Logo Below Image
Sunday, April 13, 2025
Logo Below Image
Homeഅമേരിക്കലോകാരോഗ്യദിനം ✍അഫ്സൽ ബഷീർ തൃക്കോമല

ലോകാരോഗ്യദിനം ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1945 ഡിസംബറിൽ ചൈനയും ബ്രസീലും ഒരു അന്താരാഷ്ട്ര ആരോഗ്യ സംഘടന രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും 1946 ജൂലായിൽ ന്യൂയോര്‍ക്കില്‍ വെച്ച് ഐക്യരാഷ്ട്ര സംഘടന ഈ നിര്‍ദ്ദേശം അംഗീകരിക്കുകയും 1948 ഏപ്രില്‍ 7ന് 61 രാജ്യങ്ങള്‍ ഈ സംഘടന രൂപീകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കുകയും ചെയ്തതിനെ തുടർന്ന് 1948 ലാണ് ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ആരോഗ്യ സഭ ചേര്‍ന്നത്. ഒന്നാമത്തെ ലോകാരോഗ്യദിനം 1949 ജൂലായ് 22ന് ആചരിച്ചു. 1950 മുതല്‍ എല്ലാവര്‍ഷവും ലോകാരോഗ്യ സംഘടനയുടെ സ്ഥാപകദിനമായ ഏപ്രില്‍ 7ന് ലോകാരോഗ്യ ദിനമായി ആചരിക്കാന്‍ ജനറൽ അസംബ്ലി തീരുമാനിച്ചു .1948 ൽ പ്രഥമ ആരോഗ്യസഭ ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്ത് 1950 മുതൽ എല്ലാ വർഷവും ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമായ ഏപ്രിൽ 7 ന് ലോകാരോഗ്യദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു. ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള പതിനൊന്നു പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ
ലോക മലേറിയ ദിനം, ലോക പുകയില വിരുദ്ധദിനം, ലോക ക്ഷയരോഗദിനം, ലോകരോഗപ്രതിരോധ വാരം, ലോക എയ്ഡ്‌സ് ദിനം, ലോക രക്തദാതാക്കളുടെ ദിനം, ലോക രോഗി ദിനം, ലോക ചകാസ് രോഗ ദിനം, ലോക ആന്റി മൈക്രോബയല്‍ അവബോധ വാരം, ലോക ഹെപ്പറ്റൈറ്റിസ് ദിനം ഇവയിൽ പ്രഥമ സ്ഥാനം ലോക ആരോഗ്യദിനാചരണത്തിനാണ് .

ആഗോളതലത്തില്‍ മനുഷ്യരാശിക്ക് മുഴുവൻ ഭീഷണിയുയര്‍ത്തി കൊറോണ വൈറസ് വ്യാപനം മൂന്ന് ഘട്ടങ്ങൾ കടന്നു പോയതിന്റെ നടുക്കത്തിൽ നിന്ന് നാം മുക്തരായിട്ടില്ല. പൊതുജനാരോഗ്യ രംഗത്ത് “നഴ്സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് “മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന 2020 ലെ ആരോഗ്യ ദിനം ആചരിച്ചത് . കൊവിഡ് രോഗികളുടെ പരിചരണത്തിന് അഹോരാത്രം പരിശ്രമിച്ച ആരോഗ്യ പ്രവർത്തകർക്കൊപ്പം നഴ്സുമാരെ മുൻ വര്ഷങ്ങളില് ലോകാരോഗ്യ സംഘടന പ്രത്യേകമായി ആദരിച്ചിരുന്നു .കൊറോണ വ്യാപനത്തിനെതിരെയുള്ള പോരാട്ടം നഴ്സുമാരുടെ സഹായത്തോട്‌ മാത്രമാണ്
വിജയം വരിച്ചതെന്ന് എടുത്തു പറയുന്നു .

ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ പകുതിയിലധികം നഴ്സുമാരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ആരോഗ്യ രംഗത്ത് നഴ്സിംഗ് ജോലിയിൽ ആവശ്യത്തിനുള്ള ആളില്ല. ലോകാരോഗ്യ പരിരക്ഷാ വികസന ലക്ഷ്യം 2030ല്‍ കൈവരിക്കണമെങ്കില്‍ അധികമായി വേണ്ടത് തൊണ്ണൂറു ലക്ഷം നേഴ്സ് ജോലിക്കാരെയാണ് .കേരളത്തിൽ
നിന്നുള്ള നേഴ്സ് ജോലിക്കാർക്ക് അന്താരാഷ്‌ട്ര തലത്തിൽ മികച്ച പരിഗണന ലഭിക്കുമ്പോൾ കേരളത്തിൽഇവർ നേരിടുന്ന അവഗണനക്കു ശാശ്വത പരിഹാരം
കണ്ടേ മതിയാകൂ .കൊറോണ വൈറസ് വ്യാപനം മുതൽ നിപ്പയും, മറ്റു പകർച്ച വ്യാധികൾ തടയുന്നതിൽ കേരളം മാതൃകയായി എന്ന് മേനി നടിക്കുമ്പോൾ അംഗീകാരങ്ങളൊന്നും നഴ്സിംഗ് രംഗത്തുള്ളവരെ തേടിയെത്താൻ സാധ്യതയില്ല .ലോകാരോഗ്യ സംഘടന നഴ്സിംഗ് രംഗത്തുള്ളവരെ ആദരിക്കാൻ മുൻപോട്ടു വരുമ്പോൾ കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് വരാൻ ആവശ്യമായ സാഹചര്യം ഒരുക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. മഹാവ്യാധികൾ വരുമ്പോൾ മാത്രം “മാലാഖമാരെ” ആദരിക്കുകയും അത് കഴിയുമ്പോൾ അവരെ മറക്കുകയും, അതിന്റെ കീർത്തി ഏറ്റടുക്കാൻ മത്സരിക്കുകയും ചെയുന്ന ഭരണ കൂടം പുനർചിന്തക്കു വഴിമാറട്ടെ.

കഴിഞ്ഞ എഴുപത്തഞ്ചു വര്‍ഷങ്ങളില്‍ മാനസികാരോഗ്യം, പൊതുജനാരോഗ്യം, മാതൃ-ശിശു സംരക്ഷണം, കാലാവസ്ഥാവ്യതിയാനം, നീതിയുക്തവും ആരോഗ്യ പൂർണവുമായ ലോകം പടുത്തുയർത്താം തുടങ്ങി വിവിധ പ്രമേയങ്ങള്‍ തെരഞ്ഞെടുത്ത് ആഗോളതലത്തില്‍ അവബോധമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട് “നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം,’എല്ലാവര്‍ക്കും ആരോഗ്യം’ “എന്റെ ആരോഗ്യം എന്റെ
അവകാശം ” എന്നതായിരുന്നു യഥാക്രമം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രമേയമെങ്കിൽ 2025 ൽ ‘ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവിക്ക് ’, “കുഞ്ഞോമനകൾ ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രിതന്നെ തെരഞ്ഞെടുക്കാം”എന്നീ ആഗോള സന്ദേശമാണ് . ആരോഗ്യ രംഗത്ത് ഏറെ മുൻപിലുള്ള സാക്ഷര കേരളത്തിൽ പ്രസവാനന്തര മരണങ്ങൾ കഴിഞ്ഞ ദിവസം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടത് നിസാരമായി കാണാൻ ആകില്ല. ഗർഭിണികളായ സ്ത്രീകളെ വീട്ടിൽ വച്ച് പ്രസവിക്കാൻ പ്രചരണം നടത്തുകയും വീട്ടിൽ വെച്ച് പ്രസവം നടത്തുന്ന സ്ത്രീകളെ ആദരിക്കുകയും ചെയ്യുന്ന ആളുകളും സംഘടനകളും വരെ കേരളത്തിൽ നിലനിൽക്കുന്നു എന്നത് മുന്പിലുള്ളപ്പോൾ ഈ പ്രമേയം ഏറെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് .

ശുദ്ധമായ കുടിവെള്ളവും ആവശ്യമായ സമീകൃതാഹാരവും കൃത്യമായ ആരോഗ്യസേവനങ്ങളും ലഭ്യമാവാതെ ബുദ്ധിമുട്ടുന്ന കോടിക്കണക്കിനാളുകള്‍ ലോകത്തുണ്ട്. ഇവര്‍ക്കിടയില്‍ പലതരം രോഗങ്ങളും അകാലമരണങ്ങളും പതിവായിരിക്കുന്നു . അര്‍ബ്ബുദം, പ്രമേഹം, ഹൃദ്രോഗം, ഹൃദയസ്തംഭനം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ മാരകരോഗങ്ങള്‍ കൊണ്ട് 380 ലക്ഷത്തിലേറെ ജനങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ മാത്രം മരണമടയുന്നത്.ഇത് മരണ കാരണങ്ങളുടെ 60% ത്തോളം വരും. അര്‍ബ്ബുദം കൊണ്ടുമാത്രം ഓരോ വർഷവും ആറുലക്ഷത്തിലധികം രോഗികള്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട്.

ലോകം മുഴുവൻ പ്രകൃതി വിരുദ്ധ മനോഭാവം വർധിച്ചു വരുമ്പോൾ നമ്മുടെ ഭൂമിയെയും പ്രകൃതിയെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിച്ചു ആരോഗ്യപ്രദമായ പുതിയ ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്താൻ പതിവായുള്ള ആരോഗ്യപരിശോധനകൾ അത്യാവശ്യമാണ് . ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിയുന്ന വർത്തമാനകാലത്തു പൊതുവായുള്ള ആരോഗ്യം, രക്തപരിശോധനകൾ, ശാരീരിക പരിശോധനകൾ, രോഗനിർണയ പരിശോധനകൾ ഇവയെല്ലാം ചേർന്ന ഫുൾബോഡി ചെക്കപ്പ്. ഏറ്റവും ചുരുങ്ങിയത് വർഷത്തിലൊരിക്കലെങ്കിലും നടത്തേണ്ടതാണ്.
ആദ്യ ഘട്ടത്തിൽതന്നെ രോഗം തിരിച്ചറിയാൻ ഫുൾബോഡി ചെക്കപ്പിലൂടെ സാധിക്കുന്നു. ഇതുമൂലം ചികിത്സയിലൂടെ സുഖം പ്രാപിക്കാനും കഴിയും.

ദീർഘായുസ്സിനും സമാധാനപൂർണമായ ജീവിതത്തിനും മികച്ച ആരോഗ്യം ആവശ്യമാണെന്നും അതിനായി വ്യക്തിഗത ശുചിത്വവും ആഹാര നിയന്ത്രണങ്ങളും വ്യായാമങ്ങളും കൃത്യ നിഷ്ഠയും ഓരോരുത്തരും പാലിക്കാൻ തയാറാകണം. ആഹാരമില്ലാതെ മരിക്കുന്നവരേക്കാൾ ഇരട്ടിയിലധികം അമിതാഹാരം മൂലം മരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. ജംഗ് ഫുഡ് എന്ന ഓമന പേരിലറിയപ്പെടുന്ന ആധുനിക ആഹാര രീതികളും വെളുത്ത പദാർത്ഥങ്ങൾ (മൈദ, പഞ്ചസാര, ഉപ്പ്‌) ഒഴിവാക്കുകയോ അളവിൽ കുറയ്ക്കുകയോ ചെയ്‌താൽ തന്നെ ഇന്നത്തെ ആരോഗ്യ പ്രശ്നങ്ങൾ വലിയ അളവിൽ കുറയ്ക്കാനാകും.

രാജ്യത്തെ ജനങ്ങൾക്ക് നല്ല ആരോഗ്യത്തിന് അനുയോജ്യമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാൻ ഭരണ കൂടങ്ങൾക്കും ബാധ്യതയുണ്ട് ഒപ്പം എന്റെ ആരോഗ്യം എന്റെ അവകാശമാണെന്നപോലെ അത് സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും ഓരോരുത്തരും മനസിലാക്കിയിരിക്കണം.

ആരോഗ്യ ദിനാശംസകൾ..

അഫ്സൽ ബഷീർ തൃക്കോമല✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ