1. ഇറാനിൽ പ്രസിഡന്റായി മസൂദ് പെസഷ്കിയാന്റെ വിജയം.
മസൂദ് പെസഷ്കിയാൻ ഇറാനിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യ–ഇറാൻ ബന്ധത്തിൽ സുഗമമായ തുടർച്ചയ്ക്കു സഹായകരമാകുമെന്ന് പ്രതീക്ഷ. പെസഷ്കിയാനെ സമൂഹമാധ്യമത്തിലൂടെ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ദൃഢമാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. നല്ല ബന്ധം തുടരാൻ ഇരുരാജ്യങ്ങൾക്കുമുള്ള താൽപര്യമാണ് ഇന്ത്യ–ഇറാൻ ബന്ധത്തിന്റെ അടിത്തറയെന്നു കഴിഞ്ഞദിവസം ഇന്ത്യയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹി പ്രസ്താവിച്ചിരുന്നു. ചാബഹാറിലെ തുറമുഖ വികസനം സംബന്ധിച്ച് മേയിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. യുഎസ് അടക്കം പാശ്ചാത്യശക്തികളുടെ അപ്രീതി അവഗണിച്ചാണ് ഇന്ത്യ ഇറാനുമായി ഉടമ്പടിക്കു മുതിർന്നത്. ഇറാൻ ബന്ധത്തിന്റെ പേരിൽ വാണിജ്യ ഉപരോധം വരെ ഏർപ്പെടുത്താനാവുമെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ റഷ്യ, മധ്യേഷ്യൻ രാജ്യങ്ങൾ, അഫ്ഗാനിസ്ഥാൻ എന്നിവയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ഇറാനിൽ തുറമുഖസൗകര്യം കൂടിയേ കഴിയൂ എന്ന നിലപാടിലാണ് ഇന്ത്യ. ഇറാനിൽ 25 കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യങ്ങളാണ് ഇതിനായി ഇന്ത്യ നിർമിക്കുന്നത്. ഇതിന്റെ പകുതി ചാബഹാർ പദ്ധതിക്കാണ്.
2. യു എസിലെ കെന്റക്കി സംസ്ഥാനത്തെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ 4 പേർ മരിച്ചു. ശനിയാഴ്ച്ച പുലർച്ചെ യുഎസ് സമയം 2.45ഓടെയാണ് വെടിവയ്പ്പുണ്ടായത്. വീട്ടിലേക്ക് എത്തിയ അക്രമി ഇവിടെയുണ്ടായിരുന്ന 7 പേർക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. 4 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ മൂന്നു പേരെ പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റി.
അതേസമയം വെടിവയ്പ്പിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയും കൊല്ലപ്പെട്ടു. പൊലീസ് പിന്തുടരുന്നതിനിടെ അക്രമി സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു മരണം. ഇയാൾ സ്വയം നിറയൊഴിച്ചതായും പൊലീസ് കണ്ടെത്തി. 20 വയസുകാരനായ ചേസ് ഗാർവെയാണ് വെടിവയ്പ് നടത്തിയതെന്ന് ഫ്ലോറൻസ് പൊലീസ് ചീഫ് ജെഫ് മലേരി അറിയിച്ചു. വെടിവയ്പ് നടന്നതായി വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി. എന്നാൽ ഈ സമയത്തും അക്രമി വീടനകത്ത് വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ് ആശുപത്രിയിൽ തുടരുന്നവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതാദ്യമായാണ് ഫ്ലോറൻസിൽ ഇത്ര വലിയ വെടിവയ്പ് നടക്കുന്നതെന്നും പൊലീസ് ചീഫ് ജെഫ് മലേരി അറിയിച്ചു. ആക്രമണത്തിന്റെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. കെന്റക്കി സംസ്ഥാനത്ത സിൻസിനാറ്റിയ്ക്ക് സമീപമാണ് വെടിവയ്പ് നടന്ന ഫ്ലോറൻസ് നഗരം.
3. ടൈറ്റാനിക്’, ‘അവതാർ’ തുടങ്ങിയ വൻകിട സിനിമകൾക്കു പണം മുടക്കി ജയിംസ് കാമറണിന്റെ ചലച്ചിത്ര സ്വപ്നങ്ങൾ സാക്ഷാത്കരിച്ച ഹോളിവുഡ് നിർമാതാവ് ജോൺ ലാൻഡോ (63) അന്തരിച്ചു. ഒരു കൊല്ലത്തിലേറെയായി അർബുദത്തിനു ചികിത്സയിലായിരുന്നു.ചലച്ചിത്ര നിർമാതാവിന്റെ മകനായി ന്യൂയോർക്കിൽ ജനിച്ച അദ്ദേഹം കുടുംബത്തിലെ സിനിമാപാരമ്പര്യം പിന്തുടർന്ന് 1980കളിൽ പ്രൊഡക്‌ഷൻ മാനേജരായി. 29ാം വയസ്സിൽ ട്വന്റിയെത്ത് സെഞ്ചറി ഫോക്സ് ഫീച്ചർ സിനിമാ വിഭാഗത്തിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി. ‘ഹോം എലോൺ’, ‘ട്രൂ ലൈസ്’ തുടങ്ങിയ ഹിറ്റ് പടങ്ങളുടെ നിർമാണ മേൽനോട്ടം വഹിച്ചത് അക്കാലത്താണ്. ആഗോള തലത്തിൽ 10 ലക്ഷം ഡോളർ വാരിക്കൂട്ടുന്ന ആദ്യ ചിത്രമായിത്തീർന്ന ടൈറ്റാനിക്കി(1997)നു പിന്നാലെ അവതാറും (2009) അതിന്റെ തുടർഭാഗമായ അവതാർ: ദ് വേ ഓഫ് വാട്ടറും (2022) ലാൻഡോയുടെ ഖ്യാതിക്കു മാറ്റു കൂട്ടി. അവതാർ ബോക്സ് ഓഫിസ് വരുമാനത്തിൽ ലോക റെക്കോർഡിട്ട ചിത്രമാണ്. 14 ഓസ്കർ നാമനിർദേശങ്ങൾ ലഭിച്ച ടൈറ്റാനിക് മികച്ച ചിത്രം ഉൾപ്പെടെ 11 പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ‘എന്നിൽനിന്നും ഒരുഭാഗം ചീന്തിയെടുക്കപ്പെട്ടിരിക്കുന്നു’ എന്നാണ് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദം സ്മരിച്ച് കാമറൺ കുറിച്ചത്.
4. ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറുണ്ടാക്കണമെന്ന ആവശ്യമുയർത്തി ഇന്നലെ ടെൽ അവീവ് അടക്കം ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. പ്രധാന റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർ മന്ത്രിമാരുടെ ഓഫിസുകൾക്കു മുന്നിൽ ധർണയിരുന്നു. രാജ്യമെങ്ങും രാവിലെ 6.29ന് ആണു പ്രതിഷേധം ആരംഭിച്ചത്. 9 മാസം മുൻപ് ഒക്ടോബർ 7നു ഹമാസ് തെക്കൻ ഇസ്രയേലിൽ കടന്നാക്രമണം നടത്തിയ സമയം സൂചിപ്പിച്ചായിരുന്നു ഇത്. ടെൽ അവീവ് – ജറുസലം പ്രധാനറോഡ് ഉപരോധിച്ച് റോഡിൽ ടയറുകൾ കത്തിച്ചു. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രാജിവയ്ക്കണമെന്നും മുദ്രാവാക്യമുയർന്നു. ഇസ്രയേലുകാരായ 120 ബന്ദികളാണു ഗാസയിലുള്ളത്. യുഎസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതിയുടെ പ്രാരംഭ ചർച്ച കഴിഞ്ഞ ദിവസം ദോഹയിൽ നടന്നിരുന്നു. തുടർചർച്ച ഈയാഴ്ച കയ്റോയിൽ നടക്കും. അതിനിടെ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഇഹാബ് അൽ ഹുസൈൻ കൊല്ലപ്പെട്ടു. ഗാസ സർക്കാരിൽ തൊഴിൽ ഉപമന്ത്രിയായിരുന്നു.
5. ഒരു കൊല്ലത്തിലേറെ കൃത്രിമ ചൊവ്വാജീവിതം. ടെക്സസിലെ ഹൂസ്റ്റണിൽ ‘നാസ’ ഒരുക്കിയ ‘ചൊവ്വ ആവാസഭൂമി’യിലാണ് കെല്ലി ഹാസ്റ്റൺ, അൻക സെലേറിയു, റോസ് ബ്രോക്ക്‌വെൽ, നേഥൻ ജോൺസ് എന്നീ ഗവേഷകർ കൃത്രിമ ചൊവ്വാ ജീവിതം നയിച്ചത്. ജിമ്മും കൃഷിയിടവും ചൊവ്വാനടത്തത്തിനുള്ള ചുവന്നമണ്ണുമുള്ള 1700 ചതുരശ്രയടി വലുപ്പത്തിലെ കെട്ടിടത്തിൽ 378 ദിവസമാണ് ഇവർ കഴിഞ്ഞത്. ഭൂമിയിൽതന്നെയെങ്കിലും കുടുംബാംഗങ്ങളെ കാണാതെയും പരിമിത വിഭവങ്ങൾ കൊണ്ടു തൃപ്തിപ്പെട്ടും കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ അന്തരീക്ഷത്തിൽ പച്ചക്കറി കൃഷി ചെയ്തും ഉൾപ്പെടെയുള്ള അതിജീവന പരീക്ഷണങ്ങളാണ് ഇവർ നടത്തിയത്. 2015–2016 കാലത്ത് ഇത്തരമൊരു ‘കൃത്രിമച്ചൊവ്വ’ പരീക്ഷണം ഹവായിയിൽ നടത്തിയിരുന്നെങ്കിലും യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയ്ക്കായിരുന്നില്ല നടത്തിപ്പു ചുമതല. ഇപ്പോൾ ഹൂസ്റ്റണിൽ പൂർത്തിയായത് ‘ക്രൂ ഹെൽത്ത് ആൻഡ് പെർഫോമൻസ് എക്സ്പ്ലൊറേഷൻ അനലോഗ്’ എന്നു പേരിട്ടിരിക്കുന്ന നാസ ദൗത്യ പരമ്പരയിലെ ഒന്നാമത്തേതാണ്. 2030കളുടെ അവസാനം ചൊവ്വയിൽ മനുഷ്യരെയെത്തിക്കാനുള്ള സ്വപ്നപദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണ പരിപാടികളാണിത്.