Logo Below Image
Wednesday, March 26, 2025
Logo Below Image
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. സമാധാനശ്രമങ്ങൾ തുടരുന്നതിനിടെ, റഷ്യയും യുക്രെയ്ൻ പരസ്പരാക്രമണം തുടരുന്നു. വെള്ളിയാഴ്ച (14/03/25) രാത്രി റഷ്യയുടെ നൂറിലേറെ ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യം പറഞ്ഞു. റഷ്യൻ പ്രവിശ്യയായ കർസ്കിൽനിന്ന് സൈന്യം പിന്മാറിയിട്ടില്ലെന്ന് അവകാശപ്പെട്ട യുക്രെയ്ൻ, അതിർത്തിയിൽ റഷ്യ കൂടുതൽ സേനയെ വിന്യസിക്കുകയാണെന്നും ആരോപിച്ചു. കർസ്കിൽ ആയിരക്കണക്കിനു യുക്രെയ്ൻ സൈനികരെ റഷ്യൻ സേന വളഞ്ഞുവച്ചിരിക്കുകയാണെന്നു കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ശരിയല്ലെന്നും പോരാട്ടം തുടരുകയാണെന്നും സെലെൻസ്കി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒഡേസയിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ 178 ഡ്രോൺ ആക്രമണങ്ങൾ. ഇതിൽ 130 ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. റഷ്യൻ അതിർത്തി പ്രവിശ്യയിലേക്ക് യുക്രെയ്നും തിരിച്ചു ഡ്രോൺ ആക്രമണം നടത്തി.

യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ തത്വത്തിൽ അംഗീകരിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞെങ്കിലും തുടർചർച്ചകൾ ഒന്നുമായിട്ടില്ല.

2. ലിംഗസമത്വത്തിനും വംശീയ വൈവിധ്യത്തിനും മുൻഗണന നൽകുന്ന മുൻ ഭരണനയം റദ്ദാക്കിയ ട്രംപിന്റെ നടപടിക്കുണ്ടായിരുന്ന കോടതി വിലക്ക് നീക്കി. യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന് ബോൾട്ടിമോറിലെ ഡിസ്ട്രിക്ട് ജഡ്‍ജി ആഡം ഏബൽസൺ ഏർപ്പെടുത്തിയ രാജ്യവ്യാപക വിലക്ക് അപ്പീൽ കോടതിയാണ് വെള്ളിയാഴ്ച (14/03/25) നീക്കിയത്. ട്രംപിന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന ആശങ്ക ഉയർത്തിയേക്കാമെങ്കിലും മുൻ കോടതി ഉത്തരവിലെ വിലക്ക് അൽപം ക‌ടന്നുപോയി എന്നാണ് അപ്പീൽ കോടതിയിലെ 2 ജ‍ഡ്ജിമാർ അഭിപ്രായപ്പെട്ടത്.

3. വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) പ്രാദേശിക ലേഖകൻ അടക്കം 9 പലസ്തീൻകാർ കൊല്ലപ്പെട്ടു. മഹ്മൂദ് ഇസ്‌ലാമാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ. റമസാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്ന സംഘം സഞ്ചരിച്ച 2 വാഹനങ്ങൾക്കുനേരെ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയെന്നാണു റിപ്പോർട്ട്. അതേസമയം, ഹമാസിനെ സമ്മർദത്തിലാക്കാനായി ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം തടഞ്ഞുള്ള ഇസ്രയേൽ ഉപരോധം മൂന്നാം ആഴ്ചയിലേക്കു കടന്നു. പമ്പുകൾ പ്രവർത്തിപ്പിക്കാനാവാതെ വന്നതോടെ ഗാസയിൽ ശുദ്ധജല ക്ഷാമം രൂക്ഷമായി. 2 വയസ്സിൽ താഴെയുള്ള കുട്ടികളിൽ മൂന്നിലൊരാൾ കടുത്ത പോഷകാഹാരപ്രശ്നം നേരിടുന്നതായി യുനിസെഫ് വെളിപ്പെടുത്തി. അതിനിടെ, വെടിനിർത്തൽ ഏപ്രിലിലേക്കു നീട്ടാനുള്ള പദ്ധതി യുഎസ് മുന്നോട്ടുവച്ചു. രണ്ടാംഘട്ട ചർച്ചയ്ക്ക് ആവശ്യത്തിനു സമയം ലഭിക്കാനാണിത്. അമേരിക്കൻ ബന്ദിയെ വിട്ടയയ്ക്കുന്ന ദിവസം തന്നെ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച ആരംഭിക്കണമെന്നാണു ഹമാസ് നിലപാട്. ഇസ്രയേൽ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

അതേസമയം ഗാസയിൽ ഇസ്രായേൽ കൂട്ടകുരുതി തുടരുന്നു. ചൊവ്വാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിൽ 300ലേറെ പേർ കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഗാസയിൽ സംഭവിച്ച ഏറ്റവും വലിയ ആക്രമണമാണ് ഇത്. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ജനുവരിയിൽ യുഎസിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നു. മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു കരാർ. ഇതിനു പിന്നാലെയാണ് മേഖലയെ അശാന്തമാക്കി ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം നടന്നത്.

4. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ നേതാവ് അബു ഖത്തൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച (15/03/25) രാത്രിയായിരുന്നു സംഭവം. ഭീകര സംഘടനയുടെ മുഖ്യ പ്രവർത്തകനായിരുന്ന അബു ഖത്തൽ, ജമ്മു കശ്മീരിൽ ഒട്ടേറെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനു പിന്നിലെ മുഖ്യ സൂത്രധാരനാണ്. ഹാഫിസ് സയിദാണ് ലഷ്കറെ തയിബയുടെ ചീഫ് ഓപ്പറേഷനൽ കമാൻഡറായി ഖത്തലിനെ നിയമിച്ചത്. സിയാ-ഉർ-റഹ്മാൻ എന്നാണ് അബു ഖത്തലിന്റെ യഥാർഥ പേര്. ശനിയാഴ്ച വൈകിട്ട് സുരക്ഷാ ജീവനക്കാർക്കൊപ്പം ഝലം പ്രദേശത്ത് യാത്ര ചെയ്യുമ്പോഴായായിരുന്നു അജ്ഞാതരുടെ ആക്രമണം. അക്രമികൾ 15 മുതൽ 20 വരെ റൗണ്ട് വെടിയുതിർത്തു. അബു ഖത്തലും ഒരു സുരക്ഷാ ജീവനക്കാരനും സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. മറ്റൊരു സുരക്ഷാ ജീവനക്കാരനു ഗുരുതരമായി പരുക്കേറ്റു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ കനത്ത സംരക്ഷണത്തിലായിരുന്ന അബു ഖത്തൽ, ലഷ്‌കറെ തയിബ ഭീകരരെയും സാധാരണ വേഷത്തിലുള്ള പാക്ക് സൈനികരെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഝലം പ്രദേശത്തെ ദിന പഞ്ചാബ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സീനത്ത് ഹോട്ടലിനു സമീപമാണ് ആക്രമണം നടന്നത്. അബു ഖത്തലിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു അബു ഖത്തൽ. 2023ലെ രജൗറി ആക്രമണത്തിൽ അബു ഖത്തലിനു പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു. എൻ‌ഐ‌എ അന്വേഷണ പ്രകാരം ജമ്മു കശ്മീരിലെ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള സാധാരണക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പാക്കിസ്ഥാനിൽനിന്നുള്ള ലഷ്കറെ തയിബ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും അയയ്ക്കുന്നതിനും അബു ഖത്തൽ പ്രവർത്തിച്ചിരുന്നു. 2023 ഏപ്രിൽ 20ന് നടന്ന ദുരിയ ഭീകരാക്രമണത്തിലും ഖത്തലിന് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും മൃതദേഹങ്ങൾ വികൃതമാക്കപ്പെടുകയും ചെയ്തു. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ അബു ഖത്തലിന്റെ പങ്കിനെക്കുറിച്ച് സൈന്യം ഉൾപ്പെടെ ഒട്ടേറെ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയായിരുന്നു.

5. മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച വൻ ചുഴലിക്കാറ്റിൽ 27 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കഴിഞ്ഞ വർഷം ഏപ്രിലിനുശേഷം രാജ്യവ്യാപകമായി യുഎസിൽ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതു കഴിഞ്ഞ ദിവസമാണ്. മിസോറിയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനങ്ങളിലൊന്ന്. വെയ്ൻ കൗണ്ടിയിൽ 6 പേരുൾപ്പെടെ 12 മരണം റിപ്പോർട്ട് ചെയ്തു. പൊടിക്കാറ്റ് മൂലം 50 വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച കാൻസസിൽ 8 പേർ മരിച്ചു. ടെക്സസിൽ, ശക്തമായ പൊടിക്കാറ്റുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളിൽ 4 പേർ മരിച്ചു. അർകെൻസയിലും 3 മരണമുണ്ടായി, 29 പേർക്ക് പരുക്കേറ്റു. ‌ചുഴലിക്കാറ്റിനെ തുടർന്നു 2 ലക്ഷത്തിലേറെ വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വൈദ്യുതി ഇല്ലാതായി. മിസിസ്സിപ്പിയിലും ടെനിസിയിലും കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. വീട്, സ്കൂൾ, ജോലിസ്ഥലം, മാൾ, തിയറ്റർ, വാഹനം എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിൽ ചുഴലിക്കാറ്റിനെ നേരിടേണ്ടത് എങ്ങനെയെന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ അധികൃതർ പുറത്തിറക്കി.

6. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റു. യെമന്റെ തലസ്ഥാനമായ സനായെയും സൗദി അറേബ്യയുടെ അതിർത്തിക്കടുത്തുള്ള വിമതരുടെ ശക്തികേന്ദ്രമായ സാദ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളെയും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. യുഎസ് വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികൾ അറിയിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ് ട്രൂമാൻ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ ആക്രമിച്ചതായും ഹൂതികൾ അവകാശപ്പെട്ടു. ഞായറാഴ്ച (16.03.25) യുഎസ് പോർവിമാനങ്ങൾ 11 ഹൂതി ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയെന്നും ഇവയൊന്നും കപ്പലിന്റെ അടുത്തെത്തിയില്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. യെമനിലെ എല്ലാ സൈനിക നീക്കങ്ങളും നിർത്തണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മരിച്ചവരിൽ ചില പ്രധാന ഹൂതി വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും യുഎസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. യെമനിൽ ആക്രമണം തുടരുന്നിടത്തോളം കാലം ചെങ്കടലിൽ യുഎസ് കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.

ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് സേനയുടെ ശക്തമായ നടപടി. വാണിജ്യ കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്ന ഹൂതികളെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ചെങ്കടലിലെ കപ്പലാക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണു കാത്തിരിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹൂതികൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോ‌ടും ആവശ്യപ്പെട്ടു. ട്രംപ് രണ്ടാം തവണ പ്രസിഡന്റ് ആയ ശേഷം മധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. 2023 നവംബർ മുതൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും മിസൈലുകൾ, ഡ്രോണുകൾ, ചെറു ബോട്ടുകൾ എന്നിവ ഉപയോഗിച്ച് ഡസൻ കണക്കിന് വാണിജ്യ കപ്പലുകളെ ഹൂതികൾ ആക്രമിച്ചിട്ടുണ്ട്.

ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകൾ ഉൾപ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ വിശദീകരണം. ഹൂതികളെ മുൻനിർത്തി യുഎസിനെ ഭീഷണിപ്പെടുത്തിയാൽ തുടർന്നുള്ള ഭവിഷ്യത്തുകൾക്ക് ഇറാൻ മാത്രമായിരിക്കും ഉത്തരവാദിയെന്നു ട്രംപ് വ്യക്തമാക്കി. ഇറാനുമായി ആണവ കരാറിനെക്കുറിച്ചു ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണു മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.

7. ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധങ്ങളും യുഎസ്– ചൈന സംഘർഷങ്ങളും ഉൾപ്പെടെ ആഗോളതലത്തിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്ര സംഘടനയും മറ്റ് രാജ്യാന്തര സംഘടനകളും അപ്രസക്തമാകുകയാണെന്ന് മോദി പറഞ്ഞു. നിർമിത ബുദ്ധി (എഐ ) ഗവേഷകൻ കൂടിയായ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.

‘‘രാജ്യാന്തര സംഘടനകൾ‌ ഏതാണ്ട് അപ്രസക്തമായിരിക്കുന്നു. അവയിൽ പരിഷ്കരണങ്ങളുണ്ടാകുന്നില്ല. യുഎന്നിനെ പോലുള്ള സംഘടനകൾക്ക് അവരുടെ ജോലി ചെയ്യാൻ കഴിയുന്നില്ല. നിയമങ്ങളെ അവഗണിക്കുന്ന മനുഷ്യർ എന്തും ചെയ്യുന്നു. അവരെ തടയാൻ ആർക്കുമാവുന്നില്ല. ‌കോവിഡ്-19 എല്ലാവരുടെയും പരിമിതികൾ തുറന്നുകാണിച്ചു. നമ്മൾ എത്ര വലിയ രാഷ്ട്രമാണെന്ന്, പുരോഗമനപരമാണെന്ന്, ശാസ്ത്രീയമായി മുന്നേറിയെന്നു കരുതിയാലും, കോവിഡ് കാലത്ത് നാമെല്ലാവരും യാഥാർഥ്യങ്ങളിലേക്കു തിരിച്ചുവന്നു. ലോകം അതിൽനിന്ന് എന്തെങ്കിലും പഠിക്കുമെന്നും ഒരു പുതിയ ലോകക്രമത്തിലേക്ക് നീങ്ങുമെന്നും കരുതി. എന്നാൽ, സമാധാനത്തിലേക്ക് നീങ്ങുന്നതിനുപകരം ലോകം ശിഥിലമാവുകയാണുണ്ടായത്. അനിശ്ചിതത്വം ഉണ്ടാവുകയും യുദ്ധം സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്തു.

ലോകം പരസ്പരം ആശ്രയിച്ചാണ് നിൽക്കുന്നത്. എല്ലാവർക്കും എല്ലാവരെയും ആവശ്യമുണ്ട്. ആർക്കും ഒന്നും ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. ഞാൻ പോയ എല്ലാ വേദികളിലും സംഘർഷത്തെക്കുറിച്ച് ആശങ്കാകുലരായ ആളുകളെയാണ് കണ്ടത്. സംഘർഷങ്ങളിൽനിന്ന് ഉടൻ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’ – മോദി പറഞ്ഞു

8. കാത്തിരിപ്പിന് വിരാമം. സുനിത വില്യംസും കൂട്ടരും ഭൂമിയിൽ തിരിച്ചെത്തി. ഒൻപത് മാസം‌…കൃത്യമായി പറഞ്ഞാൽ നീണ്ട 287 ദിവസം നീണ്ട കാത്തിരിപ്പ്. ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ഡ്രാഗൺ പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ മെക്സിക്കൻ ഉൾക്കടലിൽ വീണത്. നേവി സീലിന്റെ മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവുമുൾപ്പെടെ കടലിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ഇവരെ വഹിച്ചുള്ള സ്പേസ്എക്സ് ഡ്രാഗൺ ക്രൂ9 മൊഡ്യൂൾ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു വേർപെട്ട് ഭൂമിയിലേക്കു പുറപ്പെട്ടത്. ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപ്, ഏകദേശം 15,000 കി.മീ. ഉയരത്തിൽ വച്ച് പേടകത്തിൽനിന്ന് സോളർ പാനൽ അടക്കമുള്ള ട്രങ്ക് ഭാഗം വിട്ടുമാറി. ട്രങ്ക് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമർന്നു. പേടകം അതിവേഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് 15 മിനിറ്റ് ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് വേഗം കുറച്ചു. പിന്നെ പതിയെ, നിയന്ത്രിതമായ നിലയിൽ അന്തരീക്ഷത്തിലേക്ക് കടന്നു. ഇന്ത്യൻ സമയം പുലർച്ചെ രാവിലെ 2.54ഓടെ ഡീഓർബിറ്റ് ബേൺ വിജയകരമായി പൂർത്തിയാക്കി. 2.57ഓടെ നോസ് കോൺ അടയ്ക്കൽ പൂർത്തിയായി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഘർഷണം കാരണം പേടകത്തിനു മേലുണ്ടാവുക 3500 ഡിഗ്രി ഫാരൻഹീറ്റ് ചൂട്. ഇതിനെ പ്രതിരോധിക്കാനുള്ള ഹീറ്റ് ഷീൽഡും തയാറാക്കി. പുലർച്ചെ 3.11ന് ഫ്രീഡം ഡ്രാഗൺ ക്യാപ്സൂളിൽനിന്ന് ഭൂമിയിലേക്ക് സന്ദേശമെത്തി. ഭൂമിയിലേക്ക് പ്രവേശിക്കുന്നതിനിടെ ഘർഷണം കാരണം കൊടുംചൂടിലേക്ക് കടക്കുന്ന പേടകത്തിന് അൽപസമയത്തേക്ക് ആശയവിനിമയം നഷ്ടമായി. ഈ ‘കമ്യൂണിക്കേഷൻ ബ്ലാക്ക്ഔട്ടി’ന് പുലർച്ചെ 3.21ഓടെ അവസാനിച്ചു. പേടകത്തിനു ചുറ്റും പ്ലാസ്മ രൂപപ്പെടുന്നതിനാലാണ് കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ട് സംഭവിക്കുന്നത്. അതിവേഗത്തിലായിരിക്കും ഈ സമയം പേടകം സഞ്ചരിക്കുക. ഒപ്പം അതീവതാപവും പേടകത്തിന്മേൽ അനുഭവപ്പെടും. ഈ സാഹചര്യത്തിൽ പേടകത്തിനു ചുറ്റുമുള്ള വായു തന്മാത്രകൾ അയണൈസ് ചെയ്യപ്പെട്ട് തിളക്കമുള്ള പ്ലാസ്മ ‘കവചം’ രൂപപ്പെടുന്നതാണ് കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ടിന് കാരണമാകുന്നത്. പേടകത്തിന്റെ വേഗം പതിയെ കുറഞ്ഞു. പിന്നാലെ മെയിൻ പാരച്യൂട്ടുകളും തുറന്നു. പേടകത്തിന്റെ വേഗം പിന്നെയും കുറഞ്ഞു. പേടകവുമായി ഫ്ലോറിഡ തീരത്തെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് നാല് പാരച്യൂട്ടുകളും സാവധാനം പറന്നിറങ്ങി . പൂർണമായും ഓട്ടമാറ്റിക്കായായിരുന്നു പ്രവർത്തനം.മെക്സിക്കോ ഉൾക്കടലിലാണ് (ട്രംപ് പേരുമാറ്റിയതു പ്രകാരം അമേരിക്കൻ ഉൾക്കടൽ) ഡ്രാഗൺ ക്യാപ്സൂൾ വീണത്. അറ്റ്‍‌ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗമാണ് മെക്സിക്കൻ ഉൾക്കടൽ. സെപ്റ്റംബറിൽ നിലയത്തിലെത്തിയ ക്രൂ9 ദൗത്യത്തിലെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ യാത്രികരും സുനിതയുടെ സംഘത്തിലുണ്ട്. പരിചയ സമ്പന്നനായ നിക് ഹേഗിനായിരുന്നു യാത്രയുടെ കമാൻഡ്. സ്പേസ്എക്സിന്റെ കർശനമായ സുരക്ഷാചട്ടങ്ങൾ കാരണമാണ് യാത്ര 17 മണിക്കൂർ നീണ്ടത്. ഈ യാത്ര റഷ്യൻ പേടകങ്ങൾ 3.5 മണിക്കൂറിൽ പൂർത്തിയാക്കാറുണ്ട്. പ്രത്യേക റീ എൻട്രി സ്യൂട്ടുകളും ബൂട്ടുകളും ഹെൽമറ്റുകളും ധരിച്ചായിരുന്നു യാത്രികരുടെ മടക്കയാത്ര. ‌മൂന്നു യാത്രകളിലായി സുനിത വില്യംസ് ആകെ 608 ദിവസം ബഹിരാകാശത്തു ചെലവഴിച്ചു. 675 ദിവസം ബഹിരാകാശത്തു ജീവിച്ച പെഗി വിറ്റ്സൻ മാത്രമാണ് ഇക്കാര്യത്തിൽ സുനിതയ്ക്കു മുന്നിലുള്ള വനിത.
സുനിതയും വിൽമോറും കഴിഞ്ഞ ജൂണിൽ ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ച ഉണ്ടായതിനെത്തുടർന്നാണു പ്രതിസന്ധി രൂപപ്പെട്ടത്. ഒരാഴ്ചത്തേക്കു പോയ സഞ്ചാരികളുടെ മടക്കം ഇതോടെ അനിശ്ചിതത്വത്തിലായി. നാസയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ച, യുഎസിൽ രാഷ്ട്രീയ വിവാദങ്ങൾക്കുപോലും വഴിയൊരുക്കിയ സംഭവത്തിനാണ് സുനിതയുടെ തിരിച്ചുവരവോടെ അവസാനമാകുന്നത്.

9. യുക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച് യുഎസ് പ്രസിസന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഫോണിൽ ചർച്ച നടത്തി. യുക്രെയ്ൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു സമ്മതം മൂളി റഷ്യൻ പ്രസിഡന്റ്‌ പുട്ടിൻ. യുക്രെയ്ന്റെ ഊർജോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ധാരണയായി. 30 ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്റെ ആവശ്യം പുട്ടിൻ നിരാകരിച്ചു. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങൾ പൂർണമായി നിർത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂയെന്ന് പുട്ടിൻ നിലപാടെടുത്തു. 30 ദിവസ വെടിനിർത്തലിനോട് യോജിക്കുന്നതായി കഴിഞ്ഞയാഴ്ച പറഞ്ഞ പുട്ടിൻ, ചില സുപ്രധാന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ടുപോകാനാവൂ എന്നും സൂചിപ്പിച്ചിരുന്നു. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളും സാപൊറീഷ്യ ആണവനിലയവും റഷ്യയ്ക്കു വിട്ടുകൊടുത്താൽ സമാധാനക്കരാറുണ്ടാക്കാനാകുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. . 3 വർഷമായി നീളുന്ന റഷ്യ– യുക്രെയ്ൻ യുദ്ധം പൂർണ വെടിനിർത്തലിലേക്കും സമാധാന കരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ വേഗത്തിൽ പ്രവർത്തിക്കുമെന്ന ധാരണയോടെയാണ് ചർച്ച അവസാനിച്ചതെന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ സംബന്ധിച്ച് ട്രംപിന്റെ സംഘം റഷ്യയിലേയും യുക്രെയ്നിലേയും പ്രതിനിധികളെ വെവ്വേറെ സന്ദർശിച്ചുവരികയാണ്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

10. ആറാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രി ഇസ്രയേൽ സേന ഗാസയിൽ നടത്തിയ വൻ ബോംബാക്രമണത്തിൽ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആഴ്ചകളോളം നിലനിന്ന സമാധാനം ഇതോടെ അസ്തമിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാരും ഉൾപ്പെടുന്നു. അതിർത്തിയോട് ചേർന്നുള്ള വടക്കൻ, മധ്യ ഗാസയുടെ ചില ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഇനിയും കനത്ത ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് വിവരം. എന്താണ് ഇപ്പോൾ ഗാസയിൽ സംഭവിക്കുന്നത്? വെടിനിർത്തലിൽനിന്നു പിന്മാറി വീണ്ടും ആക്രമണം തുടങ്ങാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചതെന്ത്?

ഹമാസുമായി സ്ഥിരമായ വെടിനിർത്തലിനു സമ്മതിക്കുന്നത് നെതന്യാഹുവിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുമെന്നും പതിനഞ്ചു വർ‌ഷമായി തുടരുന്ന ഭരണത്തിന് അവസാനമിട്ടേക്കുമെന്നും രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ആക്രമണം പുനരാരംഭിക്കുന്നതിനു പകരം നെതന്യാഹു ഹമാസുമായി വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലെത്തിയാൽ ഭരണസഖ്യം വിടുമെന്ന് തീവ്ര വലതുപക്ഷകക്ഷിയുടെ അംഗവും ധനമന്ത്രിയുമായ ബെസലേൽ സ്മോട്രിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ബന്ദികളെ തിരികെ കൊണ്ടുവരുന്ന ഏതു കരാറിനും പ്രതിപക്ഷ പാർട്ടികൾ പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ, വെടിനിർത്തലിനു തയാറായി അങ്ങനെ ഒരു നീക്കം നടത്തിയാൽ ഘടകകക്ഷികളുടെ എതിർപ്പു മൂലം നെതന്യാഹുവിന്റെ സർക്കാർ പ്രതിസന്ധിയിലാകും.

ഗാസയിൽ ആക്രമണം പുനരാരംഭിച്ചതിലൂടെ സ്മോട്രിച്ചിന്റെയും മറ്റൊരു തീവ്ര വലതുപക്ഷ നേതാവായ ഇറ്റാമർ ബെൻ-ഗ്വിറിന്റെയും പിന്തുണ ഉറപ്പാക്കാൻ നെതന്യാഹുവിന് സാധിച്ചു. വെടിനിർത്തലിന്റെ പേരിൽ ബെൻ-ഗ്വിറിന്റെ പാർട്ടി ജനുവരിയിൽ സഖ്യത്തിൽനിന്നു പന്മാറിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വാണ്ടും സഖ്യത്തിന്റെ ഭാഗമായി.
തന്റെ രാഷ്ട്രീയ നിലനിൽപിനൊപ്പം, സായുധ സംഘമായ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നതും നെതന്യാഹുവിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. വെടിനിർത്തൽ കരാറിൽ ഉറച്ചുനിന്നാൽ ഹമാസ് ശക്തമായി തിരിച്ചുവരുമെന്നും ഇത് ഭാവിയിൽ ഇസ്രയേലിന് ഭീഷണിയാകുമെന്നും നെതന്യാഹു കരുതുന്നു. യുദ്ധാനന്തരം ഗാസ ആരു ഭരിക്കണമെന്നതിൽ ഒരു ധാരണയുമില്ല. പാശ്ചാത്യ പിന്തുണയുള്ള പലസ്തീൻ അതോറിറ്റിക്ക് നാമമാത്രമായ നിയന്ത്രണം നൽകിയാലും ഹമാസിന് ഗാസയിൽ ശക്തമായ സ്വാധീനമുണ്ടാകും. അങ്ങനെ വന്നാൽ ഹമാസിന് വീണ്ടും സൈനിക ശേഷി വർധിപ്പിക്കാനാകും.
വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലാതെതന്നെ കൂടുതൽ ബന്ദികളെ വിട്ടയക്കാൻ ഹമാസ് വിസമ്മതിച്ചതാണ് ഇപ്പോഴത്തെ ആക്രമണത്തിനു കാരണമെന്ന് ഇസ്രയേലും യുഎസും പറയുന്നു. ഹമാസ് പുതിയ ആക്രമണങ്ങൾക്കു തയാറെടുക്കുകയാണെന്ന് ഇസ്രയേൽ ആരോപിച്ചെങ്കിലും ഹമാസ് അതു നിഷേധിച്ചു.
വെടിനിർത്തലിൽനിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പിന്തുണച്ചു. ഹമാസിനെ തുടച്ചുനീക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ വെടിനിർത്തലിനു മധ്യസ്ഥത വഹിക്കാൻ ട്രംപ് രംഗത്തിറങ്ങിയെങ്കിലും പിന്നീട് ആ നീക്കത്തിൽ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. ശേഷിക്കുന്ന ബന്ദികളെ ഹമാസ് ഉടൻ മോചിപ്പിച്ചില്ലെങ്കിൽ വൻ ആക്രമണമുണ്ടാമെന്നും ഇക്കാര്യത്തിൽ ഇസ്രയേലാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു. അതായത് ട്രംപിന്റെ പിന്തുണയോടെയാണ് ഇപ്പോൾ ഇസ്രയേൽ ആക്രമണം നടത്തുന്നത്. ചൊവ്വാഴ്ചത്തെ ആക്രമണങ്ങൾക്കു മുൻപ് ഇസ്രയേൽ യുഎസുമായി കൂടിയാലോചിച്ചെന്നും ഇസ്രയേലിന്റെ തീരുമാനത്തെ പിന്തുണച്ചെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
ഗാസയിലെ ഏകദേശം 20 ലക്ഷം പലസ്തീനികളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കണമെന്നും ട്രംപ് നിർദേശിച്ചിരുന്നു. അങ്ങനെ യുഎസിന് ഗാസയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനും ഇവിടം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനും ആഗ്രഹമുണ്ട്. ട്രംപിന്റെ ഈ പദ്ധതിയെ നെതന്യാഹുവും സ്വീകരിച്ചിരുന്നു. അതിനു വഴിയൊരുക്കുക എന്നതും ഇപ്പോഴത്തെ ആക്രമണത്തിന്റെ ലക്ഷ്യമാകാം.

11. തുടർച്ചയായി എട്ടാം വർഷവും വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഫിൻലൻഡ് ഒന്നാമത്. ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസർച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിലാണിത്. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ ഇവയാണ് തൊട്ടുപിന്നിൽ. 2012 ൽ 11–ാം സ്ഥാനംവരെ എത്തിയ യുഎസ് 24–ാം സ്ഥാനത്തേക്കു മൂക്കുകുത്തി. 23–ാം റാങ്ക് നേടിയ ബ്രിട്ടനെക്കാളും പിന്നിൽ. നമ്മുടെ ഇന്ത്യയുടെ സ്ഥാനം കേട്ടോളൂ:118. പക്ഷേ, കഴിഞ്ഞ തവണത്തെ 126 നെക്കാൾ മെച്ചപ്പെട്ടതിൽ സന്തോഷം. 2022 ൽ നേടിയ 94–ാം സ്ഥാനമാണ് ഇന്ത്യയുടെ മികച്ച സ്കോർ. തയ്‌വാൻ ഏഷ്യൻ രാജ്യങ്ങളിലെ മികച്ച സന്തോഷ ഇടമായി– 27–ാം റാങ്ക്.

12. യുക്രെയ്നിലെ തീരനഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശം. 4 പേർക്കു പരുക്കേറ്റു. ഒട്ടേറെ സ്ഥലത്തു തീപിടിത്തമുണ്ടായി. 3 ജില്ലകളിൽ വൈദ്യുതിബന്ധം നിലച്ചു. ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പാവെൽ ഒഡേസ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഊർജോൽപാദനകേന്ദ്രങ്ങൾ ആക്രമിക്കുന്നത് 30 ദിവസത്തേക്കു നിർത്തിവയ്ക്കുമെന്ന റഷ്യയുടെ ഉറപ്പു ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. സാപ്പൊറീഷ്യയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റതായി യുക്രെയ്ൻ അറിയിച്ചു. യുഎസുമായി ധാതു കൈമാറ്റത്തിനുള്ള കരാർ സംബന്ധിച്ച് ജിദ്ദയിൽ ചർച്ച തുടരുന്നതായും അറിയിച്ചു. ഇതേസമയം, വെടിനിർത്തൽ ധാരണ ലംഘിച്ച് കർസ്ക് മേഖലയിലെ വാതക മീറ്ററിങ് കേന്ദ്രത്തിൽ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സുരക്ഷാ ഉപദേഷ്ടാവ് സെർഗെയ് ഷൊയ്ഗു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ സന്ദർശിച്ച് യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്തു.

13. 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികൾക്കു മുന്നിലെത്തി ഫ്രാൻസിസ് മാർപാപ്പ. ചികിത്സയിലായിരുന്ന റോമിലെ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന വിശ്വാസികളെ കണ്ടത്. ഫെബ്രുവരി 9ന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്കു മുന്നിലെത്തുന്നത്. വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയ അദ്ദേഹം അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. ‘‘ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർഥിച്ച എല്ലാവർക്കും നന്ദി.’’ – ഫ്രാൻസിസ് മാർപാപ്പ സഹായി നൽകിയ മൈക്കിലൂടെ പറഞ്ഞു. തുടർന്ന് അദ്ദേഹം വിശ്വാസികൾക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് മടങ്ങിയത്.
ശ്വാസകോശ അണുബാധയെത്തുടർന്നു ചികിത്സയ്ക്കായി ഫെബ്രുവരി 14 മുതൽ റോമിലെ ജമേലി ആശുപത്രിയിലായിരുന്നു മാർപാപ്പ. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുവേദിയിൽ മാർപാപ്പ പ്രാർഥനയ്ക്കെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്നതാണ്. ഫെബ്രുവരി 9ന് ആണ് അവസാനം ഈ ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിൽ 8ന് വത്തിക്കാനിലെ വസതിയിൽ ബ്രിട്ടനിലെ ചാൾസ് രാജാവിന് കൂടിക്കാഴ്ചയ്ക്കു അദ്ദേഹം സമയം അനുവദിച്ചിട്ടുണ്ട്.

തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍

RELATED ARTICLES

5 COMMENTS

  1. എല്ലാ വാരവും മുടങ്ങാതെ, ഒട്ടിച്ചുതന്നെയെങ്കിലും വായിക്കുന്ന പംക്തി. ആശംസകൾ

  2. എല്ലാവാരവും ഓടിച്ചു തന്നെയെങ്കിലും വായിക്കുന്ന പoക്തി. ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments