കോട്ടയം ജില്ലയിലെ പാലായിൽ 1859 ഫെബ്രുവരി 24 നു കട്ടക്കയം ഉലഹന്നാൻ മാപ്പിളയുടേയും സിസിലിയുടേയും ഏഴുമക്കളിൽ നാലാമനായിരുന്നു കട്ടക്കയം ചെറിയാൻ മാപ്പിള. പ്രാഥമികപഠനം എഴുത്തു കളരിയിൽ നിന്നും പൂർത്തിയാക്കിയ അദ്ദേഹം ബൈബിളിനോടൊപ്പം നിരവധി സംസ്കൃത ഗ്രന്ഥങ്ങളുംപാരമ്പര്യ വൈദ്യ ശാസ്ത്രങ്ങളും പഠിച്ചു 17 വയസ്സിൽ കൂടച്ചിറവീട്ടിൽ മറിയാമ്മയെ വിവാഹം ചെയ്തു. സത്യനാദകാഹളം, ദീപിക, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ എഴുതി തുടങ്ങിയ അദ്ദേഹം 1913 -ൽ തുടങ്ങിയ “വിജ്ഞാനരത്നാകരം” എന്ന സാഹിത്യമാസികയുടെ മുഖ്യ പത്രധിപരായിരുന്നു. മാർത്തോമാചരിതം ,വനിതാമണി,സൂസന്ന , മാത്തുതരകൻ,തിരഞ്ഞെടുക്കപ്പെട്ട പാത്രം, ആസന്ന മരണ ചിന്താശതകം ,ജൂസേഭക്തൻ തുടങ്ങിയ കവിതാ സമാഹാരങ്ങളും നിരവധി നാടകങ്ങളും എഴുതി .1931 ൽ മിഷനറി അപ്പോലിസ്തിക്’ എന്ന ബഹുമതി പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പയിൽനിന്നു അദ്ദേഹത്തിനു ലഭിച്ചു.കേരളാ കത്തോലിക്ക കോൺഗ്രസ്സിൽ നിന്നും കീർത്തിമുദ്ര(സ്വർണപതക്കം)ലഭിച്ചു.അതുവരെ നിലനിന്നിരുന്ന ആഖ്യാനരീതിയിൽനിന്നു തികച്ചും വ്യത്യസ്തമായി മലയാള ഭാഷയുടെ ചുറ്റുപാടിലേക്ക് ബൈബിളിനെ പറിച്ചുനട്ട കവിയാണ് കട്ടക്കയം.
മതഗ്രന്ഥങ്ങൾ പൂർണ്ണമായും യാഥാസ്ഥികരിൽ മാത്രം നിലനിന്നിരുന്ന കാലത്തു ക്രൈസ്തവരുടെ ഇടയില്‍ ഒതുങ്ങിയിരുന്ന ബൈബിളില്‍ നിന്നു പ്രതിപാദ്യം സ്വീകരിച്ചു രചിച്ച ലക്ഷണയുക്തമായ ആദ്യത്തെ മലയാള മഹാകാവ്യമാണ്”ശ്രീയേശുവിജയം” .
ബൈബിൾ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ശ്രീ യേശുവിജയത്തിന്റെ രചനയിൽ 3719 പദ്യങ്ങൾ 24 സർഗ്ഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. “ക്ഷീണിച്ച കുരിശും ചുമന്നു കൊണ്ടരയിലെ കീറ തുണി തുണ്ടുമായി” എന്നുള്ള വരികൾ യേശു ക്രിസ്തുവിന്റെ ത്യാഗോജ്വലമായ ജീവിതത്തെയും മരണത്തെയും ഉയര്തെഴുനെല്പിനെയും കാവ്യനവേഷകർക്കു പരിചയപ്പെടുത്തുന്നത് മികച്ച ആഖ്യാന ശൈലിയിലാണ്.ഒരു പരിധിവരെ മലയാളത്തിൽ ബൈബിളിനെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് 1911 മുതൽ 1926 വരെയുള്ള 15 വർഷം കൊണ്ടദ്ദേഹം എഴുതിയ “ശ്രീയേശുവിജയം” എന്ന കൃതിയാണെന്നുള്ളതിൽ രണ്ടു പക്ഷമില്ല .അത് കൊണ്ടാണ് അദ്ദേഹത്തെ “ക്രൈസ്തവകാളിദാസൻ “എന്ന് അറിയപ്പെടുന്നത്.
“പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
“തട്ടിൻപുറത്താഖു മൃഗാധിരാജൻ
കാട്ടാളരിൽ കാപ്പിരി കാമദേവൻ
കട്ടക്കയം ക്രൈസ്തവകാളിദാസൻ”
എന്നദ്ദേഹത്തെ വിമർശിച്ചവർ
അക്കാലത്തുണ്ടായിരുന്നു എങ്കിലും
അതൊരു സമസ്യ പുരാണം മാത്രമായിരുന്നു .
അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ 1988 ൽ ഡോ. കുര്യാസ് കുമ്പളക്കുഴി “കട്ടക്കയം കൃതികൾ” എന്നൊരു ബൃഹദ്ഗ്രന്ഥവും പിന്നീട്, കട്ടക്കയം- കവിയും മനുഷ്യനും എന്ന ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കട്ടക്കയം കൃതികൾ പ്രകാശനം ചെയ്തുകൊണ്ട് ഡോ .സുകുമാർ അഴീക്കോട് “യേശു എന്ന നക്ഷത്രത്തെ നമ്മുടെ സാഹിത്യാകാശത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുത്തിയത് കട്ടക്കയമാണ്. അദ്ദേഹം തന്റെ കൃതികളിൽക്കൂടി ഹൈന്ദവ, ക്രൈസ്തവ സംസ്‌കാരങ്ങളുടെ സംഗമഘട്ടത്തെ ആഗമിപ്പിച്ചുകൊണ്ട് നവജീവിതത്തിന്റെയും സഹജീവിതത്തിന്റെയും വക്താവായിത്തീർന്നു. വന്ധ്യമായിപ്പോയ അനേകം നൂറ്റാണ്ടുകൾക്കുശേഷം ഭാരതത്തിനു ലഭിച്ച പുതുജീവിതത്തിന്റെ ഉദയസൂര്യനാണ് ശ്രീയേശുവിജയം” എന്നാണ് .മീനച്ചിൽ റബർ കമ്പനിയുടെ സ്ഥാപകനും കൂടിയായ അദ്ദേഹം 1936 നവംബർ 29 നു നമ്മോടു വിട പറഞ്ഞെങ്കിലും കട്ടക്കയത്തിന്റെ സാഹിത്യ സംഭാവനകൾ ലോകാവസാനം വരെ നിലനിൽക്കും .
“പരമസുകൃതജാലം സൃഷ്ടിരക്ഷാദിലീലം
ചരണപതിതബാലം ദീനലോകാതിലോലം
ശരണ രഹിതപാലം യേശുമിഷ്ടാനുകൂലം
ദുരിതനിരതകാലം നൗമികാരുണ്യശീലം ”
“ഇല്ലത്തവര്ക്കു കഴിയുന്ന സഹായമെല്ലാ –
മുള്ളോരു ചെയ്കിലഖിലേശനതിഷ്ടമായി
അല്ലെങ്കിലീശനവരോടുളവാമനിഷ്ടം
പൊല്ലാപ്പുമെത്തുമവസാനമവര്ക്കു മേന്മേല്” ‘



