നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായത്. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപക തിരച്ചിൽ നടത്തിയത്. മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തിയുരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ചെന്താമര ഭക്ഷണം കഴിക്കാൻ പുറത്തുവരുമെന്ന നിഗമനത്തിൽ പൊലീസ് കെണിയൊരുക്കി കാത്തിരുന്നു. 36 മണിക്കൂറോളം വനത്തിൽ ഒളിവിൽ കഴിഞ്ഞ ചെന്താമര വിശന്നുവലഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസിൻ്റെ പിടിയിലായത്. വിശപ്പ് സഹിക്കാൻ വയ്യാതെയാണ് ഇയാൾ പോത്തുണ്ടി മല ഇറങ്ങിയതെന്ന് ആലത്തൂർ ഡി വൈ എസ് പി പറഞ്ഞു. 2019 ലെ കൊലപാതകത്തിന് ശേഷവും ഇയാൾ പിടിയിലായത് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വന്നപ്പോഴായിരുന്നു.
മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടതെന്ന് പറഞ്ഞിരുന്നു. പോലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചിരുന്നു. പോലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായായിരുന്നു വിവരം. പോലീസുകാരും മുന്നൂറോളം നാട്ടുകാരും പോലീസിനൊപ്പം തെരച്ചിലിന് ഉണ്ടായിരുന്നു. ഇയാളെ ജനങ്ങളില്‍ നിന്ന് സുരക്ഷിതമായി നെന്മാറ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയെ നെന്മാറ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി തടിച്ചുകൂടി. ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു.
നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ചെന്താമരയെ കസ്റ്റഡിയിലെടുത്തത്. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയില്‍ എത്തിയത്.
പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലക്കാട് എസ് പി അറിയിച്ചു. പ്രാഥമിക വൈദ്യ പരിശോധന പൂർത്തിയായി. പശ്ചാത്താപമോ ഭാവഭേദങ്ങളോ ഇല്ലാതെയാണ് ചെന്താമര പൊലീസിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.