Saturday, December 13, 2025
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയൊമ്പതാം ഭാഗം) " ഒ. എൻ. വി. കുറുപ്പ്" ✍...

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയൊമ്പതാം ഭാഗം) ” ഒ. എൻ. വി. കുറുപ്പ്” ✍ അവതരണം: പ്രഭ ദിനേഷ്

മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ മുപ്പത്തിയൊമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

മലയാളത്തിലെ പ്രശസ്തകവിയും, സംഗീത രചയിതാവും, അദ്ധ്യാപകനുമായ ശ്രീ. ഒ. എൻ.വി. കുറുപ്പ് ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!

ഒ.എൻ.വി. കുറുപ്പ് (3️⃣9️⃣) (27/05/1931 – 13/02/2016)

ഇടപ്പള്ളിക്കവികളിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ട് കവിതാരംഗത്തേയ്ക്കു വന്ന കവിയാണ് ഒ.എൻ.വി. കുറുപ്പ്.
വയലാർ രാമവർമ്മയെപ്പോലെ സാമാന്യ ജനങ്ങൾക്ക് താൽപര്യമുള്ള രീതിയിലാണ് അദ്ദേഹം കവിതാ രചന നടത്തിയത്. കൊല്ലം ജില്ലയിൽപ്പെട്ട ചവറയിൽ ഒ.എൻ. കൃഷ്ണക്കുറുപ്പിൻ്റെയും, ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 മെയ് 27 ന് ഭൂജാതനായ ഒ.എൻ.വി.യുടെ പൂർണ്ണമായ പേര് ഒറ്റപ്പിലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്നാണ്.

കൊല്ലത്തും ചവറയിലുമായിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ ബിരുദ, ബിരുദാനന്തര പഠനങ്ങൾക്കു ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, വിമൻസ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവടങ്ങളിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

“ഏകാന്തതയുടെ അമാവാസിയിൽ എനിക്കു വന്ന ഒരു തുള്ളി വെളിച്ചമാണ് കവിത” എന്നു പറഞ്ഞ ഒ.എൻ.വി. പതിനഞ്ചാംത്തെ വയസ്സിൽ ആദ്യകവിതയായ “മുന്നോട്ട്” ഒരു വാരികയിൽ പ്രസിദ്ധീകരിച്ചു. ‘പൊരുതുന്ന സൗന്ദര്യം ‘ ആദ്യമായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരം.

കേരളീയരുടെ മനസ്സറിയാവുന്ന ഒ.എൻ.വി. മലയാളികളുടെ ജീവിതത്തെയും സംസ്കാരത്തെയും തൻ്റെ കവിതയ്ക്ക് വിഷയമാക്കി. സമൂഹത്തിലെ അനീതികൾക്കും സാമൂഹിക തിന്മകൾക്കും എതിരെ അദ്ദേഹം തൻ്റെ തൂലിക ചലിപ്പിച്ചു.

നാടൻപ്പാട്ടിൻ്റെ ശീലുകളിൽ ലളിതമായ പദങ്ങൾ ഉപയോഗിച്ചുള്ള അദ്ദേഹത്തിൻ്റെ കവിതാരീതി മലയാളികൾ സർവ്വാത്മനാ സ്വീകരിച്ചു.

അഗ്നിശലഭങ്ങൾ, ഉപ്പ്, അക്ഷരം, ഭൂമിയ്ക്ക് ഒരു ചരമഗീതം,കറുത്ത പക്ഷിയുടെ പാട്ട്, ഉജ്ജയിനി, അപരാഹ്നം, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകൾ, മയിൽപ്പീലി,മൃഗയ, ഭൈരവൻ്റെ തുടി, ശാർങ്ങ്ഗകപ്പക്ഷികൾ തുടങ്ങിയവയാണ് ഒ.എൻ.വി.യുടെ കൃതികൾ.

കവിതയിലെ സമാന്തരരേഖകൾ, എഴുത്തച്ഛൻ ഒരു പഠനം, പാഥേയം തുടങ്ങിയവ അദ്ദേഹത്തിൻ്റെ ഗദ്യകൃതികളാണ്.

നാടൻപാട്ടിൻ്റെ പാരമ്പര്യത്തിൽ അദ്ദേഹം രചിച്ച കവിതകൾ ഭാവനാസമ്പന്നവും ലളിതസ്വഭാവവുമുള്ളവയുമായിരുന്നു. അതുപോലെ തന്നെ സമൂഹത്തിൽ താഴെക്കിടയിലുള്ളവർ ഉപയോഗിച്ചിരുന്ന പാട്ടുകളുടെ താളം ഒ.എൻ.വി. കവിതകളിൽ കാണാം. സംസ്കൃതകാവ്യനിയമങ്ങൾക്കും വൃത്ത വ്യവസ്ഥകൾക്കും അവയിൽ വലിയ സ്ഥാനം ഉണ്ടായിരിക്കുകയില്ല. എങ്കിലും സാധാരണ ജനങ്ങൾക്ക് അവ അതീവഹൃദ്യമായി അനുഭവപ്പെടുന്നതുമാണ്!

വേദനിക്കലും വേദനിപ്പിക്കലും വേണമീ സ്നേഹ ബന്ധങ്ങളൂഴിയിൽ….
ഇതാണ് ഒ.എൻ.വി. കവിതകളുടെ സന്ദേശം.

ഒരു വട്ടം കൂടിയാപ്പഴയ വിദ്യാലയ –
ത്തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാനെല്ലി-
മരമൊന്നുലുത്തുവാൻ മോഹം….

ഒരു സിനിമാഗാനം കൂടിയായ ഈ കവിത ഒ.എൻ.വി.യുടെ ഏറ്റവും ജനപ്രിയമേറിയ കവിതകളിലൊന്നാണ്! അനുവാചകൻ്റെ മനസ്സിൽ ഗൃഹാതുരത്വം ഉയർത്തുന്ന ഈ വരികൾ കൊച്ചുകുട്ടികൾക്കു പോലും പരിചിതമാണ്.

പ്രകൃതി സ്നേഹിയായ കവിക്ക് മനുഷ്യൻ പ്രകൃതിയോടു കാണിക്കുന്ന ക്രൂരതകൾ സഹിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഭൂമിയുടെ മക്കളായ മനുഷ്യൻ സ്വന്തം അമ്മയുടെ ഘാതകരായി മാറുകയാണ്. ആസന്നമായ സർവ്വനാശത്തെക്കുറിച്ചുള്ള ഭീതിയാണ് ‘ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിതയിൽ അവതരിപ്പിക്കുന്നത്. ഒ.എൻ.വി.യുടെ ഏറ്റവും പ്രസിദ്ധവും ശ്രേഷ്ഠവുമായ കവിതകളിൽ ഒന്നാണിത്!

ഇനിയും മരിക്കാത്ത ഭൂമി ഇതു നിൻ്റെ(എൻ്റെയും) ചരമശുശ്രൂഷയ്ക്ക്,
ഹൃദയത്തിലിന്നേ കുറിച്ച ഗീതം…

ഭൂമി മരിച്ചു കഴിഞ്ഞാൽ പിന്നെ ആരും ഒന്നും ഇല്ലല്ലോ? അതുകൊണ്ടാണ് ആസന്നമരണമായ ഭൂമിക്ക് നേരത്തെ തന്നെ ചരമഗീതം കുറിക്കുന്നത്.

കവിതകളെപ്പോലെ തന്നെ ഹൃദയാവർജ്ജകങ്ങളായ ധാരാളം നാടക ചലച്ചിത്രഗാനങ്ങളും ഒ.എൻ.വി. രചിച്ചിട്ടുണ്ട്! ഇവയും കേരളീയ ജീവിത സ്പർശികളാണ്.

കവിതകളെപ്പോലെ തന്നെ ഹൃദയാവർജ്ജകങ്ങളായ ധാരാളം നാടക ചലച്ചിത്രഗാനങ്ങളും ഒ.എൻ.വി രചിച്ചിട്ടുണ്ട്. ഇവയും കേരളീയ ജീവിത സ്പർശികളാണ്.

‘പൊന്നരിവാളമ്പ ളിയില് കണ്ണെറിയുന്നോളേ…
ആ മരത്തിൻ പൂന്തണലിൽ ചാരി നിലക്കുന്നോളേ…

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്, കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്.

മധുരിക്കുന്നോർമ്മകളെ മലർമഞ്ചൽ കൊണ്ടുവരു…

തുടങ്ങിയ ഗാനങ്ങൾ മലയാളികളുടെ ചുണ്ടിൽ എന്നും തങ്ങി നില്ക്കുന്നവയാണ്!

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് പല പ്രാവശ്യം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
കൂടാതെ മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാർഡും കിട്ടിയിട്ടുണ്ട്! ധാരാളം അവാർഡ്കൾക്കൊപ്പം ഏറ്റവും വലിയ സാഹിത്യ സമ്മാനമായ ജ്ഞാനപീഠം പുരസ്ക്കാരവും ഒ.എൻ. വി. നേടി!

പത്മശ്രീ,പത്മഭൂഷൺ ബഹുമതികൾ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

വയലാർ അവാർഡ് സ്വീകരിച്ചു കൊണ്ട് ഒ.എൻ. വി. പാടി:-

വേർപിരിയുവാൻ മാത്രമൊന്നിച്ചു കൂടി നാം
വേദനകൾ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നു.
കവിതയുടെ ലഹരി നുകരുന്നൂ
കൊച്ചുസുഖദുഃഖ മഞ്ചാടികൾ ചേർത്തു വച്ചു പല്ലാങ്കുഴി കളിക്കുന്നു,
വിരിയുന്നൂ കൊഴിയുന്നൂ യാമങ്ങൾ-
നമ്മളും
പിരിയുന്നു യാത്ര തുടരുന്നൂ.

മലയാളികളുടെ പ്രിയപ്പെട്ട കവി 2016 ഫെബ്രുവരി പതിമൂന്നാം തീയതി അന്തരിച്ചു🙏

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕

അവതരണം: പ്രഭ ദിനേഷ്✍

RELATED ARTICLES

3 COMMENTS

  1. മികച്ച അവതരണം. ആശംസകൾ. പ്രഭ.
    വീണ്ടും കണ്ടുമുട്ടാം

  2. വായനയ്ക്കും ഹൃദ്യമായ അഭിപ്രായത്തിനും ഒത്തിരി സന്തോഷം… സ്നേഹം…നന്ദി പാർവ്വതി മാഡം🙏❤️🥰😘

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com