Logo Below Image
Thursday, April 3, 2025
Logo Below Image
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. രാജിക്ക് തയ്യാറാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. രാജ്യത്തിനു സമാധാനം കിട്ടുമെങ്കിൽ പദവി ഒഴിയാൻ തയാറാണെന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പരിപാടിയ്ക്കിടെ അദ്ദേഹം പറഞ്ഞു. യുക്രെയ്നു നാറ്റോ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു. 2019ൽ 5 വർഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട സെലെൻസ്‌കി, രാജ്യത്തു തിരഞ്ഞെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചിരുന്നു. സെലെൻസ്‌കി ‘സ്വേച്ഛാധിപതി’ ആണെന്നും ട്രംപ് ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണു സെലെൻസ്കിയുടെ പ്രതികരണം. ‘രാജ്യത്തിന്റെ സുരക്ഷയിലാണു ഞാൻ ശ്രദ്ധിക്കുന്നത്. അല്ലാതെ 20 വർഷത്തെ ഭരണത്തിലല്ല. 10 വർഷം അധികാരത്തിലിരിക്കാൻ പോലും പദ്ധതിയില്ല.’’– സെലെൻസ്‌കി പറഞ്ഞു. റഷ്യ നിരന്തരം ആക്രമിക്കുകയും അഞ്ചിലൊന്നു പ്രദേശം കൈവശപ്പെടുത്തുകയും ചെയ്തതിനാൽ, യുദ്ധം അവസാനിക്കുന്നതുവരെ തിരഞ്ഞെടുപ്പ് നടത്തില്ലെന്നാണു യുക്രെയ്ന്റെ നിലപാട്.

ഈ മാസം റഷ്യയുമായുള്ള സമാധാന ചർച്ചകൾ ട്രംപ് തുടങ്ങിയിരുന്നു. വെടിനിർത്തൽ കരാർ ഒപ്പിട്ടാൽ ഉടനെ യുക്രെയ്നിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നു റിപ്പോർട്ടുണ്ട്. യുദ്ധസമയത്തു തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നു യുക്രെയ്നിലെ എൻ‌ജി‌ഒകൾ പറഞ്ഞു. ഫെബ്രുവരിയിലെ സർവേ പ്രകാരം, അടുത്ത തിരഞ്ഞെടുപ്പിലും സെലെൻസ്‌കി അധികാരത്തിൽ തുടരണമെന്നാണ് 69% യുക്രെയ്ൻകാരും കരുതുന്നത്.

അതേസമയം യുദ്ധത്തിന്റെ മൂന്നാം വാർഷികത്തലേന്നു യുക്രെയ്നെതിരെ വലിയ ഡ്രോൺ ആക്രമണം നടത്തി റഷ്യ. 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിനുശേഷം യുക്രെയ്‌നിനെതിരെ റഷ്യ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്.

2. കഴിഞ്ഞ സെപ്റ്റംബറിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നേതാവ് ഹസൻ നസ്റല്ലയുടെ സംസ്കാരച്ചടങ്ങുകൾ വൻജനപങ്കാളിത്തത്തോടെ നടത്തി ഹിസ്ബുല്ലയുടെ ശക്തിപ്രകടനം. ലെബനനിലെ തെക്കൻ ബെയ്റൂട്ടിൽ ഹിസ്ബുല്ല നിയന്ത്രിക്കുന്ന മേഖലയിലുള്ള സ്പോർട്സ് സ്റ്റേഡിയത്തിലായിരുന്നു കഴിഞ്ഞദിവസം കബറടക്ക ചടങ്ങുകൾ. 55,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം തിങ്ങിനിറഞ്ഞ് ആളുകളുണ്ടായിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി, ഷിയ നേതാക്കളും സൈനിക കമാൻഡർമാരും ഉൾപ്പെട്ട ഇറാഖ് സംഘം, യെമനിലെ ഹൂതികളുടെ പ്രതിനിധിസംഘം തുടങ്ങിയവർ പങ്കെടുത്തു. ഹിസ്ബുല്ലയുടെ ഇപ്പോഴത്തെ മേധാവി നയീം ഖാസിം രഹസ്യകേന്ദ്രത്തിലിരുന്നു നൽകിയ വിഡിയോ സന്ദേശം സ്റ്റേ‍ഡിയത്തിലെ സ്ക്രീനുകളിൽ പ്രദർശിപ്പിച്ചു. കീഴടങ്ങില്ലെന്നും കൊല അനുവദിക്കില്ലെന്നും ഹിസ്ബുല്ല ഇപ്പോഴും കരുത്തോടെ തുടരുന്നെന്നും ഖാസിം പ്രഖ്യാപിച്ചു. വെടിനിർത്തൽ കരാറനുസരിച്ച് തെക്കൻ ലെബനനിൽനിന്ന് ഇസ്രയേൽ സേനാ പിന്മാറ്റത്തിനു സമയം കൊടുക്കാനാണ് നസ്റല്ലയുടെ ഔദ്യോഗിക സംസ്കാരച്ചടങ്ങുകൾ വൈകിച്ചത്. സ്റ്റേഡിയത്തിൽ ചടങ്ങു നടക്കുമ്പോൾ ഇസ്രയേൽ പോർവിമാനങ്ങൾ ബെയ്റൂട്ടിൽ താഴ്ന്നു പറന്നത് ആൾക്കൂട്ടത്തിന്റെ പ്രതിഷേധത്തിനിടയാക്കി. ഇസ്രയേലിനു മരണം പ്രഖ്യാപിച്ചുള്ള മുദ്രാവാക്യങ്ങൾ മുഴക്കി അവർ രോഷം കൊണ്ടു. തെക്കൻ ലെബനനിൽ യുദ്ധവിമാനങ്ങൾ ആക്രമണവും നടത്തി. ഹസൻ നസ്റല്ലയുടെ കബറടക്ക ചടങ്ങു നടക്കുന്നതിനു മുകളിലൂടെ ഇസ്രയേൽ വിമാനങ്ങൾ പറന്നതു വ്യക്തമായ മുന്നറിയിപ്പാണെന്നു വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് ​സമൂഹമാധ്യമ പോസ്റ്റിൽ അവകാശപ്പെട്ടു.

3. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനും ചീഫ് ഓഫ് സ്റ്റാഫ് ആർച്ച്ബിഷപ് എഡ്ഗർ പെന പരായുമായി ഔദ്യോഗികകാര്യങ്ങൾ ചർച്ച ചെയ്തു. പുതുതായി രണ്ടു പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവിൽ ഒപ്പുവച്ചു. പുതിയ വിശുദ്ധരെ തീരുമാനിക്കാനുള്ള കർദിനാൾമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. മാർപാപ്പയുടെ അനുമതി വേണ്ട ചില നിയമനങ്ങളിലും തീരുമാനമെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടശേഷം ഇതാദ്യമാണ് മാർപാപ്പ കർദിനാൾ പരോളിനുമായി ചർച്ച നടത്തുന്നത്. ഇരു ശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ സ്ഥിതി സങ്കീർണമായി തുടരുന്നതായി ഡോക്ടർമാർ പറഞ്ഞു. വൃക്കയുടെ പ്രവർത്തനത്തെ നേരിയതോതിൽ ബാധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണത്തിലാണ്. ഓക്സിജൻ തെറപ്പി തുടരുന്നു. ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ട്. ഈ മാസം 14ന് ആണു ശ്വാസതടസ്സത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

4. ഓരോ ആഴ്ചയും ഓഫിസിൽ എന്തെല്ലാം ചെയ്തു എന്നതു സംബന്ധിച്ച് വാരാന്ത്യ റിപ്പോർട്ട് സമർപ്പിക്കണമെന്ന യുഎസ് സർക്കാർ കാര്യക്ഷമതാ വകുപ്പ് മേധാവി ഇലോൺ മസ്കിന്റെ ഉത്തരവിൽ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ, ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് വാരാന്ത്യ റിപ്പോർട്ട് നൽകണമെന്ന് മേധാവികൾ നിർദേശം നൽകിയപ്പോൾ ഹോംലാൻഡ് സെക്യൂരിറ്റി, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരോട് ഉത്തരവിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്ന് മേധാവികൾ അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആദ്യം ഇതിനോട് പ്രതികരിക്കാൻ തയാറായെങ്കിലും പിന്നീട് ഉത്തരവിൽ വ്യക്തത വരുന്നതു വരെ കാത്തിരിക്കാൻ തീരുമാനിച്ചു. വാരാന്ത്യ റിപ്പോർട്ട് സമർപ്പിക്കാത്ത ഉദ്യോഗസ്ഥരെ ജോലിയി‍ൽ നിന്നു പുറത്താക്കുമെന്ന് മസ്ക് അറിയിച്ചിരുന്നു.

അതേസമയം ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഒന്നരലക്ഷം പേർ ഒപ്പിട്ട ഹർജി കാനഡ പാർലമെന്റിൽ സമർപ്പിച്ചു. കാനഡയെ തുടർച്ചയായി അധിക്ഷേപിക്കുകയും രാജ്യത്തെ യുഎസിന്റെ 51–ാം സംസ്ഥാനമാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മസ്കിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി കാനഡക്കാർ രംഗത്തെത്തിയത്. ദക്ഷിണാഫ്രിക്കയിലാണു ജനിച്ചതെങ്കിലും കനേഡിയൻ സ്വദേശിയായ അമ്മ വഴിയാണ് മസ്കിന് കാനഡയിൽ പൗരത്വം ലഭിച്ചത്.

5. രണ്ടാഴ്ചയ്ക്കിടെ അതിശൈത്യം മൂലം ഗാസയിൽ മാസങ്ങൾ മാത്രം പ്രായമുള്ള 6 കുഞ്ഞുങ്ങൾ മരിച്ചതായി പലസ്തീൻ അധികൃതർ അറിയിച്ചു. തണുപ്പിൽനിന്നു രക്ഷ കിട്ടാത്ത താൽക്കാലിക കൂടാരങ്ങളിലാണു ആയിരക്കണക്കിനു പലസ്തീൻ കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത്. രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഒടുവിൽ മരിച്ചതെന്നു ഖാൻ യൂനിസിലെ നാസർ ആശുപത്രി ശിശുരോഗവിഭാഗം തലവൻ ഡോ. അഹ്മദ് അൽ ഫറ പറഞ്ഞു. അടച്ചുറപ്പുള്ള മൊബൈൽ വീടുകൾ അതിർത്തിയിലെത്തിയിട്ടുണ്ടെങ്കിലും ഇസ്രയേൽ തടഞ്ഞുവച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം ട്രംപ് ഭരണകൂടം നിർത്തിയതു ശസ്ത്രക്രിയ അടക്കം ഗാസയിലെ ആരോഗ്യരക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎൻ അധികൃതർ മുന്നറിയിപ്പു നൽകി. അവശേഷിക്കുന്ന 63 ബന്ദികളെയും തിരിച്ചെത്തിക്കുന്നതുവരെ ഗാസ വെടിനിർത്തൽ തുടരുന്നതു പരിഗണനയിലുണ്ടെങ്കിലും ധാരണ ആയിട്ടില്ലെന്ന് ഇസ്രയേൽ ഉപ വിദേശകാര്യമന്ത്രി ഷരൺ ഹസ്കൽ പറഞ്ഞു. ജനുവരി 19ന് ആരംഭിച്ച വെടിനിർത്തൽ ഒന്നാം ഘട്ടം ശനിയാഴ്ച അവസാനിക്കും. രണ്ടാം ഘട്ട ചർച്ച നടന്നിട്ടില്ല.

6. യുഎൻ ചാർട്ടറിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ് ഇന്ത്യയെങ്കിൽ തങ്ങളോടൊപ്പം റഷ്യയെ അപലപിച്ചു വോട്ട് ചെയ്യാൻ 3 വർഷം മുൻ‍പ് ആവശ്യപ്പെട്ട യുഎസ് മറുകണ്ടം ചാടിയിരിക്കുകയാണ്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ അപലപിക്കുന്ന പ്രമേയത്തിനെതിരെ യുഎസ് ഇതാദ്യമായി വോട്ട് ചെയ്തു; അതും റഷ്യയോടൊപ്പം.യുഎസ് മാത്രമല്ല, അവരുടെ അടുത്ത സുഹ‍‍ൃത്തായ ഇസ്രയേലും യുക്രെയ്ൻ നൽകിയ പ്രമേയത്തിനെതിരെ വോട്ടുചെയ്തു. 93 രാജ്യങ്ങൾ അനുകൂലിക്കുകയും 18 രാജ്യങ്ങൾ എതിർക്കുകയും 65 രാജ്യങ്ങൾ വോട്ടിങ്ങിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തതോടെ പ്രമേയം പാസായി. തുടർന്ന് റഷ്യയെ അപലപിക്കാതെ, യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷാസമിതിയിൽ യുഎസ് നൽകിയ പ്രമേയത്തിന് 10 വോട്ട് ലഭിച്ചു. മറ്റ് അംഗങ്ങൾ വിട്ടുനിന്നു. യൂറോപ്പിൽ യുഎസിന്റെ അടുത്ത സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാൻസിനും അവർ നൽകിയ ഭേദഗതി അംഗീകരിക്കാത്തതുമൂലം വോട്ടിങ്ങിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നു.

യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ കളംമാറ്റിച്ചവിട്ടൽ യൂറോപ്പിലെ സഖ്യകക്ഷികളെ വെട്ടിലാക്കിയിരിക്കുകയാണ്.
അതേസമയം നിർണായകമായ ധാതുഖനന കരാറിനു യുഎസും യുക്രെയ്നും കഴിഞ്ഞദിവസം ധാരണയായിരുന്നു. എന്നാൽ ചർച്ച അലസിപ്പിരിഞ്ഞു. യുക്രെയ്നിന്റെ പ്രകൃതി സമ്പത്തിൽ 500 ബില്യൻ ഡോളറിന്റെ അവകാശം ചോദിച്ചിരുന്ന യുഎസ് നിലപാടിൽ പ്രതിഷേധിച്ച് ധാതുകരാറിന്റെ മുൻ കരടിൽ ഒപ്പിടാൻ സെലെൻസ്‌കി വിസമ്മതിച്ചിരുന്നു. പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കാൻ ധാരണയായത്. എന്നാൽ ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി. ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുട്ടിൻ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തിൽ ട്രംപിനെ സെലെൻസ്കി പരസ്യമായി വെല്ലുവിളിച്ചു. യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യുഎസുമായി പങ്കിടുന്ന കരാറിൽ സെലെൻസ്കി ഒപ്പുവച്ചില്ല. ധാതുവിഭവങ്ങൾ, പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്‌ക്കൊപ്പം തുറമുഖങ്ങളുടെയും പ്രകൃതിവാതക ടെർമിനലുകളുടെയും ഉടമസ്ഥതയും യുഎസിനു കൈമാറണം. ഇതിനു പകരമായി സൈനിക സുരക്ഷാ ഉറപ്പുകളൊന്നും കരാറില്ലെന്നതാണു ശ്രദ്ധേയം. ട്രംപിന്റെ നയം മയപ്പെടുത്താനും യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നതിനും റിപ്പബ്ലിക്കൻ കക്ഷി നേതാക്കളുടെ പിന്തുണ നേടാൻ സന്ദർശനം സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സെലെൻസ്കി.

7. കുടിയേറ്റ വിരുദ്ധ നടപടികൾ കടുപ്പിക്കുന്നതിനിടെ ‘ആശ്വാസ’ നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ നിക്ഷേപിക്കുന്ന വിദേശികൾക്കു ‘ഗോൾഡൻ കാർഡിലൂടെ’ പൗരത്വം നൽകാനാണു നീക്കം. ഇങ്ങനെ പൗരത്വം നേടാൻ 50 ലക്ഷം യുഎസ് ഡോളർ നൽകിയാൽ മതിയെന്നും ട്രംപ് പറഞ്ഞു. ഗ്രീൻ‍ കാർഡിന്റെ മാതൃകയിലുള്ള പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. യുഎസ് പൗരത്വം നേടാൻ ‌ഇത് സഹായിക്കുമെന്നും 10 ലക്ഷം കാർഡുകൾ വിറ്റഴിക്കുമെന്നും ട്രംപ് അറിയിച്ചു. ‘‘ഇബി5 പദ്ധതി നിർത്തുകയാണ്. ഇനി ഗോൾഡ് കാർഡ് അവതരിപ്പിക്കും. രാജ്യത്തു നിക്ഷേപങ്ങൾ നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വിദേശികൾക്കു പൗരത്വം ലഭിക്കാനുള്ള വഴിയാണിത്’’.– ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം പദ്ധതി നിലവിൽ വരുമെന്നാണു സൂചന. അതിസമ്പന്നർക്കു ഗോൾഡൻ കാർഡ് വാങ്ങുന്നതിലൂടെ അമേരിക്കയിലേക്ക് വരാനാകുമെന്നും ട്രംപ് പറഞ്ഞു.

8. പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെടുന്ന വെനസ്വേലയിലെ വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെർണാണ്ടസ്, ഇറ്റലിയിലെ അഭിഭാഷകൻ വാഴ്ത്തപ്പെട്ട ബർത്തലോ ലോങ്ങോ എന്നിവർ വിശുദ്ധ പദവിയിലേക്ക്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കവേയാണു ഫ്രാൻസിസ് മാർപാപ്പ ഉത്തരവിൽ ഒപ്പിട്ടത്. കേരളത്തിൽ 12 മഠങ്ങളുള്ള ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് മേരി ഓഫ് റോസറി സഭാ സ്ഥാപകൻ ദൈവദാസൻ ഡിഡാക്കോ ബെസി (ഇറ്റലി) യെ ധന്യനായി പ്രഖ്യാപിച്ചു.

വൈദികനാകാൻ ശ്രമിച്ച് ആരോഗ്യപ്രശ്നങ്ങൾ മൂലം പിൻവാങ്ങേണ്ടിവന്ന ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെർണാണ്ടസ് ഡോക്ടറായ ശേഷം ജീവിതകാലം മുഴുവൻ സൗജന്യമായി രോഗികളെ ചികിത്സിച്ചു. മരുന്നും സൗജന്യമായി എത്തിച്ചു നൽകിയതോടെ പാവങ്ങളുടെ ഡോക്ടർ എന്ന് അറിയപ്പെട്ടു. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ബർത്തലോ ലോങ്ങോ സാത്താൻ സേവയെ ആരാധിക്കുകയും വത്തിക്കാനെതിരെ പ്രവർത്തിക്കുകയും ചെയ്ത ശേഷം മാനസാന്തരപ്പെട്ട് കത്തോലിക്കാസഭയിലെത്തുകയായിരുന്നു. സാത്താനിക് പ്രീസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നയാൾ വിശുദ്ധപദവിയിലെത്തി എന്ന പ്രത്യേകതയുമുണ്ട്.ദിവ്യകാരുണ്യ ആരാധനയുടെ സംരക്ഷക സന്യാസിനി സഭയുടെ സ്ഥാപകൻ മൈക്കിൾ മൗറ മൊണ്ടാനർ (സ്പെയിൻ), കുനെഗോണ്ട സിവിയെക് (പോളണ്ട്), രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് സൈന്യത്തിന്റെ ചാപ്ലെയ്ൻ ആയിരുന്ന ഫാ. എമിൽ ജോസഫ് കാപോൺ (യുഎസ്), ഇറ്റാലിയൻ പൊലീസ് സേനാംഗമായിരുന്ന സാൽവോ ഡി അക്വിസ്റ്റോ എന്നിവരെയും ധന്യരായി പ്രഖ്യാപിച്ചു. നാമകരണച്ചടങ്ങു പിന്നീട് നടക്കും.

9. അമേരിക്കയിൽ സഹോദരനെ അതിദാരുണമായി കൊലപ്പെടുത്തി ഫുട്ബോൾ താരം. സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഫുട്ബോൾ താരം മാത്യു ഹെർട്ട്ജൻ എന്ന യുവാവിനെയാണ് യുഎസ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ ജോസഫ് ഹെർട്ട്ജനെ വെട്ടിക്കൊലപ്പെടുത്തിയ ഇയാൾ, കണ്ണ് ചൂഴ്ന്നു തിന്നുകയും വളർത്തുപൂച്ചയെ തീകൊളുത്തി കൊല്ലുകയും ചെയ്തു. വിതർസ്പൂൺ സ്ട്രീറ്റിലെ മിഷേൽ മ്യൂസ് അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. ജോസഫ് ഹെർട്ട്ജന്റെ മൃതദേഹത്തിനൊപ്പം രക്തം പുരണ്ട ഒരു കത്തി, ഫോർക്ക്, പ്ലേറ്റ് എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. പൂച്ചയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും സ്ഥലത്തു നിന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ സഹോദരന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചതായി മാത്യു ഹെർട്ട്ജൻ മൊഴി നൽകി. ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ സഹോദരനെ കൊലപ്പെടുത്തിയത്. മാത്യു ഹെർട്ട്ജനെതിരെ കൊലപാതകം, മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവ് ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളാണിത്.

10. ട്രാൻസ്ജെൻഡർ സൈനികരെ ജോലിയിൽനിന്നു നീക്കാൻ യുഎസ് നടപടി തുടങ്ങി. ഇതിനനുകൂലമായി പെന്റഗൺ കോടതിയിൽ രേഖ സമർപ്പിച്ചു. 15,000 ട്രാൻസ് സൈനികർ പുറത്താക്കപ്പെടുമെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. എന്നാൽ ഇത്രയും പേരില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന. ട്രാൻസ്ജെൻഡറുകളെ ഇനി സൈന്യത്തിലെടുക്കില്ലെന്ന് ഈ മാസമാദ്യം പെന്റഗൺ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലുള്ളവരെയും ഒഴിവാക്കാനാണ് പുതിയ നീക്കം. ട്രാൻസ് സൈനികരെ തിരിച്ചറിയാൻ 30 ദിവസത്തിനുള്ളിൽ നടപടിക്രമം ഉണ്ടാക്കുമെന്നും അടുത്ത 30 ദിവസത്തിനുള്ളിൽ ഇവരെ പിരിച്ചുവിട്ടു തുടങ്ങുമെന്നും പെന്റഗൺ സൂചിപ്പിക്കുന്നു. എന്നാൽ യുദ്ധശേഷിയുള്ളവരെ നിലനിർത്താൻ സർക്കാരിനു താൽപര്യമുണ്ടെങ്കിൽ ഇളവനുവദിക്കാം. പിരിച്ചുവിടലിൽനിന്ന് ഒഴിവാകണമെങ്കിൽ തുടർച്ചയായി 3 വർഷം ലിംഗപരമായ സ്ഥിരത പുലർത്തുകയും വേണം. സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ഒന്നാം ഭരണകാലത്തു തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

11. നേപ്പാളിൽ 6.1 തീവ്രതയിൽ വൻ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. ഭൈരവ്കുണ്ഡ് ആണു പ്രഭവകേന്ദ്രമെന്നു ദേശീയ ഭൂചലന നിരീക്ഷണ, ഗവേഷണ കേന്ദ്രം അറിയിച്ചു. നേപ്പാളിലെ കിഴക്കൻ, മധ്യ മേഖലകളിലെ ആളുകൾക്കു ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തി പ്രദേശങ്ങളിലും ചൈനയിലും ഭൂചലനമുണ്ടായി.

തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments