കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1919 ഡിസംബർ 9 നാണ് ഇ കെ നായനാർ ജനിച്ചത്.
1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.(മൂന്ന് തവണയായി 4010 ദിവസം).അദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി .
സി.പി.ഐ (എം)പോളിറ്റ്ബ്യൂറോ അംഗം .സംസ്ഥാന സെക്രട്ടറി ,എന്നീ നിലകളിലും പ്രവർത്തിച്ചു , വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹ ജാഥക്ക് കല്യാശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തിന് പതിമൂന്നു വയസ്സായിരുന്നു പ്രായം.1938 ഡിസംബർ 28ന് കല്ല്യാശ്ശേരിയിൽ ദേശീയ ബാലസംഘം രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോൺഗ്രസ് പ്രസ്ഥാനവുമായി അടുത്തു .1939 ൽ ആറോൺ മിൽ തൊഴിലാളിയൂണിയൻ നടത്തിയ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ആറുമാസത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു. അഖിലകേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി രൂപംകൊണ്ട ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ മുഖപത്രമായ” സ്റ്റുഡന്റിന്റെ” പത്രാധിപസമിതി അംഗമായി. ഉത്തരവാദ ഭരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വിദ്യാർത്ഥി ജാഥയുടെ അമരത്തു അദ്ദേഹമുണ്ടായിരുന്നു .പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റു പാർട്ടിയിലേക്ക് വഴിമാറി . കയ്യൂർ-മൊറാഴ കർഷക ലഹളകളിൽ വഹിച്ച പങ്കിനെ തുടർന്ന് അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതിന്റെ ശേഷം നടന്ന പ്രതിഷേധദിനവുമായി ബന്ധപ്പെട്ടായിരുന്നു മൊറാഴ സംഭവം നടന്നത്.
1940ൽ മിൽ തൊഴിലാളികളുടെ സമരത്തിന് വീണ്ടും നേതൃത്വം നൽകിയതിന് ജയിലിലായി. അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി. 1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു.പ്രായത്തിന്റെ ആനുകൂല്യത്തിൽ തലനാരിഴക്ക് തൂക്കു കയറിൽനിന്നും രക്ഷപെട്ടു . ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത് ചൈനാ ചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1956 ൽ കമ്മ്യൂണിസ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നവരിൽ നായനാരും ഉണ്ടായിരുന്നു.ഏഴാം കോൺഗ്രസ്സിൽ അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു.
1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ 1980 വരെ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിരുന്നു. 1972ൽ സി.എച്ച്. കണാരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി. 1992 മുതൽ 1996 വരെ വീണ്ടും സംസ്ഥാന സെക്രട്ടറി പദം അലങ്കരിച്ചു .ഈ സമയത്തു അദ്ദേഹത്തെ സി പി ഐ എം പോളിറ്ബ്യുറോയിലേക്കും തെരെഞ്ഞെടുത്തു .കർഷകത്തൊഴിലാളി പെൻഷൻ, മാവേലി സ്റ്റോറുകൾ, സമ്പൂർണ സാക്ഷരത യജ്ഞം ജനകീയാസൂത്രണം ,കേരളത്തിലെ നാല് സർക്കാർ നിയന്ത്രിത എഞ്ചിനീയറിംഗ് കോളേജ് ,ഐ ടി പാർക്ക് അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ വികസന നേട്ടങ്ങൾ .
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തടിച്ചു കൂടിയിരുന്നത് അദ്ദേഹത്തിന്റെ കുറിക്കു കൊള്ളുന്ന നർമ്മത്തിൽ പൊതിഞ്ഞ പ്രസംഗം കേൾക്കാനായിരുന്നു .ഗൗരവമായ വിഷയങ്ങളിലും നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചത് കൊണ്ടാണ് പല വിവാദ പരാമർശങ്ങളിൽ പോലും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കാഞ്ഞത്. “ഗുണ്ടകളെ സഹായിക്കുന്ന പ്രമാണിമാർ എന്ന് പറഞ്ഞത് ആരെയാ? നമ്മൾ രാഷ്ട്രീയക്കാർ ,നമ്മളല്ലേ ഈ നാട്ടിൽ ഗുണ്ടകളെ വളർത്തുന്നത് അങ്ങനെ അകത്തിടാൻ തുടങ്ങിയാൽ ഈ നാട്ടിൽ ഒറ്റ രാഷ്ട്രീയക്കാരനുമുണ്ടാകില്ല ” അത്തരം തുറന്നു പറച്ചിലുകളിൽ അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. “കിം ഇൽ സുംങ്ങി ന്റെ ജ്യൂചെ സിദ്ധാന്തം” എന്ന് പറഞ്ഞാൽ എന്താണ് എന്ന ചോദ്യത്തിന് .”ഇതിനെ പറ്റി പത്രങ്ങളിൽ വരുന്ന മുഴുവൻ പേജ് പരസ്യം എല്ലാം ബുദ്ധിമുട്ടി വായിച്ചു നിങ്ങൾ പ്രയാസപ്പെടെണ്ടതില്ല സ്വന്തം കാലിൽ നില്ക്കുക ” എന്നാണ് ജ്യൂചെ സിദ്ധാന്തത്തിന്റെ അർഥം എന്ന് സരസമായി പറഞ്ഞതുമൊക്കെ അദ്ദേഹത്തിന്റെ നിഷ്കളങ്ക ഭാവം കൂടി എടുത്തു കാട്ടുന്നതാണ് .മികച്ച പത്രപ്രവർത്തകൻ കൂടിയായിരുന്നു കൗമുദിയിലും ദേശാഭിമാനിയിലും അദ്ദേഹം പ്രവർത്തിച്ചു.
അറേബ്യൻ സ്കെച്ചുകൾ,എന്റെ ചൈന ഡയറി ,മാർക്സിസം ഒരു മുഖവുര,അമേരിക്കൻ ഡയറി,വിപ്ലവാചാര്യന്മാർ,സാഹിത്യവും സംസ്കാരവും,ജെയിലിലെ ഓർമ്മകൾ,ദോഹ ഡയറി,തുടങ്ങിയ പുസ്തകങ്ങളും “സമരത്തിച്ചൂളയിൽ”എന്ന ആത്മ കഥയും അദ്ദേഹം രചിച്ചിട്ടുണ്ട് .2004 മെയ് 19 നു അദ്ദേഹം നമ്മോടു വിടപറഞ്ഞു .ഭരണാധികാരി ,പത്രപ്രവർത്തകൻ ,സാഹിത്യകാരൻ ,പ്രസംഗകൻ ,വിശഷണങ്ങൾക്കതീതനായിരുന്നു അദ്ദേഹം .കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ അന്തിമോപചാരമർപ്പിച്ചത് അദ്ദേഹത്തിനായിരുന്നു .ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന യഥാർത്ഥ സഖാവാണ് ഇ കെ നായനാർ എന്നതിൽ സംശയമില്ല …..
എല്ലാ രാഷ്ട്രീയ നേതാക്കന്മാരെയും ഒരുപോലെ സുഹൃത്തായി കണ്ടിരുന്ന നേതാവ്..EK. നായനാർ
ടെൻഷൻ ഇല്ലാതെ പുഞ്ചിരിയോടെ ഉള്ള വർത്തമാനം…
പ്രവർത്തന മികവ്, പാർട്ടി പ്രവർത്തനം ആയാലും ഭരണനിർവഹണം ആയാലും..
അദ്ദേഹത്തെക്കുറിച്ച് നല്ല അനുസ്മരണ കുറിപ്പ്
മഹത് വ്യക്തിക്ക് ആദരവോടെ പ്രണാമം.