പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാരേ,
ഇന്ന് ജനുവരി 30.. വെള്ളി ലോകത്തിലെ മറ്റൊരു ദുഃഖവെള്ളി . ഭാരതം മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിക്കുന്ന ദിവസമാണ് ഇന്ന്. ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948 ല്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. 1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത്.
അന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വൈകി. പതിവായി വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താല്‍ അന്ന് വൈകുകയായിരുന്നു. 5 മണി കഴിഞ്ഞ് പത്ത് മിനിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിന്റെ അനുയായികളായ മനുവും ആഭയും സമയത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ഉടനെ തന്നെ പ്രാര്‍ത്ഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു. ജനങ്ങള്‍ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്‌സെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബെറെറ്റ പിസ്റ്റള്‍ ഇരുകൈയ്യുകള്‍ക്കു
ള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സെയെ വിലക്കി. എന്നാല്‍, ഇടതു കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സെ മൂന്ന് തവണ വെടിയുതര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ മൂന്ന് വെടിയുണ്ടകളും തുളച്ചുകയറി.
ഗാന്ധിജിയുടെ ജീവന്‍ അപഹരിച്ച നാഥൂറാം ഗോഡ്‌സെയെ ബിര്‍ല ഹൗസിലെ പൂന്തോട്ട കാവല്‍ക്കാരനായിരുന്ന രഘു നായക് ആണ് പിന്തുടര്‍ന്ന് കീഴടക്കിയത്. ഡല്‍ഹിയിലെ തുഗ്ലക് റോഡ് പോലീസ് സ്‌റ്റേഷനില്‍ തയ്യാറാക്കിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഗോഡ്‌സെയെ അറസ്റ്റു ചെയ്തു. 1948 മേയ് 27 ന് വിചാരണ ആരംഭിക്കുകയും 1949 ഫെബ്രുവരി പത്തിന് അവസാനിക്കുകയും ചെയ്തു. ഈ വിചാരണ കാമറയില്‍ പകര്‍ത്തിയിരുന്നു. ഗോഡ്‌സെയെയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന നാരായണ്‍ ആപ്‌തെയെയും വധശിക്ഷയ്ക്ക് വിധിച്ചു. നാഥൂറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ ഉള്‍പ്പെടെ സഹായികളായിരുന്ന മറ്റു ആറു പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും തള്ളപ്പെട്ടു. 1949 നവംബര്‍ 15 ന് ഗോഡ്‌സെയെയും അപ്‌തെയെയും പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി.
രാഷ്ട്രപിതാവിൻ്റെ രക്തസാക്ഷിത്വ ദിനത്തിൽ നമുക്കു പ്രതിജ്ഞ എടുക്കാം. രാജ്യത്തിൻ്റെ സുരക്ഷയ്ക്കും, അഖണ്ഡതയ്ക്കും പുരോഗതിക്കും വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കും എന്ന്.
ഇനി മാഷെഴുതിയ ഒരു കവിതയായാലാേ?
കിളിമരത്തണലിൽ








കിളിമരമാണേ കളിമരമാണേ,
കുളിരും തണലാണേ
കുരുവികൾ, മൈന, കാക്ക, പരുന്ത്
ചെറുമഞ്ഞക്കിളികൾ
കുയിലുകൾ, പ്രാവ്, വണ്ണാത്തിക്കിളി
മയിലുകൾ, തത്തമ്മ
കളിമരങ്ങനെ കളമൊഴി പാടും
കിളിമരമായല്ലോ
അടിപിടികൂടി കളിചിരിയോടെ
കുട്ടികൾ വന്നല്ലോ
മാമ്പഴമധുരം നുകരാ,നൂഞ്ഞാ-
ലാടാൻ കൊതിയന്മാർ.
കിളിമരമാണേ
കളിമരമാണേ
കുളിരും തണലാണേ.
കിളിമരം എങ്ങനെയുണ്ട്. ഇഷ്ടമായാേ? ഇനി ഒരു കുഞ്ഞിക്കഥ കേൾക്കാം.
കവിതയ്ക്കു ശേഷം നല്ലൊരു കഥ പറയാൻ ഇതാ ഇവിടെ ഒരു സാറെത്തിയിട്ടുണ്ട്. – ശ്രീ ജോസ് പ്രസാദ് .
അദ്ദേഹം കാസർഗോഡ് ജില്ലയിലെ മലാൻകടവ് സ്വദേശിയാണ്. എൻമകജെ പഞ്ചായത്തിലെ ഏൽക്കാന A J B സ്ക്കൂളിലെ അധ്യാപകനാണ്. ഇപ്പോൾ ബദിയടുക്കയ്ക്കടുത്ത് നീർച്ചാലിലാണ് താമസിക്കുന്നത്.
ബാലമാസികകളിൽ കഥകളും കവിതകളും നോവലുകളും എഴുതുന്നു.. ധാരാളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്. കുട്ടികളുടെ ദീപികയിൽ വിദേശ ബാലസാഹിത്യകഥകൾ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്ന പംക്തി കൈകാര്യം ചെയ്യുന്നുണ്ട്
ജോസ് പ്രസാദ് സാറിന്റെ രസകരമായ ഒരു കഥയുണ്ട് താഴെ.
ബുദ്ധിയുള്ള തവള








റയാൻ കൂട്ടുകാരുടെ കൂടെ കുറേനേരം ക്രിക്കറ്റ് കളിച്ചു. പക്ഷെ അവന് ബാറ്റ് ചെയ്യാൻ അവസരം കിട്ടിയില്ല. അങ്ങനെ അവൻ കൂട്ടുകാരുമായി പിണങ്ങി.
കൂട്ടുകാരില്ലാത്ത റയാന്റെ അടുത്തേക്ക് ഒരു കൊതുക് മു ളിപ്പാട്ടും പാടിക്കൊണ്ട് പറന്നു വന്നു പറഞ്ഞു; “കൂട്ടുകാരില്ലാത്ത കുട്ടീ – നിന്റെ കൂട്ടിന് ഞാനുണ്ട് കേട്ടോ പാട്ടുകൾ പാടിത്തരാം ഞാൻ – പിന്നെ എപ്പോഴും കൂടെ വന്നീടാം”
റയാൻ കൊതുകിനെയും കൂട്ടി കുളത്തിൽ കുളിക്കാൻ പോയി.
റയാൻ കുളിക്കാനായി കുളത്തിൽ മുങ്ങി. അവൻ പൊങ്ങി വരാൻ താമസിച്ചപ്പോൾ കൊതുക് അവിടിരുന്ന് ഉറക്കം തൂങ്ങി .
ഉറക്കം തൂങ്ങിയിരുന്ന കൊതുകിനെ ഒരു തവള വയറ്റിലാക്കി. റയാൻ പൊങ്ങി വന്നപ്പോൾ കൂട്ടുകാരൻ കൊതുകിനെ കണ്ടില്ല. അവൻ തവളയോട് ചോദിച്ചു: ‘നീ എന്റെ കൂട്ടുകാരിയെ ഒരു കൊതുകിനെ കണ്ടോ?”
തവള ചിരിച്ചുകൊണ്ട് പറഞ്ഞു; “കൊതുക് എന്റെ വയറ്റിലായി.” റയാന് സങ്കടവും ദേഷ്യവും വന്നു. അവൻ തവളയോട് ചറഞ്ഞു: “നീ ചെയ്തത് ശരിയായില്ല. ആ കൊതുക് എന്റെ കൂട്ടുകാ മനായിരുന്നു.”
അപ്പോൾ തവള പറഞ്ഞു: “കൊതുക് നിന്നോട് കൂട്ടുകൂടിയത് നിന്റെ ചോര കുടിക്കാനും നിനക്ക് രോഗം വരുത്താനുമാണ്. അതു കൊണ്ടാണ് ഞാൻ അതിനെ തിന്നത്.”
റയാൻ പറഞ്ഞു; “നീ പറയുന്നത് ഞാൻ വിശ്വസിക്കില്ല. ഞാൻ അമ്മയോട് ചോദിച്ചു നോക്കട്ടെ.”
കുളി കഴിഞ്ഞ് വീട്ടിലെത്തിയ റയാൻ അമ്മയോട് തവള പറഞ്ഞ കാര്യം പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു:
‘കൊതുകുമായിട്ടൊട്ടും കൂട്ട് വേണ്ട
ചോര കുടിക്കുന്ന ജീവിയാണ്
പലതരം രോഗം വരുത്തി നമ്മെ
രോഗികളാക്കിടും ജീവിയാണ്!”
അവന് കാര്യം മനസ്സിലായി. റയാൻ പിന്നീട് ഒരു കൊതുകുമായി കൂട്ടുകൂടാൻ പോയിട്ടേ ഇല്ല. മാത്രമല്ല കൊതുകുകളെ എവിടെക്കണ്ടാലും അവൻ ആട്ടിപ്പായിക്കാനും തുടങ്ങി.
നല്ല കഥ. എല്ലാ കൊച്ചു കൂട്ടുകാർക്കും കഥ ഇഷ്ടമായിട്ടുണ്ടാവും എന്നാണ് സാർ കരുതുന്നത്. ഇനി പതിവുപോലെ കവിത പാടാൻ ഒരു കവി എത്തുന്നുണ്ട്
കഥ കേട്ടുമയങ്ങിയവരെ ഉണർത്തുവാൻ കവിതയുമായി എത്തുന്നത് മലപ്പുറം ജില്ലയിലെ വെളിയങ്കോട്ടുകാരനായ കവി ശ്രീ . രുദ്രൻ വാരിയത്താണ്.
പൊന്നാനി എംഇഎസ് കോളേജിന് നിന്നുമാണ് അദ്ദേഹം ഇക്കണോമിക്സിൽ ബിരുദം നേടിയത്.
600 – ഓളം കവിതകൾ Rudranvariyath എന്ന പേരിൽ യൂടുബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
BS S ന്റെ ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
യേശുദാസിന്റെ 84-ാം ജന്മദിനത്തിൽ കൊച്ചി അസീസിയ ഇന്റർനാഷനൽ ഓഡിറേറാറിയത്തിൽ വെച്ച നടന്ന സംഗീത അർച്ചനയിൽ രുദ്രൻ വാരിയത്തിൻ്റെ കവിതയാണ് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. എം. ജി. പ്രകാശ് ആലപിച്ചത്. തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സ്വാഗതഗാനം രചിച്ചു.
നിമിഷ കവിയായ രുദ്രൻ ആനുകാലിക വിഷയങ്ങൾ കവിതയിലൂടെ അവതരിപ്പിക്കാറുണ്ട്.
രുദ്രൻ വാരിയത്തിൻ്റെ കവിതകൾ,
ഓർമ്മച്ചെപ്പ്, നിലാവ്, നാലാം യാമം തുടങ്ങിയവയാണ് രചനകൾ.
അങ്കണവാടി ടീച്ചറായ ഭാര്യയോടും മൂന്നു മക്കളാേടുമൊപ്പം
അദ്ദേഹമിപ്പോൾ എടപ്പാളിൽ താമസിക്കുന്നു.
ശ്രീ. രുദ്രൻ വാരിയത്തി ൻ്റെ രണ്ട് കുഞ്ഞിക്കവിതൾ –
കാട്



തിങ്ങി നിറഞ്ഞു വൃക്ഷങ്ങൾ
സസ്യലതാദികളെല്ലാമായ്
ജന്തു മൃഗാദികളൊക്കെ
വസിക്കും കാണുo നിബിഡ
വനത്തിനെയെല്ലാം
കാടായ് കരുതാം
മെല്ലാർക്കും
നദി



മലകളിൽ പെയ്യും
മഴയെല്ലാം കൈവഴി
യായിട്ടൊഴുകുമ്പോൾ
അരുവികളായത് പുഴ
യായിട്ടൊടുവിൽ കടലിൽ
പതിക്കുമ്പോൾ
പുതിയൊരു പേരത്
നദിയെന്നു ആളുകൾ
അതിനെ വിളിക്കുന്നു
കാടിനെക്കുറിച്ചും നദിയെക്കുറിച്ചുമുള്ള ലളിത സുന്ദരമായ രണ്ടു കവിതകൾ കൂട്ടുകാർക്ക് രസകരമായിട്ടുണ്ടാവും. ഇനി ഒരു കഥയാണ്
മലപ്പുറം വളാഞ്ചേരിയടുത്ത് വലിയകുന്നുകാരിയായ കുറുപ്പന്മാരിൽ വീട്ടിൽ രജനി പി.പി എന്ന കഥാകാരിയാണ് പുതിയൊരു കഥയുമായി എത്തുന്നത്.
കിന്നരിപ്പുഴയുടെ കൂട്ടുകാർ












കിന്നരിപ്പുഴയുടെ തീരത്തുള്ള മരത്തിന്റെ പൊത്തിലാണ് നീലുപ്പൊന്മാൻ താമസിച്ചിരുന്നത് നീലുവിന് ഒരിക്കൽ ഒരു മോഹമുണ്ടായി. മിനുത്ത നീലത്തൂവലുള്ള തന്റെ കഴുത്തിൽ ഇടാൻ നല്ലൊരു കുന്നിക്കുരുമണിമാല വേണം ആരോട് പറയും? അവൾ തന്റെ ആഗ്രഹം ഏറ്റവും അടുത്ത കൂട്ടുകാരിയായ പങ്കുത്തത്തയോട് പറഞ്ഞു. നിന്റെ കഴുത്തിലെതു പോലെ ചുവന്ന പട്ടുനിറം ഒന്നും എനിക്ക് കിട്ടിയിട്ടില്ല എന്നാൽ ഇങ്ങനെയെങ്കിലും എന്റെ ആഗ്രഹം നടക്കണം.
തന്നെക്കൊണ്ട് ആവുംവിധം ശ്രമിക്കാം. എന്നവൾ ഏറ്റു. എന്നാൽ കുന്നിക്കുരു പോയിട്ട് ഒരു കല്ലുമാല പോലുമുണ്ടാക്കാൻ അവൾക്കു കഴിഞ്ഞില്ല. ആകെ വിഷമത്തിലായ പങ്കു കൂട്ടുകാരിയെ കാണാൻ പോകാതായി. നീലു അവളെ എന്നും കാത്തിരിക്കും.
ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം പങ്കു ഒരു കാഴ്ച കണ്ടു. തന്റെ കൂടിനുതാഴെ നല്ല ഭംഗിയുള്ള കുന്നിക്കുരുമണിമാല കിടക്കുന്നു. അവളത് കൊക്കിലൊതുക്കി സന്തോഷത്തോടെ നീലുവിനടുത്തേക്ക് ചെന്നു. നീലുവിന്റെ കഴുത്തിൽ ആ മനോഹരമാല അഴകോടെ കിടന്നു.
അവൾക്കു സന്തോഷമായി. എന്നാലും അത്രയും ഭംഗിയിൽ ആ മാല കോർത്തതാരാവും? രണ്ടുപേരും ചിന്തിച്ചു. അപ്പോഴാണ് ആ വഴി ചിന്നുക്കാക്ക വന്നത്.. രണ്ടുപേരും അവളെ ശ്രദ്ധിക്കാതെ താഴേക്ക് നോക്കിയിരുന്നു. വൃത്തികേടുകൾ കൊത്തിത്തിന്നുന്ന അവളെ അവർക്ക് വെറുപ്പായിരുന്നു. എന്നാൽ കാട്ടുസഭയിലെ എല്ലാവർക്കും അവളെയും കുടുംബത്തെയും വലിയ കാര്യവുമായിരുന്നു. കാരണം കാടുവൃത്തിയാക്കാൻ അവർ നന്നായി സഹായിക്കുന്നുണ്ടത്രേ.ആയതിനാൽ രണ്ടുപേരും അവളോട് ചിലപ്പോഴൊക്കെ പരിചയം കാണിക്കും.
ചിന്നുക്കാക്ക ഒത്തിരി സന്തോഷത്തോടെ അവർക്ക് അരികിലേക്ക് വന്നു . എന്നാൽ വലിയ ഇഷ്ടമൊന്നും കാണിക്കാതെ അവർ അവളെ നോക്കിയിരുന്നു.
“നീലുവിന്റെ മാലയ്ക്ക് നല്ല ഭംഗിയുണ്ടല്ലോ “ എന്ന ചിന്നുവിന്റെ പ്രശംസകേട്ട് നീലു ചെറുതായി ഒന്ന് ചിരിക്കുകമാത്രം ചെയ്തു.
എന്നിട്ട് ഗമയിൽ പറഞ്ഞു.
എന്റെ കൂട്ടുകാരി തന്നതാ ..ഇങ്ങനെയുള്ള സുന്ദരി കൂട്ടുകാർ നിനക്കില്ലല്ലോ അതാ നിനക്ക് ഒരു സമ്മാനവും കിട്ടാത്തത്.. കറുത്ത നിന്റെ ദേഹത്തോട് അതൊട്ടും ചേരില്ലല്ലോ.
രണ്ടുപേരും കുലുങ്ങിച്ചിരിച്ചു.പാവം ചിന്നുക്കാക്ക ഒന്നും മിണ്ടാതെ പറന്നുപോയി.. നീലുവും പങ്കുവും കുറെനേരം വർത്തമാനങ്ങൾ പറഞ്ഞശേഷം കാടുചുറ്റാൻ പോയി. അത്തിമരത്തിനടുത്തുള്ള കാട്ടുചോലയിൽ മുങ്ങിനിവരുമ്പോഴാണ് രണ്ടുപേരും ആ കാഴ്ച കണ്ടത്. അത്തിമരത്തിൽ പടർ ന്നു കിടക്കുന്ന കുന്നിക്കുരുമണിയൊക്കെ പെറുക്കി കൊക്കിലാക്കുകയാണ്ചിന്നു..അവർ അവൾ അറിയാതെ പിന്തുടർന്നു . പുറത്തെ ഗ്രാമത്തിലെ മുത്തിയമ്മയുടെ വീടിനടുത്തേക്കാണ് ചിന്നു പറന്നുചെന്നത് .
മുത്തശ്ശി അവളെ കാത്തിരിക്കുന്നു. ചിന്നു കൊക്കിലെ കുന്നിക്കുരു മുഴുവൻ അവരുടെ കയ്യിലേക്ക് ഇട്ടു. ചിന്നുപോകാൻ നേരം മുത്തശ്ശി അവൾക്കൊരപ്പം കൊടുത്തു. മുത്തശ്ശിയുടെ മുറ്റത്ത് നിറയെ കുന്നിക്കുരുമണി മാലകളും പല നിറത്തിലുള്ള തൂവലുകളും കല്ലുകളും കൊണ്ടുള്ള മാലകൾ തൂങ്ങിക്കിടക്കുന്നു. പങ്കുവിന് പെട്ടെന്ന് കാര്യം മനസ്സിലായി താനും നീലുവും പറഞ്ഞ കാര്യം കേട്ടിട്ടായിരിക്കണം ചിന്നു ആ മാല കൂടിനു താഴെ കൊണ്ടുവന്നിട്ടത്.
അവൾ നീലുവിനോട് ഇക്കാര്യം പറഞ്ഞു ..രണ്ടുപേരും ചിന്നുവിനോട് മാപ്പ് പറയുകയും മാല കൊണ്ടുവന്നു തന്നതിന് നന്ദി പറയുകയും ചെയ്തു. പിന്നീട് അവരെ എല്ലാവരും എവിടെയും ഒരുമിച്ചേ കാണാറുള്ളൂ…
അത്യാവശ്യ ഘട്ടങ്ങളിൽ നമ്മളെ സഹായിക്കുന്നവരാണ് യഥാർത്ഥ കൂട്ടുകാർ .
കുഞ്ഞു കഥയ്ക്കു ശേഷം ഒരു കുഞ്ഞിക്കവിത പാടാം . കവിത പാടിയെത്തുന്നത് ആലപ്പുഴക്കാരൻ കവിയാണ്.
മധു കുട്ടംപേരൂർ എന്ന പേരിൽ സാഹിത്യപ്രവർത്തനം നടത്തുന്ന കേശവൻ നമ്പൂതിരി.
അച്ഛൻ കേശവൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായി ആലപ്പുഴയിൽ കുട്ടംപേരൂരിലാണ് ജനിച്ചത്. ഇപ്പോൾ കുടുംബസമേതം ഇടപ്പള്ളിയിൽ താമസിക്കുന്നു.
കുട്ടമ്പേരൂർ യുപി സ്കൂൾ , SKV ഹൈസ്ക്കൂൾ,പരുമല ദേവസ്വംബോർഡ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ബിരുദാനന്തര ബിരുദത്തിന്നുശേഷം 17 വർഷം കേന്ദ്രസർക്കാർ സ്ഥാപനമായ സ്പൈസസ് ബോർഡിൽ ജോലി ചെയ്തു. ഇപ്പോൾ കേരള സർക്കാരിന്റെ കീഴിലുള്ള ഭക്ഷ്യസുരക്ഷാവകുപ്പിൽ ജോലി.
ഇരുപത്തിയഞ്ചു വർഷമായി കവിതകൾ, ലേഖനങ്ങൾ, ബാലസാഹിത്യം തുടങ്ങിയവ രചിക്കുന്നു, പ്രസിദ്ധീകരിക്കുന്നു. അക്ഷരശ്ലോക സദസ്സുകളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി. വെൺമണി സ്മാരക സമിതി, മാവേലിക്കര എ.ആർ. സ്മാരക സമിതി തുടങ്ങിയവ സംസ്ഥാനതലത്തിൽ നടത്തിയ കാവ്യരചന, ശ്ലോകരചന മത്സരങ്ങളിൽ സമ്മാനാർഹനായിട്ടുണ്ട്. മലയാളവാരാഘോഷ ത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കായി എറണാകുളം ജില്ലാതലത്തിൽ നടത്തിയ ലേഖന, കാവ്യരചനാ മത്സരങ്ങളിൽ പല വർഷങ്ങളിലും സമ്മാനിതനായിട്ടുണ്ട്. കേരളസാഹിത്യമണ്ഡലം സംഘടിപ്പിച്ച ചൊൽക്കാഴ്ച മത്സരത്തിൽ “എന്റെ മുറ്റം’ എന്ന കവിത സമ്മാനാർഹമായി. യോഗക്ഷേമസഭ എറണാകുളം ജില്ലാ അടിസ്ഥാനത്തിൽ നല്കുന്ന സാഹിത്യ പുരസ്കാരം (2022 ) ലഭിച്ചു..
ബാലഭൂമി, ബാലരമ, മിന്നാമിന്നി, കളിക്കുടുക്ക തുടങ്ങിയ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളിലും കേസരി, ഭക്തപ്രിയ തുടങ്ങിയ മാസികകളിലും എഴുതാറുണ്ട്.
കൈതപ്രം അവതാരിക എഴുതുകയും, മകൻ കൈലാസ് ഇല്ലസ്ട്രേഷൻ നിർവ്വഹിക്കുകയും ചെയ്ത മധുരച്ചെപ്പ് എന്ന ബാലകവിതാ സമാഹാരം എഴുത്തുപുര പബ്ലിക്കേഷൻസ് പുറത്തിറക്കിയിട്ടുണ്ട്.
മധു കുട്ടംപേരൂരിന്റെ കവിത
നാലിതൾപ്പൂവ്






നാലിതളുള്ളൊരു പൂവു കണക്കേ
നന്മകൾ ചൊരിയും മലയാളം
തുഞ്ചൻ നട്ടുനനച്ച മരത്തിൽ
പഞ്ചമി പാടും മലയാളം.
പിഞ്ചു കിടാങ്ങൾക്കുണരാൻ കാതിൽ
കൊഞ്ചിപ്പറയും മലയാളം.
പത്തരമാറ്റിൻ മലയാളത്തിനു
പകരം വയ്ക്കാനെന്തുണ്ട്?
മലയാളത്തെക്കുറിച്ച് അഭിമാനത്തോടെ എഴുതിയ കുഞ്ഞിക്കവിത പാടാൻ എത്ര മനോഹരം. മലയാളത്തിൻ്റെ ഭംഗി എത്ര സുന്ദരമായിട്ടാണ് മധു സാർ വിവരിച്ചിരിക്കുന്നത്?
ഈ ആഴ്ചയിലെ വിഭവങ്ങൾ എങ്ങനെ? എല്ലാം രുചികരങ്ങളല്ലേ? വായിച്ചു രസിച്ചോളൂ.
ഇനി അടുത്ത വാരത്തിൽ പുതിയ എഴുത്തുകാരുടെ പുതിയ കഥകളും പുതിയ കവിതകളുമായി നമുക്ക് വീണ്ടും കാണാം.
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം..