Logo Below Image
Monday, March 17, 2025
Logo Below Image
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. സിറിയയിൽ വീണ്ടും സംഘർഷം. 1000 ത്തിലധികം പേർ കൊല്ലപ്പെട്ടു. സിറിയൻ പ്രസിഡന്റായിരുന്ന ബഷാർ അൽ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ദിവസത്തിനിടെയാണ് ഇത്രയേറെ ആളുകൾ കൊല്ലപ്പെട്ടതെന്നു സൂചന. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് വാച്ചാണ് ഇതു വെളിപ്പെടുത്തിയത്. അസദ് ഭരണകൂടവുമായി ബന്ധം പുലർത്തിയിരുന്ന തീവ്രവാദികൾക്കെതിരെ സുരക്ഷാസേന നീക്കം ശക്തമാക്കിയിരുന്നു. ലതാകിയയിലെ ജബ്‌ലെ നഗരത്തിൽ തുടങ്ങിയ സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ന്യൂനപക്ഷമായ അലവി വിഭാഗത്തിൽപെട്ടവരാണു കൊല്ലപ്പെട്ടത്. തീരദേശത്തുനിന്ന് അലവികളും ക്രൈസ്തവരും പലായനം ചെയ്യുന്നതായി പ്രദേശവാസികൾ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്. അതേസമയം സിറിയയിലെ സൈനിക നടപടി രണ്ടു ദിവസത്തിനുശേഷം അവസാനിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം റിപ്പോർട്ട്‌ ചെയ്തു. തുറമുഖ നഗരമായ ലഡാക്കിയയിൽ കഴിഞ്ഞ വ്യാഴാഴ്ച ബഷാർ അനുയായികൾ പൊലീസ് പട്രോൾ സംഘത്തെ ആക്രമിച്ചതിനെത്തുടർന്നാണു കലാപം ശക്തമായത്. അക്രമസംഭവങ്ങളിൽ പ്രത്യേക അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ഇടക്കാല പ്രസിഡന്റ് അൽ ഷരാ അറിയിച്ചു. രാജ്യത്തേക്കു മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന വിമതർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹസൻ അബ്ദൽ ഗനി പറഞ്ഞു.

2. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ യാത്ര നിർദേശം. ‘‘പാകിസ്ഥാനിലേക്കുള്ള യാത്ര അമേരിക്കൻ പൗരന്മാർ പുനഃപരിശോധിക്കണം. ഭീകരവാദികൾ‍ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിൽ‍ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നു. നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഷോപ്പിങ് മാളുകൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയായിരിക്കാം ഭീകരർ ലക്ഷ്യമിടുന്നത്’’ – മുന്നറിയിപ്പിൽ പറയുന്നു. മുൻകാലങ്ങളിൽ യുഎസ് നയതന്ത്രജ്ഞരെ ഭീകരവാദികൾ ലക്ഷ്യമിട്ടിരുന്നു. യുഎസ് എംബസി ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്കെതിരെ ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നെന്നും മുന്നറിയിപ്പിൽ പറയുന്നു.

3. നാറ്റോ (നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യത്തിൽനിന്നു യുഎസ് പുറത്തുകടക്കണമെന്നു ഡോജ് മേധാവിയും വ്യവസായിയുമായ ഇലോൺ മസ്ക്. യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നൽകുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോൾ തന്നെ നാറ്റോയിൽനിന്നു പുറത്തുകടക്കണം’ എന്ന് എക്സിൽ പ്രചരിച്ച പോസ്റ്റിനു മറുപടിയായി ‘നമ്മൾ തീർച്ചയായും അങ്ങനെ ചെയ്യണം’ എന്നാണ് അദ്ദേഹം കുറിച്ചത്. അമേരിക്ക ‘നാറ്റോയിൽനിന്നും യുഎന്നിൽനിന്നും പുറത്തിറങ്ങേണ്ട സമയമായി’ എന്ന് എഴുതിയ പോസ്റ്റിനും മസ്ക് മറുപടി നൽകിയിരുന്നു. ‘ഞാൻ സമ്മതിക്കുന്നു’ എന്നായിരുന്നു പ്രതികരണം. 32 അംഗ നാറ്റോ സഖ്യം ഏപ്രിലിൽ 76-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങവേയാണു മസ്കിന്റെ പരാമർശമെന്നതു ശ്രദ്ധേയമാണ്. നാറ്റോ സഖ്യകക്ഷികള്‍ പണം നൽകിയില്ലെങ്കിൽ അവരെ പ്രതിരോധിക്കില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

4. യുക്രെയ്ൻ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത കുർസ്ക് മേഖല തിരിച്ചുപിടിക്കാൻ റഷ്യൻ സൈനികർ ഗ്യാസ് പൈപ്പ് ലൈനിന് ഉള്ളിലൂടെ നടന്നെത്തി പിന്നിൽ നിന്ന് ആക്രമിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യുക്രെയ്ൻ സേന റഷ്യൻ അതിർത്തിയിലേക്ക് കടന്നുകയറി തന്ത്രപ്രധാനമായ അതിർത്തിപ്പട്ടണം സുദ്സ ഉൾപ്പെടെ ആയിരം ചതുരശ്ര കിലോമീറ്റർ പിടിച്ചെടുത്തത്. ഒട്ടേറെ റഷ്യൻ സൈനികരെ ബന്ദികളാക്കുകയും ചെയ്തു. ഭാവി സമാധാനചർച്ചകളിൽ വിലപേശൽ ശക്തി കൂട്ടുന്നതിനായിരുന്നു ഇത്. എന്നാൽ പിന്നീട് നിരന്തരമായ ആക്രമണത്തിലൂടെ റഷ്യ ഇതിൽ കുറെ ഭാഗം തിരിച്ചുപിടിച്ചു.
അതേസമയം റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തുംചെയ്യാൻ സന്നദ്ധമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. കിവിയില്‍ വച്ച് യുക്രെയ്ന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍തന്നെ ഒരുമിച്ച് കൈക്കൊള്ളണമെന്നും തീരുമാനിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്താനിരിക്കെയാണ് യുദ്ധം സമാധാനപൂര്‍വം അവസാനിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന സെലന്‍സ്കിയുടെ പ്രസ്താവന.

5. ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി മാർക്ക് കാർനി ഇനി കാനഡയെ നയിക്കും. ലിബറൽ പാർട്ടി നേതാവായും കാനഡയുടെ 24–ാം പ്രധാനമന്ത്രിയായും കാർനിയെ പ്രഖ്യാപിച്ചു. നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു. ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണു കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. ട്രൂഡോയുടെ പിൻഗാമിയായി ലിബറൽ പാർട്ടി നേതാവാകാൻ സാധ്യതയുള്ളവരിൽ മുന്നിലായിരുന്നു കാർനി. 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായിരുന്നു. 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായി. 2008ലെ സാമ്പത്തികമാന്ദ്യത്തിൽ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിടാൻ പറ്റിയ മികച്ച രാഷ്ട്രീയക്കാരനായാണു കാർനിയെ കാനഡക്കാർ കാണുന്നത്.

6. ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വിൽപ്പനയ്ക്കു നടപടികൾ പുരോഗമിക്കുകയാണെന്നു യുഎസ് . 4 ഗ്രൂപ്പുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരിൽ നടപടി നേരിടുന്ന സ്ഥാപനമാണു ടിക്ടോക്. അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം. ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ഇതു വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ 5 എന്നത് നീട്ടുകയോ അല്ലെങ്കില്‍ യുഎസിൽ നിരോധനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നു ട്രംപ് പറഞ്ഞിരുന്നു. ജനുവരിയിൽ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ടിക്ടോക്കിന് ട്രംപ് 75 ദിവസം കാലാവധി നൽകിയതാണ്. ഈ സമയപരിധി അടുക്കുന്നതിനിടെയാണു പരാമർശം. ജനുവരി 19ന് കോൺഗ്രസ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ്‌ലൈനായിരുന്നു. ട്രംപ് അധികാരത്തിൽ വന്നതോടെയാണ് ടിക് ടോക് താൽക്കാലികമായി പ്രവർത്തനക്ഷമമായത്. ടിക് ടോക് വിൽപ്പനയ്ക്കുള്ള അവസാന തീയതി വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ടിക് ടോക്കിനെ പൂർണമായും നിരോധിക്കാനുള്ള മുൻ സർക്കാരിന്റെ ശ്രമങ്ങളിൽനിന്നുള്ള ചുവടുമാറ്റമാണു ട്രംപിന്റെ സമീപനമെന്നാണു വിലയിരുത്തൽ. ചൈനയുമായി വ്യാപാര സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണു സമയപരിധി നീട്ടുന്നതെന്നതും ശ്രദ്ധേയം. സംയുക്ത സംരംഭത്തിലൂടെ ടിക് ടോക്കിന്റെ 50 ശതമാനം ഓഹരികൾ യുഎസ് ഏറ്റെടുക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. വിൽപ്പന ചർച്ചകളുടെ മേൽനോട്ടത്തിനു വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾസിനെയും കഴിഞ്ഞ മാസമാണു ട്രംപ് നിയോഗിച്ചത്.

7. യുകെ തീരത്ത് ഉത്തര സമുദ്രത്തിൽ എണ്ണ കപ്പലും ചരക്ക് ടാങ്കറും കൂട്ടിയിടിച്ചു കത്തി. കപ്പലുകളിലെ ജീവനക്കാരായ 32 പേരെ ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്ത് എത്തിച്ചു. ഇതിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന യുഎസ് പതാകയുള്ള ചരക്ക് ടാങ്കറും പോർച്ചുഗലിന്റെ സ്വയംഭരണ പ്രദേശമായ മദീരയുടെ പതാകയുള്ള സോളാംഗ് എന്ന കണ്ടെയ്നർ കപ്പലുമാണ് അപകടത്തിൽപ്പെട്ടത്.

8. യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിനോട് ഔദ്യോഗികമായി മാപ്പു പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണു സെലെൻസ്കി ക്ഷമ ചോദിച്ചു കത്തെഴുതിയതായി സ്ഥിരീകരിച്ചത്. ഓവൽ ഓഫിസിലെ കൂടിക്കാഴ്ചയിൽ ട്രംപും സെലെൻസ്കിയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടതിനു ദിവസങ്ങൾക്കു ശേഷമാണു ക്ഷമാപണം. രണ്ടു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച വൈകില്ലെന്നാണു സൂചന. ‘‘ട്രംപിനു സെലെൻസ്‌കി കത്ത് അയച്ചിരുന്നു. ഓവൽ ഓഫിസിൽ നടന്ന എല്ലാ സംഭവങ്ങൾക്കും അദ്ദേഹം ക്ഷമാപണം നടത്തി. ഇതു സുപ്രധാന നടപടിയായി കരുതുന്നു. യുഎസും യുക്രെയ്നും തമ്മിലും യുക്രെയ്നും യൂറോപ്പും തമ്മിലുമുള്ള ചർച്ചകൾ ഫലപ്രദമാകാൻ ഇത് ഉപകാരപ്പെടും’’– വിറ്റ്കോഫ് പറഞ്ഞു. കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്യുമ്പോൾ, സെലെൻസ്‌കിയുടെ കത്തു കിട്ടിയതായി ട്രംപ് പറഞ്ഞിരുന്നു. കത്തയച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നുള്ള സൈനിക സഹായം യുഎസ് നിർത്തിവച്ചതിനു തൊട്ടുപിന്നാലെയാണു സെലെൻസ്കി കത്തയച്ചത്. ട്രംപുമായുണ്ടായ വാഗ്വാദത്തിൽ സെലെൻസ്കി നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. ധാതുഖനന കരാറിൽ ഒപ്പിടുന്നതുൾപ്പെടെ ശാശ്വത സമാധാനത്തിനായി ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തയാറാണെന്നും സെലെൻസ്കി പറഞ്ഞു. യുദ്ധം തുടങ്ങിയ നിമിഷം മുതൽ യുക്രെയ്ൻ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും യുദ്ധം തുടരുന്നതിന്റെ ഒരേയൊരു കാരണം റഷ്യയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ ഒരു മാസത്തെ വെടിനിർത്തലിന് സന്നദ്ധമെന്ന് യുക്രെയ്ൻ. യുഎസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിക്കുകയായിരുന്നു. സൗദിയിൽ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചത്. റഷ്യ കൂടി നിബന്ധനകൾ അംഗീകരിച്ചാൽ താൽക്കാലിക വെടിനിർത്തൽ പരസ്പരം അംഗീകരിച്ച് 30 ദിവസം കൂടി നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയൻ തടവുകാരുടെ മോചനം, പലായനം ചെയ്യപ്പെട്ട യുക്രെയ്ൻ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണയും ചർച്ചയായി. ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ഉറപ്പാക്കണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു. ഇതോടെ യുക്രെയ്നിനുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിക്കുമെന്ന് യുഎസ് അറിയിച്ചു. ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നത് നിർത്തിവച്ച നടപടിയും അമേരിക്ക പിൻവലിക്കും. രഹസ്യാന്വേഷണ വിവരങ്ങൾ വീണ്ടും കൈമാറാനാണ് ധാരണ. യുക്രെയ്നിലെ ധാതു സമ്പത്ത് വിനിയോഗിക്കാൻ യുഎസ്– യുക്രെയ്ൻ സംയുക്ത കരാറിനും തീരുമാനമായി.
അതേസമയം യുക്രൈൻ വെടിനിർത്തൽ പിന്തുണച്ചു റഷ്യ. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. വെടിനിർത്തൽ പദ്ധതിയിലെ ചില നിർദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചർച്ച ചെയ്തു പരിഹരിക്കാമെന്നും പുട്ടിൻ വ്യക്തമാക്കി. തുടർചർച്ചയ്ക്ക് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തിയിട്ടുണ്ട്.

9. സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ – 9 റോക്കറ്റിൽ ക്രൂ -10 വിക്ഷേപിച്ചത്. ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4.33നായിരുന്നു (പ്രാദേശിക സമയം വൈകിട്ട് 7.03ന്) വിക്ഷേപണം. നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നൽകിയത്. ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യമാണ് വിജയകരമായി വിക്ഷേപിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് സുനിതയും ബുച്ച് വിൽമോറും ഐ‌എസ്‌എസിൽ കുടുങ്ങിയത്. ക്രൂ ഫ്ലൈറ്റിന്റെ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രൊപ്പൽഷനില്‍ തകരാർ സംഭവിച്ചിരുന്നു. ഇതോടെ ഇവരുടെ ഭൂമിയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി. 4 പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്. നാസയുടെ തന്നെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റഷ്യൻ റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ക്രൂ – 10 ദൗത്യത്തിന്റെ ഭാഗമായി ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. ക്രൂ-10ലെ ബഹിരാകാശയാത്രികർ ഐ‌എസ്‌എസിൽ എത്തിക്കഴിഞ്ഞാൽ സുനിത വില്യംസ്, നിക്ക് ഹേഗ്, ബുച്ച് വിൽമോർ, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവരുൾപ്പെടെയുള്ളവർക്ക് തിരികെ വരാൻ സാധിക്കും. ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം സാങ്കേതിക പ്രശ്‌നം കാരണം നേരത്തെ മാറ്റിവച്ചിരുന്നു.

10. ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാൻഡ്, സുഡാൻ എന്നിവിടങ്ങളിൽ പലസ്തീൻകാരെ പുനരധിവസിപ്പിക്കാൻ യുഎസും ഇസ്രയേലും ഈ രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. യുഎസ് നിർദേശം തള്ളിയതായി സുഡാൻ, സൊമാലിലാൻഡ് അധികൃതർ വ്യക്തമാക്കിയെന്നും വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. ചർച്ച നടന്നതായി സൊമാലിയ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോ‍ർട്ടിനോട് ഇസ്രയേലും യുഎസും പ്രതികരിച്ചിട്ടില്ല. സൊമാലിയയിൽനിന്നു വിഘടിച്ചുപോയ പ്രദേശമാണു സൊമാലിലാൻഡ്. ദീർഘകാലമായ ആഭ്യന്തരയുദ്ധത്തിൽ തകർന്നുതരിപ്പണമായ സുഡാനിൽ ആഭ്യന്തര അഭയാർഥികൾ 1.2 കോടിയോളം വരും. പലസ്തീൻകാരെ കുടിയൊഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്തു കടലോര ഉല്ലാസ കേന്ദ്രമാക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി. ഈ മാസമാദ്യം നടന്ന അറബ് ഉച്ചകോടി, പലസ്തീൻകാരെ കുടിയൊഴിപ്പിക്കാതെയുള്ള ഗാസ പുനരധിവാസ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. അതേസമയം, ഗാസയിൽ ജീവനോടെ ശേഷിക്കുന്ന ഏക അമേരിക്കൻ ബന്ദിയായ ഈഡൻ അലക്സാണ്ടറെ (21) വിട്ടയയ്ക്കാമെന്നു ഹമാസ് സമ്മതിച്ചു. 4 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും. യുഎസ് പ്രതിനിധി ആദം ബോലറുമായി ഹമാസ് നേതാക്കൾ നടത്തിയ ചർച്ചയിലാണു തീരുമാനം.

രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച ആരംഭിക്കുന്നതിനു മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ശ്രമം തുടരുകയാണ്. മാർച്ച് 2 മുതൽ ഗാസയിലേക്കുള്ള സഹായവിതരണം തടഞ്ഞ ഇസ്രയേൽ നടപടി പിൻവലിപ്പിക്കാനും രാജ്യാന്തര സമ്മർദം ശക്തമാക്കിയിട്ടുണ്ട്.

തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ

RELATED ARTICLES

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments