സാറാമ്മച്ചേടത്തിയും, ചിരുതയും കൂടെ ഉച്ചഭക്ഷണം ഗംഭീരമാക്കാൻ പ്രയത്നം ആരംഭിച്ചു.
തുടർന്ന് വായിക്കുക ……
👇👇👇👇👇
ഭാഗം 9
വേനൽ മാറി, നിഴലുകൾ നീങ്ങി, മഴമേഘങ്ങൾ ഉരുണ്ടു കൂടി. ഉള്ളിലുറയുന്ന സങ്കടങ്ങളെ മുഴുവൻ കടിച്ചമർത്തിക്കൊണ്ട് മാനം കരഞ്ഞു തുടങ്ങി. പുറത്ത് മഴ പെയ്തു. മണ്ണും മരങ്ങളും ചെടികളും മഴയെ വരവേറ്റു. എന്നാൽ മഴയുടെ നൊമ്പരങ്ങളെ താലോലിക്കാൻ ആർക്കും കഴിഞ്ഞില്ല.
എന്നാൽ ഇവിടെ അനാഥാലയത്തിലെ കുട്ടികളുടെ ഇടയിൽ നിന്ന് നിറകണ്ണുമായ് വന്ന ജയിംസിനോട് രാമഭദ്രന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
എന്താ ജയിംസ് കരയുന്നത് ?.
ഒന്നുമില്ല രാമഭദ്രാ..
എന്നാലും…….
കുട്ടികൾ ഉണ്ടായിട്ട് അവരെ ചാവാലിപ്പട്ടികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നവരും, സ്വന്തം കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാതെ ലോകത്തോട് വിട പറയുന്നവരും, കുട്ടികളെ നോക്കാൻ ഗതിയില്ലാതെ ഇതുപോലുള്ള സ്ഥാപനങ്ങളിൽ കൊണ്ടുചെന്നാക്കുന്നവരും നിറഞ്ഞു നിൽക്കുന്ന ഈ നാട്ടിൽ, കുട്ടികളില്ലാത്ത വിഷമത്തിൽ തകർന്നടിയുന്ന കുടുംബ ബന്ധങ്ങളുടെ അവസ്ഥ എന്താടോ…? ദൈവത്തിന്റെ മഹത്വം എന്ന് വാഴ്ത്തപ്പെടുന്ന ഈ കുട്ടികളുടെ സ്ഥിതി എന്താടോ..? അതോർത്തു പോയതാ.
പോട്ടെടോ.. എന്തു ചെയ്യാം. ഇതൊക്കെ ഈ നാടിന്റെ മാറ്റാനാവാത്ത അവസ്ഥയാണ്. കസേരയിലിരുന്നും അല്ലാതെയും പൊതുജനത്തെ കൊള്ളയടിക്കുന്ന കാട്ടു കള്ളൻമാർക്ക് കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലടോ.
ചവിട്ടിയരയ്ക്കപ്പെടുന്ന ജീവനിൽ ഉരുവാകുന്ന ഭ്രൂണത്തിനടക്കം കൊത്തിത്തറിച്ച് തൂക്കി വിൽക്കുന്ന മാംസക്കഷ്ണങ്ങളുടെ വില ഇടുന്ന കച്ചവട കംമ്പോളമാടോ നമ്മുടെ നാട്. ഇവിടെ നിങ്ങളുടെ ന്യായമല്ല വേണ്ടത്. ഈ രാമഭദ്രന്റെ ന്യായമാണ്. അടിക്കേണ്ടവനെ അടിക്കണം. കൊല്ലേണ്ടവനെ കൊല്ലണം.
കുടുംബ ബന്ധങ്ങളുടെ മാനിഫെസ്‌റ്റോചികയാൻ അത് കുട്ടികളുടെ പേരിലായാലും, അല്ലാതെയായാലും കാമവെറിപൂണ്ട പിശാചുക്കൾക്ക് സമയമില്ല ജയിംസ്.
ഈ സമയമത്രയും ഫാദർ ഗ്രിഗറി രാമഭദ്രന്റ വാക്കുകൾ വളരെ നന്നായി ശ്രദ്ധിക്കുകയായിരുന്നു.
അവർ മുന്നു പേരും തിരിഞ്ഞു നടന്ന് ഫാദറുടെ റൂമിൽ തന്നെ എത്തിച്ചേർന്നു. അപ്പഴേക്കും അവിടെ മൂന്ന് പേർക്കുമുള്ള നല്ല ചൂടുള്ള കോഫി റെഡിയായിരുന്നു. തുടർന്ന് ജയിംസ് തന്റെ പോക്കറ്റിൽ നിന്ന് അനാഥാലയത്തിന്റെ പേരിൽ ഒരു ലക്ഷം രൂപ എഴുതിയ ഒരു ചെക്കെടുത്ത് ഫാദറിനെ ഏല്പിച്ചു.
സന്തോഷങ്ങളും അഭിനന്ദനങ്ങളും കൈമാറി ജയിംസും, രാമഭദ്രനും പള്ളിയുടെ പടിയിറങ്ങവേ ഫാദർ ജെയിംസിനെ തിരിച്ചുവിളിച്ചു.
എന്താ ഫാദർ….?
മിസ്റ്റർ. ജയിംസ്… താങ്കളുടെ കൂടെ ഉള്ള ആളിനെ സൂക്ഷിക്കണം.
അതെന്താ ഫാദർ…?
അയാൾ അപകടകാരിയാണ്. അയാളുടെ വാക്കുകളുടെ ദൃഢത , കണ്ണിലെ തീക്ഷ്ണത. ഉറച്ച ചുവടുകൾ… എന്തോ എനിക്കങ്ങിനെ തോന്നുന്നു ജയിംസ്. നിങ്ങൾ സൂക്ഷിക്കണം.
ഹ.ഹ.ഹ ഹ.. ജയിംസ് പൊട്ടിച്ചിരിച്ചു.
എന്താ ജെയിംസ്.. എന്തു പറ്റി…?
അച്ഛോ.. അച്ഛൻ ഇതുവരെ അവനെക്കുറിച്ചൊന്നും ചോദിച്ചില്ല. അതു കൊണ്ട് ഞാൻ പറഞ്ഞതുമില്ല.
അവന്റെ ജോലി എന്താണെന്നറിയോ അച്ഛന്…?
പേരിന് ചുമട്ട് തൊഴിലാളി . യഥാർത്ഥ പണി കൂലിത്തല്ല്. കൈവെട്ടാൻ പറഞ്ഞാൽ കൈവെട്ടും. തലവെട്ടാൻ പറഞ്ഞാൽ തല വെട്ടും. അതാണ് രാമഭദ്രൻ.
മിസ്റ്റർ. ജയിംസ്… ഫാദർ ആശ്ചര്യത്തോടെ വിളിച്ചു പോയി.
എന്നാൽ വരട്ടെ ഫാദർ.
ജയിംസ് അവിടുന്ന് ഇറങ്ങിയതും വണ്ടിയുടെ അടുത്തേക്ക് നടക്കുകയായിരുന്ന രാമഭദ്രൻ പെട്ടന്ന് നിന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് ചോദിച്ചു.
അച്ഛോ… അറിയാനുള്ളതൊക്കെ അറിഞ്ഞില്ലെ. ഇനി വല്ല കൊട്ടേഷനും വരികയാണെങ്കിൽ പറഞ്ഞേക്കണേ.. ജീവിച്ചു പോകണ്ടെ അച്ചോ. അതും പറഞ്ഞ് ചിരിച്ചു കൊണ്ടവൻ കാറിനടുത്തേക്ക് നീങ്ങി. അപ്പോൾ ചിരിച്ചു കൊണ്ട് ജയിംസും മുന്നോട്ട് തന്നെ നടക്കുകയായിരുന്നു.
എന്നാൽ ഫാദർ ഗ്രിഗറി പറക്കും തളികയിൽ നിന്ന് താഴെ വീണ് നിലത്തുറച്ചുപോയ യന്ത്രം പോലെ ചലനമറ്റ് നിന്നു പോയി.
കാറ് നഗരം വിട്ട് ഗ്രാമത്തിന്റെ മനോഹാരിതയിലേക്ക് ഊളിയിട്ടു. കാറിനകത്തെ അനാഥാലയത്തെക്കുറിച്ചും, പള്ളിയെക്കുറിച്ചുമുള്ള സംസാരങ്ങളെല്ലാം കഴിഞ്ഞു. ഒരു ചെറിയ നിശബ്ദതയിൽ ഡ്രൈവർ ടേപ്പ് റിക്കോഡർ ഓൺ ചെയ്തു. ചന്ദ്രകാന്തം എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പിയുടെ രചനയിൽ എം.എസ്.വിശ്വനാഥൻ പാടി അനശ്വരമാക്കിയ ഹൃദയവാഹിനീ ഒഴുകുന്നു നീ… മധുര സ്നേഹതരംഗിണിയായ് എന്ന മനോഹരഗാനം ഒഴുകിയെത്തി.
അതെ ജയിംസ്. എല്ലാ പ്രതിസന്ധികളേയും തട്ടിമാറ്റി ആ ഹൃദയവാഹിനി മധുരമായ സ്നേഹത്തോടെ മുന്നോട്ട് തന്നെ ഒഴുകുകയാണ്. അത് ഒഴുകിക്കൊണ്ടേയിരിക്കുകയാണ്.
പെട്ടന്ന് അല്പം ഉറച്ച ശബ്ദത്തിലാണ് രാമഭദ്രൻ അത് പറഞ്ഞത്.
അത് നമുക്കും ബാധകമാണ് ജയിംസ്. എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റിക്കൊണ്ട് നമ്മളും മുന്നോട്ട് തന്നെ പോകും.
കാറ് വീടിന്റെ ഗേറ്റുകടന്ന് മുറ്റത്തു വന്നു നിന്നു. രമ്യ ഓടിവന്ന് അച്ഛന്റമേൽ ചാടിക്കയറി. അവരൊന്നിച്ച് അകത്തോട്ട് കയറിപ്പോയി.
ജയിംസ് വസ്ത്രം മാറി വരാം എന്ന് പറഞ്ഞ് റൂമിലോട്ട് കയറി.
മോള് ഇത്രം സമയം എന്തു ചെയ്തു ?.
ഞാനും അമ്മയും ഈ വീടൊക്കെ നടന്നു കണ്ടു. എന്തൊക്കെ സാധനങ്ങളാ അച്ഛാ ഈ വീട്ടിൽ. ദാ… ഒരു പുലി. എന്തു ഭംഗിയാ അതിനെ കാണാൻ അല്ലേ അച്ഛാ..
അകലേക്കൊഴുകുന്ന പുഴയിലെ കുഞ്ഞോളങ്ങളില്‍ ആലോലമാടുന്ന ആറ്റുവഞ്ചിയില്‍ ഉമ്മവച്ചുടയുന്ന നീര്‍ക്കുമിളകളായ് ആ വാക്കുകള്‍ അവന്‍റെ മനസ്സില്‍ വീണുടഞ്ഞു.
ഉം… അതൊക്കെ വല്ല്യ പൈസേടെ സാധനങ്ങളാമോളേ.. ഒന്നും തൊടാൻ പാടില്ല കേട്ടോ.. ഒക്കെ നോക്കിക്കാണാം.
അപ്പഴേക്കും ജയിംസ് വസ്ത്രം മാറി വന്നു.
ഊണ് എടുത്ത് വച്ചിട്ടുണ്ട് കുഞ്ഞേ. കഴിച്ചൂടായോ..? സാറാമ്മച്ചേടത്തിയുടെ അറിയിപ്പു വന്നു.
ഊൺമേശയിൽ വിഭവങ്ങൾ നിരന്നിട്ടുണ്ടായിരുന്നു. കുരുമുളകിട്ട് വരട്ടിയ താറാവിറച്ചിയും, കരിമീൻ പൊരിച്ചതും, നാടൻ വാഴക്കൂമ്പ് വറവും, നല്ല ചീരപ്പറങ്കി ചതച്ച് ചേർത്ത് അവിടെ തന്നെ ഉണ്ടാക്കിയ നാടൻ മോരും ഒക്കെക്കൂടി വിഭവ സമൃദ്ധമായൊരു സദ്യ.
ജയിംസ് എല്ലാ വിഭവങ്ങളും ഇത്തിരിഎടുത്ത് സ്വാദുനോക്കി. സാറാമ്മച്ചേടത്തിയേ… ഇന്ന് എന്ത് വിദ്യയാ നിങ്ങൾ പുറത്തെടുത്തത്. വിഭവങ്ങളൊക്കെ സൂപ്പറായിട്ടുണ്ടല്ലോ.. താറാവിറച്ചി അമ്മച്ചി ഉണ്ടാക്കുന്നതു പോലെ തന്നെയുണ്ട്. കിടിലൻ. എന്ത് മറിമായാ നിങ്ങൾ ഇന്ന് കാണിച്ചത്. രാമഭദ്രനും കുടുംബവും വന്നതുകൊണ്ടാണോ..?
അവര് വന്നതുകൊണ്ട് മാത്രമല്ല ജയിംസ് കുഞ്ഞേ… ആ കൊച്ചു തന്നെയാ ഇന്ന് ഇതൊക്കെ ഉണ്ടാക്കിയത്.
ഏത് കൊച്ച് രാമഭദ്രന്റെ ഭാര്യയോ..?
അതെ. എന്നെ തൊടാൻ പോലും സമ്മതിച്ചില്ല.
ഓഹോ… ഗംഭീരം. ഗംഭീരം.
അതും പറഞ്ഞ് ജയിംസ് വീണ്ടും കുറച്ചു കൂടെ താറാവിറച്ചിയും, വറവും ഇലയിലേക്കിട്ടു.
ഇതൊന്നും രാമഭദ്രനിൽ പ്രത്യേകിച്ച് ഭാവ വെത്യാസങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. കാരണം അവൻ ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോഴേ അവന് മനസ്സിലായിരുന്നു ഒക്കെ ഉണ്ടാക്കിയത് അവന്റെ കാർത്തിയാണെന്ന്.
അമ്മ മരിച്ചേപ്പിന്നെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ സ്വാദിൽ ഭക്ഷണം കഴിക്കുന്നത് ഇന്നാണ്. ഒരുപാടിഷ്ടായി. നല്ല കൈപ്പുണ്യമുള്ള കുട്ട്യാ രാമഭദ്രാ നിന്റെ ഭാര്യ. സമ്മതിച്ചിരിക്കുന്നു.
അധികം പൊക്കല്ലേ ജെയിംസ് . അല്ലാണ്ട് തന്നെ ഇത്ങ്ങളെക്കൊണ്ടുള്ള ബുദ്ധിമുട്ട് ചില്ലറയല്ല. അതും പറഞ്ഞ് അവൻ കാർത്തിയെ ഇടംകണ്ണിട്ട് ഒന്ന് നോക്കി.
ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ദയനീയ ഭാവത്തിൽ നിൽക്കുകയായിരുന്നു കാർത്തി അപ്പോൾ.
ഭക്ഷണം കഴിച്ച് പറമ്പിലോട്ടിറങ്ങിയ രാമഭദ്രനും, ജയിംസും അന്നത്തെ വിളവെടുപ്പിന്റെ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി തിരികെ എത്തി.
എനിക്കൊന്ന് ചന്തവരെ പോകണം. എന്നാൽ ഞാൻ ഇറങ്ങുന്നു ജയിംസ്.
നിങ്ങള്‍ ഒന്ന് നിൽക്കൂ എന്നു പറഞ്ഞ് അകത്തോട്ട് പോയ ജയിംസ് ഒരു പൊതിയുമായാണ് തിരിച്ചു വന്നത്. അത് രമ്യയുടെ കൈയ്യിൽ കൊടുത്തിട്ട്, ഇത് മോൾക്കുള്ളതാട്ടോ എന്നു പറഞ്ഞു.
ഡ്രൈവർ കാറുമായെത്തി. കാർത്തിയേയും മകളേയും വീട്ടിൽ വിട്ട് രാമഭദ്രനെ ചന്തയിലും ഇറക്കി വണ്ടി തിരിച്ചുപോയി.
തുടരും ……




നല്ല കഥ രസകരമായി അവതരിപ്പിച്ചു.
ഒത്തിരി സന്തോഷം. നന്ദി💖🌹