2025 ഏപ്രിൽ 13 ന് നവതി പൂർത്തിയാക്കുന്ന അച്ഛന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്.
ഒരിക്കൽ മലയാള മനോരമയുടെ ചീഫ് എഡിറ്റർ കെ. എം. മാത്യു ആയി ഒരു ഇൻറർവ്യൂ നടത്തിയ അവസരത്തിൽ അവതാരകൻ ചോദിച്ചു. “അങ്ങ് ഇപ്പോൾ നവതി പൂർത്തിയാക്കിയിരിക്കുകയാണല്ലോ? പുതിയ തലമുറയ്ക്ക് കൊടുക്കാനുള്ള ഉപദേശം എന്താണ്? “ എന്ന്. അദ്ദേഹം മറുപടി പറഞ്ഞു. “ഉപദേശം കിട്ടിയതുകൊണ്ട് ഇവിടെ ആരും നന്നായിട്ടുമില്ല. നല്ല ഉപദേശം കിട്ടാത്തതുകൊണ്ട് ആരും ഇവിടെ മോശവും ആയിട്ടുമില്ല. “ എന്ന്.എനിക്ക് തോന്നുന്നു. എൻറെ അച്ഛനും ഇക്കാര്യത്തിൽ ഇതേ മാതൃകയാണ് പിന്തുടരുന്നത് എന്ന്. ഞാൻ ഇന്ന് വരെ അച്ഛൻ ആരെയും ഉപദേശിക്കുന്നത് ആയി കണ്ടിട്ടില്ല.
പിന്നെ ഞാൻ അച്ഛനിൽ കണ്ട ഒരു പ്രധാന ഗുണം വിജയത്തിലും തോൽവിയിലും സമനില കാത്തു സൂക്ഷിക്കാൻ കഴിയുന്ന ഒരാൾ ആണെന്നതാണ്. വിജയിക്കുമ്പോൾ അമിത ആഹ്ലാദമോ പരാജയപ്പെടുമ്പോൾ അതീവ ദുഃഖമോ ഇല്ല.
അച്ഛൻ എന്നും സഞ്ചരിക്കാൻ തിരഞ്ഞെടുത്തിരുന്നത് സത്യത്തിന്റെയും നീതിയുടെയും പാതയായിരുന്നു. അച്ഛൻറെ സഹപാഠികൾ പലരും മക്കളുടെ മേൽ അനാവശ്യ നിയന്ത്രണങ്ങളും സ്വപ്നങ്ങളും അടിച്ചേൽപ്പിച്ചപ്പോൾ ഞങ്ങൾ എല്ലാ മക്കൾക്കും പൂർണസ്വാതന്ത്ര്യം തന്നുകൊണ്ടാണ് വളർത്തിയത്. ഒരിക്കൽ പോലും എനിക്ക് നിന്നെ കുറിച്ചുള്ള സ്വപ്നം ഇതായിരുന്നു എന്ന് ഒരാളോടും പറഞ്ഞിട്ടില്ല എന്നതുതന്നെ മക്കൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും പറക്കാനുമുള്ള അവസരങ്ങളായിരുന്നു.
സുഹൃത്തുക്കളുടെയോ സ്വന്തം മക്കളുടെ ആണെങ്കിൽ പോലും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലോ ജീവിതത്തിലോ അനാവശ്യമായ കൈകടത്തലുകൾ ഒരിക്കലും നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. അച്ഛനെന്നും സ്വന്തമായി നിലപാടുകൾ ഉണ്ടായിരുന്നു അത് മറ്റുള്ളവരുടെ പ്രീതിക്കായി ഒരിക്കലും ഉപയോഗിച്ച് കണ്ടിട്ടില്ല.
ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ അവസാനിച്ചപ്പോൾ സാധാരണക്കാർ ചെയ്യുന്നതു പോലെ അവഹേളനകലയിൽ ഗവേഷണം നടത്താനോ മറ്റുള്ളവരെ വിമർശിക്കാനോ ഒന്നും മിനക്കെടാതെ, ബന്ധുക്കളോടും സുഹൃത്തുക്കളോടും കൂട്ടുകൂടി പുതുതലമുറക്കാരിൽ നിന്ന് ഒരു വിദ്യാർത്ഥിയെ പോലെ ഓരോ പുതിയ കാര്യങ്ങളും പഠിച്ചെടുത്ത്, പ്രസാദാത്മക ചിന്തകൾ പിന്തുടർന്ന്, നല്ല വാക്കും പുഞ്ചിരിയും ആണ് മറ്റുള്ളവർക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം എന്ന തിരിച്ചറിവോടെ, അക്ഷരങ്ങളെ പ്രണയിച്ചു കൊണ്ട് എഴുത്തു വീഥിയിലൂടെ യാത്ര തുടരുന്ന അച്ഛന് ഒരിക്കൽ കൂടി നിറഞ്ഞ സ്നേഹത്തോടെ നവതി ആശംസകൾ അർപ്പിച്ചു കൊണ്ട്.
ഒരായിരം പിറന്നാൾ ആശംസകൾ നേർന്നു.സ്നേഹത്തോടെ ജീന
അച്ഛന് നവതി ആശംസകൾ നേർന്നുകൊണ്ടുള്ള എഴുത്ത് വളരെ മനോഹരം.
മാമൻ മാപ്പിളയുടെ വാക്കുകളിലൂടെ നന്നായി അവതരിപ്പിച്ചു.
അച്ഛന് പിറന്നാൾ ആശംസകൾ
സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ

