എല്ലാം നിറുത്തി വളരെ നല്ലരീതിയിൽ ജെയിംസിൻ്റെ കാര്യങ്ങളൊക്കെ നോക്കി കഴിയുകയായിരുന്നു. അതിനാൽ വളരെയധികം മാറ്റവും സന്തോഷവും രാമഭദ്രനിലും വീട്ടിലും ഉണ്ടായിരുന്നു. എന്നാൽ ദാ… വീണ്ടും. ഈ അടിയും പിടിയും ഒന്നും ഒരിക്കലും അവസാനിക്കുന്നില്ലല്ലോ എന്നോർത്ത് അവൾ പൊട്ടികരഞ്ഞു.
തുടർന്ന് വായിക്കുക
👇👇👇
അദ്ധ്യായം 26
മിന്നി മറയുന്ന ദിനരാത്രങ്ങൾ. വേഗതയേറിയ പ്രയാണങ്ങൾ. ആശ്വാസവചനങ്ങളിൽ ആത്മാർത്ഥതയുടെ തരിമ്പുപോലുമില്ലാത്ത നിമിഷങ്ങൾ. കണ്ണീരിൽ കുതിർന്ന ആത്മനൊമ്പരങ്ങൾ ആനന്ദത്തിന്‍റെ തിരയിളക്കമാക്കുന്ന പ്രത്യയശാസ്ത്രങ്ങൾ. എല്ലാം വ്യക്തികളിൽ മാത്രം ഒതുക്കുന്ന പുത്തൻ തലമുറകൾ.
കഠിനമായ വേദനയിൽ പ്രാണനുവേണ്ടിപ്പിടഞ്ഞ നിമിഷങ്ങളിൽ എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഓർമ്മയിൽ എവിടേയും ഇടം ഉണ്ടായിരുന്നില്ല രമ്യമോൾക്ക്.
പാപികളുടെ പങ്കായം കൊണ്ട് പാതാളക്കയത്തിൽ കനൽക്കട്ടകൾ ചിന്തുന്ന അസുരഗണങ്ങൾക്ക് ഹൃദയം തകരുന്ന വേദന കേൾക്കാൻ കഴിയില്ല. അല്ലങ്കിൽ അവർ കേൾക്കാറില്ല.
ഇവിടെ മോചനത്തിന്‍റെ വിജയഗാഥയുടെ പടവുകൾ ചവിട്ടിക്കയറി രമ്യമോൾ ഇന്ന് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്നു.
രാമഭദ്രനും കാർത്തിയും എല്ലാ സാധനങ്ങളും സഞ്ചികളിലാക്കിക്കെട്ടിവച്ച് ആശുപത്രിയുടെ പേപ്പറിനു വേണ്ടി കാത്തിരുന്നു. അപ്പോൾ ജീവനും, ടീച്ചറും ജയേഷും അവിടേയ്ക്കു വന്നു.
ങ്ഹാ.. സാറോ? ഇരിക്കു സാർ.
രാമഭദ്രൻ ഉടനെ അവിടെയുണ്ടായിരുന്ന സ്റ്റൂൾ ജയേഷിനായി നീക്കിയിട്ടു കൊടുത്തു.
ഇന്ന് വീട്ടിൽ പോകാമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പേപ്പറിനു വേണ്ടി കാത്തിരിക്കുകയാ..
അറിഞ്ഞു. ദാ.. ഇവൻ അവിടെ ഇരുത്തിപ്പൊറുപ്പിക്കുന്നില്ല. രമ്യ ഇന്ന് വീട്ടിൽ വരുന്നൂന്ന് അറിഞ്ഞതുമുതൽ അവിടെ ബഹളമാണ്. കൂട്ടിക്കൊണ്ടുവരാൻ നമുക്കും പോകണം എന്നും പറഞ്ഞ്.
അമ്പടാ…അങ്ങിനെയാണെങ്കിൽ മോന് അങ്കിളിനൊപ്പം വന്നാൽപ്പോരായിരുന്നോ. വെറുതേ എന്തിനാ അമ്മയേയും അച്ഛനേയും ബുദ്ധിമുട്ടിച്ചത്.
ഹേയ്.. സാരമില്ലടോ. കുട്ടികളുടെ സന്തോഷമല്ലേ.
അപ്പഴേക്കും രമ്യയും ജീവനും കളിയും ചിരിയും തുടങ്ങിയിരുന്നു.
പുത്തൻ ജീവിതത്തിന്‍റെ പുതിയ ബാല പാഠങ്ങൾ പഠിക്കാൻ ഇളം മനസ്സുകൾക്ക് വളരെക്കുറച്ച് സമയമേ വേണ്ടൂ.
ഇന്നത്തെ പിണക്കങ്ങൾ നാളത്തെ പുഞ്ചിരികളാക്കാനും, പുത്തൻ പ്രഭാതങ്ങൾക്ക് നല്ല സൗഹൃദങ്ങളുടെ പ്രഭ ചൊരിയാനും കുഞ്ഞുമനസ്സുകൾക്ക് എളുപ്പം കഴിയുന്നു.
ജീവൻ തന്നെക്കൂട്ടാൻ വന്നതിൽ രമ്യയ്ക്ക് വളരെയധികം സന്തോഷമുണ്ട്.
ടീച്ചറും കാർത്തിയും സംസാരിച്ചിരിക്കവേ ഞങ്ങൾ ഒന്ന് സൂപ്രണ്ടിനെ കണ്ടേച്ചും വരാം എന്നും പറഞ്ഞ് ജയേഷ്, രാമഭദ്രനേയും കൂട്ടി സൂപ്രണ്ടിന്റെ മുറിയിലേക്ക് നടന്നു.
രമ്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും, തുടർ ചികിത്സയെക്കുറിച്ചും വളരെ വിശദമായി അവർ സംസാരിച്ചു.
യാതൊരുവിധ കുഴപ്പവുമില്ലെന്നും, ഒരഞ്ചാറ് മാസത്തേക്ക് കുട്ടിയെ ചാടാനോ, ഓടാനോ വിടാൻ പാടില്ലെന്നും, ഒരു മാസത്തോളം വടിയുടേയോ, മറ്റൊരാളുടേയോ സഹായമില്ലാതെ നടക്കാൻ പാടില്ലന്നും , അതു കഴിഞ്ഞാൽ മെല്ലെ മെല്ലെ പിടിക്കാതെ നടക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അവർ തിരിച്ചു വരുമ്പോഴേക്കും ആശുപത്രിയിൽ നിന്ന് പോകാനുള്ള എല്ലാ പേപ്പറുകളും നേഴ്സ് കൊണ്ടുവന്നിരുന്നു. ഒക്കെ ഒപ്പിട്ടു കൊടുത്ത് അവർ രമ്യയേയും കൂട്ടി ഇറങ്ങി.
ജീവൻ രമ്യയുടെ കൈയ്യും പിടിച്ച് മുന്നേ നടന്നു.
അച്ഛാ… ഞാൻ രമ്യയുടെ കൂടെ ഈ വണ്ടിയിൽ കയറുന്നുണ്ട്. നിങ്ങൾ പിറകേവന്നോ.
അതും പറഞ്ഞ് ജീവൻ ജയിംസിന്‍റെ കാറിലേക്ക് കയറി. രാമഭദ്രൻ രമ്യയേയും എടുത്ത് കാറിൽ ഇരുത്തി അവർ വീട്ടിലോട്ട് വിട്ടു.
സ്വപ്നങ്ങൾക്ക് പുതു നിറങ്ങൾ ചാർത്തി ദിനരാത്രങ്ങളിൽ കളിചിരിയുടെ പുത്തൻ ആശയങ്ങൾ രചിച്ച് രമ്യയും ജീവനും സന്തോഷിച്ചു.
മകളുടെ പഠിപ്പിന്‍റെ കാര്യം ചിന്തിച്ച് വളരെയധികം വിഷമിച്ചുകൊണ്ടിരുന്ന രാമഭദ്രൻ സ്കൂളിലെ അദ്ധ്യാപകരുമായി സംസാരിച്ചിരുന്നു. നല്ലവണ്ണം പഠിക്കുന്ന കുട്ടിയായതിനാൽ എടുത്തു തീർത്ത പാഠ ഭാഗങ്ങൾ ടീച്ചേഴ്സ് വേണ്ടരീതിയിൽ കുട്ടിക്ക് എത്തിച്ചു കൊടുക്കാമെന്നേറ്റു. അത് വീട്ടിൽ നിന്ന് പഠിപ്പിച്ചു കൊടുത്താൽ പരീക്ഷ എഴുതാമെന്ന് അവർ ഉറപ്പു നല്കി. കുട്ടിയുടെ മൊത്തം പഠനം വിലയിരുത്തി മുന്നോട്ടുള്ള ക്ലാസ് കയറ്റം തീരുമാനിക്കാമെന്നും അവർ സമ്മതിച്ചു.
ശ്രേയട്ടീച്ചറുടെ ഇടപെടൽമൂലം രമ്യയുടെ ടീച്ചേഴ്സ് എല്ലാം അവരവരുടെ പാഠഭാഗങ്ങൾ ചോദ്യങ്ങളും, ഉത്തരങ്ങളും പ്രിന്റെടുത്തും, എഴുതിത്തെയ്യാറാക്കിയും കൊണ്ടുവന്ന് ശ്രേയട്ടിച്ചറെ ഏൽപ്പിച്ചു. അങ്ങിനെ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ടീച്ചർ രമ്യയെ പഠിപ്പിക്കാൻ തുടങ്ങി.
ഇങ്ങിനെ പഠിപ്പിക്കുന്നതിൽ ടീച്ചർക്ക് മറ്റൊരു ഉദ്ദേശവും കൂടെ ഉണ്ടായിരുന്നു. രമ്യ പഠിക്കാൻ വരുന്ന നേരം അതെത്ര സമയമായാലും ജീവനും കൂടെ ഇരുന്ന് പഠിച്ചു കൊള്ളും. അങ്ങിനെ അവന്‍റെ പഠിപ്പിലുള്ള ശ്രദ്ധയും വർദ്ധിപ്പിച്ചെടുക്കാൻ ടീച്ചർ തീരുമാനിച്ചു.
രമ്യയ്ക്ക് വായന വളരെ ഇഷ്ടമായിരുന്നു. വേറെ ഒന്നും ചെയ്യാനില്ലാതിരുന്നതിനാൽ അവൾ മുഴുവൻ പാഠഭാഗങ്ങളും വളരെ വേഗം പഠിച്ചു തീർക്കുന്നുണ്ടായിരുന്നു.
ഏകദേശം ഒരു നാലുമാസം കഴിഞ്ഞപ്പോഴേക്കും അവൾ വളരെ നല്ല രീതിയിൽ സുഖം പ്രാപിച്ചു. സ്ക്കൂളിൽ പോകാൻ തുടങ്ങി.
പരീക്ഷ ഏകദേശംഅടുത്തെത്തി. അവളുടെ ക്ലാസ്ട്ടീച്ചർക്ക് അവളുടെ കാര്യത്തിൽ ഒരു പേടി ഉണ്ടായിരുന്നു. എന്നാൽ രമ്യയുടെ ഭാഗത്ത് യാതൊരു വിധ പരിഭ്രമങ്ങളും കാണാൻ ടീച്ചർക്ക് കഴിഞ്ഞില്ല. പരീക്ഷയോട് അവളുടെ ആ ഒരു വിശ്വാസത്തോടെയുള്ള സമീപനം ടീച്ചർക്ക് വളരെയധികം ഇഷ്ടപ്പെട്ടു.
ജീവനും ഈയ്യിടെയായി പഠിത്തത്തിൽ ഇത്തിരി മുന്നോട്ട് പോയിരിക്കുന്നു. അത് അവന്‍റെ ടീച്ചേഴ്സ് ശ്രേയട്ടീച്ചറോട് പറയുകയും ചെയ്തു.
ശ്രേയട്ടീച്ചറേ… ടീച്ചറുടെ മകൻ ഇപ്പോൾ പഠിത്തത്തിൽ കുറച്ച് കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ടീച്ചർ കാര്യമായൊന്ന് മെനക്കെടുന്നുണ്ട് അല്ലേ..?
എന്തു ചെയ്യും. ഞാനും ഈ സ്ക്കൂളിലെ ഒരു ടീച്ചറായിപ്പോയില്ലേ.
ശ്രേയട്ടീച്ചറുടെ കമന്റും വന്നു.
പരീക്ഷയുടെ തിരയിളക്കം തുടങ്ങി. കുട്ടികളും അദ്ധ്യാപകരും ഒരുപോലെ ഉത്സാഹത്തിലാണ്. കുട്ടികൾ കളിതമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച്, ബഹളം വച്ച് നടന്ന സ്ക്കൂൾ അംഗണം ശബ്ദകോലാഹലങ്ങളും അടിപിടി കളും ഇല്ലാതെ, ആശയ വിനിമയങ്ങളും, പാഠഭാഗങ്ങളുടെ ചർച്ചകളും പരീക്ഷയ്ക്കു മുൻപുള്ള മാനസീക പരവേശം മൂലമുള്ള സൗഹൃദങ്ങളുടെ സാന്ത്വനങ്ങളും മാത്രമായി ഒതുങ്ങി.
പരീക്ഷകൾ എല്ലാം നല്ലരീതിയിൽ പര്യവസാനിച്ചു. സ്ക്കൂൾ അടച്ചു. രമ്യയ്ക്കും. ജീവനും ആഘോഷത്തിന്‍റെ ദിനരാത്രങ്ങൾ പൂത്തുലഞ്ഞു. കാട്ടുചെമ്പകത്തിന്‍റെ പരിമളം നിറഞ്ഞു നിൽക്കുന്ന നല്ല നിലാവുള്ള രാവുകളിൽ സ്വപ്നങ്ങളിൽ ആലോലമാടി മനോവീണക്കമ്പികളിൽ അനുരാഗ ശ്രുതി മീട്ടി കുട്ടികളുടെ മനസ്സ് ചടുലമായ് ഊഞ്ഞാലാടി.
ഒഴിവു ദിവസങ്ങളിലും, കൂടാതെ സമയം കിട്ടുമ്പോഴെല്ലാം DYSP ജയേഷ് കുട്ടികളെ പാർക്കിലും, സിനിമയ്ക്കും കൊണ്ടു പോകും. ദിവസത്തിൽ നല്ലൊരു ഭാഗം സമയവും രമ്യ ജീവന്‍റെ വീട്ടിൽ തന്നെയാണ്.
അങ്ങിനെ അവധി ദിവസങ്ങൾ ആഘോഷമാക്കി കാഴ്ച്ചകളിൽ നിന്ന് കാഴ്ച്ചകളിലേക്ക് കുതിച്ചു കൊണ്ടു് രമ്യയും ജീവനും അവധി ദിനങ്ങൾ ആസ്വദിച്ചു കടന്നു പോയി.
തുടരും …..



