മലയാളി മനസ്സിൻറെ ‘സ്ഥിരം എഴുത്തുകാർ ‘ എന്ന പംക്തി യിലേക്ക് എല്ലാവർക്കും സ്വാഗതം. 🙏🙏
പ്രൊഫ. എ.വി. ഇട്ടി, മാവേലിക്കര.
ബിഷപ്പ് മൂർ കോളേജിൽ നിന്നും വിരമിച്ച ഇംഗ്ലീഷ് അദ്ധ്യാപകനും, എഴുത്തുകാരനും, ഒരു സന്നദ്ധ സാമൂഹ്യ പ്രവർത്തകനും, സുവിശേഷ പ്രഭാഷകനും, ഗ്രന്ഥകാരനും, മലയാളി മനസ്സ് എഡിറ്റോറിയൽ ബോർഡ് അംഗവും ആയ പ്രൊഫ. എ. വി. ഇട്ടി ആണ് ഇന്നത്തെ നമ്മുടെ അതിഥി.
ഫേസ്ബുക്കിൽ അദ്ദേഹം ഓരോ ദിവസവും എഴുതുന്ന ‘ചിന്താശകലങ്ങൾ’ എന്ന പംക്തി ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒന്നാണ്.
’ആർഷഭാരതി ‘ & ‘സംസ്‌കൃതി ഫേസ്ബുക് എഴുത്തുകൂട്ടായ്മയുടെ ചീഫ് അഡ്മിൻ ശ്രീമതി നിർമല അമ്പാട്ടിന്റെ ആവശ്യപ്രകാരം ‘ചിന്താശകലങ്ങൾ’ ദിവസവും അവിടെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.
ദിവസവും ചിന്താശകലങ്ങൾ ക്രമമായി മലയാളി മനസ്സിൽ പ്രസിദ്ധീകരിച്ചു കാണുന്നതും അനേകർ അത് വായിക്കുന്നു എന്ന് അറിയുന്നതും തനിക്ക് വളരെയധികം ചാരിതാർത്ഥ്യം നൽകുന്ന ഒരു അനുഭവമാണ് എന്ന് ഇട്ടി സാർ പങ്കു വയ്ക്കുകയുണ്ടായി.
ശ്രീ കുരുവിള വർഗീസും അന്നമ്മ വർഗീസും ആണ് ഇട്ടി സാറിൻറെ മാതാപിതാക്കൾ.
മാർത്തോമ സഭാ കൗൺസിൽ അംഗം,മാർത്തോമ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡൻറ്,
മാർത്തോമാ സഭ ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് വൈസ് പ്രസിഡൻറ്, വൈദിക തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം, കേരള കൗൺസിൽ ഓഫ് ചർച്ചസ് ട്രഷറർ, കേരള എസ്.സി.എം. ചെയർപേഴ്സൺ, കൊമ്പാടി എ. എം.എം. ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ,……
ആദിയായ നിലകളിലെല്ലാം ഇട്ടി സാർ പ്രവർത്തിച്ചിട്ടുണ്ട്. 2006 ൽ ബ്രസീലിൽ വെച്ച് നടന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ അസംബ്ലിയിൽ മാർത്തോമാ സഭയുടെ ഔദ്യോഗിക പ്രതിനിധികളിൽ ഒരാളായി ഇട്ടി സാർ പങ്കെടുക്കുകയുണ്ടായി.
സന്നദ്ധ സുവിശേഷകനായ ഇദ്ദേഹം ഇപ്പോൾ അഡോർ എന്ന സുവിശേഷ പ്രവർത്തക സംഘത്തിൻ്റെ പ്രസിഡൻറ് സ്ഥാനവും വഹിക്കുന്നു.
‘കുരിശിലേക്കു നയിക്കുന്ന ആത്മീയത’, ജഡധാരണത്തിന്റെ പൊരുൾതേടി’,’നീതി വറ്റാത്ത തോടു പോലെ’, ‘വിശ്വാസത്തിൻറെ വെളിപാടുകൾ’, ‘ജീവിതവും സാക്ഷ്യവും ഒരു നവദർശനം, ‘കാലിനു ദീപം പാതയ്ക്ക് പ്രകാശം ‘, ‘ചിന്താശകലങ്ങൾ’… ….. അങ്ങനെ പന്ത്രണ്ടോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ സൂസിയും മക്കൾ ലിറ്റിയും ലിറ്റോയും അടങ്ങുന്നതാണ് ഇട്ടി സാറിൻറെ കുടുംബം.
മൂല്യസംവേദന സഹായികളായ ചിന്താശകലങ്ങൾ പോലെയുള്ള പംക്തികളും, ‘കാലിനു ദീപം പാതയ്ക്ക് പ്രകാശം’ പോലുള്ള സുവിശേഷപരമായ പംക്തികളും കൈകാര്യം ചെയ്യുന്നതിലാണ് തനിക്ക് കൂടുതൽ താൽപര്യം എന്ന് സാർ പറയുകയുണ്ടായി.
എഡിറ്റോറിയൽ ബോർഡ് അംഗം ആയ ഇട്ടി സാറിന് എന്നും കരുത്തോടെ നമ്മളെ നയിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ
നന്ദി! നമസ്കാരം!
🙏