ആസിഫ അഫ്രോസ്, ബാംഗ്ലൂർ.
ബക്രീദ്,റംസാൻ, ഈദ്.. പെരുന്നാൾ ലേഖനങ്ങൾ എഴുതി കൊണ്ട് ‘മലയാളി മനസ്സിൽ’ തന്റെ സാന്നിധ്യം അറിയിച്ച ആസിഫ അഫ്രോസ് ആണ് ഇന്നത്തെ നമ്മുടെ അതിഥി.
ഓൺലൈൻ സമയം അധികവും വായനക്കായി ചെലവഴിച്ചിരുന്ന തന്നെ കവയിത്രിയും നോവലിസ്റ്റും കഥാകാരിയും ഒക്കെയായ ശ്രീമതി നിർമല അമ്പാട്ട് അവരുടെ ഓൺലൈൻ ഗ്രൂപ്പുകൾ ആയ ‘സംസ്കൃതി ഒരു എഴുത്ത് കൂട്ടായ്മ’, ‘ആർഷഭാരതി’ എന്നിവയിൽ പ്രഭാത ചിന്ത എഴുതാൻ ക്ഷണിച്ചിരുന്നു. അവിടെ നബി വചനങ്ങൾ പ്രഭാത ചിന്തയായി ഇട്ടു കൊണ്ടിരിക്കേയാണ് ‘ആർഷഭാരതി’ യിൽ ഞാൻ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ‘ഗാനം മോഹനം’ എന്ന പംക്തിയിലേക്ക് ഒരു എപ്പിസോഡ് ചെയ്യാൻ ആസിഫയോട് ആവശ്യപ്പെടുന്നത്. മുഖ്പുസ്തക സൗഹൃദം മാത്രമേ ഉള്ളുവെങ്കിലും ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ഭംഗിയായി ആസിഫ അത് ചെയ്തു തന്നു. തുടർന്ന് ആ ഗ്രൂപ്പുകളിലേക്ക് അഡ്മിൻ സ്ഥാനത്തേക്ക് ക്ഷണിക്കുകയും അവിടെയുള്ള എഴുത്തുകാരുടെ രചനകൾ വായിച്ച് ലൈക്കും കമന്റും നൽകി അവരെ പ്രോത്സാഹിപ്പിക്കാനുള്ള ജോലി ഏൽപ്പിക്കുകയും ചെയ്തു. ഓരോ ആഴ്ചയും മികച്ച രചനയായി തിരഞ്ഞെടുക്കുന്ന കൃതി മലയാളി മനസ്സ് ഓൺലൈൻ പത്രത്തിൽ പബ്ലിഷ് ചെയ്യുന്ന എഴുത്ത് ഗ്രൂപ്പുകൾ ആയിരുന്നു അത്. അവിടുത്തെ മറ്റൊരു അഡ്മിൻ ആയ ശ്രീമതി ലൗലി ബാബു ആണ് ആസിഫയെ ആദ്യമായി ഈ പത്രവുമായി പരിചയപ്പെടുത്തിയത് എന്ന് നന്ദിപൂർവം ഓർക്കുന്നു. മലയാളി മനസ്സിലേക്ക് എത്തിയതിനെ കുറിച്ച് ആസിഫ വിശദീകരിച്ചു.
പിന്നീട് ഞാൻ മലയാളി മനസ്സിന്റെ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരു സിനിമ പംക്തി ചെയ്യാൻ ഏൽപ്പിച്ച് ആസിഫയേയും കൂടെ കൂട്ടി.
“എൺപതുകളിലെ വസന്തങ്ങൾ” എന്ന പംക്‌തി ചെയ്യാൻ ഏൽപ്പിച്ചപ്പോൾ തുടക്കത്തിൽ താനത് അത്ര ഗൗരവമായി എടുത്തില്ല. പക്ഷേ ഓരോ പ്രാവശ്യവും പബ്ലിഷ് ചെയ്തു വരുമ്പോൾ ഉണ്ടായ ഞെട്ടലും കൗതുകവും ആസിഫ സന്തോഷത്തോടെ എന്നോട് പങ്ക് വച്ചു. പിന്നീട് ചീഫ് എഡിറ്റർ ആയ ശ്രീ രാജു ശങ്കരത്തിൽ സാർ ഒരു വീക്കിലി കോളം അനുവദിക്കുകയും നിർത്താതെ അത് തുടരാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ ഉണ്ടായ ഞെട്ടലും സന്തോഷവും എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു എന്ന് ആസിഫ. നല്ല വായനക്കാർ ആണല്ലോ പിന്നീട് മിക്കവാറും മികച്ച എഴുത്തുകാർ ആകാറുള്ളത്.
“അങ്ങനെ ശ്രീമതി മേരി ജോസി മലയിലിന്റെ പ്രോത്സാഹനവും ശ്രീ രാജു ശങ്കരത്തിൽ സാറിന്റെ ചേർത്തു നിർത്തലും കൂടിയായപ്പോൾ ഞാൻ പോലും അറിയാതെ മലയാളിമനസ്സ് കുടുംബത്തിന്റെ ഒരംഗമായി മാറി. സിനിമാ അഭിനേത്രികളുടെ ബയോഗ്രഫി എഴുതുക എന്നത് തന്റെ ഒരു ചുമതലയായി കരുതി കൂടുതൽ ഗൗരവത്തോടെ മുൻപോട്ട് പോകാൻ തന്നെ തീരുമാനിച്ചു. ”എഴുത്തുകാരിയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു നിന്നു.
പത്രത്തിന്‍റെ ഉയർച്ചയിലും തളർച്ചയിലും കൂടെ ചേർന്ന് നിൽക്കാൻ രാജു ശങ്കരത്തിൽ സാറിന്റെ എളിമയും വിനയവും നിറഞ്ഞ പെരുമാറ്റവും എല്ലാവരെയും ഒരുപോലെ കരുതി കൂടെ നിർത്തുവാനുള്ള മനസ്സും ആണ് പ്രചോദനം നൽകുന്നത്. എന്നും മലയാളി മനസ്സ് കുടുംബത്തിലെ ഒരു അംഗമായി തുടരാൻ തനിക്ക് ഏറെ ആഗ്രഹമുണ്ട് എന്ന് ആസിഫ പറഞ്ഞപ്പോൾ ആ സന്തോഷത്തിൽ മലയാളിമനസ്സും പങ്കു ചേരുന്നു.
പെയിന്റിങ്ങിൽ ആയിരുന്നു ആസിഫക്ക് ഏറെ താല്പര്യം. റിസോർട്ട്സിനും ഹോട്ടൽസിനും റസ്റ്റോറൻസിനും വേണ്ടി സിറാമിക് ആർട്ട് & അക്രിലിക്ക് പെയിന്റിങ്ങുകൾ ഉണ്ടാക്കി കൊടുത്തിരുന്നു.
അക്കൂട്ടത്തിൽ കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലെ വി ഐ പി ലോഞ്ചില്‍ തന്റെ പെയിന്റിങ്ങുകൾ സ്ഥാനം പിടിച്ചത് തനിക്ക് ഏറെ അഭിമാനം നൽകുന്ന കാര്യമാണെന്ന് ആസിഫ പറഞ്ഞു. അതേ അഭിമാനം തന്നെയാണ് തനിക്ക് മലയാളി മനസ്സിനോടും അതിലെ എഴുത്തുകാരോടും ഒപ്പം നിൽക്കുമ്പോൾ തോന്നുന്നതെന്ന സന്തോഷവും പങ്കു വച്ചു. പാചകത്തിലും ഏറെ താല്പര്യമുള്ള ആസിഫ ഒരു കുക്കറി ബുക്കിന്റെ പണിപ്പുരയിൽ ആണിപ്പോൾ…
ഭർത്താവ് അഫ്റോസ് – ബിസിനസ്സ് . മകൻ അബ്രാർ – സർവീസ് മാനേജർ in വൊഡാഫോൺ IT company. ( Ireland)മകൾ ആസ്മി – വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി. ഇതാണ് എഴുത്തുകാരിയുടെ കുടുംബം.
വ്യക്തിപരമായി കൂടി എനിക്ക് ഈ എഴുത്തുകാരി എത്രയും വേണ്ടപെട്ടതും അക്ഷരങ്ങൾകൊണ്ട് കോറിയിടാൻ പറ്റാത്തയത്ര ഉയരത്തിൽ നിൽക്കുന്നതുമായ സൗഹൃദമത്രേ! കാരണം എൻറെ പല കഥകളും ഞാൻ എഴുതി ചുരുട്ടിക്കൂട്ടി ചവറ്റു കുട്ടയിലേക്ക് എറിയും. അവിടെനിന്ന് അതിനെ ഉയർത്തെഴുന്നേൽപ്പിച്ച് അച്ചടിമഷി പുരണ്ടതിനു തന്നെ കാരണക്കാരി ഈ മുഖപുസ്തക സുഹൃത്താണ്. സ്വയം ഒരു എഴുത്തുകാരി എന്ന് അറിയപ്പെടുന്നതിലും ആസിഫ ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ ഉയർച്ചയാണ്. നിശബ്ദ സേവനം നടത്തി ഞാനൊന്നും ചെയ്തില്ലേ എന്ന മട്ടിൽ മാറിനിൽക്കുക. കുഴിയിലേക്ക് ഉന്തിയിട്ട് കൂടെയുണ്ടെന്ന് പറയുന്ന അനേകരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ കുഴിയുണ്ട് അവിടെ വീഴരുത് എന്ന് പറഞ്ഞ് നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്നവർ ചുരുക്കം.
മലയാളിമനസ്സിന്റെ പ്രസാദ്ത്മകമായ നിറസാന്നിധ്യമായി ഈ ബഹുമുഖപ്രതിഭ എന്നും നിറഞ്ഞു നിൽക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്..