പ്രിയമുള്ള കുഞ്ഞുങ്ങളേ,
നക്ഷത്രക്കൂടാരം നിങ്ങൾക്ക് ഇഷടമാവുന്നുണ്ടല്ലോ.
ഇത്തവണ നമുക്ക് പുതിയ രണ്ട് ശൈലികൾ കൂടെ പരിചയപ്പെടാം.
1. കൊടുങ്ങല്ലൂരമ്മയ്ക്ക് കോഴി പറത്തിയപോലെ
ചെയ്തെന്നു വരുത്തിത്തീർക്കുക എന്നാണ് ഈ പ്രയോഗത്തിൻ്റെ സാരം
കൊടുങ്ങല്ലൂർ ഭരണിക്ക് നേർച്ചയായി ഭക്തജനങ്ങൾ പൂവൻകോഴിയെ പറപ്പിക്കുന്ന ചടങ്ങുണ്ട്. ക്ഷേത്രാങ്കണത്തിലേക്ക് കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ കോഴികളെ പറത്തുന്ന ചില ഭക്തർ കോഴി എങ്ങോട്ടു പറന്നുപോയാലും അതു ശ്രദ്ധിക്കില്ല. എന്നിട്ട് തൻ്റെ വഴിപാടു നടന്നുകഴിഞ്ഞുവെന്ന മനോഭാവത്തിൽ സ്ഥലംവിടുന്നു. ഈ കോഴികളെ ദേവിക്കു കുരുതികഴിക്കാനുള്ളതാണ്. ഇങ്ങനെ തൻ്റെ ചടങ്ങു കഴിഞ്ഞുവെന്ന മട്ടിലുള്ള പ്രവൃത്തികളെ സൂചിപ്പിക്കാനായി കൊടുങ്ങല്ലൂരമ്മയ്ക്കു കോഴി പറത്തിയ പോലെ എന്ന ശൈലി പ്രചാരത്തിലായി.
ഉദാ: കൊടുങ്ങല്ലൂരമ്മയ്ക്കു കോഴി പറത്തിയപോലെയാണു ഗോപാലൻ വീട്ടിലെ ചെലവു നടത്താനായി ഭാര്യയുടെ കെെയിൽ എന്തെങ്കിലും കൊടുക്കുന്നത്..
2. ഗോവിന്ദക്കൊള്ളി വെക്കുക
ചെയ്തെന്നു വരുത്തുക, ആത്മാർഥ തയില്ലാതെ പ്രവർത്തിക്കുക എന്നൊക്കെയാണ് ഈ ശൈലിയുടെയും പ്രയോഗാർത്ഥം.
ശേഷക്രിയ നടത്താൻ അവകാശികളില്ലാ ത്തയാളിൻ്റെ ശവദാഹത്തെയാണ് ഈ ശൈലികൊണ്ട് ഉദ്ദേശിക്കുന്നത്. ഗോവിന്ദനെ (ദൈവത്തെ) വിചാരിച്ചു കൊണ്ട് ആരെങ്കിലും ചിതയ്ക്കു തീ വെക്കുന്നതാണു ഗോവിന്ദക്കൊള്ളി. ധർമ്മക്കൊള്ളിവെക്കുകയെന്നും ഇതിനു പറയാറുണ്ട്.
ഉദാ: ഗോവിന്ദക്കൊള്ളി വെക്കുന്നതുപോലെയാണ് വിവാഹത്തലേന്നു പന്തലിൽ ചെന്നു ചില ചടങ്ങുകളിൽ പങ്കെടുത്തു കൊണ്ട് രാമചന്ദ്രൻ തിരിച്ചുപോയത്.
ഇനി നിങ്ങൾക്കു വേണ്ടി മാഷെഴുതിയ ഒരു കൊച്ചു കവിതയാണ്





കാരപ്പറമ്പ് 





കാരപ്പറമ്പിലൊരു
കോരന്റെ വീടുണ്ട്.
കോരന്റെ വീട്ടിലൊരു
പേരതൻ മരമുണ്ട്.
പേരമരത്തിലൊരു
ചേരയുടെ വായുണ്ട്.
ചേരയുടെ വായിലൊരു
ചാരക്കിളിയുണ്ട്
ചാരക്കിളിക്കൊരു
ചോരച്ച ചുണ്ടുണ്ട്
ചോരച്ച ചുണ്ടിലൊരു
നാരുള്ള പഴമുണ്ട്
നാരൻ പഴത്തിലൊരു
നുരയുന്ന പുഴുവുണ്ട്
നുരയുന്ന പുഴുവിന്ന്
നിരനിരക്കാലുണ്ട്
നിരനിരക്കാലുകളിൽ
തിരയിടും കടലുണ്ട്
തിരയിടുംകടലിന്റെ
തീരത്ത് മണലുണ്ട്
തീരത്തെ മണലിലൊരു
കാരയ്ക്ക ഉരുളുന്നു
ഉരുളുന്ന കാരയ്ക്ക
കാരപ്പറമ്പെത്തി,
കാരപ്പറമ്പിലൊരു
കോരന്റെ വീടുണ്ട്
ശൈലികളും കാരപ്പറമ്പും ഇഷ്ടമായി ട്ടുണ്ടാവുമെന്നാണ് മാഷ് കരുതുന്നത്. ഇനി ഒരു കഥയാണ്
സൂത്രശാലിയായ നീലൻ കുറുക്കൻ്റ കഥയുമായി ഒരു ചേച്ചി എത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഷൊർണൂരാണ് റംല.എം.ഇഖ്ബാൽ എന്ന ഈ കഥാകാരി താമസമാക്കിയിരിക്കുന്നത്. വനിതാ ലൈബ്രേറിയനായി ജോലി ചെയ്യുന്ന ഈ കഥാകാരിയുടെ വാർത്താവായന വളരെ ഹൃദ്യമാണ്.നല്ലൊരു സ്റ്റോറിടെല്ലറുമാണ്. ശ്രീമതി റംല എം ഇഖ്ബാലിൻ്റെ കഥ
അമിതവിശ്വാസം ആപത്ത്











വിപിനം എന്നൊരു കാട്ടിലെ രാജാവായിരുന്ന ശൂരൻ സിംഹത്തിന് വയസ്സായതോടെ തീരെ വയ്യാതായി.സിംഹരാജൻ തന്റെ മന്ത്രിയായ നീലൻ കുറുക്കനെ അടുത്തുവിളിച്ചു “മന്ത്രീ, നീ ഗഹനമെന്ന നമ്മുടെ അയൽക്കാട്ടിൽ പോയി എന്റെ അനന്തിരവൻ ചിത്രകായനെ വിളിച്ചു കൊണ്ടുവരണം, എനിക്ക് വയ്യാതായി,ഇനിമുതൽ അവനായിരിക്കും നിങ്ങളുടെ രാജാവ്,ഞാൻ നിങ്ങളെ സ്നേഹിച്ചപോലെ അവനും നിങ്ങളെ സ്നേഹിച്ചു ഭരിക്കും” എന്ന് പറഞ്ഞു.നീലൻ കുറുക്കൻ അയൽക്കാട്ടിൽ പോയി ചിത്രകായനെയും വിളിച്ചു വന്നു, അധികം താമസിയാതെ ശൂരൻസിംഹം അവരെ വിട്ടുപോയി. പ്രജകൾ വളരെ ദുഃഖത്തിലായി. ഇത് കണ്ട ചിത്രകായൻ വലിയൊരു പാറയുടെ മുകളിൽ കയറിയിരുന്ന് എല്ലാജീവജാലങ്ങളോടുമായി ഉച്ചത്തിൽ അറിയിച്ചു, “ഹേ… നമ്മുടെ പ്രജകളെ, എന്റെ അമ്മാവൻ നിങ്ങളെ സ്നേഹിച്ചപോലെ ഞാനും ഒരു കുറവും വരുത്താതെ നിങ്ങളെ നോക്കുന്നതാണ്, ഇത് സത്യം… സത്യം…. സത്യം, ആരും ഇനി വിഷമിക്കരുത് “ഇതുകേട്ട മൃഗങ്ങൾ ആശ്വാസത്തോടെ അവരവരുടെ സങ്കേതങ്ങളിലേക്ക് മടങ്ങി. പുറമെ സന്തോഷം കാണിച്ചിരുന്ന മന്ത്രി നീലൻ കുറുക്കൻ അപ്പോൾ ഉള്ളിൽ ഒരു ഗൂഢപദ്ധതി തയ്യാറാക്കുകയായിരുന്നു.
ഈ കാടിനെ പറ്റി ചിത്രകായന് അധികമൊന്നും അറിയില്ല.ഏതെങ്കിലും ചതിപ്രയോഗത്തിലൂടെ ഇവനെ ഒഴിവാക്കിയാൽ അടുത്ത രാജാവ് താൻ തന്നെ, നീലൻ ഉള്ളിൽ സന്തോഷിച്ചു.കുറച്ചുദിവസങ്ങൾക്കുള്ളിൽ ചിത്രകായന് തന്നെ പൂർണ്ണവിശ്വാസമായെന്ന് നീലൻകുറുക്കന് മനസ്സിലായി, തന്റെ സ്നേഹം കാട്ടിയുള്ള അഭിനയം അത്രയ്ക്ക് കേമമായിരുനല്ലോ, അവൻ ഉള്ളിൽ ചിരിച്ചു.
ഒരു ദിവസം കാട്ടിലെ കാഴ്ചകൾ കാണാൻ എന്നമട്ടിൽ ചിത്രകായനെയും കൂട്ടി നീലൻ പുറപ്പെട്ടു.കുറേ കാഴ്ചകൾ കണ്ട് കുറേ ദൂരം പിന്നിട്ട് അവർ ആക്രമണകാരികളായ മദയാനകൾ വിഹരിക്കുന്ന കൊടുംകാട്ടിലേക്കു കടന്നു. ആ കാട് അത്ര അപകടം നിറഞ്ഞാതാണ് എന്ന് ചിത്രകായന് അറിയില്ലായിരുന്നു. മന്ത്രിയെ വിശ്വസിച്ചു സിംഹരാജൻ മുന്നോട്ട് നടന്നു. തക്കം നോക്കി നീലൻ കുറുക്കൻ പിൻവലിഞ്ഞു.കൊടുങ്കാട്ടിനുള്ളിൽ ഇരുട്ട് കൂടി വന്നപ്പോൾ ചിത്രകായന് മുന്നോട്ട് പോകണമോ എന്നസംശയമായി.സിംഹരാജാൻ തന്റെ സംശയം നീലനോട് ചോദിക്കാൻ തിരിഞ്ഞു നിന്നു.അപ്പോഴാണ് നീലൻ തന്നെ ചതിക്കുകയായിരുന്നു എന്ന് മനസ്സിലായത്. ഈ യാത്രയുടെ ആരംഭത്തിൽ തന്നെ സംശയം തോന്നിയ ചീരു എന്ന പരുന്തച്ചൻ ഇവരുടെ മുകളിൽ പറന്ന് ഒപ്പം എത്തിയിരുന്നു. വഴിയറിയാതെ ആ കൊടുങ്കാട്ടിൽപ്പെട്ടു വിഷമിച്ച തന്റെ രാജാവായ ചിത്രകായൻ സിംഹത്തെ സഹായിക്കാൻ ചീരു പരുന്ത് പറന്നിറങ്ങി. ഒരിക്കലും ആരെയും ഒരു പരിധിവിട്ട് വിശ്വസിക്കരുതെന്ന ഉപദേശം നൽകി ആപൽക്കരമായ ആ കാട്ടിനുള്ളിൽ നിന്നും പുറത്തുകടക്കാൻ ചീരു വഴി കാണിച്ചു കൊടുത്തു തൻ്റെ ജീവൻ രക്ഷിച്ച ചീരു പരുന്തിനോട് നന്ദി പറഞ്ഞു ചിത്രകായൻ ഗുഹയിലേക്ക് നടന്നു.
ഈ സംഭവമൊന്നും അറിയാത്ത നീലൻ കുറുക്കൻ ഇനി താൻ തന്നെ രാജാവെന്ന് വിശ്വസിച്ചു ആ വലിയ പാറയുടെ മുകളിൽ കയറിയിരുന്ന് മൃഗങ്ങളെ വിളിച്ചു കൂട്ടി നമ്മുടെ രാജാവ് തീർത്ഥയാത്ര പോയെന്നും വരുംവരെ ഞാനായിരിക്കും നിങ്ങളുടെ രാജാവെന്നും അറിയിച്ചു. അതൃപ്തിയോടെ പ്രജകളായ മൃഗങ്ങൾ തലകുലുക്കി. സന്തോഷം കൊണ്ട് പാട്ടുംമൂളി കാട്ടിലൂടെ ചിരിച്ചുല്ലസിച്ച നീലൻ കുറുക്കന്റെ സന്തോഷം അധികം നീണ്ടുനിന്നില്ല. ദൂരെ നിന്നും ദേഷ്യം കലർന്ന മുഖവുമായുള്ള ചിത്രകായന്റെ വരവ് കണ്ട് ഇനിയിവിടെ നിന്നാൽ തന്റെ ജീവന് ആപത്താണെന്ന് തിരിച്ചറിഞ്ഞു. ആ ചതിയൻ ദൂരെയുള്ളകാട് ലക്ഷ്യം വച്ച് ഓടാൻ തുടങ്ങി. പിന്നിലോടി നീലനെ പിടിക്കാൻ തനിക്കാവുന്നറിയാമായിരുന്നിട്ടും ചിത്രകായൻ ആ ചതിയനെ വെറുതെ വിട്ടു. വീണ്ടും തങ്ങളുടെ പ്രിയ ചിത്രകായൻ തന്നെ വീണ്ടും രാജാവായി എത്തിയതറിഞ്ഞ മൃഗങ്ങൾ സന്തോഷത്തോടെ നൃത്തം ചവിട്ടി.
രസകരമായ ഈകഥയ്ക്കു ശേഷം രണ്ടു കൊച്ചു കവിതകളാണ്.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് സ്വദേശിയായ രാമചന്ദ്രൻ പുറ്റുമാനൂർ ആണ് രചയിതാവ്. പതിനഞ്ചോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം കുട്ടികൾക്കും മുതിർന്നവർക്കുമായി ആനുകാലികങ്ങളിൽ എഴുതുന്നു. നിരവധി സാഹിത്യസാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്നതിനോടൊപ്പം എറണാകുളം എഴുത്തുപുര പബ്ളിക്കേഷൻസിന്റെയും ചുമതല വഹിക്കുകയും ചെയ്യുന്നു.
ശ്രീ. രാമചന്ദ്രൻ പുറ്റുമാനൂരിൻ്റെ രണ്ടു കവിതയും പുലരിക്കാഴ്ചകളെക്കുറിച്ചുള്ള താണ്. രണ്ടും മനോഹരമായ കവിതകൾ.
പൂവും കിളിയും







പുലരിപിറന്നു പൂവുചിരിച്ചു
പരിമളമെങ്ങും തുമ്പികൾതുള്ളി
പൂമ്പൊടിതേനും മധുരംനൽകി
തുമ്പികൾ കളിയും കിന്നാരം !
തേൻങ്കിളി വന്നുമലരിന്നിതളിൽ
ഇത്തിരിമധുരം നുണയുംചുണ്ടിൽ
പാട്ടൊഴുകുന്നൊരുനേരം പൂവും
പുലരീംമുന്നിൽ കണിയായ്നൃത്തം !
പുലരി വിരുന്ന്







പൂവിന്റെപുഞ്ചിരി കുഞ്ഞിന്റെ
പാൽച്ചിരി
അത്തിയിൽതത്തതൻ തത്തിക്കളി
ചിത്തിരിപൈങ്കിളി പുന്നാരതേൻകിളി
പുലരിയിൽചില്ലയിൽ പാട്ടിൻമഴ
തന്നനംതാളത്തിൽ തുമ്പികൾ
നൃത്തവും
മാടത്തമുറ്റത്ത് കിന്നാരക്കൂട്ടവും
കുയിലിൻകുഴൽവിളീം വണ്ടിന്റെ
തുള്ളലും,
പുലരിവരുന്നെത്തി സുന്ദരംമോഹനം !
കവിതാലാപനത്തിനു ശേഷം കഥയുമായി കുഞ്ഞുങ്ങളെക്കാണാൻ, കഥപറഞ്ഞു രസിപ്പിക്കാൻ ശ്രീ.ജയനാരായണൻ തൃക്കാക്കര സാർ തയ്യാറായിക്കഴിഞ്ഞു.
കേരള ഗവ: ലേബർഡിപ്പാർട്ട്മെന്റ് സർവീസിൽനിന്നു വിരമിച്ചശേഷം തൃക്കാക്കര ഭാരതമാതകോളേജിൽ ഹ്യുമാനിറ്റീസ്, ലോജിസ്റ്റിക്സ് അതിഥിഅദ്ധ്യാപകനായിരുന്ന അദ്ദേഹം ഇപ്പോൾ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺയൂണിവേഴ്സിറ്റി സെന്ററിൽ ഹ്യുമാനിറ്റീസ് അദ്ധ്യാപകനായി തുടരുകയാണ്.
അൻപതുകൊല്ലങ്ങളായി സാഹിത്യരംഗത്തെ സജീവസാന്നിദ്ധ്യമാണ്. ആനുകാലികങ്ങളിൽ കഥ, കവിത,യാത്രാവിവരണം ഇവയെഴുതുന്നു.
ആകാശവാണി കൊച്ചി എഫ്. എം.നിലയത്തിലൂടെ കഥകൾ പ്രക്ഷേപണം
ചെയ്തിട്ടുണ്ട്. മലയാള മനോരമയുടെ മഷിപ്പച്ച സപ്ലിമെന്റിൽ ‘മാഞ്ചോട്ടിലെ മാഷ്,’ വായനപ്പുരമാസികയിൽ ‘വായനപ്പുരയിലെ വാദ്ധ്യാർ’ എന്നീ പംക്തികളെഴുതിയിരുന്നു. നാരങ്ങാമിഠായി, കുഞ്ഞാറ്റകളുടെ കൂടാരം,
കിളിക്കൂട്ടിലെ കളിക്കൂട്ടുകാർ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഗ്രന്ഥപ്പുര കവിതാരചന അവാർഡ്-, ചെറുപുഷ്പം ബാലനോവൽഅവാർഡ്, തൃക്കാക്കര സാംസ്ക്കാരികകേന്ദ്രം കവിത, മിനിക്കഥ അവാർഡുകൾ,
കേരളബാലസാഹിത്യ അക്കാദമി ബാലനോവൽ അവാർഡ്, കേരളസാഹിത്യസംഗമവേദി ബാലസാഹിത്യ അവാർഡ്, ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി സാംസ്കാരിക അക്കാദമി സ്പെഷ്യൽ ജൂറി
പുരസ്കാരം എന്നിങ്ങനെ നിരവധിപുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള
ജയ നാരായണൻ തൃക്കാക്കര യുടെ കഥയാണ് അടുത്ത വിഭവം
രണ്ടുപൂക്കൾ






മുത്തശ്ശിയുടെ എതിർപ്പുവകവെയ്ക്കാതെ അമ്മിണിവാവ അമ്മയുടെ നിറവയറിൽ ഇടയ്ക്കിടെ തൊട്ടുനോക്കും; അനിയനെ പുറത്തേക്കു ക്ഷണിക്കും.
അപ്പോൾ അമ്മ പറയും,
‘ഇനി ഒരുമാസംകൂടികഴിഞ്ഞാൽ അവൻ പുറത്തുവരും. പിന്നെ, അമ്മിണിവാവക്ക് കളിക്കൂട്ടുകാരെത്തേടി അയൽപക്കത്തുപോകേണ്ടിവരില്ല, എന്തിനും ഏതിനും അവനുണ്ടാകും ഒപ്പം!’
‘ഓടിനടന്നുകളിക്കാനും
ഓടക്കാട്ടിലൊളിക്കാനും
ഓമനവാവേ, നിനക്കുകൂട്ടായ്
ഒരുനാളെത്തും കുഞ്ഞനിയൻ!’
മുത്തശ്ശി പാടി.
അമ്മിണിവാവ അന്നുറക്കത്തിൽ ഒരു സ്വപ്നംകണ്ടു. വാവയും അനിയനും ഓണപ്പൂക്കൾപറിക്കുന്നു. വിഷുവിന് വാവ പൂത്തിരികത്തിക്കുന്നതുകണ്ട് അനിയൻ തുള്ളിച്ചാടുന്നു. അങ്ങനെ ഒരുമാസം കഴിഞ്ഞു.അനിയൻ പുറത്തുവന്നു. താൻ വിളിച്ചിട്ടാണ് അവൻ വേഗംപുറത്തെത്തിയതെന്ന് അമ്മിണിവാവ വിശ്വസിച്ചു.
‘ആഹാ വന്നൂ, കുഞ്ഞനിയൻ
അമ്മിണിവാവേടെ കുഞ്ഞനിയൻ
അമ്മിണിവാവേ നിനക്കുകൂട്ടായ്
ആഹാ വന്നൂ,കുഞ്ഞനിയൻ!’
മുത്തശ്ശി പാടി. അമ്മിണിവാവ തുള്ളിച്ചാടി. അനിയൻ കൈകാലുകൾ കുടഞ്ഞു.
ദിവസങ്ങൾ കടന്നുപോയി. അനിയന് അപ്പുണ്ണിയെന്നൊരു പേരു കിട്ടി. അപ്പുണ്ണി കമഴ്ന്നുവീണു. പിന്നെയവൻ നീന്തിത്തുടിച്ച് അമ്മിണിവാവേടൊപ്പമെത്താൻശ്രമിച്ചു. പിന്നെപ്പിന്നെ അവൻ പിടിച്ചുനിൽക്കാൻതുടങ്ങി. വേച്ചുവേച്ചുനടക്കുന്ന അവനെ പിച്ചനടത്താൻ അമ്മിണിവാവയും കൂടി. അമ്മിണിവാവ അപ്പുണ്ണിക്കും അപ്പുണ്ണി വാവക്കും കൂട്ടായി.
‘അമ്മിണിവാവ ചിരിച്ചെന്നാൽ
ആർത്തുചിരിക്കും അപ്പുണ്ണി
അമ്മിണിവാവ കരഞ്ഞാലോ
അലറിക്കരയും അപ്പുണ്ണി!’
മുത്തശ്ശി പാടിയതുശരിയായിരുന്നു. അമ്മിണിവാവ എന്തുചെയ്യുന്നോ അത് അപ്പുണ്ണിയും പകർത്തി. അമ്മിണിവാവ കുളിച്ചാലേ അപ്പുണ്ണി കുളിക്കൂ, അമ്മിണിവാവ ചോറുണ്ടാലേ അപ്പുണ്ണി ഇങ്കുകഴിക്കൂ, അമ്മിണിവാവ ഉറങ്ങിയാലേ അപ്പുണ്ണി ഉറങ്ങൂ! ഇല്ലെങ്കിലവൻ തൊട്ടിലിൽക്കിടന്നു ഞെരിപിരികൊള്ളും.
മുത്തശ്ശിപാടും,
‘അമ്പിളിമാമനും താരകളും
ആകാശത്തിൽ മയങ്ങിയല്ലോ
അമ്മിണിവാവയുറങ്ങിയിട്ടും
അപ്പുമോനെന്തേയുറങ്ങിടാത്തു?’
അമ്മിണിവാവ ഉറങ്ങിയെന്നുകേൾക്കേണ്ടതാമസം അപ്പുണ്ണിയും ഉറങ്ങും.
അമ്മിണിവാവ വളരുന്നതനുസരിച്ച് അപ്പുണ്ണിയും വളർന്നു. ജീവിതവാടിയിൽ കാലംവിരിയിച്ച ആ രണ്ടുപൂക്കളും പുഞ്ചിരിതൂകിസുഗന്ധംപരത്തിനിന്നു, കൊഴിയുന്നതുവരെ!
കഥ ഇഷ്ടമായല്ലോ അമ്മിണി വാവയെയും അപ്പുണ്ണിയെയും ഇമ്മിണി ഇഷ്ടപ്പെട്ടു പോവും. അല്ലേ?
ഇനി കവിതയുമായി ശ്രീമതി സി.ശ്രീലത ടീച്ചറാണ് എത്തിയിരിക്കുന്നത്
കൊല്ലം ജില്ലയിലെ ശൂരനാട് ആണ് ടീച്ചറുട ജന്മ ഗ്രാമം. ഇപ്പോൾ പന്തളത്തിന് അടുത്തുള്ള കുളനട ഗ്രാമത്തിൽ താമസിക്കുന്നു. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ബിഎഡ് ബിരുദവും നേടിയിട്ടുണ്ട്. അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പ്രഥമാധ്യാപികയായി ഔദ്യോഗിക ജീവിതത്തിൽനിന്നും 2017ൽ വിരമിച്ചു.’നന്മമരത്തണലിൽ ‘ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ കൂട്ടായ്മയിലൂടെ പ്രസിദ്ധീകരിച്ച പതിനാലോളം കവിതാ സമാഹാരങ്ങളിലും കവിതകൾ ഉൾപ്പെട്ടിട്ടുണ്ട്.
ശ്രീലത ടീച്ചറുടെ ഒരു കവിതയാണ് താഴെ കൊടുക്കുന്നത്
ചേട്ടനും പെങ്ങളും








പെങ്ങളുകുഞ്ഞിനു കൂട്ടിനിരിക്കാൻ
കരുതലുമായിട്ടൊരു ചേട്ടൻ.
ചാടിമറിഞ്ഞു കളിക്കാനും പി-
ന്നടിപിടികൂടിക്കരയാനും
കഥകൾ പറഞ്ഞു രസിക്കാനും
കൊച്ചൊരുചേട്ടനവൾക്കുണ്ട്.
തൊടിയിൽ പൂക്കളിറുക്കുമ്പോൾ
കൂടെ നടക്കും പെങ്ങൾക്ക്
കൂടയിൽനിറയെ പൂക്കളിറുത്ത്
മനസ്സുനിറയ്ക്കും കൊച്ചേട്ടൻ.
സ്കൂളിൽ പോകും നേരത്ത്
പുസ്തകസഞ്ചിയെടുത്തീടും
മഴനനയാതെ പെങ്ങളുമായി
കുടയുംചൂടി നടന്നീടും.
തൊട്ടുകളിക്കും നേരത്ത്
തട്ടിമറിഞ്ഞു കിടക്കുമ്പോൾ
പൊക്കിയെടുക്കും കൊച്ചേട്ടൻ
ചക്കരമുത്തം നൽകീടും
കരയും
പെങ്ങൾക്കാശ്വാസം
തരുവാനേട്ടനൊരുങ്ങീടും
കാലുംകയ്യും തടവിക്കൊണ്ട്
കണ്ണീരൊപ്പാനെത്തീടും
മധുരമൊരിത്തിരി കയ്യിൽ കിട്ടിയാൽ,
ഏറിയപങ്കും പെങ്ങൾക്ക്
ഇത്തിരിമധുരം തോണ്ടിയെടുത്ത്
മധുരംവിതറും കൊച്ചേട്ടൻ
ടീച്ചറുടെ കവിത ഇഷ്ടമായോ? കൊച്ചു പെങ്ങളെ ഒത്തിരി സ്നേഹിക്കുന്ന ചേട്ടനെ ആർക്കാണ് ഇഷ്ടമല്ലാത്തത്, അല്ലേ?
ഇത്തവണത്തെ വിഭവങ്ങളൊക്കെ ഇഷ്ടമായോ? വായിക്കുന്ന കൂട്ടുകാർ ഇത് മറ്റു ചങ്ങാതിമാർക്കു കൂടെ ഷെയർ ചെയ്തു കൊടുക്കണേ . അങ്ങനെ അവരും സന്തോഷിക്കട്ടെ .
പുതിയ വിഭവങ്ങളുമായി നമുക്കിനി നക്ഷത്രക്കൂടാരത്തിന്റെ പുതിയ വാതിൽ തുറക്കാനെത്തുമ്പോൾ കാണാം കുട്ടുകാരേ……!!.
സ്നേഹത്താേടെ
നിങ്ങളുടെ പ്രിയപ്പെട്ട..
നല്ല അറിവുകൾ
അറിവും,തമാശയും ഇടകലർത്തി ഒത്തിരി കര്യങ്ങൾ പറഞ്ഞു
നല്ല അവതരണം