“ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ” എന്ന ചൊല്ലിൽ നിന്നുതന്നെ നമുക്ക് തുടങ്ങാം. ഏതു പ്രായത്തിലും മനുഷ്യർക്ക് വ്യായാമം അത്യന്താപേക്ഷിതം തന്നെ! സമ്പൂർണ്ണ ആരോഗ്യം പ്രദാനം ചെയ്യാൻ വ്യായാമത്തിന് കഴിയുന്നു എന്നതാണ് നാം ഉൾക്കൊള്ളേണ്ടത്.
പതിവായി വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരത്തിലെ ഓരോ കോശത്തിനും ഉന്മേഷം ലഭിക്കുന്നതോടൊപ്പം കൃത്യമായ വ്യായാമത്തിലൂടെ ഒരാളുടെ ഹൃദയം മിനിറ്റിൽ 45 മുതൽ 55 പ്രാവശ്യം വരെ സ്പന്ദിക്കുന്നു . ഇങ്ങനെ ഹൃദയം മിടിക്കുമ്പോൾ പമ്പ് ചെയ്യുന്ന അത്രയും അളവ് രക്തം ഒരു വ്യായാമവും ചെയ്യാത്ത ഒരാളിൽ പമ്പ് ചെയ്യണമെങ്കിൽ ഹൃദയം 70 മുതൽ 75 വരെ തവണ സ്പന്ദിക്കേണ്ടിവരും.
ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് വ്യായാമം കൂടിയേ തീരൂ. നിത്യേന നമ്മുടെയൊക്കെ ജീവിതത്തിൽ വ്യായാമം ഒരു ശീലമാക്കിയാൽ അത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും, അതുവഴി പേശികളുടെ ബലം വർദ്ധിക്കുന്നതിനും ഇടയാകുന്നു. അങ്ങനെ കൊളസ്ട്രോൾ രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കപ്പെടുന്നു.
സമ്പൂർണ്ണമായ ആരോഗ്യം കൈവരിക്കുന്നതിലൂടെ ഒരു മനുഷ്യന് നല്ല ഉറക്കവും മാനസികോ സവും, ഉന്മേഷവും ശക്തിയും, ചിന്താശക്തിയും, പ്രതിസന്ധിഘട്ടങ്ങളെ നേരിടാനുള്ള വൈകാരികവും, മാനസികവും ശാരീരികവുമായ കരുത്തും ലഭ്യമാകുന്നു.
കൂടാതെ രോഗങ്ങൾ പിടിപെടുന്നത് തടയുവാനും ചികിത്സകൾ ഫലപ്രദമാകുവാനും വ്യായാമം സഹായിക്കുന്നു. ഒപ്പം നല്ല ചുറുചുറുക്കോടെ മറ്റൊരാളുടെ മുൻപിൽ നമ്മെ പ്രസന്റ് ചെയ്യാനും നമ്മുടെ യൗവനം നിലനിർത്താനും മധ്യവയസ്സു പിന്നിട്ടവർക്ക് സ്വാസ്ഥ്യം നിലനിർത്താനും ഏറെ പ്രയോജനകരമാണ്.
വ്യായാമം തിരഞ്ഞെടുക്കുന്നതിലും അതിൽ നമ്മുടെ പ്രായത്തെ പരിഗണിക്കുന്നതിലും ഒരു സുപ്രധാന പങ്കുണ്ട്. കൂടെ നമുക്കുള്ള അസുഖങ്ങളെയും.
നീന്തൽ ഓട്ടം, നടത്തം, സൈക്കിളിംങ്, എയ്റോബിക്സ്, ജിംനേഷ്യം, തുടങ്ങി വിവിധ തരത്തിലുള്ള വ്യായാമ മുറകൾ ഉണ്ട് . ഡാൻസിന്റെ വക ഭേദങ്ങൾ തൊട്ട് സുംബാ വരെ. ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നുള്ളത് ചിന്തനീയം. അവനവൻ്റെ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുസരിച്ച് വേണം വ്യായാമമുറകൾ സ്വീകരിക്കുവാൻ. ചെറുപ്പക്കാർക്ക് ഏത് വ്യായാമവും സ്വീകരിക്കാം പക്ഷേ 40 വയസ്സ് കഴിഞ്ഞവർക്ക് മറ്റ് അസുഖങ്ങളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഉചിതമായ വ്യായാമം തിരഞ്ഞെടുക്കാം. ഇന്ന് ഏത് രോഗാവസ്ഥയിലും (തൻ്റെ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള) അനുയോജ്യമായ വ്യായാമ മുറകൾ സ്വീകരിക്കാം എന്നുള്ളത് ഒരു അഡ്വാൻ്റേജ് തന്നെയാണ് . അതുവഴി രോഗത്തിൻ്റെ കടുപ്പത്തെ സാധൂകരിക്കാൻ കഴിയുന്നു. അങ്ങനെ മനസ്സിൻ്റെ ഭാരത്തെ ലഘൂകരിക്കാം.
ഏതു രോഗാവസ്ഥയിൽ നിന്നും വലിയ റിസ്ക്കുകളൊന്നുമില്ലാതെ ഒരു രോഗിക്ക് കൃത്യമായ മെഡിസിനിലൂടെയും അതിനനുസരിച്ചുള്ള വ്യായാമത്തിലൂടെയും പരിചരണത്തിലൂടെയും ഈസിയായി മുക്തി നേടാൻ കഴിയുന്നു എന്നുള്ളതാണ് എടുത്തുപറയേണ്ടത്.
രാവിലെയും വൈകിട്ടും ഉള്ള നടത്തം തന്നെയാണ് ഏറ്റവും നല്ല വ്യായാമമായി ഡോക്ടർമാർ ഇന്നും നിർദ്ദേശിക്കുന്നത്. നടത്തം കൊണ്ട് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി ചലിക്കുന്നു, അതുവഴി രക്തചംക്രമണം വർദ്ധിക്കുന്നു എന്നതോടൊപ്പം ഈസിയായി ആർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വ്യായാമം എന്ന നിലയിലും , ഏത് പ്രായക്കാർക്കും തൻ്റെ കഴിവിനനുസരിച്ച് സ്പീഡ് കൂട്ടിയും കുറച്ചും നിർവ്വ ഹിക്കാം എന്നതിനാലും ആർക്കും സജസ്റ്റ് ചെയ്യാൻ പറ്റുന്ന ഒരു നല്ല വ്യായാമമുറയായി നടത്തത്തെ അംഗീകരിച്ചിരിക്കുന്നു.
നടക്കുമ്പോൾ ഇയർ ഫോണും, മൊബൈൽ ഫോണും കഴിവതും ഉപയോഗിക്കാതിരിക്കുക. ആദ്യം കുറഞ്ഞ സ്പീഡിൽ തുടങ്ങി ക്രമേണ സ്പീഡ് കൂട്ടി , ശരീരമയച്ചിട്ട് ,കൈകൾ വീശി കാലക്രമേണ സമയദൈർഘ്യം കൂട്ടി നടന്നു ശീലിക്കുക. ഉദ്ദേശം 40 മിനിറ്റ് എങ്കിലും നടക്കുക എന്നുള്ളതാണ് കണക്ക്. ഇനി നടക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നവർക്ക് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റു വ്യായാമങ്ങൾ തിരഞ്ഞെടുക്കാം.
ആരോഗ്യം ഉണ്ടാക്കിയെടുക്കുന്നതിനും തുടർന്ന് അത് നിലനിർത്തിക്കൊണ്ടു പോകുന്നതിനും കൂടിയാണ് ഈ വ്യായാമം എന്നുള്ളത് ഓർക്കുക!
ഇനി വ്യായാമ,മില്ലായ്മ യുടെ ദൂഷ്യഫലങ്ങളെ കൂടി നമുക്കൊന്നു നോക്കിയാലോ? പ്രധാനമായും പല വിധ വലുതും ചെറുതുമായ രോഗങ്ങൾക്കും പുറമേ ജോലി ചെയ്യാനുള്ള കാര്യക്ഷമതയില്ലായ്മ, തുടർച്ചയായി ജോലി ചെയ്യാനുള്ള ശേഷിയില്ലായ്മ, ക്ഷീണം, അലസത, ഡിപ്രഷൻ, മറവിരോഗം, കായിക ശേഷിയില്ലായ്മ, ആരോഗ്യക്കുറവ്, മാനസികാരോഗ്യക്കുറവ് തുടങ്ങി പലവിധ രോഗങ്ങൾക്കും മനുഷ്യർ അടിക്കടി കീഴ്പെട്ടുകൊണ്ടിരിക്കും.
പ്രഭാത ഭക്ഷണത്തിനു മുൻപേ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും നല്ലത് എന്നുള്ളതാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള ദുർമേദസ് ഫലപ്രദമായി കുറയാനും, പേശികൾ കൂടുതൽ കരുത്തുറ്റതാക്കാനും, പ്രമേഹത്തെ നിയന്ത്രിക്കാനും ഒക്കെ ഇത് കൂടുതൽ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ ഊർജ്ജമാക്കാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെ കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ഈ കൊഴുപ്പിനെ ഉപയോഗപ്രദമാക്കാൻ സഹായിക്കുന്നു.
വ്യായാമം ചെയ്യുന്നതിനു മുൻപ് ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, വ്യായാമത്തിനുശേഷം ആവശ്യമുള്ളത്ര വെള്ളം കുടിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക എന്നുള്ളതും പ്രാധാന്യമേറിയതാണ്.
വ്യായാമം സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം സന്തോഷം നൽകുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും, മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, അതുവഴി പകർച്ചവ്യാധികളെ ചെറുക്കുകയും, എല്ലാത്തിലും ഉപരി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, ഫിറ്റ്നസ് വർദ്ധിപ്പിക്കുകയും, സദാ ഉന്മേഷവും, ഉത്സാഹവും നിറയ്ക്കുകയും നിങ്ങളെ ഒരു പോസിറ്റീവ് എനർജിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
അപ്പോൾ ഇനിയും ഒട്ടും തന്നെ വൈകിക്കേണ്ട, മടിച്ചിരിക്കേണ്ട ,ആരും തന്നെ….ഇതേവരെ മടിച്ചിരുന്നവർക്ക് എൻ്റെ ഈ ചെറുലേഖനം ഒരു പോസിറ്റീവ് എനർജി യായി തീരട്ടെ എന്നാശിക്കുന്നു.
“എൻ്റെ വ്യായാമം എൻ്റെ ആരോഗ്യം “എന്ന് ഉറക്കെ പ്രഖ്യാപിക്കുക .പ്രതിജ്ഞ യെടുക്കുക.
കളരിയിലേക്ക് ഇറങ്ങുക.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി സ്നേഹം.




വ്യായാമത്തിന്റെ പ്രാധാന്യം നന്നായി എഴുതി