ഹോട്ടൽ ചെക്കൗട്ട് ചെയ്യാൻ നേരം എൻറെ പ്രിയതമ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്!
ടൂറിസം / ഹോസ്പിറ്റാലിറ്റി മേലെയിലാണെങ്കിലും ഞാൻ (തെറ്റായി) നിരുത്സാഹപ്പെടുത്തിയിരുന്ന ചില കാര്യങ്ങൾ !
എന്താണെന്നല്ലേ ?
അവർ ഷീറ്റുകൾ ഭംഗിയായി പഴയതു പോലെ വിരിക്കും.
തലയിണകൾ അതാതിൻറെ സ്ഥാനത്ത് വയ്ക്കും.
ഒരു ചുളിവ് പോലും ഷീറ്റിൽ അവശേഷിപ്പിക്കില്ല.
എല്ലാ കടലാസ്സുകളും പ്ലാസ്റ്റിക്കും കവറുകളും കൃത്യമായി ഡസ്റ്റ് ബിന്നിലേക്ക് മാറ്റും.
ഗ്ലാസ്സുകൾ പഴയതുപോലെ ട്രേയിൽ കമഴ്ത്തിവയ്ക്കും.
ബാത്റൂം വൃത്തിയാക്കും.
ചുരുക്കം പറഞ്ഞാൽ ഞങ്ങൾ ചെക്ക് ഔട്ട് ചെയ്യുന്ന മുറി ഞങ്ങൾ ചെക്കിൻ ചെയ്ത മുറി പോലെ ആയിരിക്കും!
ഇതൊക്കെ ഹൗസ് കീപ്പിംഗ് ജോലിക്കാരുടെ കടമയല്ലേ, അവർ ചെയ്യട്ടെ എന്നൊക്കെയാണ് ഞാൻ പറയാറ്.
ഇതേ ഞാൻ റസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിച്ച് മടങ്ങാൻ നേരം പ്ലേറ്റുകൾ എല്ലാം അടുക്കി വയ്ക്കുകയും താഴെ വീണ ഭക്ഷണപദാർത്ഥങ്ങൾ ടിഷ്യൂ പേപ്പർ കൊണ്ടോ മറ്റോ എടുത്ത് പ്ലേറ്റിൽ ഇടുകയും ചെയ്യും!
ഇത് കണ്ട് എൻറെ ഭാര്യ എന്നെ കളിയാക്കാറുണ്ട്.
ഈ രണ്ടു പ്രവൃത്തികളും ഒരിക്കലും മോശം കാര്യങ്ങളല്ല.
ഒരു ഹൗസ് കീപ്പിംഗ് തൊഴിലാളിയുടെ ജോലിഭാരം നമ്മൾ കുറച്ചാൽ അത് ഒരു നന്മയുടെ ഭാഗമാണ് എന്നു മാത്രമല്ല ഒരു നല്ല ശീലം കൂടിയാണ്.
ബോധപൂർവ്വം ചെയ്യുന്ന ഇത്തരം ശീലങ്ങൾ കൂടുതൽ നല്ല ശീലങ്ങളിലേക്ക് നമ്മളെ നയിക്കും.
ഹോട്ടലുകളിൽ പലപ്പോഴും ഗസ്റ്റ് എന്ന നിലയ്ക്ക് നമ്മൾ വളരെ rude ആണ് !
അതിഥി ദേവനാണ് എന്നതൊക്കെ ശരി തന്നെ .
പക്ഷേ ആതിഥേയൻ്റെ സേവകരും ( ഹോട്ടൽ തൊഴിലാളികൾ) മാനുഷിക പരിഗണന അർഹിക്കുന്നുണ്ട്.
ഹോട്ടൽ റിസപ്ഷനിലേക്ക് നിറഞ്ഞചിരിയോടെ കടന്നുചെല്ലുക.
നെയിം ബാഡ്ജ് ഉണ്ടെങ്കിൽ റിസപ്ഷനിലെ എക്സിക്യൂട്ടീവിനെ പേരുപറഞ്ഞ് വിളിക്കുക .
പേര് ചോദിച്ചു മനസ്സിലാക്കുന്നതും നല്ലത്.
Thank you, Please തുടങ്ങിയ പദങ്ങൾ ഹോട്ടൽ ജീവനക്കാർ അതിഥി എന്ന നിലയ്ക്ക് നമുക്ക് തരേണ്ടത് മാത്രമല്ല നമ്മൾ തിരികെ കൊടുക്കേണ്ടത് കൂടിയാണ് .
അപര്യാപ്തതകളെ കുറിച്ച് പരാതിപ്പെടുമ്പോൾ, മൃദുഭാവം മുന്നിൽ നിൽക്കട്ടെ.
ഹോട്ടൽ മുറികളിൽ നമ്മൾ അപരിചിതരുമായി ചുമരുകൾ പങ്കുവയ്ക്കുകയാണ്!
നമ്മുടെ ഉച്ചത്തിലുള്ള ശബ്ദവും ബഹളവും അവരെ അലോസരപ്പെടുത്തിയേക്കാം എന്നുള്ളതുകൊണ്ട് അതിൽ ഒരു ശ്രദ്ധ നല്ലതാണ്.
ആ ശ്രദ്ധ റസ്റ്റോറൻറ് ഉൾപ്പെടെ എല്ലായിടത്തും വേണം.
ഭക്ഷണം കഴിക്കുമ്പോൾ എന്തിനാണ് ഇത്ര സംസാരവും ശബ്ദ കോലാഹലവും !
കുട്ടികൾ കൂടെയുള്ളപ്പോൾ അവർ ഹോട്ടൽ മുറിയിലെ ബെഡ്ഷീറ്റും ഫ്ലോറും ഒക്കെ ഡ്രിങ്ക്സ് ഉൾപ്പെടെ ഒഴിച്ച് നശിപ്പിക്കാറുണ്ട്.
കുട്ടികൾക്ക് ഇക്കാര്യത്തിൽ വേണ്ട നിർദ്ദേശങ്ങൾ കൊടുക്കാൻ മടിക്കരുത്.
അവരും നല്ല ശീലങ്ങൾ പഠിച്ചു വളരട്ടെ.
സ്വിമ്മിംഗ് പൂളിലും ജിമ്മിലും ഒക്കെ അവിടുത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുക.
ഹോട്ടലിലെ ടിവിയും, റിമോട്ടും, ഷീറ്റും എല്ലാം തന്നെ നമ്മുടെ വീട്ടിലേതാണെന്ന് കരുതി ഉപയോഗിക്കുക.
കാശു കൊടുക്കുന്നതാണ് എന്ന് കരുതി അശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതല്ല ഒന്നും .
ചെരിപ്പുകൾ കഴിവതും മുറിയുടെ ഉള്ളിൽ കയറുന്ന ഭാഗത്ത് എവിടെയെങ്കിലും മാത്രം ഇടുക.
ഇല്ലെങ്കിൽ മുറി മുഴുവൻ പൊടിയും മണ്ണും ആയിരിക്കും.
അത് ബെഡിലും ആകും.
നമുക്ക് ഒപ്പം കൊണ്ടുപോകാൻ അനുവദിച്ചിട്ടുള്ള ഷാംപൂ ,സോപ്പ്, കണ്ടീഷണർ, പേസ്റ്റ്, ബ്രഷ് , ഷേവിംഗ് കിറ്റ് എന്നിവയല്ലാതെ മറ്റൊന്നും ഹോട്ടലിൽ നിന്നും എടുക്കരുത്.
ഷീറ്റുകൾ വരെ അടിച്ചുമാറ്റുന്നവരുണ്ട് !
ടിപ്പ് അനുവദിക്കുന്ന ഹോട്ടലുകളും കോമൺ ടിപ്പ് മാത്രം അനുവദിക്കുന്ന ഹോട്ടലുകളും ഉണ്ട്.
അതിനനുസരിച്ച് ടിപ്പ് നൽകുക.
മാന്യമായി ടിപ്പ് നൽകാൻ മടിക്കരുത്.
ബുഫേ കാണുമ്പോൾ ആർത്തി അരുത്.
ഒരുപാട് ഐറ്റംസ് നിറഞ്ഞരിപ്പുണ്ടാവും.
ഓരോന്നും അളവ് വളരെ കുറച്ചു മാത്രം ആദ്യം എടുക്കുക.
ഇല്ലെങ്കിൽ വേസ്റ്റ് ആവുകയാവും ഫലം.
ശരിയാണ്, കാശുകൊടുത്ത് നമ്മൾ താമസിക്കാൻ പോകുന്നത്, നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും ഉല്ലാസത്തിനും വേണ്ടിയാണ് .
പക്ഷേ കാശ് കൊടുക്കുന്നു എന്നതുകൊണ്ട് നമ്മൾ പാലിക്കേണ്ട മര്യാദകൾ പാലിക്കേണ്ട എന്നതിനർത്ഥം ഇല്ലല്ലോ!
Hotel Etiquette അഥവാ ഹോട്ടൽ മര്യാദ എന്നൊക്കെ ഇതിനെ വിളിക്കാം.
ആതിഥേയനെപ്പോലെയാകട്ടെ അതിഥിയും.
💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙
പ്രശാന്ത് വാസുദേവ്✍
(മുൻ ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്)



