സൈലൻ്റ് ഡിവോഴ്സ് എന്നത് യുവതലമുറയുടെ പുതിയ പ്രവണതയായി കണക്കാക്കപ്പെടുന്നു എങ്കിലും, പിന്നോട്ട് സഞ്ചരിച്ചാൽ പഴയകാല ആജ്ഞാനുസരണ ദാമ്പത്യ ബന്ധങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു എന്ന് നമുക്ക് തന്നെ കണ്ടെത്താൻ കഴിയും.
നമ്മുടെ അച്ഛനമ്മമാർ അപ്പൂപ്പൻ അമ്മൂമ്മമാർ.. അവരുടെയൊക്കെ കാലം തന്നെ എടുത്തു നോക്കാം.
തങ്ങളിൽ തങ്ങളിൽ വളരെ ചുരുങ്ങിയ സംസാരം, ഭർത്താവിൻ്റെ ആജ്ഞകൾക്കനുസരിച്ച് മാത്രം വാ തുറക്കുന്ന സ്ത്രീകൾ, ഭർത്താവിനെ കൺകണ്ട ദൈവമായി കണ്ടു എല്ലാം സഹിക്കുകയും, ക്ഷമിക്കുകയും, അവരിൽ മാത്രം വിശ്വാസം അർപ്പിച്ച് തന്നെ പൂർണ്ണമായും സ്വയം സമർപ്പിക്കുകയും ചെയ്ത് അവരുടെ മനസ്സിന്റെ ആഴങ്ങളെ അളന്ന് ഇതൊക്കെ നല്ല കുടുംബത്തിൽ പിറന്ന സ്ത്രീകളുടെ കടമയാണെന്ന് കരുതി എത്ര വേണമെങ്കിലും മക്കളെ പ്രസവിച്ച് ഒരു നാലുകെട്ടിനുള്ളിൽ മരണംവരെ അവർ തങ്ങളുടെ ജീവിതം നയിക്കുന്നു.
അത് സന്തോഷപൂർവ്വമാണോ എന്നതും ദുഃഖപൂർണ്ണമാണോ എന്നതും അവരുടെകൂടെ തന്നെ ഒടുങ്ങുന്ന വസ്തുതയാണ്. അതാണ് ആ ജീവിതത്തിൻ്റെ പ്രത്യേകതയും.
അന്ന് സാങ്കേതികമായും സാമ്പത്തികമായും വിജ്ഞാനപരമായും ഇന്നത്തെക്കാൾ സ്ത്രീകൾ ഒരുപാട് പിറകിൽ ആയിരുന്നു. എന്നുള്ളത് കൊണ്ട് തന്നെ അവരതൊക്കെ ഉൾക്കൊണ്ട് ജീവിക്കും.
എന്നാൽ ഇന്ന് കാലം മാറി. ലോകം മാറി .ഏതു കാര്യത്തിലും പുരുഷന്മാർക്കൊപ്പം സ്ത്രീകൾ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നു. എല്ലാ മേഖലകളിലും ജോലി ചെയ്യുന്നു. അപ്പോൾ അവരുടെ ചിന്താഗതിക്കും മനോവികാരങ്ങൾക്കും അപ്പിയറൻസിനും, തീരുമാനങ്ങൾക്കും ഒക്കെ സ്വാഭാവികമായും പുരോഗമനാശയപരമായ മാറ്റങ്ങൾ തന്നെ ഉണ്ടാകും. അത് ലോകം അംഗീകരിക്കുകയും ചെയ്യും.
ഇനി കേരളത്തിലെ യുവതലമുറകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഈ സൈലൻറ് ഡിവോഴ്സ് എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഏറ്റവുംചുരുക്കിപ്പറഞ്ഞാൽ! കോടതിയോ വക്കീലോ, നിയമവഴികളോ, മറ്റുനൂലാമാലകളോ … ഒന്നുമില്ലാതെ ഒരേ വീട്ടിൽ അന്യരെപ്പോലെ ഭാര്യ ഭർത്താക്കന്മാർ ജീവിക്കുക. രണ്ട് റൂംമേറ്റ്സിനെ പോലെ. രണ്ട് അതിഥികളെ പോലെ. വിവാഹമോചിതരെ പോലെ.
അവർക്കിടയിൽ വളരെ ചുരുങ്ങിയ സംസാരങ്ങൾ മാത്രം. ഒരാൾ മറ്റൊരാളെ
ആവശ്യമില്ലാതെ ഒന്നിനും ആശ്രയിക്കുന്നില്ല. തങ്ങളിൽ തങ്ങളിൽ കുറ്റപ്പെടുത്തലുകളില്ല. കുത്തു വാക്കുകളില്ല ആശയവിനിമയങ്ങൾ ഇല്ല.
രണ്ടു മനസ്സുകളുമായി വിദൂരങ്ങളെ തേടി അടുത്തടുത്തിരുന്ന് അവർ ഒരേ തീൻ മേശ പങ്കിടുന്നു. ഒരേ കിടക്കയിൽ ഉറങ്ങുന്നു. ഒരേ വീട്ടിൽ കഴിയുന്നു. പരസ്പരമുള്ള നിശ്വാസങ്ങളിൽ പോലും അവരുടെ നിഴലുകൾ പതിയുന്നില്ല.
അടുത്തടുത്തിരിക്കുമ്പോഴും തങ്ങളിൽ തങ്ങളിൽ ഏകാന്തത അനുഭവപ്പെടുന്നത് ഈ ഒരു സൈലൻറ് ഡിവോഴ്സിൻ്റെ പാതകൾ താണ്ടുമ്പോൾ ഉള്ള വലിയ പ്രത്യേകതയാണ്! തീരെ ചെറിയ കാര്യങ്ങൾ പോലും പരസ്പരം ഇഷ്ടപ്പെടാതിരിക്കുക? ഉദാഹരണത്തിന് ഭാര്യയുടെ ഒരു ജോഡി ഡ്രസ്സ് , ഫേസ് ക്രീം, അതുമല്ലെങ്കിൽ വാനിറ്റി ബാഗ് ഇങ്ങനെ എന്തെങ്കിലും സാധനങ്ങൾ താൻ കിടക്കുന്ന കിടക്കയുടെ ഭാഗത്ത് ചേർന്ന് , താനിരിക്കുന്ന സോഫാസെറ്റിൻ്റെ ഭാഗത്തോ, അനുബന്ധ ഭാഗങ്ങളിലോ എവിടെയെങ്കിലും കണ്ടാൽ അത് അയാളിൽ അലോസരമുണ്ടാക്കുക, (തിരിച്ചും അങ്ങനെ തന്നെ ആകാം) .
അത് പ്രകടമാകും വിധം ഏതോ അന്യ ജീവിയുടെ എന്നതുപോലെ അല്ലെങ്കിൽ ഏതോ ഉപദ്രവകാരിയായ ഒരു വസ്തു തന്റെ അടുത്തിരിക്കുന്നു എന്നത് പോലെയോ കരുതി “ഇതെടുത്ത് മാറ്റൂ” എന്ന് യാതൊരുവിധ വികാരപ്രകടനങ്ങളു മില്ലാതെ അവജ്ഞയുടെ ശബ്ദത്തിൽ വിളിച്ചുപറയുക. എന്തോ തെറ്റു പറ്റി എന്നതുപോലെ പങ്കാളി ചെന്ന് അതെടുത്തു മാറ്റുക! നിശബ്ദത എല്ലായിടത്തും അവരെ ഭരിക്കുക .
പരസ്പരം യാതൊരു കണക്ഷനും ഇല്ല. എന്നാൽ, വഴക്കോ പരാതിയോ, പരിഭവങ്ങളോ, കുറ്റപ്പെടുത്തലുകളോ ഒന്നും ഇല്ല. തങ്ങളിൽ തങ്ങളിൽ അഡ്ജസ്റ്റ് ചെയ്തു കീഴ്പ്പെട്ട്, ജീവിക്കുക എന്നൊരു അർത്ഥം കൂടി നമുക്ക് ഇതിനെ ബുദ്ധിപൂർവ്വം ചിന്തിച്ചാൽ വ്യാഖ്യാനിക്കാം.
ആരോ കൂട്ടിച്ചേർത്ത ജീവിതങ്ങളെ അവർ ജീവിച്ചു തീർക്കുന്നു.
നിങ്ങൾ സംസാരിക്കുന്നുണ്ട് എന്നാൽ അത് തീരെയും ഇൻ്റിമെസി ഇല്ലാതെയാണ്!
ഉദാഹരണത്തിന് … “പഞ്ചസാര തീർന്നു വാങ്ങണെ. “മോൾടെ സ്കൂളിൽ, പോകും വഴി ഒന്ന് കയറണെ.” “ഞാനിന്ന് അരമണിക്കൂർ താമസിക്കും.” ഇങ്ങനെയുള്ള ഒഴിച്ചുകൂടാൻ പറ്റാത്ത വാക്കുകൾ അല്ലെങ്കിൽ കാര്യങ്ങൾ മാത്രം.
അതുപോലെ മാനസിക അടുപ്പം പോലെ തന്നെ ശാരീരിക അടുപ്പവും തീരെയും കുറഞ്ഞുവരുന്നു. ലൈംഗികത ഉൾപ്പെടെ. ബന്ധങ്ങളിലെ ഊഷ്മളത, കുഞ്ഞു ചുംബനങ്ങൾ, തലോടലുകൾ, പ്രോത്സാഹനങ്ങൾ, എന്തും പങ്കിടീൽ ഇതൊന്നുമില്ലാതെ !സ്വയം ശിക്ഷ എന്ന രീതിയിലോ, പരസ്പരം ബോദേർഡ് അല്ലെങ്കിൽ സ്വാതന്ത്ര്യം ആസ്വദിക്കാം എന്ന രീതിയിലോ, കുട്ടിക്ക് വേണ്ടി എന്തും അഡ്ജസ്റ്റ് ചെയ്ത് പരസ്പരം ജീവിക്കുന്നു എന്ന രീതിയിലോ, എൻ്റെ രീതിക്ക്, എൻ്റെ ഇഷ്ടങ്ങൾക്ക് , എൻ്റെ ആഗ്രഹങ്ങൾക്കൊത്ത് നിനക്ക് മാറാൻ കഴിയില്ല എന്ന പരസ്പര ചിന്തയിൽ ഇനി ഇതേ മാർഗം ഉള്ളൂ ജീവിച്ചു തീർക്കാൻ എന്ന കരുതലിലോ ഒക്കെ പുതിയ തലമുറക്കാരിൽ ഒരു വലിയ പങ്കും ഇങ്ങനെ സൈലൻറ് ഡിവോഴ്സി ലൂടെ ജീവിതം ജീവിച്ച് തീർക്കുന്നവരാണ്. ബോധപൂർവ്വമോ അല്ലാതെയോ?…
ഒരുമിച്ചുള്ള യാത്രകൾ ഇവർ ബോധപൂർവ്വം ഇല്ലാതെയാക്കുന്നു? പരസ്പരം കാണാതെയും കേൾക്കാതെയും, അനുഭവിക്കാതെയും അവരെന്ന ബിന്ദുവിൽ മാത്രം ചുരുങ്ങി ഒഴിച്ചുകൂടാൻ വയ്യാത്ത കാര്യങ്ങൾ മാത്രം പരസ്പരം പ്രസന്റ് ചെയ്തു ജീവിതം ജീവിച്ചു തീർക്കുന്നവരാണ് ഇവരിലധികം പേരും.
ഇത് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിങ്ങൾക്കിടയിലുള്ള ആ ഒരു സ്പേസ് നഷ്ടപ്പെടുന്നു. പരസ്പര ബഹുമാനം ഇല്ലാതെയാകുന്നു. ഏകാന്തമായ കൂടുകളിൽ മാത്രം നിങ്ങൾ ഒതുങ്ങി കൂടുന്നു.
ക്രമേണ വിഷാദരോഗങ്ങൾ, അമിത ഉത്കണ്ഠ, മറ്റു മാനസിക പ്രശ്നങ്ങൾ ഒക്കെ നിങ്ങളിൽ ഉടലെടുക്കാം. നിങ്ങൾക്ക് നഷ്ടപ്പെട്ടുപോകുന്ന ആ കുറവുകളെ തേടി നിങ്ങളുടെ മനസ്സ് പുതിയ ചിന്തകളിലേക്ക് കടക്കാം. സങ്കല്പങ്ങളിൽ ആ കുറവുകളെ നികത്തുന്ന മറ്റൊരാളെ തേടാം. പക്ഷേ അപ്പോഴും നിങ്ങൾ ഇങ്ങനെ തന്നെ ജീവിക്കും. അതാണ് പ്രത്യേകത.
ഇങ്ങനെയുള്ള പങ്കാളികളെയും പുറമേ നിന്ന് നോക്കിയാൽ ആരും അസൂയപ്പെടും വിധം വളരെ ഹാപ്പിയായി വളരെ നല്ല ഭാര്യ ഭർത്താക്കന്മാരായി ജീവിക്കുന്നവർ ആയിട്ടാണ് കാണുന്നത്. അവർ പുറത്ത് വളരെ സന്തുഷ്ടരായി ജീവിച്ച് അഭിനയിക്കുന്നു.
വീടിനുള്ളിലേക്ക് കടന്നാൽ കുട്ടികളുടെ അച്ഛൻ അമ്മ അല്ലെങ്കിൽ, ഒരു വീട് പങ്കിടുന്ന രണ്ട് അതിഥികൾ, തുടങ്ങിവച്ച ജീവിതം ആർക്കുമാർക്കും
അലക്കിയലക്കി വെളുപ്പിക്കാൻ കൊടുക്കാതെ, ആർക്കുമാർക്കും ബുദ്ധിമുട്ടുകളില്ലാതെ വളരെ അഡ്ജസ്റ്റ് ചെയ്തു എന്തിനോ വേണ്ടി ജീവിച്ചു തീർക്കുന്ന രണ്ടുപേർ എന്ന രീതിയിലേക്ക് മാറ്റപ്പെടുന്നു.
യുവതലമുറയിലെ ദാമ്പത്യ ബന്ധങ്ങൾക്കിടയിലെ ഒരുപാട് പഠനങ്ങളിൽ നിന്നും മാനസികാരോഗ്യ വിദഗ്ധർ കണ്ടെത്തിയിട്ടുള്ള ഈ സൈലൻറ് ഡിവോഴ്സ് അവസാനഘട്ടത്തിൽ മാരകമായ ദൂഷ്യവശങ്ങളിലേക്ക് തന്നെ എത്തപ്പെടുന്നു. തീർച്ചയായും അതിനുമുമ്പായി തന്നെ ഈ ദമ്പതികൾ മനസ്സുവച്ചാൽ! ആരെങ്കിലും ഒരാൾ സറണ്ടർ ചെയ്താൽ മുൻകൈയെടുത്ത് മുന്നോട്ടുവന്ന് തുറന്ന സംസാരവും അടുത്തിടപഴകിയുള്ള പെരുമാറ്റ രീതികളും കൗൺസിലിങും ഒക്കെ കൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടാക്കി,… അല്ലെങ്കിൽ നല്ല ദാമ്പത്യബന്ധം നയിക്കാൻ സാധിക്കും. പക്ഷേ …ബോധപൂർവ്വം അവർ തന്നെ വിചാരിക്കണം.
ഇത് തന്നെയാണ് രണ്ടുപേർക്കും തങ്ങളിലേക്ക് ചുരുങ്ങാൻ അല്ലെങ്കിൽ തങ്ങളുടേതായ ലോകത്ത് സ്വതന്ത്ര്യമായി വിഹരിക്കാൻ നല്ലത് എന്ന് കരുതി അതിൽ സന്തോഷം കണ്ടെത്തുന്നവരാണെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല .
കുട്ടികളാണ് ഇതിനിടയിൽ ഏറ്റവും കൂടുതൽ സ്നേഹം അനുഭവിക്കാതെയും അച്ഛനമ്മമാരുടെ ബന്ധത്തിൻ്റെ ആഴവും ഊഷ്മളതയും കണ്ട് വളരാതെയും മുരടിച്ചു പോകുന്നത്.അതാണ് ഈയൊരു വിഷയത്തിലെ ഹൈലൈറ്റ്.
ഇനി നിങ്ങൾക്കും ഈ അടയാളങ്ങൾ വച്ച് സ്വയം ഒന്ന് അളന്നു നോക്കാം. ഒരു കൂരയ്ക്കുള്ളിൽ രണ്ട് ലോകം സൃഷ്ടിച്ച് ജീവിതം തള്ളിനീക്കുന്നവരാണോ നിങ്ങൾ എന്നുള്ളത്?
കണ്ണിൽ കണ്ണിൽ കണ്ടുകൂടാതെ ആകുമ്പോൾ ,തമ്മിൽ തമ്മിൽ കേട്ടിരിക്കാൻ പറ്റാതെ ആകുമ്പോൾ, നിങ്ങളുടെ ആശയങ്ങൾ തങ്ങളിൽ ഒട്ടും കൂടിച്ചേരാതെ ആകുമ്പോൾ, ലക്ഷ്യബോധങ്ങൾ ഒരുമിച്ചു പങ്കിടാൻ പറ്റാതെ ആകുമ്പോൾ, ഒരു മലയോളം സ്വപ്നങ്ങളെ ചുമന്ന് ഒരു പൊട്ടോളം കിനാക്കളെ പോലും ഒരുമിച്ച് പങ്കിടാൻ പറ്റാതെ ആകുമ്പോൾ , എല്ലാ വഴികളും പയറ്റി തെളിഞ്ഞ് പരസ്പരം കീഴടങ്ങി ഈ ലോകത്തിനു മുന്നിൽ നല്ലവരായി ജീവിച്ച് ബോധ്യപ്പെടുത്തി,വലിയ വലിയ പ്രശ്നങ്ങളിൽ നിന്ന് അഗ്നിസ്ഫോടനങ്ങളും, ലാവകളും പുറത്തേക്ക് ഒഴുകാതിരിക്കാൻ സ്വയം ഉരുകി ഒലിച്ചു തീരുന്ന മെഴുകുതിരികൾ ആയി നിങ്ങൾ തനിയെ മാറിയതാണോ ? എന്നുള്ളത്.
തീർച്ചയായും ഈ ചെറിയ എഴുത്തിലൂടെ നിങ്ങൾ ഒരു വലിയ പാഠം തിരിച്ചറിഞ്ഞ് എന്നോട് പ്രതികരിക്കുമെന്ന വിശ്വാസത്തോടെ…
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി,സ്നേഹം.




വളരെ ഗൗരവകരമായ വിഷയം നന്നായി അവതരിപ്പിച്ചു