുകളാണ് അക്കരപച്ചപ്പെന്നറിയും
അരൂർപാലത്തിലെ വാഹനങ്ങൾക്ക് വള്ളം കരയോടടുക്കുന്തോറും വലിപ്പം കൂടും. ചീനവലകൾക്കിടയിലൂടെ വഞ്ചിയുടെ ഇളകി മറിച്ചിൽ കണ്ട് ഭീതിയേതുമില്ലാതെ കൗതുകം പൂണ്ടിരിക്കും.ബാല്യത്തിൻ ഭാവനയിൽ വിരിയുന്ന ചിന്തകളിൽ മുഖമാകെ പൊൻവെയിൽ മൂടി പുഞ്ചിരി പ്രസാദമണിയും.
തോണിയടുക്കുന്ന ഇടക്കൊച്ചിയിൽ ആദ്യ കാഴ്ച ഇത്തിൾ (കക്കത്തോട് ) കൂമ്പാരമാണ്.
കൂമ്മായം ഉണ്ടാക്കുന്ന ചൂള . അതിൽ നിന്നു വരുന്ന പുക കൊണ്ടു കണ്ണുനീറും. എന്നാലും കറങ്ങുന്ന ചൂളയെ എത്തിവലിഞ്ഞു നോക്കും. പൗഡർ ശരീരമാസകലം പൂശിയ പോലെ കുമ്മായം കൊട്ടയിൽ വാരുന്ന പണിക്കാർ അങ്ങോട്ടു മിങ്ങോട്ടും നടക്കുന്ന കാഴ്ച .
നടവഴിയിൽ മഴ പെയ്യുന്ന ശബ്ദം. നോക്കുമ്പോൾ ഐസ് കമ്പിനിയിൽ ഒരു പ്രദേശം മാത്രം മാരിപെയ്ത്ത്. ഐ സുണ്ടാക്കുന്ന മിഷ്യൻ്റെ പൈപ്പുകളെ തണു പ്പിക്കാനാണത്രെ അവിടെ മാത്രമൊരു മഴ. ചേട്ടനാണു പറഞ്ഞു തന്നത്.
കുറച്ചു നടന്ന് റോഡിലെത്തിയാൽ കാത്തു കിടക്കുന്ന ബസിൽ കയറിയിരിക്കാം.
അപ്പോഴും കണ്ണഞ്ചിപ്പിക്കുന്ന പൊൻവെയിലിൽ കൺമിഴിച്ചിരുന്നതിന്റെ അന്ധത പോലെന്തോ കണ്ണിനെ മറച്ചു കാഴ്ചകളെ കുറച്ചു നേരത്തേയ്ക്കു മൂടൽ വരുത്തും.
ഡ്രൈവറും ,കണ്ടക്ടറും, ചായ കുടിക്കാൻ പോയിരിക്കുകയാണ്. സീറ്റിൽ ആളുകൾ കയറി ഇരുന്നു തുടങ്ങും. അവർ വന്നു കയറുമ്പോൾ പോലീസുകാരാണ് വണ്ടി ഓടിക്കുന്നതെന്നു വിചാരിക്കും. പതുക്കെ അതു പറയും.”എടീ അത് അവരുടെ യൂണിഫോമാ”ണെന്ന് ചേട്ടൻ തിരുത്തും.
എറണാകുളത്തെ അമ്മ വീടുവരെയുള്ള യാത്രയിലാണ്. അഖിലേന്ത്യാ സന്ദർശനത്തിന് പുറപ്പെട്ട പ്രതീതിയാണ്.
കാണാത്ത വഴികൾ, കെട്ടിടങ്ങൾ, എത്ര തവണ പറഞ്ഞു തന്നാലും മറന്നു പോകുന്ന സ്റ്റോപ്പുകളുടെ പേരുകൾ.
ഓടിപ്പോകുന്ന കാറുകളെ എണ്ണാൻ തുടങ്ങും. എത്ര കാറുകൾ കണ്ടു എന്നു സ്കൂളിൽ കൂട്ടുകാരോട് വീമ്പു പറയാനുള്ളതാണ്.
ചുവന്ന ബസുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതു കാണാൻ സൈഡ് സീറ്റ് ഞാനെടുക്കും. ചേട്ടനും അപ്പച്ചനും തൊട്ടടുത്തിരിക്കും. ഏന്തിവലിഞ്ഞ് തല പുറത്തേക്കിടാതിരിക്കാൻ ഞങ്ങളോട് നിർദ്ദേശം തന്ന് അപ്പച്ചൻ ഓരോ സംശയത്തിനും ക്ഷമയോടെ ഉത്തരമേകും.
ആവോളം എല്ലാം കണ്ടാസ്വദിച്ചുള്ള സഞ്ചാരം .
തോപ്പുംപടിപ്പാലവും അതിനു കീഴേ നദിയിൽ ബോട്ടുകളുടെ കൂട്ടവും വിടർന്ന കണ്ണുകളാൽ നോക്കി കാണും. ഈ പാലം കപ്പലുകളുടെ സഞ്ചാരത്തിനായി ഉയർത്തി കൊടുക്കുമെന്നും , അതിനടിയിലൂടെ ഉയരമുള്ള ജലവാഹനങ്ങൾ കടന്നു പോകുമെന്നും ജലയാനങ്ങൾ കടന്നു പോകുന്നതുവരെ റോഡിലെ വാഹനങ്ങൾ നിർത്തിയിടുകയും ചെയ്യുമെന്ന കൗതുക വിശേഷം ചേട്ടൻ വിശദീകരിച്ചു പറഞ്ഞു തരും.
ഇടയ്ക്കിടെ റോഡിൽ വെറുതെ ബസ് നിറുത്തിയിടുന്നതിൻ്റ പേര് ബ്ലോക്ക് എന്നാണ് എന്നുമുള്ള ചേട്ടന്റെ മുന്നറിവിലും വിവരണത്തിലും അത്ഭുതമേറും.
പെട്ടെന്ന് ചെറിയ പേടിവരും ,ഞങ്ങൾ പാലത്തിൽ കയറുമ്പോഴെങ്ങാനും കപ്പൽ വന്ന് പാലം പൊക്കി കൊടുക്കേണ്ടിവരുമോ? ബസിലിരിക്കുമ്പോൾ പാലം പൊങ്ങിയാലുള്ള അവസ്ഥ ! ഉടനെ ചരിഞ്ഞു ചാഞ്ഞു വന്ന് അപ്പച്ചന്റെ കാതിൽ സംശയമറിയിക്കും. അതൊക്കെ പണ്ടല്ലേ ഇപ്പോഴൊന്നുമല്ല എന്ന അപ്പച്ചന്റെ സമാശ്വസിപ്പിക്കലിൽ വീണ്ടും കാഴ്ചകളിൽ മുഴുകും.
എന്നാലും പാലത്തിലെ ട്രാഫിക്ക് ബ്ലോക്ക് കഴിയും വരെ ഒരു ആകുലത വന്നു കയറും.
അതു കഴിഞ്ഞു നേവൽ ബേയ്സിനടുത്ത തേവര പാലത്തിലും ബ്ലോക്ക് എന്ന് ആളുകൾ പിറുപിറുക്കും. ഒരു വശത്തുകൂടി ബസ് കടത്തി വിട്ടിട്ടേ അടുത്ത ഭാഗത്തുള്ള വാഹനങ്ങൾ സഞ്ചരിക്കാൻ അനുവദിക്കു. അവിടെ ഷിപ്പിയാർഡിലെ ചുവന്ന ക്രെയിനും കപ്പലും ദൂരെ കാണാം.
തേവര പാലത്തിലെത്തുന്നതിനു മുൻപ് മറ്റു രണ്ടത്ഭുത കാഴ്ചകളെ കുറിച്ച് പ്രത്യേകം പറയേണ്ടതുണ്ട്.
പഴയ കൊച്ചി വിമാനത്താവളത്തിനടുത്തെത്തുമ്പോൾ പെട്ടെന്ന് ഗെയ്റ്റടയ്ക്കും. ഒന്നി കിൽ ട്രെയിൻ വരാനുണ്ട്, അല്ലെങ്കിൽ പ്ലെയിൻ . യാത്രക്കാർ പരസ്പരം പറയും.
വില്ലിംഗ്ടൺ ഐലൻ്റ് എന്ന കൊച്ചിയിലെ പ്രദേശത്തേയ്ക്കും, അവിടെ നിന്നു തന്നെ മടങ്ങി വരുന്നതുമായ ട്രെയിൻ എത്തു മ്പോഴുള്ള ബ്ലോക്ക്.
ചരക്കു ട്രെയിൻ മാത്രമല്ല ,യാത്രാ തീവണ്ടികളും അങ്ങോട്ടുണ്ടായിരുന്നു.
ട്രെയിൻ കടന്നു പോകാൻ ഗേയ്റ്റടച്ചിടുമ്പോൾ തൊട്ടടുത്ത് കാണാം, നേർക്കു നേർ നോക്കിയിരിക്കുന്ന യാത്രികരെ . അതിലൊന്നു കയറാൻ കൊതിക്കും. അപ്പനോട് കാതിൽ ആഗ്രഹം പറയും. അടുത്ത വെക്കേഷന് വേളാങ്കണ്ണിയിൽ കൊണ്ടുപോകാം എന്നു നിറവേറ്റാത്ത വാഗ്ദാനം നൽകി അപ്പച്ചൻ രക്ഷപെടും.
വിമാനമിറങ്ങുന്ന കാഴ്ചയാണ് അടുത്ത അത്ഭുതം. ആകാശത്തിൽ നിന്നു കുതിച്ചു താഴുന്ന അഭ്യന്തര വിമാനങ്ങൾ ബസിനു മുകളിലൂടെ പറന്നിറങ്ങുന്ന വിസ്മയ കാഴ്ച. അപ്പോഴും ഗേയ്റ്റ് അടച്ചിടും. വണ്ടികൾ എല്ലാം നിറുത്തിയിട്ടിരിക്കും.
ഏകദേശം എത്ര മണിക്കൂർ എടുത്തു എറണാകുളത്തെത്താൻ എന്നോർമ്മയില്ല. അങ്ങനെ അന്നത്തെ തദ്ദേശീയ വിനോ ദയാത്രയുടെ അവസാന ഘട്ടത്തിൽ അമ്മ വീട്ടിലെത്തുമ്പോൾ അമ്മാമ്മ പറയും ‘കുഞ്ഞു വാടിയല്ലോ വാ കാപ്പി കുടിക്കാം.’ ‘അത് അമ്മാമ്മേ ബ്ലോക്കുണ്ടായിരുന്നു’ പഠിച്ച പുതിയ പദം ഗൗരവത്തോടെ പ്രയോഗിക്കും.
ഇപ്പോഴോർക്കുമ്പോൾ അത്ഭുതം തോന്നുന്നത് ഒറ്റയാത്രയിൽ കൊച്ചി എന്ന അറബിക്കടലിൻ റാണി എനിക്കേകിയ നയന വിസ്മയങ്ങളെ എങ്ങനെ വിസ്മൃതിലെറിയാൻ കഴിയും. എന്തെല്ലാം കാഴ്ചകൾ കണ്ടാണ് അവിടെ വരെ എത്തിയത് ! തോണി മുതൽ വിമാനം വരെ നിലവിലുള്ള എല്ലാ സഞ്ചാര മാർഗ്ഗങ്ങളും കണ്ടും, ആസ്വദിച്ചും ഒറ്റ യാത്രയിൽ തന്നെ കിട്ടുന്ന അപൂർവ്വ യാത്രയെ പിക്നിക്ക് ആയി കരുതിയതിൽ എന്താണു തെറ്റ്?
ഇനി എൻ്റെ ഇന്റർനാഷണൽ ട്രിപ്പു വരുന്നുണ്ട്. അംബാസിഡർ ടാക്സിയിലാണെന്നു മാത്രം. ചാലക്കുടിയിൽ താമസിക്കുന്ന അമ്മയുടെ ചേച്ചി ലില്ലിയാൻ്റിയുടെ വീട്ടിലേയ്ക്കാണ്. ഒരു ദിവസം മുഴുവൻ എടുക്കുന്ന എൻ്റെ അന്തർ ദേശീയ യാത്രയിൽ എന്തെല്ലാം കാഴ്ചകൾ.
ദാസൻ ചേട്ടൻ അല്ലെങ്കിൽ പ്രകാശൻ എന്ന അനുജനാണ് ഡ്രൈവേഴ്സ്. ഇവരിൽ ആരെങ്കിലുമൊരാൾ വരും. അമ്മയുടെ സ്റ്റുഡന്റാണ് പ്രകാശനെന്ന പാച്ചൻ. കുടുംബാംഗത്തെ പോലെയാണ് പെരുമാറുന്നത്.
കാറിനു മുൻ സീറ്റിൽ മൂന്നു പേർ .പിറകിൽ മൂന്നാൾ. കാത്തിരുന്നു കിട്ടുന്ന വർഷത്തിലൊരിക്കലുള്ള ചാലക്കുടി എന്ന വിദേശ യാത്ര ഇന്നും ഓർമിക്കാൻ സുഖമാണ്.
രണ്ടു ദിവസത്തിനകം മടങ്ങുമെങ്കിൽ ഡ്രൈവറും അവിടെ താമസിക്കും. അതല്ല ആഴ്ചകളോളമാണ് നിൽപ്പെങ്കിൽ അപ്പച്ചനും, ഡ്രൈവറും മടങ്ങും. പിന്നീട് കൊണ്ടു പോകാൻ വരും. അങ്ങനെ മറ്റേതോ ഭൂഖണ്ഡത്തിൽ എത്തിയ യാത്ര വളരെ രസകരമായിരുന്നു.
മച്ചിട്ട വീട്ടിൽ മാത്രം ജീവിച്ചു പരിചയിച്ചിടത്തു നിന്ന് ടെറസിട്ട വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ ആദ്യം ഓടിക്കയറുന്നത് പഴുത്ത മാങ്ങകൾ നിറഞ്ഞ മാങ്കൊമ്പ് ചാഞ്ഞു നിൽക്കുന്ന ടെറസിലേയ്ക്കാണ്.
അവിടത്തെ മലയാളഭാഷയ്ക്കു പോലുമൊരു വ്യത്യാസം. കല്യാണാഘോഷമാണെങ്കിൽ പിന്നെ കുട്ടികൾക്കു കളിത്തിരക്കു കൂടും.
സഞ്ചി നിറയെ അടുക്കിപ്പെറുക്കി വെച്ച പല ആ കൃതിയിലുള്ളകൊച്ചു മൺകറിച്ചട്ടികളും ചെറിയ കഞ്ഞിക്കലവും അതിനു യോജിച്ച മൂടികളും ഷീന ചേച്ചിയും, മേരി ചേച്ചിയും സൂക്ഷ്മതയോടെ ചൊരിഞ്ഞിടും.
അടയ്ക്കാപന്തൽ എന്നു വിളിക്കുന്ന വീടിനോടു തൊട്ടടുത്ത ചേർന്ന വലിയ ഹാളിൽ കഞ്ഞിയും കറിയും വെച്ച് കളിയാരംഭിക്കും. ഗൗരവമാർന്ന ഇലക്കറി പാചകം കണ്ട് ചോറു വെന്തോ , എന്താ കറി ? എന്ന് അതിലേ പോകുന്ന മുതിർന്നവർ കളിയായി ചോദിക്കും.
മലഞ്ചരക്കു വ്യാപാരിയായ വല്യപ്പച്ചൻ രാത്രി കടയിൽ നിന്നു വരുമ്പോൾ കശുവണ്ടി ഉണക്കമുന്തിരി, മാത്രമല്ല ഇതുവരെ കാണാത്ത ചില ഉണങ്ങിയ ഫലവർഗ്ഗങ്ങൾ കൊണ്ടുവരും. പറമ്പിലെ പഴങ്ങൾ കഴിച്ചു ശീലിച്ചവർക്ക് വിദേശത്തു ചെന്ന അനുഭവം കിട്ടുന്നതിൽ എന്താണ് തെറ്റ്. ആപ്രിക്കോട്ട് എന്ന ഉണക്ക പഴ വർഗ്ഗത്തിൻ്റെ പേരു പറയാൻ കിട്ടാതെ ഇനിയും വേണമെന്ന് ചൂണ്ടിക്കാണിക്കും.
സെബസ്ത്യാനോസ് പുണ്യവാളന്റെ അമ്പു പെരുന്നാളു എന്നു വിളിക്കുന്ന പിണ്ടിപ്പെരുന്നാളു കൂടാനാണു പോകുന്നെങ്കിൽ മുറ്റത്ത് രാത്രിയിലെ കരിമരുന്നു പ്രയോഗം കണ്ട് കാതു പൊത്തി നിന്നാസ്വദിക്കും.
ഗ്രാമത്തിലെ പള്ളിപെരുന്നാളിനു പൊട്ടുന്ന അത്രയും പടക്കം ഓരോ വീടുകളിലും പൊട്ടിക്കുന്നതു കാണാം.വാശിയോടെ ആരുടെതാണ് കൂടുതൽ നേരം പൊട്ടുന്നത് എന്ന രീതിയിൽ ഓരോരുത്തരും കാതോർക്കും.
കുട്ടികൾക്കു കമ്പിത്തിരിയും മത്താപ്പൂവും , നിലത്തു കറങ്ങുന്ന ചക്രവും കത്തിക്കാൻ തരും. കമ്പിത്തിരി മാത്രം കത്തിച്ചു പിടിച്ചു സ്വപ്നലോകത്തു നിൽക്കും പോലെകൺചിമ്മി നിൽക്കുമ്പോൾ ഷൈല ചേച്ചി വന്നു വിളിക്കും “കുട്ടികളൊക്കെ ഭക്ഷണത്തിനു വായോ.”
ക്രിസ്തുമസിനു മാത്രം കണ്ടിട്ടുള്ള ഭക്ഷ്യ സമൃദ്ധിയാൽ മേശ നിറഞ്ഞിരിക്കും. കണ്ടു തന്നെ വയറു നിറഞ്ഞതു കൊണ്ട് ഏതെടുക്കുമെന്ന ചിന്തയിലാകുമപ്പോൾ ഞാനിരിക്കുന്നത്.
തോമസു ചേട്ടൻ്റെയും , റോയി ചേട്ടൻ്റെയും നേതൃത്വത്തിൽ നേർച്ചയിടാൻ പള്ളിയിലേയ്ക്ക് എല്ലാവരും കൂടിയൊരു യാത്ര .പള്ളിയിലെ കരി മരുന്ന് പ്രയോഗം തുടങ്ങുന്നതിനു മുൻപ് കുട്ടികളെ വീട്ടി ലെത്തിക്കും.
അമ്മയുടെ ചേച്ചി ലില്ലിയാന്റി വളർത്തുന്ന പൂച്ചെടികളിൽ ഏറ്റവും ആകർഷകമായ കടും മഞ്ഞ സൂര്യകാന്തിപ്പൂ രാവിലെ ഉണർന്ന് വെടിക്കെട്ടു ബഹളമൊന്നും ഞാനറിഞ്ഞില്ലല്ലോ എന്നമട്ടിൽ ആകാശം നോക്കി നിൽക്കും. ഇത്ര വലിയ സൂര്യകാന്തിപുഷ്പം ജീവിതത്തിൽ സൂര്യകാന്തി പാടത്തു പോലും ഞാൻ കണ്ടിട്ടില്ല.
രാത്രിയിലെ കുടുംബപ്രാർത്ഥനയ്ക്കു ശേഷം അമ്മച്ചിയും ലില്ലിയാൻറിയും ചേർന്നുള്ള ഗാനാലാപനം ഇന്നും മറക്കാത്ത ഒരോർമ്മയാണ്.
ആന്റിയുടെ മൂത്തമകൾ തങ്ക ചേച്ചിയുടെ ഭർത്താവ് ജോണേട്ടൻ അതുല്യ ഗായകനായിരുന്നു. ചിക് ചോർ എന്ന സിനിമയിൽ യേശുദാസ് പാടിയ ഹിന്ദി ഗാനങ്ങൾ അതേ മാറ്റോടെ പാടുന്നതു കേട്ട് വിസ്മയമേറും.
പ്രാർത്ഥനാ ഗാനാലാപനത്തിനു ശേഷം ശരിക്കുമൊരു കുടുംബ ഗാനമേള അവിടെ അരങ്ങേറും. “യമുനേ നീയൊഴുകൂ യാമിനി യദുവംശ മോഹിനി’ എന്ന ഗാനം എപ്പോൾ കേട്ടാലും ചാലക്കുടിയിലെ കുടുംബ ഗാനമേള സദസ് ഓർമ വരും. മേശപ്പുറത്ത് കൊട്ടി താളം പിടിക്കുവാനുള്ള അപ്പച്ചന്റെ വൈദഗ്ധ്യം അപ്പോഴാണറിയുന്നത്.
ചേട്ടന് മത്സരത്തിൽ സമ്മാനം കിട്ടിയ ലളിത ഗാനാലാപനവും, അമ്മയും ലില്ലി യാൻ്റിയുമൊരുമിച്ച് ‘അമ്പാടി പൂങ്കുരുന്നേ പാടു മഞ്ജന പൂങ്കുരുന്നേ ” പുലയാനാർ മണിയമ്മ പൂമുല്ല കാവിലമ്മ” എന്നീ ഗാനങ്ങളൊക്കെ പാട്ടു പുസ്തകം നോക്കി യുഗ്മഗാനമായി പാടുന്നതിൻ്റെ മാധുര്യവീചികൾ ഇപ്പോഴുമൊഴുകിയൊഴുകി ചാരെയെത്തുന്നു.
അമ്മ വീട്ടിലെ ആദ്യത്തെ പേരക്കിടാവ് വൈദികനാകാൻ പഠിക്കുന്ന ലില്ലിയാൻ്റിയുടെ മൂത്തമകൻ പോളച്ചൻ്റെ അഭാവത്തിൽ അമ്മയും ലില്ലി യാൻ്റിയും പഴയ കാര്യങ്ങൾ പറഞ്ഞ് പരസ്പരം സങ്കടം കൈമാറും.
അന്താരാഷ്ട്ര യാത്രയുടെ അവസാന ദിവസത്തിൽ വല്ലാത്ത വിഷമം തോന്നും.
മടക്കയാത്രയിൽ കൺ നിറഞ്ഞിരിക്കും. വാഴത്തോപ്പുകളും , ദൂരെ കാണുന്ന മലകളും പിന്നിലാക്കി കാറ് മുന്നോട്ടോടും. ചാലക്കുടിപ്പുഴ കണ്ണിൽ നിന്നു മറയുമ്പോൾ സങ്കടത്താൽ കണ്ണീർ കവിളിലൂടൊഴുകും. ഇനി എത്ര നാൾ കാത്തിരിക്കണം ഇങ്ങോട്ടൊന്നു തിരിച്ചു വരാൻ. കാറിനകം നിശബ്ദമാണ്.
ഇനി ഏഴു കടലിനപ്പുറം ഏതുദേശം കാണാൻ പോയാലും അന്നറിഞ്ഞ കൗതുക സഞ്ചാര ലോകമേകിയ വിസ്മയം ഇനിയൊരിക്കലും പകർന്നേകാൻ ഒരത്ഭുത കാഴ്ച്ചയ്ക്കുമാകില്ല എന്നതാണുയാഥാർത്ഥ്യം.
നഷ്ട ഭൂമികയിലെ ഇഷ്ട മനോരഥത പ്രയാണമേ ഇനിയും തുടരൂ……..




കൊച്ചിയും അതിന്റെ പ സരപ്രദേശങ്ങളിലുള്ള ഗ്രാമങ്ങളും ഇങ്ങനെയൊക്കെയായിരുന്നു എന്ന് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന അനുഭവ വിവരണം..
വായനക്കാരന്റെ മനസ്സിൽ ഒരായിരം മ ത്താപ്പും കമ്പിത്തിരിയും കത്തി തെളിയുന്ന അനുഭവം
കൊച്ചിയെന്ന മഹാനഗരത്തിനപ്പുറം പുഴയും, കാടും ചുറ്റി വളഞ്ഞ് മറച്ചു വെച്ച പല ഗ്രാമങ്ങളും ഇന്ന് പട്ടണങ്ങളായി കൊണ്ടിരിക്കുന്നു. വായനയ്ക്കും അഭിപ്രായത്തിനും ഒരു പാടു നന്ദി മാഷെ.
ഇനി, ഏഴുകടലിപ്പുറം ഏതുദേശം കാണാൻ പോയാലും അന്നറിഞ്ഞ കൗതുക സഞ്ചാരലോകമേകിയ വിസ്മയം ഇനിയൊരിക്കലും പകർന്നേകാൻ ഒരത്ഭുതകാഴ്ചയ്ക്കുമാകില്ല എന്നതാണ് യാഥാർഥ്യം.
നഷ്ട ഭൂമികയിലെ ഇഷ്ടമനോരഥ പ്രയാണമേ, ഇനിയും തുടരുക…..
കാലം കഷ്ട നഷ്ടങ്ങളേകി തളർത്തിയാലും, സ്വപ്ന സമാനമായ സൗഭാഗ്യമേകിയാലും കൺമറഞ്ഞ കഴിഞ്ഞതുകൾക്ക് പത്തരമാറ്റ് തിളക്കം. പത്തായത്തിൽ നിറച്ച പതിരില്ലാ നെന്മണികളുടെ പൊൻതിളക്കംപോലൊരു കാലവിസ്മയം…. ഇനിയങ്ങനെയൊരുകാലം ഓർമ്മളിലല്ലാതെ ഉരുത്തിരിയുമോ…. ❓18
അതെ. ഇനി ഓർമകളിലെ വസന്തം മാത്രമാണി ഗ്രാമ വിശുദ്ധി. അനുഭവത്തെ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്നതിൽ സന്തോഷം.
നഷ്ടഭൂമികയിലെ ഇഷ്ടമനോരഥയാത്ര തുടരൂ…..
അസൂയാവഹമാണ് നിൻറെ ബാല്യകാലാനുഭവങ്ങൾ …
സമൃദ്ധിയും കരുതലും സ്നേഹവും എല്ലാം ……
ഒന്നും തന്നെ ഇല്ലെങ്കിലും ബാല്യത്തെ പ്രകൃതി തന്നെ സുന്ദരമാക്കും. കണ്ണും കാതും പഞ്ചേന്ദ്രിയങ്ങളും അതിനെ ഒരുമിച്ചു പുൽകും .
ഒപ്പം സഞ്ചരിക്കാനായി കാത്തിരിക്കുന്നു…..
പ്രകൃതിയുടെ സമ്പന്നത മതി അന്നൊക്കെ ബാല്യകാലത്തെ സമൃദ്ധമാക്കാൻ. ഇഷ് മനോരഥയാത്രയിൽ സഹയാത്രിക യാകുന്നതിൽ നന്ദി സഖി.
എത്ര മനോഹരമായാണ് കാലത്തിൻ്റെ വ 1ഴിയിലൂടെ റോമി യാത്ര ചെയ്യുന്നത്. തൻ്റെ ബാല്യകാലത്തെ കൊച്ചി, ചാലക്കുടി സഞ്ചാരങ്ങളെ ഒരു മനോഹരദൃശ്യാഖ്യാനമായി റോമി നമ്മുക്കു മുമ്പിൽ അവതരിപ്പിക്കുന്നു. ഭാഷ അതിമനോഹരം. ദൈവാനുഗ്രഹമുണ്ട് ആ കരങ്ങൾക്ക്
അതെ. ദൈവകൃപയാണ്എഴുതാനുള്ള . കരുത്ത്. ഇങ്ങനെ നൽകുന്ന പ്രോത്സാഹനമാണ് എഴുത്തു തുടരാനുള്ള പ്രചോദനം തിരക്കിലും വായിച്ചഭിപ്രായം പറയുന്നതിന് Thanks Prof. Dominic
കുഞ്ഞു മനസ്സിലെ സ്‌മൃതികൾ എത്ര മനോഹരമാണ് എഴുതിയിരിക്കുന്നത്…. സഞ്ചാരയാനത്തിലെ ഓർമ്മകൾ ഹൃദയസ്പർശിയായി എഴുതി…. ഭാഷപ്രയോഗവും നന്നായിട്ടുണ്ട്….അഭിനന്ദനങ്ങൾ… ഇനിയും എഴുതുക… ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
എഴുതാനുള്ള പ്രചോദന വാക്കുകൾക്ക് ഒത്തിരി സ്നേഹം
പഴയ കൊച്ചിയെ ഓർമിപ്പിക്കുന്ന നല്ല വർണ്ണന. ചാലക്കുടി യാത്രയും മനോഹരം . പുഴ വർണ്ണന ഇ ഷ്ടമായി. അന്നത്തെ ഗ്രാമവും ഇന്നെത്തെ ഗ്രാമവും തമ്മിലുള്ള വ്യത്യാസം കരയും പുഴയും തമ്മിലുള്ള സംഭാഷണം വളരെ correct.
എല്ലാ പിന്തുണയ്ക്കും നന്ദി.
നഷ്ടസ്‌മൃതിയുടെ ബാഷ്പകണങ്ങൾ,, ചിതറിവരണ്ടചിരിയേകി യാത്ര തുടരുന്ന പുഴയമ്മ,,,പല്ലവാദധരത്തെ വിടർത്തി ഉത്സാഹത്തിമിർപ്പിന്റെ അത്യുങ്കശൃംഗത്തിൽ മതിമറന്ന പോലൊരു ജീവിതം,,,നിന്റെ ജലവീഥികൾ ഒരുക്കിയ സൗഹൃദത്തോണികൾ,,, സുന്ദര വർണ്ണനകൾ കൊണ്ട് ഞെട്ടിച്ചതിനു നന്ദി റോമി 🙏
വർണ്ണനകൾ ഇഷ്ടമായതിൽ സന്തോഷം. അഭിപ്രായങ്ങൾ മുടങ്ങാതെ പറയുന്നതിലും ഒത്തിരി നന്ദി
വർഷങ്ങൾക്കിപ്പുറത്തിരുന്ന് ഒരു കാലത്തെ എത്ര മനോഹരമായാണ് റോമി കോറിയിടുന്നത്.
കൊച്ചിയുടെ ‘നമ്മളറിയാത്ത .സൗന്ദര്യങ്ങൾ റോമിയുടെ ഓർമ്മകളിൽ ഇങ്ങനെ പൂത്തുലയണമെങ്കിൽ അത് എത്രമാത്രം അനുഭവിച്ചിട്ടുണ്ടാകാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഞങ്ങളൊന്നും അധികമറിയാത്ത ആ സൗന്ദര്യങ്ങളെ, ബാല്യ കൗമാര കുതൂഹലങ്ങളെ അക്ഷരങ്ങളായി പകർത്തു
വായനക്കാരായി ഞങ്ങളും ആ നൗകയിൽ കയറാം❤️❤️
നൗകയിൽ സഹയാത്രികരില്ലെങ്കിലെങ്ങനെ സന്തോഷിക്കാനാവും’ നൽകുന്ന സപ്പോർട്ടാണ് എഴുതിക്കൊണ്ടിരിക്കാൻ ധൈര്യം തരുന്നത്. നന്ദി സുഹൃത്തേ
റോമിബെന്നിയുടെ സഞ്ചാരയാനത്തിലെ ജാലകക്കാഴ്ചകൾ ഓർമ്മക്കുറിപ്പും കുട്ടിക്കാലാനുഭങ്ങളുടെ ഒരു തേൻമഴയാണ്…
ആ മധുരമഴയിൽ നനഞ്ഞ്, ശലഭഭംഗിയാർന്ന ഓരോ വരിയിലും വാക്കിലും മയങ്ങിനിന്നു…
വർണ്ണനകളും അലങ്കാരങ്ങളും ഓർമ്മകളോടൊപ്പം നിറഞ്ഞൊഴുകുകയാണ്….കുഞ്ഞുറോമി എത്ര കൃത്യതയോടെയാണ് ഓർമ്മകളെ മധുരംപുരട്ടി മനസ്സിൽ സൂക്ഷിച്ചത്…
കേട്ടാലും കേട്ടാലും മതിവരാത്ത വർണ്ണപ്പകിട്ടാർന്ന കുഞ്ഞോർമ്മകൾ വേഗം പറയൂ …..കൊതിയോടെ കാത്തിരിക്കുന്നു….
ആശംസകൾ ..
വായിക്കാൻ കാത്തിരിക്കുന്നു എന്നു കേൾക്കുന്നതു കൊണ്ടു മാത്രം ഈയെഴുത്തു തുടരുന്നു. എൻ്റെ ഓർമ്മകളെ തൊട്ടറിയുന്നതിൽ നന്ദിയുണ്ട്.
റോമിയുടെ ഓർമ്മകളിലൂടെ പഴയ കുമ്പളങ്ങിയിലൂടെ റോമിയോടൊപ്പം ഞാനും യാത്ര നടത്തിയ അനുഭവം. പഴയ കാലങ്ങളിലേക്ക് തിരിച്ചു പോയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഇനിയും ഇതുപോലുള്ള അനുഭവങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള അനുഗ്രഹം സർവേശ്വരൻ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
അവിടെ ജനിച്ചു വളർന്നയാൾക്ക് വായനാനുഭവം വളരെ എളുപ്പം കിട്ടും. സന്തോഷത്തോടെ വായിക്കുന്നതിൽ നന്ദി സഖി. പ്രാർത്ഥനയ്ക്ക് നന്ദി
VAT ബസ്സില്ലാത്ത കുമ്പളങ്ങി കഥകൾ പൂർണമാകില്ല, മച്ചുവയും, ഫെറി ബോട്ടും ചങ്ങാടവും ആളുകൾ പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചുള്ള യാത്രനുഭവം അതൊന്ന് വേറെ തന്നെ ആണ്, എല്ലാവർക്കും എല്ലാവരെയും അറിയാവുന്ന നാട്, അപരിചിതർ ആര് വന്നാലും നെറ്റിച്ചുളിച്ചുള്ള നോട്ടവും ചോദ്യവും, കുട്ടികളെ ആർക്കും ശാസിക്കുവാനും വേണമെങ്കിൽ ഒരടി കൊടുക്കുവാനുമുള്ള ഗ്രാമ വിശുദ്ധി, ഇന്ന് അതു ഓർക്കുവാൻ കഴിയുമോ, പാലം വികസനം കൊണ്ടുവരും അതോടൊപ്പം ഇത്തരം കൊച്ചു കോച്ചു നന്മകൾ കൊണ്ടുപോവുകയും ചെയ്യും. കഥകാരിയുടെ മനസ്സിൽ കുട്ടികാലം നല്ല തെളിമയോടെ നിൽക്കുന്നതും അവ നല്ല ഭാഷശുദ്ധിയോടെ പകർത്തുവാൻ കഴിയുന്നതും വായനക്കാർക്ക് അക്കാലം ഒരു ചലച്ചിത്രത്തിൽ എന്ന പോലെ കാണുവാൻ കഴിയുന്നുണ്ട്. തുടരുക, അഭിനന്ദനങ്ങൾ.
വിശദമായ പങ്കുവെയ്ക്കലിന് നന്ദി. കുമ്പളങ്ങിയിൽ ജനിച്ചു വളർന്നില്ലെങ്കിലും കണ്ടറിഞ്ഞ് ഇത്ര കൃത്യമായി നാടിനെ വിലയിരുത്തിയതിൽ സന്തോഷം. അഭിപ്രായങ്ങൾ ഏകുന്ന ബലമാണ് എഴുതാനുള്ള ഇന്ധനം
Refreshing read !
Thank you
വിശദമായ പങ്കുവെയ്ക്കലിന് നന്ദി. കുമ്പളങ്ങിയിൽ ജനിച്ചു വളർന്നില്ലെങ്കിലും കണ്ടറിഞ്ഞ് ഇത്ര കൃത്യമായി നാടിനെ വിലയിരുത്തിയതിൽ സന്തോഷം. അഭിപ്രായങ്ങൾ ഏകുന്ന ബലമാണ് എഴുതാനുള്ള ഇന്ധനം
കാവ്യാത്മകമായ യാത്രാവിവരണം
നന്നായിരിക്കുന്നു 👍
Thank you