തദരീനാ.. നാനാ.. തദരിനാ.. നാ.. നനനാ.. തദരിനാനാന
കച്ചേരി പൊടിപൊടിക്കുകയാണ്. രാഗവിസ്താരം കഴിഞ്ഞു.
വാതാപി ഗണപതിം ഭജേഹം.. ആദിതാളത്തിൽ ഹംസധ്വനിരാഗത്തിലുള്ള ഗണപതിസ്തുതിയോടെ തുടങ്ങി. സാമാന്യം തരക്കേടില്ലാതെ പാടിത്തീര്‍ത്തു.
വാണീദേവിയെ സ്തുതിച്ചുകൊണ്ട് വീണ്ടും ആദിതാളത്തിൽ ശുദ്ധധന്യാസിരാഗത്തിലുള്ള ഹിമഗിരിതനയേ ഹേമലതേ എന്ന കീര്‍ത്തനം അടുത്തതായി അരങ്ങേറി. അതും വളരെ ഭംഗിയായി പാടി.
ഇടയ്ക്കിടയ്ക്ക് ക്ഷേത്രത്തില്‍നിന്ന് കൊടുത്ത കട്ടന്‍ എല്ലാവരും സേവിക്കുന്നുണ്ടായിരുന്നു. പ്രധാനഗായകൻമാത്രം വീട്ടില്‍നിന്ന് കൊണ്ടുവന്ന ഫ്ലാസ്കില്‍നിന്ന് അല്പം കട്ടന്‍ചായ എടുത്ത് കഴിച്ചിട്ട് അടച്ചുവച്ചു. മൂപ്പര്‍ അങ്ങനെയാ. ക്ഷേത്രത്തില്‍നിന്ന് കൊടുക്കുന്ന കട്ടനൊന്നും മൂപ്പര്‍ക്ക് വേണ്ടാ. നല്ല വൃത്തിയും വെടുപ്പുമുള്ള ഇങ്ങേര്‍ കൊണ്ടുവരുന്ന ചായ ആര്‍ക്കും കൊടുക്കുകയില്ല. ആ ഫ്ലാസ്കിൽ ആരെക്കൊണ്ടും തൊടീക്കയുമില്ല.
അടുത്തതായി ഖരഹരപ്രിയരാഗത്തില്‍ പക്കാല നിലബടി എന്ന ശ്രീരാമസ്തുതി ചാപ്പുതാളത്തിൽ തുടങ്ങി. അതും വളരെ ഭംഗിയായി അവതരിപ്പിച്ചു. ആസ്വാദകര്‍ കച്ചേരിക്കാരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. രാവേറെച്ചെന്നതിനാല്‍ ഉറക്കം വരാതിരിക്കാന്‍ ഇതിന്‍റെ ഇടയ്ക്കും പ്രധാനഗായകനും ഉപഗായകരും അകമ്പടിക്കാരും കട്ടന്‍സേവ തുടര്‍ന്നു.
അതിന്നുശേഷം ശ്രീരാഗത്തിലുള്ള കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ എന്ന ചെമ്പൈയ്ക്കു വളരെ പ്രിയപ്പെട്ട കൃതി ആദിതാളത്തിൽ പാടി. അല്പം നീളമുള്ള ഈ കൃതിയില്‍ നിരവല്‍, മനോധർമ്മം ഒക്കെ പ്രധാനഗായകൻ വിസ്തരിച്ചുപാടി. വയലിന്‍കാരനും ഒട്ടും കുറച്ചില്ല. വളരെ നന്നായി അങ്ങേരും സംഗീതത്തിലുള്ള തന്‍റെ വ്യുത്പത്തി പ്രകടിപ്പിച്ചു. കൂട്ടത്തിൽ ശിഷ്യന്മാരും കത്തിക്കയറി. മൃദംഗം, ഘടം എന്നിവരുടെ വകയായി തനിയാവർത്തനം ഗംഭീരമായി നടത്തി.
സ്വരം പാടിക്കൊണ്ടിരുന്നപ്പോള്‍ സഹായിയായി പാടിയിരുന്ന ശിഷ്യന് എന്തോ കുഴപ്പമുണ്ടെന്ന് ഗുരു ശ്രദ്ധിച്ചു. അയാളുടെ താളവും കാലവും ഒക്കെ അല്പാല്പം പിഴയ്ക്കുന്നുണ്ടോ?
അടുത്തതായി ഭൂപാളരാഗത്തില്‍ ത്രിപുടതാളത്തിൽ ഗോപാലക പാഹിമാം എന്ന കൃതി പാടാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍മുതല്‍ സഹായി അപശ്രുതി പാടാന്‍ തുടങ്ങി. ശ്രുതി, ശ്രുതി എന്നു പല പ്രാവശ്യം ഗുരു ശിഷ്യന്‍റെ ചെവിയിൽ മുന്നറിയിപ്പു കൊടുത്തു. പക്ഷേ, അയാള്‍ പൂര്‍വാധികം ഊജ്ജസ്വലതയോടെ “അവതാളത്തിൽ” അപശ്രുതി പാടി.
ഗുരു നോക്കിയപ്പോൾ കക്ഷി ചാപ്പുതാളമാ പിടിക്കുന്നത്! “ഡോ ത്രിപുടതാളത്തിൽ സ്വരം പാടൂ” ഗുരു ആജ്ഞാപിച്ചു. ആരു കേൾക്കാൻ!! ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ ഗുരു അയാൾക്കിട്ട് ഒരു കുത്തു കൊടുത്തു. അങ്ങനെ ഗുരുവും ശിഷ്യനും കച്ചേരി രണ്ടുവഴിക്കാക്കി. ആകെ കുളമായി. ഗുരു കുത്തിയത് ശിഷ്യനു രസിച്ചില്ല. അങ്ങോട്ടുമിങ്ങോട്ടും ഉന്തും തള്ളുമായി. ജനങ്ങള്‍ അന്തംവിട്ട് നോക്കിയിരിപ്പായി.
ഉന്തും തള്ളും കൈയാങ്കളിയിലേക്കെത്തി. ശിഷ്യനു ദേഷ്യം കലശലായി. അയാൾ എണീറ്റിട്ട് ഗുരുവിനെ ഒരൊറ്റയടി. പക്ഷേ, കക്ഷി, എണീറ്റപ്പോള്‍ത്തന്നെ കാലിടറിവീണു. വീണ്ടും എണീക്കാന്‍ ശ്രമിച്ചപ്പോളും അങ്ങനെതന്നെ സംഭവിച്ചു.
പിടിവലിക്കിടയിൽ ഫ്ലാസ്കിൽനിന്ന് തട്ടിത്തൂവി, പുറത്തേക്കൊഴുകിയ കട്ടന് XXX ന്‍റെ മണമായിരുന്നു. പാടിപ്പാടി, തൊണ്ട വരണ്ടപ്പോള്‍ ഗുരുവിന്‍റെ ഫ്ലാസ്ക്കില്‍നിന്ന് അല്പം “കട്ടന്‍” സേവിച്ചു എന്നതുമാത്രമാണ് ശിഷ്യനു സംഭവിച്ച ഏകതെറ്റ്!!
Super
ബോബിച്ചായനെങ്ങനാ, യാത്ര പോകുമ്പോ
ൾ വീട്ടിൽനിന്നുതന്നെയുണ്ടാക്കിയാണോ കൊണ്ടുപോകാറ്?
കഥ രസകരം.