വിശുദ്ധനായ മോർ ശിമയോൻ ശ്ലീഹാ
**************
പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് ശിമയോൻ ശ്ലീഹാ അഥവാ ശിമോൻ ശ്ലീഹാ. ചെറിയ ശിമയോൻ എന്നും തീവ്രവാദിയായ ശിമയോൻ അഥവാ എരിവുകാരനായ ശിമയോൻ എന്നും കനാന്യനായ ശിമയോൻ എന്നും ഇദ്ദേഹം വിളിക്കപ്പെടുന്നു. ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ പത്രോസ് ശ്ലീഹായും ശിമയോൻ എന്നറിയപ്പെടുന്നതിനാലായിരിക്കണം ഇദ്ദേഹത്തിന്റെ പേരിനൊപ്പം ഈ വിശേഷണങ്ങൾ ചേർക്കപ്പെട്ടിരിക്കുന്നത്. യൂദാ ശ്ലീഹായും ശിമയോൻ ശ്ലീഹായും സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്.
ശിമയോൻ ശ്ലീഹായെപ്പറ്റി ബൈബിളിൽ അപ്പസ്തോലന്മാരുടെ പട്ടികയിൽ മാത്രമേ പരാമർശിക്കുന്നുള്ളു. ആദിമസഭാ പിതാക്കൻമാരാൽ രചിക്കപ്പെട്ട പ്രാമാണിക ഗ്രന്ഥങ്ങളിലോ മറ്റു ലേഖനങ്ങളിലോ ശിമയോനെക്കുറിച്ച് കൂടുതൽ വിവരണങ്ങളില്ല. എന്നാൽ, ശ്ലീഹൻമാരുടെ സഹനസമരങ്ങൾ തുടങ്ങിയ ചില അപ്രാമാണിക ഗ്രന്ഥങ്ങളിൽ ശിമയോനെക്കുറിച്ചുള്ള ചില വിവരണങ്ങൾ കാണാവുന്നതാണ്.
ശിമയോൻ സമരിയായിലും ജറുസലേമിലും സുവിശേഷം പ്രസംഗിച്ചിരുന്നെന്നും പിന്നീട് അദ്ദേഹം ആഫ്രിക്ക, ലിബിയ, മൗറിത്താനിയ, ഈജിപ്ത് എന്നിവിടങ്ങളിലും സുവിശേഷപ്രസംഗങ്ങൾ നടത്തിയിരുന്നെന്നും ചില പുരാതന രേഖകളിൽ കാണപ്പെടുന്നു. അതോടൊപ്പം ബ്രിട്ടനിൽ ആദ്യമായി ക്രൈസ്തവവിശ്വാസം പ്രചരിപ്പിച്ചതും ശിമയോനാണെന്നു വിശ്വസിക്കപ്പെടുന്നു.
ലൂക്കോസിന്റെ സുവിശേഷത്തിൽ 12 അപ്പസ്തോലന്മാരുടെ പേരുകൾ നൽകിയിരിക്കുന്ന കൂട്ടത്തിൽ ശിമയോനെ വിശേഷിപ്പിച്ചിരിക്കുന്നത് ‘തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ’ എന്നാണ്. ചില മലയാളം ബൈബിൾ പരിഭാഷകളിലത് ‘എരിവുകാരനായ ശിമോൻ’ എന്നും ‘തീഷ്ണവാൻ എന്നു വിളിക്കപ്പെട്ടിരുന്ന ശെമഓൻ’ എന്നുമാണ് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്.
റോമാക്കാരുടെ ഭരണത്തിനെതിരെ വിപ്ലവം നയിച്ചിരുന്ന ‘എരിവുകാർ’ എന്നർത്ഥമുള്ള ‘സെലോട്ടീസ്’ എന്ന യഹൂദ വിപ്ലവസംഘടനയിലെ അംഗമായിരുന്നു ശിമയോൻ. യഹൂദരുടെ രാഷ്ട്രീയ സ്വാതന്ത്യത്തിനു വേണ്ടിയായിരുന്നു സെലോട്ടുകൾ പൊരുതിയിരുന്നത്. ആ സംഘടനയുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും ‘എരിവുകാരനായ ശിമയോൻ’ അഥവാ ‘തീവ്രവാദിയായ ശിമയോൻ’ എന്ന പഴയ വിശേഷണത്തിൽ തന്നെ അദ്ദേഹം അറിയപ്പെട്ടിരുന്നു.
ശിമയോൻ സെലോട്ടുകളിൽ പെട്ടയാളായിരുന്നതിനാലല്ല, മറിച്ച് യേശുവിനൊപ്പം ചേരുന്നതിന് മുൻപ് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്ന യഹൂദ നിയമങ്ങളോടുള്ള അമിതമായ “തീക്ഷ്ണത” അഥവാ “എരിവ്” ആണ് ഇദ്ദേഹത്തെ ഇപ്രകാരം വിശേഷിപ്പിക്കുവാനിടയാക്കിയത് എന്നും അഭിപ്രായമുണ്ട്.
മർക്കോസിന്റെ സുവിശേഷത്തിൽ നൽകപ്പെട്ടിരിക്കുന്ന അപ്പസ്തോലന്മാരുടെ പട്ടികയിൽ ശിമയോനെ പല ബൈബിൾ പരിഭാഷകളിലും ‘കനാന്യനായ ശിമോൻ’ അല്ലെങ്കിൽ ‘കനാൻകാരനായ ശിമയോൻ’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ ബൈബിൾ മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് കേനാന എന്ന പദമാണെന്നും ഇതിന്റെ അർത്ഥം എരിവുള്ളവൻ, തീഷ്ണതയുള്ളവൻ, എന്നൊക്കെയാണെന്നും അതിനാൽ ഇവിടെയുപയോഗിച്ചിരിക്കുന്ന വിശേഷണം കാനാ പട്ടണത്തിൽ നിന്നോ അല്ലെങ്കിൽ കനാൻ ദേശത്തിൽ നിന്നോ ഉള്ളവൻ എന്ന അർത്ഥത്തിലല്ല, മറിച്ച് ലൂക്കോസിന്റെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘തീഷ്ണതയുള്ളവൻ’ എന്ന അതേ അർത്ഥത്തിലുള്ളതാണെന്ന് ആധുനികകാല ബൈബിൾ പണ്ഡിതർ അഭിപ്രായപ്പെടുന്നു.
പല പുരാതന രേഖകളിലും ശിമയോന്റെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അതു പോലെ പല പാരമ്പര്യങ്ങളിൽ വ്യത്യസ്ഥ രീതികളാണ് അദ്ദേഹത്തിന്റെ അന്ത്യത്തെ പറ്റി വിവരിച്ചിരിക്കുന്നത്. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിൽ യൂദാ ശ്ലീഹയ്ക്കൊപ്പം ശിമയോൻ രക്തസാക്ഷിത്വം വരിച്ചെന്നു വിവരിക്കുന്നു.
അതിൽ വിവരിക്കും പ്രകാരം ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ ഇരുവരെയും പിടികൂടി അവരുടെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോയി അവരുടെ ദേവന്മാർക്ക് യാഗം നടത്തുവാൻ അവരെ നിർബന്ധിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ യൂദാ ശിമയോനോട് പറഞ്ഞു “യേശു നമ്മെ വിളിക്കുന്നതു ഞാൻ കാണുന്നു”. അപ്പോൾ ശിമയോൻ മറുപടി പറഞ്ഞു “ഞാനും മാലാഖമാരുടെ നടുവിൽ യേശുവിനെ കാണുന്നു. ഒരു മാലാഖ എന്നോട് പറയുന്നു, വേഗം ഇവിടെ നിന്ന് ഓടി രക്ഷപെടുക, ക്ഷേത്രം നിലം പതിച്ച് ജനങ്ങളെല്ലാം നശിക്കാൻ പോകുന്നു”. എന്നാൽ ജനങ്ങളെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ മാലാഖയെ അറിയിച്ചു. തുടർന്ന് അവർ രക്തസാക്ഷിത്വം വരിച്ചു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു.
Informative
ശിമയോൻ വിശേഷങ്ങൾ ഒത്തിരി അറിവ് പകരുന്നു
നല്ലറിവുകൾ
വിജ്ഞാന പ്രദം
വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി

വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി..
