പ്രിയ കുഞ്ഞു കൂട്ടുകാരേ,
സുഖം തന്നെയല്ലേ?നക്ഷത്രക്കൂടാരം ഇഷ്ടപ്പെടുന്നുണ്ടല്ലോ? വായിച്ചവ കൂട്ടുകാർക്കും പങ്കുവയ്ക്കണം.
ഇപ്രാവശ്യവും നമുക്ക് മലയാള ശൈലികളിലൂടെ സഞ്ചരിച്ചാലോ ! ശൈലികൾ നമ്മുടെ ഭാഷയ്ക്ക് കരുത്തുപകരുന്ന നെടുംതൂണുകളാണ്. രണ്ടു ശൈലികൾ നമുക്ക് പഠിക്കാം
കൗടില്യരീതി
കുടിലതന്ത്രം. ശത്രുസംഹാരത്തിനും സ്വാർഥലാഭത്തിനുംവേണ്ടി ഏതു കുടിലതന്ത്രവും അവലംബിക്കുന്ന നയം. മൗര്യവംശ സ്ഥാപകനായ ചന്ദ്രഗുപ്‌തൻ്റെ മുഖ്യ ഉപദേശേഷ്‌ടാവായ കൗടില്യൻ എന്ന ബ്രാഹ്മണൻ തൻ്റെ അർഥശാസ്ത്രം എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിലൂടെ ആവിഷ്കരിച്ച തത്ത്വശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ ശൈലി മലയാളത്തിലെത്തിയത്..
(കൗടില്യൻ്റെ ശരിയായ പേർ വിഷ്ണുഗുപ്‌തൻ എന്നാണെന്നു വിശ്വസിക്കുന്നു. കുടലവംശത്തിൽ പിറന്നതുകൊണ്ട് കൗടില്യൻ എന്നും ചാണക്യദേശത്തു ജനിച്ചതിനാൽ ചാണക്യൻ എന്നും അദ്ദേഹം അറിയപ്പെട്ടു. ചാണക്യതന്ത്രം, ചാണക്യനീതി എന്നിങ്ങനെയും ഈ തത്ത്വശാസ്ത്രം അറിയപ്പെടുന്നു.)
കൗടില്യൻ രചിക്കയാൽ കൗടലീയം എന്നും അർഥശാസ്ത്രം അറിയപ്പെടുന്നു. കുടിലതന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുന്നതിനാലാണ് അർഥശാസ്ത്രത്തെ കൗടില്യനീതി എന്നും ഗ്രന്ഥകർത്താവിനെ കൗടില്യൻ എന്നും വ്യവഹരിച്ചുപോരുന്നതെ എന്നൊരു ധാരണ ചിലരെങ്കിലും വെച്ചു പുലർത്തുന്നുണ്ട്. ഇതു തെറ്റായ ധാരണ മാത്രമാണ്.
ഉദാ: മുഖ്യമന്ത്രിയെ താഴെയിറക്കാൻ പാർട്ടി നടത്തിയ കൗടില്യനീതി ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്.
ചക്കളത്തിൽ പോരാട്ടം
ഒത്തുകളി, അന്യരെ കബളിപ്പിക്കു വാൻവേണ്ടി രണ്ടു പേർ ഒത്തുചേർന്നു നടത്തുന്ന നാടകം. അല്ലെങ്കിൽ രണ്ടു പേർ പറഞ്ഞൊത്തു നടിക്കുന്ന കലഹം.
ചക്കളം -ചക്കുകളം, എണ്ണക്കുരുക്കൾ ആട്ടി എണ്ണയെടുക്കുവാനായി ചക്കു സ്ഥാപിച്ചിരിക്കുന്ന കളം. പണിശാല.
വാണിയനും (എണ്ണം ഭാര്യയുംകൂടി ചക്കളത്തിൽ നടത്തുന്ന പോരാട്ടം (കലഹം) എന്നു വാച്യം.
വാണിയന്റെ വീട്ടുമുറ്റത്താണ് ചക്കളം. വാണിയൻ എണ്ണയാട്ടിക്കൊണ്ടിരിക്കുമ്പോൾ വാണിയത്തി (വാണിയന്റെ ഭാര്യ) ഭർത്താവിനോടു ദേഷ്യപ്പെട്ട് ഉറഞ്ഞുതുള്ളിക്കൊണ്ട് വീട്ടിനുള്ളിലേക്ക് ഓടിക്കയറും. ഇതു കാണുമ്പോൾ ഭാര്യയെ ചീത്തപറഞ്ഞുകൊണ്ട് അവളെ അടിക്കാനെന്ന നാട്യത്തിൽ വാണിയനും വീട്ടിനുള്ളിലേക്കു പാഞ്ഞുകയറും. ഇങ്ങനെ പലവട്ടം ആവർത്തിക്കും. ഓരോ തവണയും വാണിയൻ്റെ കൈയിലുള്ള ചക്കിൽ എണ്ണ തുടയ്ക്കാനുപയോഗിക്കുന്ന തുണി, വീട്ടിനുള്ളിൽ വെച്ചിരിക്കുന്ന ഒരു പാത്രത്തിൽ രഹസ്യമായി പിഴിഞ്ഞൊഴിക്കും. എണ്ണയാട്ടാനായി വരുന്നവരെ കബളിപ്പിച്ച് അവരറിയാതെ കുറെ എണ്ണ തട്ടിയെടുക്കാനാണത്രേ ഇപ്രകാരം ചക്കളത്തിൽ പോരാട്ടം നടത്തുന്നത്. ഇങ്ങനെ രണ്ടുപേർ ഒത്തുചേർന്ന് അന്യനെ കബളിപ്പിക്കുന്നിടത്ത് ഈ ശൈലി പ്രയോഗിക്കുന്നു.
ഉദാ: നീ അവരുടെ നാടകവും വിശ്വസിച്ചു പണം വാങ്ങാതെ ഇങ്ങു പോന്നുവല്ലേ. അവർക്കെപ്പോഴും ഉള്ളതാ കൊടുത്ത പണം തിരിച്ചു ചോദിക്കുവാൻ ചെന്നാൽ ചക്കള ത്തിൽ പോരാട്ടം നടത്തി വാങ്ങാനയച്ച ആളെ വെറും കൈയോടെ പറഞ്ഞയയ്ക്കൽ.
ഇനി മാഷെഴുതിയ രണ്ടു കുഞ്ഞിക്കവിതകളാവാം, എന്താ ?
തക്കിട തരികിട







തക്കിട തരികിട താളംതുള്ളണ്
തക്കിടമുണ്ടൻ താറാവ് .
തച്ചുപണിക്കൊരു തടിതിരയുന്നു
തച്ചൻ കൊച്ചുമരംകൊത്തി
തുള്ളിമഴ
കുക്കുടു കുടയിൽപ്പെയ്യുന്നു
തക്കിട തരികിട തുള്ളിമഴ
പൊട്ടണ് മാനത്തിടി പൂരം
ഞെട്ടണ് കുട്ടനുമതുനേരം
ശൈലികളും കുഞ്ഞിക്കവിതകളും ഇഷ്ടപ്പെട്ടില്ലേ?’ ഇനിയൊരു കഥയാവാം
കുട്ടികളായ കുട്ടികൾക്കെല്ലാം പരിചയമുള്ള അധ്യാപകനാണ് കഥയുമായി എത്തുന്നത്. . പാലക്കാട് ജില്ലയിലെ കാവിൽപ്പാട് സ്വദേശി. റിട്ടയേർഡ് അധ്യാപകൻ. ബാലസാഹിത്യകാരൻ . കുട്ടികൾക്കു വേണ്ടി ഇത്രയധികം നല്ല പുസ്തകങ്ങൾ രചിച്ചിട്ടുള്ള ബാലസാഹിത്യപ്രതിഭ മലയാളത്തിൽ അപൂർവ്വമാണ്. പുരാണേതിഹാസങ്ങളിലെയും മുത്തശ്ശിച്ചൊല്ലുകളിലെയും കഥകൾ മാത്രമല്ല വിദേശബാലസാഹിത്യ കഥകളും ധാരാളമായി പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ബാലകവിതകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ വളർന്നു വരുന്ന ബാലസാഹിത്യപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുന്ന സാഹിത്യഗുരുനാഥൻ കൂടിയാണ് ശ്രീ.കാവിൽപ്പാട് മാഷ്.
അദ്ദേഹമെഴുതിയ ഒരു കഥയാണ് ഇനി നിങ്ങൾക്കായി വിളമ്പുന്നത്.
മുത്തശ്ശി പറഞ്ഞ കുരങ്ങന്റെ കഥ .
















ഒരിക്കൽ ഒരു കുരങ്ങൻ മരത്തിൽനിന്ന് കാൽവഴുതി താഴെവീണു. വീഴ്ചയിൽ അവന്റെ വാലിന് സാരമായ പരുക്കുപറ്റി. ചികിത്സയ്ക്കായി ഒരു വൈദ്യനെ സമീപിച്ച കുരങ്ങന് തന്റെ വാലുമുറിച്ചു മാറ്റേണ്ടിവന്നു. വാലുമുറിച്ചു മാറ്റപ്പെട്ട കുരങ്ങന്റെ മട്ടുമാറി. അവൻ വൈദ്യനോടു പറഞ്ഞു;
“ഒന്നുകിൽ എന്റെ വാല് പഴയപടി വച്ചു തരണം. അല്ലെങ്കിൽ വാലു മുറിച്ച ആ കത്തി എനിക്കു തരണം.” വൈദ്യൻ വശം കെട്ടു. മുറിച്ച വാൽ എങ്ങനെ ഒട്ടിച്ചു ചേർക്കും? ഗത്യന്തരമില്ലാതെ അയാൾ അവസാനം കുരങ്ങന് തന്റെ കത്തി കൊടുത്തു.
കത്തിയുമായി നടക്കുന്ന വാലില്ലാക്കുരങ്ങൻ വഴിയിൽ ഒരു പ്ലാവിൽ നിന്നും, ചക്ക എറിഞ്ഞു വീഴ്ത്താൻ ശ്രമിക്കുന്ന കുട്ടികളെ കണ്ടു. അവരോട് സഹതാപം തോന്നിയ കുരങ്ങൻ തന്റെ കൈവശമുണ്ടായിരുന്ന കത്തിയെറിഞ്ഞ് ചക്ക വീഴ്ത്തി. കുട്ടികൾ സന്തോഷത്തോടെ ചക്കയുമായി പോകുവാനൊരുങ്ങുമ്പോൾ കുരങ്ങന്റെ മട്ടുമാറി. അവൻ പറഞ്ഞു:
“ഞാൻ എറിഞ്ഞു വീഴ്ത്തിയ ചക്കയാണ്. അതു കൊണ്ട് ചക്ക ഞാനെടുക്കും. കത്തി വേണേൽ നിങ്ങൾക്കെടുക്കാം.”കുട്ടികൾ അന്തം വിട്ടുനില്ക്കേ കുരങ്ങൻ കത്തി ഉപേക്ഷിച്ച് ചക്കയുമായി നടന്നു.
ചക്കയുമായി പോകുന്ന കുരങ്ങനെ മുറ്റമടിക്കുന്ന ഒരു സ്ത്രീ കണ്ടു. അവൾക്കാണെങ്കിൽ നല്ല വിശപ്പ്. അതുകൊണ്ടു വിശപ്പുമാറ്റാൻ കുരങ്ങനോട് അവൾ ചക്ക ആവശ്യപ്പെട്ടു. കുരങ്ങൻ ചക്ക അവൾക്കു കൊടുത്തു. അവൾ ചക്ക മുഴുവൻ തിന്നു കഴിഞ്ഞപ്പോൾ കുരങ്ങൻ പറഞ്ഞു: “ഒന്നുകിൽ എന്റെ ചക്ക തിരിച്ചു തരണം. അല്ലെങ്കിൽ നീ എന്റെ കൂടെ പോരണം.” കാര്യം കുഴങ്ങിയതു തന്നെ. തിന്നു കഴിഞ്ഞ ചക്ക എങ്ങനെ തിരിച്ചു കൊടുക്കാൻ കഴിയും? ഏതായാലും അവൾ കുരങ്ങന്റെ കൂടെ പുറപ്പെട്ടു.
പെണ്ണിനേയും കൊണ്ടു നടക്കുന്ന കുരങ്ങൻ,ചക്കാട്ടി എണ്ണയെടുക്കുന്ന ഒരാളെ കണ്ടു. ചക്കാട്ടുന്ന ആളുടെ കഷ്ടം നേരിൽക്കണ്ട കുരങ്ങൻ തന്റെ കൂട്ടത്തിലുള്ള പെണ്ണിനെ അയാളുടെ സഹായത്തിനു വിട്ടു. പകരം ആട്ടിക്കഴിഞ്ഞ എണ്ണ മുഴുവൻ കുരങ്ങൻ കൈക്കലാക്കി.
എണ്ണയുമായി നടത്തം ആരംഭിച്ച കുരങ്ങൻ, വഴിക്ക് എണ്ണയില്ലാതെ ദോശ ചുടുന്ന ഒരു അമ്മൂമ്മയെ കണ്ടു. കുരങ്ങൻ തന്റെ കൈയിലുള്ള എണ്ണ അമ്മൂമ്മയ്ക്കു കൊടുത്തിട്ട് അതു പുരട്ടി ദോശ ചുടുവാൻ ആവശ്യപ്പെട്ടു. അമ്മൂമ്മയ്ക്ക് എന്തു സന്തോഷമായെന്നോ? പക്ഷേ, എണ്ണ ഉപയോഗിച്ച് ദോശ മുഴുവൻ ചുട്ടു കഴിഞ്ഞപ്പോൾ കുരങ്ങൻ പഴയ സ്വഭാവമെടുത്തു. “ഒന്നുകിൽ എന്റെ എണ്ണ മുഴുവൻ തിരിച്ചു തരണം. അല്ലെങ്കിൽ ചുട്ടെടുത്ത ദോശയൊക്കെ എനിക്കു കിട്ടണം.”
പാവം അമ്മൂമ്മ അവർ, ദോശ മുഴുവൻ കുരങ്ങനു കൊടുത്തു. അല്ലാതെന്തു ചെയ്യും?
ദോശയുമായി നടക്കുന്ന കുരങ്ങനെ വിശന്നു വലഞ്ഞിരിക്കുന്ന ഒരു ചെണ്ടക്കാരൻ കണ്ടു. അയാൾ കുരങ്ങനോട് ദോശ ചോദിച്ചു. കുരങ്ങൻ ദോശ മുഴുവൻ അയാൾക്കു കൊടുത്തു. ആർത്തിയോടെ ദോശ തിന്നുതീർത്ത ചെണ്ടക്കാരനോട് കുരങ്ങൻ പഴയ പല്ലവി ആവർത്തിച്ചു. “ഒന്നുകിൽ എന്റെ ദോശ മുഴുവൻ തിരികെ തരണം.
അല്ലെങ്കിൽ ആ ചെണ്ട എനിക്കു കിട്ടണം.” ദോശയ്ക്കു പകരമായി ചെണ്ടക്കാരൻ അയാളുടെ ചെണ്ട കുരങ്ങനു നൽകി.
ചെണ്ട കയ്യിൽ വന്ന കുരങ്ങന് ഒരു പാട്ടു പാടാൻ മോഹം. അവൻ ചെണ്ട കൊട്ടിക്കൊണ്ട് ഇങ്ങനെ പാടി നടന്നു.
“വാലു പോയി കത്തി കിട്ടി
ടുംടും ടുംടും
കത്തി പോയി ചക്ക കിട്ടി
ടുംടും ടുംടും
ചക്ക പോയി പെണ്ണു കിട്ടി
ടുംടും ടുംടും
പെണ്ണു പോയി എണ്ണ കിട്ടി
ടുംടും ടുംടും
എണ്ണ പോയി ദോശ കിട്ടി
ടുംടും ടുംടും
ദോശപോയി ചെണ്ട കിട്ടി
ടുംടും ടുംടും!
പാട്ടുംപാടി ചെണ്ടയും കൊട്ടി നടക്കുന്ന കുറുക്കൻ്റെ കഥ രസകരമല്ലേ?
ഇനി നമുക്കൊരു കവിതയായാലോ ചങ്ങാതിമാരേ.? ഈ കവിത എഴുതിയത് കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കവിയാണ്, ശ്രീ.രാമകൃഷ്ണൻ കുമരനല്ലൂർ
കവിത, കഥ, കഥാകാവ്യം, പുനരാഖ്യാനം എന്നീമേഖലകളിലായി ഇരുപതിലധികം ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് പുസ്തകങ്ങള്‍ തമിഴിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. NCERT ദേശീയപുരസ്കാരം,സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അദ്ധ്യാപകലോകം അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു. യുറീക്ക മാസികയുടെ പത്രാധിപരായിരുന്നു.
കുമരനല്ലൂർ സാറിന്റെ കവിത താഴെ കൊടുക്കുന്നു.
ഊയലാടുന്ന ഭംഗികള്‍











അന്തിചായുന്ന നേരത്തു
വിസ്മയാംബരഭംഗികള്‍
ഊയലാടിക്കളിക്കുന്നു
കടലിന്‍ ശിഖരങ്ങളില്‍!
ആഴിതന്‍ നീലവര്‍ണം ചെ –
മ്മുഖംമൂടിയണിഞ്ഞുവോ?
കാണുവാന്‍ വയ്യ,ചോരപ്പാ –
ടെന്നെണീക്കുന്നു സര്‍വ്വരും.
എത്ര പെട്ടെന്നലിഞ്ഞെന്നോ
കൂട്ടമായിങ്ങു വന്നവര്‍..
ഇരമ്പീടുന്നു ചക്രങ്ങള്‍;
പുക മൂടുന്ന വിണ്ടലം.
ആരവം മാഞ്ഞ നേരത്തു
വിണ്ണേറുകയായമ്പിളി
ഒക്കത്തെടുത്തു,ചാഞ്ചാട്ടീ
നിലാവിന്നേയുമിക്കടല്‍
രാവുദിക്കുന്ന നേരത്തും
വിസ്മയാംബരഭംഗികള്‍
ഊയലാടിക്കിടപ്പാണീ
കടലിന്‍ ശിഖരങ്ങളില്‍
എത്ര രസകരമായ കവിത ! സന്ധ്യാസമയം മുതലുള്ള ആകാശത്തിൻ്റെ മനോഹരമായ മാറ്റങ്ങൾ എത്ര തന്മയത്വത്തോടെയാണ് കവി വർണ്ണിച്ചിരിക്കുന്നത്?
ഇനി നമുക്ക് മറ്റൊരു പ്രസിദ്ധനായ ബാല സാഹിത്യകാരനെ പരിചയപ്പെടാം. പത്തനംതിട്ട മലയാലപ്പുഴക്കാരനായ ശ്രീ. റജി മലയാലപ്പുഴ.
കുമരനല്ലൂരിൻ്റെ കവിത പോലെ തന്നെ ഈ കഥാകാരൻ പ്രകൃതിയുടെ മറ്റാെരു ഭാവമാണ് കഥയിലൂടെ പ്രകാശിപ്പിക്കുന്നത് വസന്തകാലത്തെ വാനം കാണാനെന്തു രസമാണ്. നീലയിൽ നിറയെ നിരനിരയായി തുന്നിച്ചേർത്ത മണിമുത്തുകൾ പോലെ തിങ്ങളുന്ന നിരവധി നക്ഷത്രങ്ങൾ! എത്ര കണ്ടാലും കൊതി തീരില്ല.
മഴക്കാലമായാൽപ്പിന്നെ ആകാശത്ത് ആ സൗന്ദര്യമില്ല. ആകെ കാർമൂടിക്കിടക്കും പക്ഷേ മഴക്കാലത്ത് ദൈവം മരത്തിലും തൊടിയിലുമൊക്കെ കുഞ്ഞു നക്ഷത്രക്കുഞ്ഞുങ്ങളെ പറത്തിവിടും.. അതു കാണാനും നമുക്കിഷ്ടമാണ്. റജി മലയാലപ്പുഴ. അധ്യാപകനും പ്രഭാഷകനുമാണ്. അദ്ദേഹം ധാരാളം കഥകളും കവിതകളും കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതിക്കൊണ്ടേയിരിക്കുന്നു. റജി മലയാലപ്പുഴ സാർ മിന്നാമിന്നിയെക്കുറിച്ചെഴുതിയ കഥ വായിച്ചു നോക്കു .
മിന്നാമിന്നി..






ശക്തമായ കാറ്റും മഴയും, പള്ളിമുറ്റത്തെ വൈദ്യുത വിളക്ക് കണ്ണടച്ചു. ആകെ ഭയപ്പെടുത്തുന്ന അന്തരീക്ഷം. ഇരുട്ടിൻ്റെ ഭീകരത അപ്പോഴാണ് മനസിലാകുന്നത്. ഈ സമയത്താണ് ഒരു മിന്നാമിന്നി വൈദ്യുത വിളക്കിൽ വന്ന് ഇരിപ്പുറപ്പിച്ചത്. വൈദ്യുത വിളക്കിന് അത്ഭുതമായി.. ദാ തനിയെ പറന്നു നടക്കുന്ന ഒരു വിളക്ക്.. വൈദ്യുത വിളക്ക് മിന്നാമിന്നിയോടു ചോദിച്ചു. നിനക്ക് ഈ കാറ്റത്തും, മഴയത്തും ഒറ്റക്ക് നടക്കാൻ ഭയമില്ലേ.. എന്താണ് നിൻ്റെ കൈയിലെ വെളിച്ചത്തിൻ്റെ രഹസ്യം.. അപ്പൊ മിന്നാമിന്നി പറഞ്ഞു അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ.. അതു പോലെ ദൈവം എനിക്കു തന്ന സമ്മാനമാണ് എൻ്റെയീ വെളിച്ചം.. അല്പം മാത്രമേ വെളിച്ചമുള്ളൂ എങ്കിലും നീ എന്നെ കണ്ടില്ലേ.. അതാണ് എന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്..
എന്നെക്കൊണ്ട് കഴിയും വിധത്തിൽ ഞാൻ ലോകത്തിന് പ്രകാശം നൽകിക്കൊണ്ടേയിരിക്കും. രാത്രിയിൽ ഇറങ്ങുന്ന ദുഷ്ട ജന്തുക്കൾ എന്നെക്കണ്ട് ഭൂതമാണെന്ന് കരുതി പേടിച്ചോടിയിട്ടുണ്ട്.. തീയാണെന്നു കരുതി ഊതിക്കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.. അതൊക്കെ ഒരു രസമായിട്ടാണ് എനിക്ക് തോന്നിയത്.. എന്തായാലും വൈദ്യുത വിളക്കേ നീ ഇരുട്ടത്തിരിക്കണ്ട.. നിനക്ക് കൂട്ടിന് ഞാനുണ്ട്.. കാറ്റും, മഴയുമൊക്കെ പോയിക്കഴിഞ്ഞാൽ നിനക്ക് നന്നായി പ്രകാശിക്കാൻ കഴിയും.. അതു വരെ നിനക്കു കൂട്ടായി എന്നെ ദൈവം പറഞ്ഞു വിട്ടതാണ്.. നമുക്കിനി കൂട്ടുകൂടി കഴിയാം.. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ നമുക്ക് ലോകത്തിന് വെളിച്ചം പകരാം
—————————————————–
മിന്നാമിന്നിക്കഥ ഇഷ്ടമായില്ലേ? വൈദ്യുത വിളക്കിനോട് കൂട്ടുകൂടിയ മിന്നാമിന്നിയുടെ ഉപദേശം നമുക്ക് കൂടെയുള്ളതാണ്.
കഥയ്ക്കുശേഷം ഒരു കവിതട്ടീച്ചറെ – ദീപ വിനയചന്ദ്രനെ പരിചയപ്പെടാം.. കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരമാമ്പഴം തരുന്ന തേൻമാവിനെപ്പറ്റിയാണ് ടീച്ചറുടെ കവിത.
ദീപട്ടീച്ചറും എറണാകുളം ജില്ലക്കാരിയാണ്. നഗരത്തിനു തൊട്ടടുത്തുള്ള സൗത്ത് ചിറ്റൂരിലാണ് താമസം.. ഇപ്പോൾ കാക്കനാട് ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
കുട്ടികൾക്കുവേണ്ടി രസകരമായ ധാരാളം കവിതകളും കഥകളും എഴുതാറുണ്ട്.
ദീപ വിനയചന്ദ്രൻ എന്ന തൂലികാനാമത്തിൽ രചനകൾ പ്രസിദ്ധീകരിക്കുന്നു.
തേൻമാവ്





മുറ്റം നിറയെ തണലു വിരിക്കാൻ
മുറ്റത്തുണ്ടൊരു തേൻമാവ്.
മുത്തുകൾ ചാർത്തിയ തളിരില ചൂടിയ
മുതുമുത്തശ്ശിത്തേൻമാവ്.
മൂത്തുപഴുത്തൊരു കനി നൽകീടും
ചക്കരമധുരത്തേൻമാവ്.
തളിരിലയുണ്ടുരസിക്കും കുയിലുകൾ,
മോഹനരാഗമുതിർത്തീടും.
മാവിൻതണലിൽ ഒത്തുകളിക്കാൻ,
മാങ്കനി തിന്നാനാരുണ്ട്?
നക്ഷത്രക്കൂടാരത്തിലെ എല്ലാ കവിതകളും കഥകളും നിങ്ങൾക്കിഷ്ടമായില്ലേ? അടുത്ത വെള്ളിയാഴ്ച നമുക്ക് കുറച്ചുപേരെക്കൂടെ പരിചയപ്പെടാം. അവരുടെ കഥകളും കവിതകളും ആസ്വദിക്കാം.
സ്നേഹത്താേടെ
നിങ്ങളുടെ പ്രിയപ്പെട്ട..
നല്ല അവതരണം
അവതരണം ബഹു കേമം
