നാം ഇരുവരും രണ്ടു കരകൾ
ഒന്നു തൊടാനാവാതെ നിൽക്കും മുഖം
നോക്കി ,
തെളിനീരൊഴുകുമരുവി നമുക്കിടയിൽ
സ്നേഹനീരുറവകളായി നമ്മെ
നനച്ചിടുന്നു !
നിന്നിലെ ഉപ്പും ചവർപ്പും മധുരവും
എന്നിലെ രസങ്ങളലോഹ്യങ്ങൾ
കൂട്ടിക്കുഴച്ചമൃതായി ഊട്ടും നദി
തന്നിലും നമ്മിലുമുള്ളോരു സത്തയേ !
നാമിരുകരകൾ അകൽച്ചയിൽ
വിങ്ങുന്നു
പൊന്തുന്നസൂയയും
ഈർഷ്യയും നമ്മിൽ ചില്ലകൾ
ചാഞ്ഞു തൊടുന്നുണ്ടന്യോന്യം
നാമറിയാക്കഥകൾ പറഞ്ഞു
ലസിക്കയോ ?
കറുപ്പും വെളുപ്പുമായിരുനിറങ്ങൾ നാം
അറിയാതിഴയുന്നു നമ്മിലെ വേരുകൾ
മണ്ണിൽ!
പോയകാലത്തിൻ്റെ പൈതൃകം
ഒന്നെന്ന
ബോധ്യത്തിൽ
കെട്ടിപ്പിടിച്ചുമ്മവയ്ക്കുന്നു .
ഇരുവരും മിണ്ടി പറയാതെ
നെടുനാളായി, സ്തംഭിച്ചു നിൽപ്പാണ്
ശിലാഖണ്ഡം പോലഹോ!
പാറിപ്പറന്നിവിടെയെത്തുന്നു പക്ഷികൾ
തൂവൽ കൊഴിച്ചിട്ട് പറയുന്നു ഭാവി!
നീയും ഞാനും എന്തിനാണിങ്ങനെ
ഒറ്റത്തുരുത്തുകളായി
നോക്കിനിൽക്കുന്നു
ചുറ്റിയൊഴുകുമിജലരാശി നമ്മേ
സാഗരമോക്ഷത്തിലേക്കല്ലോ
നയിക്കും!



