ഞാൻ എപ്പോഴും എഴുതണം എന്ന് കരുതിയ ഒരു വിഷയമാണ് LGBTQ ഒരുപാടു കുറച്ചു കാര്യങ്ങൾ അറിയാത്തകൊണ്ടും നേരിട്ട് ആരോടും സംസാരിക്കാത്തതു കൊണ്ടും ഒരു കൃത്യത ഇല്ലായിരുന്നു. ഇപ്പൊ കുറച്ചായി ഈ ലേഖനത്തിനു വേണ്ടിയാണ് അവരെകുറിച്ച് അറിയാൻ ശ്രമിച്ചത്. സമൂഹത്തിലും, സാമൂഹിക മാധ്യമങ്ങളിലും ഇത്രയേറെ അവഗണനയും, അവഹേളനയും, വെറുപ്പും നേരിടുന്ന ഒരു കൂട്ടം മനുഷ്യർ അങ്ങനെയാണ് അവരെകുറിച്ച് എനിക്ക് തോന്നിയത്. അവർ ഉന്നതിയിൽ എത്തിക്കോട്ടെ, പദവികളിൽ ഇരുന്നോട്ടെ, സമൂഹത്തിൽ എത്രയൊക്കെ നന്നായി ഇടപഴകിയാലും അവർ വാക്കിലൂടെയും, നോക്കിലൂടെയും നേരിടുന്ന വെർബൽ റേപ്പ് എത്രയാണ്? അവരും മനുഷ്യരല്ലേ? അവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അനുവാദമുണ്ട്.
ഭിന്നലിംഗർ (ട്രാൻസ് ജെൻഡറുകൾ) ഭാരതീയ സാംസ്കാരികത്തനിമയിൽ നുറ്റാണ്ടുകളായി ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ ഭാരതത്തിൽ മൂന്നാം ലിംഗക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി 21ആം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ മാത്രമേ നിയമപരമായ വ്യവസ്ഥകൾ നിലവിൽ കൊണ്ടുവന്നിട്ടുള്ളു. ശിഖണ്ഡി എന്നൊരു കഥാപാത്രം മഹാഭാരതത്തിലുണ്ട്. ശിഖണ്ഡിയെ മുൻനിർത്തിയാണ് അർജുനൻ ഭീഷ്മ പിതാമഹാനെ വീഴ്ത്തുന്നത്. അതുപോലെ തന്നെ അജ്ഞാത വാസകാലത്ത് അർജുനൻ സ്ത്രീ വേഷം ധരിച്ചതായും പറയപ്പെടുന്നു. അതുപോലെ മഹാവിഷ്ണുവിന്റെ മോഹിനി രൂപവും എല്ലാം ഒരു തരത്തിൽ ഭിന്നലിംഗം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകളാണ്.
ട്രാൻസ്‌ജെണ്ടർ അങ്ങനെയൊരു വിഭാഗത്തെ ക്കുറിച്ച് എനിക്ക് അറിവില്ലാത്ത ഒരാളായിരുന്നു ഞാൻ. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ഡാൻസ് മാഷ് ആയിട്ടുള്ള ഒരാളെ പരിചയപെട്ടത്. അയാളെ കാണുമ്പോൾ തന്നെ അയാൾക്കൊരു സ്ത്രൈണ ഭാവമുണ്ട്. അപ്പോഴൊക്കെ എല്ലാവരും അയാളെ ഒളിഞ്ഞും തെളിഞ്ഞും ‘ഒൻപതു’,’ പെണ്ണുമ്മ’ എന്നൊക്കെ വിളിക്കുന്നതും, അയാളെ കാണുമ്പോൾ കളിയാക്കി ചിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. എന്താണ് അതെന്നു എനിക്ക് മനസിലായില്ല. കൂടുതൽ പരിചയപ്പെട്ടപ്പോൾ ആണ് ആളുടെ മനസറിഞ്ഞത്. തികച്ചും പെണ്ണായി മാറാൻ കൊതിക്കുന്ന ഒരു മനസ്, അതുമാത്രമല്ല ഒറ്റയ്ക്കു ഇരിക്കുമ്പോൾ പെണ്ണിനെ പോലെ ഡ്രസ്സ് ധരിച്ചു അണിഞ്ഞൊരുങ്ങി നടക്കുന്നു. എനിക്ക് എന്തോ വല്ലാത്ത വേദന തോന്നി ദൈവത്തിന്റെ വികൃതിയോർത്തു. ആൾകൂട്ടം കണ്ടാൽ ഭയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. അതിനു കാരണമുണ്ട് ഒരുപാടു പ്രാവശ്യം അയാൾ അതിക്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് പെണ്ണെന്ന ഐഡന്റിറ്റിയോട് അയാൾ നൃത്തരംഗത്തുണ്ട്.
പിന്നെയും ട്രാൻസ്ജണ്ടർ എന്താണ് അറിയാനുള്ള കൗതുകമുണ്ടായിരുന്നു. അതിനു കാരണം ചെന്നൈയിലേക്കുള്ള എന്റെ പറിച്ചു നടൽ ആയിരുന്നു. അവിടെ ഒരുപാടു ഒരുപാടു ട്രാൻസ് കമ്മ്യൂണിറ്റികൾ ഉണ്ട്. വെല്ലൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്ത്, ഞാൻ work ചെയുന്ന സ്റ്റേഷൻ പരിസരത്ത്, ട്രെയിനിൽ എല്ലാം ഇവരെ ഞാൻ കണ്ടു. ഒരു പ്രത്യേക താളത്തിൽ കൈകൊട്ടി എല്ലാവരോടും പൈസ ചോദിച്ചു നടക്കുന്ന അവരൊക്കെ, ശരീരം പ്രദർശിപ്പിച്ചു കൊണ്ട് ഓരോ ആളുകളെയും തലോടി കടന്നു പോകുന്നു. അതിൽ തന്നെ പലരും ലൈംഗിക ചേഷ്ടകൾ കാട്ടി ആളുകളെ ആകർഷിക്കുന്നു. ചിലരെ കാണുമ്പോൾ ഒറിജിനൽ സ്ത്രീ സൗന്ദര്യങ്ങൾ മാറി നിൽക്കും. അവരെ കുറിച്ച് പലരോടും ചോദിച്ചു ഞാൻ അറിഞ്ഞു. ജന്മനായുള്ള ലിംഗാവസ്ഥയോട് ശാരീരികമായും മാനസികമായും പൊരുത്തപ്പെടാൻ ആകാത്തവരെ ആണ് ഭിന്നലിംഗർ എന്ന് വിളിക്കുന്നത്. പലരും ആണായി ജനിച്ചു പെണ്ണിനെ പോലെ ജീവിക്കുകയോ, പെണ്ണായി ജനിച്ചു ആണായി ജീവിക്കുകയൊ ചെയ്യുന്നു. ഒരു ആണ് പെണ്ണാവനും, പെണ്ണ് ആണവാനും ഒരു പാട് ഘട്ടങ്ങളിലൂടെ കടന്നു പോകണം. അത്രയും ദുർഗടങ്ങൾ താണ്ടി ജീവിച്ചിട്ടും എന്നും അവഗണനനേരിടുന്നു. ആദ്യം ജനിച്ചു വളർന്ന കുടുംബത്തിൽ തുടങ്ങി എത്തിപ്പെടുന്ന എല്ലാ സാഹചര്യങ്ങളിലും പലപ്പോഴും മാറി നിൽക്കേണ്ടി വരുകയോ, മാറ്റി നിർത്തപ്പെടുകയോ ചെയ്യേണ്ടി വരുന്നു.
ട്രാൻസ് സമൂഹത്തിൽ ഒരുപാടു ആളുകൾ ജോലിയെടുത്തു ജീവിക്കുന്നവരുണ്ട്. കടകളിലും,പൂ കെട്ടിയും, മറ്റ് എല്ലാ ജോലികളും അവർ ഏർപ്പെടുന്നുണ്ട് പക്ഷെ പലപ്പോഴും ലൈംഗികമായി ചൂഷണം ചെയ്യപ്പെടാൻ ആണ് അവരുടെ വിധി. പലരും പഠിക്കാൻ ശ്രമിക്കുന്നുണ്ട്, ജോലിചെയ്യാനും, കുടുംബമായി ജീവിക്കാനും താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും വളരെ ചെറിയൊരു വിഭാഗം മാത്രമാണ് അതിലേക്കു എത്തിപ്പെടുന്നത്. അതിനു കാരണം സമൂഹം തന്നെയാണ്. അവരെ അത്തരമോരു സമീപനത്തോടെയാണ് കാണുന്നത്. ജീവിക്കുവാനായി കൽപ്പണി മുതൽ അടുക്കളപ്പണി വരെ ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഭിന്നലിംഗക്കാരുണ്ട്. എന്നാൽ യാതൊരു കാരണവശാലും ഭിന്നലിംഗക്കാർക്ക് ജോലി നൽകില്ലെന്ന വാശിയിലാണ് സമൂഹം. വ്യാജഭിന്നലിംഗക്കാർ സമൂഹത്തിന് ബോധിക്കാത്ത രീതിയിൽ പിടിച്ചുപറിയും ലൈംഗിക വ്യാപാരവും ഒക്കെയായി നടക്കുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. 3000 ൽ പരം ഭിന്നലിംഗക്കാർ കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്, എന്നാൽ ഇതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് മേൽപ്പറഞ്ഞ തൊഴിലിൽ ഏർപ്പെടുന്നത്. എന്നാൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ ഒന്നടങ്കം പ്രതിഫലിക്കുന്നതാകട്ടെ ഇവരുടെ പ്രതിച്ഛയായും.
സ്വസ്ഥമായി അന്തിയുറങ്ങാൻ ഒരു കിടക്കപ്പായ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ നമ്മുടെ നാട്ടിലെ ഭിന്നലിംഗക്കാർക്ക് ഇങ്ങനെ ആശിക്കാൻ അവകാശമില്ല. ഇനി അഥവാ അങ്ങനെ ഒരാഗ്രഹം അവരുടെ മനസ്സിൽ ഉണ്ട് എങ്കിൽ ഭിന്നലിംഗക്കാർ എന്ന ഐഡന്റിറ്റി മറച്ചു വച്ചുകൊണ്ടാവണം ആഗ്രഹം പൂർത്തീകരിക്കാൻ. സ്ത്രീരൂപത്തിലേക്ക് മാറുവാൻ മാത്രമല്ല, സ്ത്രീകൾ ആഗ്രഹിക്കുന്ന സുരക്ഷ ഇവരും ആഗ്രഹിക്കുന്നു.
ഈ അടുത്ത് ദാലു കൃഷ്ണദാസ്, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ ആണ്. അയാളുടെ ചില വീഡിയോകൾ ഞാൻ കാണാറുണ്ട്. പക്ഷെ അതിന്റെ താഴെ വരുന്ന അറക്കുന്ന കമെന്റ് കാണുമ്പോൾ മലയാളികളെ കുറിച്ചോർത്തു ലജ്ജിക്കുന്നു. അതുപോലെ തന്നെ സമൂഹത്തിൽ തന്റെതായി വ്യക്തി മുദ്ര പതിപ്പിച്ച ഒരുപാടു ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. അവരുടെയൊക്കെ വീഡിയോയുടെ അടിയിൽ ഛർദിച്ചു വയ്ക്കുന്ന വാക്കുകൾ കാണുമ്പോൾ ഇവരൊക്കെ മനുഷ്യരാണോ എന്ന് തോന്നിപ്പോകും. അതുതന്നെയാണ് ഈ ലേഖനത്തിലേക്കു എന്നെ നയിച്ചതും.
അതുപോലെ തന്നെയാണ് ഗേ, ലെസ്ബിയൻ ആളുകളുടെ കാര്യവും. അവരെയൊക്കെ ഒരു തരം അറപ്പോടെ, വെറുപ്പോടെ കാണുന്നവരുണ്ട്. എന്താണ് അതിനു കാരണം. മറ്റുള്ള രാജ്യങ്ങളിലൊക്കെ അംഗീകരിച്ച കാര്യങ്ങളാണ് ഇതൊക്കെ. പക്ഷെ ഇങ്ങനെയുള്ള അതിക്ഷേപങ്ങൾ മലയാളികൾക്കാണ് കൂടുതൽ. തമിഴ് നാട്ടിൽ പോലും ഇത്രയും അയിത്തമില്ല. മലയാളികളുടെ ലൈംഗിക ദാരിദ്രമാണ് ഇവിടൊക്കെ വെളിവാകുന്നത്. കൃത്യമായി പറഞ്ഞാൽ എല്ലാം ലൈംഗികതയിലൂടെ കാണുന്നു.
ഒരു അമ്മയും മകനും, അല്ലെങ്കിൽ അച്ഛനും മകളും നിൽക്കുന്ന ഫോട്ടോയക്കടിയിൽ കൂടി ഇത്തരം ദാരിദ്ര്യം വിളമ്പാൻ മലയാളിക്കെ കഴിയൂ. ഈ അടുത്ത് തായ്‌ലൻഡ് വരെ സ്വവർഗ്ഗ വിവാഹം നിയമമാക്കിയിട്ടുണ്ട്.
ഓരോ മനുഷ്യന്റെയും വികാര, വിചാരങ്ങൾ വളരെ വ്യത്യസ്തമാണ്. അതു ഒരോരുത്തരിലുമുള്ള ഹോർമോൺ അനുസരിച്ചു, വളർന്നു വരുന്ന സാഹചര്യം അനുസരിച്ചു വ്യത്യാസം വരാം. ഒരാൾ ഗേ ആകുന്നതും, ലെസ്ബിയൻ ആകുന്നതും, ആണ് പെണ്ണാകുന്നതും, പെണ്ണ് ആണാകുന്നതും ഹോർമോൺ ഏറ്റക്കുറച്ചിൽ ഒരു കാരണമാണ്. ലൈംഗികത മാത്രമല്ല കിട്ടുന്ന പരിഗണന, സ്നേഹം, പങ്കുവെക്കൽ എല്ലാം ആശ്രയിച്ചാണ് ഓരോ ബന്ധങ്ങളും ഉടലെടുക്കുന്നത്.അതിനെ ലൈംഗികതയുമായി കൂട്ടി കൂട്ടികുഴക്കുന്നത് നിങ്ങളല്ലേ? അവർ അവരുടെ ജീവിതമാണ് നോക്കുന്നത് അതിൽ പുറത്തു നിന്ന് പറയുന്നവർക്ക് പറയാം. ഒരു കാലത്ത് സ്വന്തം ഐഡന്റിറ്റി പുറത്ത് പറയാൻ കഴിയാതെ വീർപ്പു മുട്ടി നാലു ചുമരുകൾക്കുള്ളിൽ ജീവനൊടുക്കിയവരുണ്ട്, സ്വന്തം സത്ത തിരിച്ചറിഞ്ഞു, പക്ഷെ മറ്റുള്ളോരുടെ മുമ്പിൽ കോമാളിയായി നിൽക്കാൻ കഴിയാതെ ജീവിതം ഉപേക്ഷിച്ചവരുണ്ട്, തന്റെ സത്തയെ തിരിച്ചു പിടിക്കാൻ സ്വജീവൻ കളഞ്ഞവരുണ്ട്. പക്ഷെ ഇന്നങ്ങനെയല്ല. എല്ലാവർക്കും തന്റെ ഇഷ്ടത്തിന് ജീവിക്കാൻ, സ്വന്തം സത്തയെ സ്വീകരിക്കാൻ പറ്റും.
മാനുഷിക മൂല്യങ്ങൾ കൈവിട്ടമനുഷ്യർക്കു മാത്രമേ മറ്റുള്ളവർക്ക് മേൽ ഇത്രയും അതിക്ഷേപങ്ങൾ ചൊരിയൻ കഴിയൂ. ട്രാൻസ്‌ജെണ്ടർ, ഭിന്നലിംഗം
ഇതൊരു വൈകല്യമല്ല, പക്ഷെ അവരും മനുഷ്യരാണ് എന്നൊരു തിരിച്ചറിവാണ് വേണ്ടത്.അവർക്കും സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കാനും, ഇടപഴകാനും ആഗ്രഹമുണ്ട്, അതിനു അവരെ അനുവദിക്കുക. അവര് അവരുടെ ജീവിതവുമായി മുന്നോട്ട് പോട്ടെ, അവരെ തെറിവിളിക്കുന്നവരും, അവഗണിക്കുന്നവരും അവർക്കാണ് യഥാർത്ഥ രോഗം.
ട്രാൻസ് ജെൻ്ററുകളെക്കുറിച്ച്
പല ലേഖനങ്ങളും വായിച്ചിട്ടുണ്ട്.
പക്ഷേ, ഇത്രയും വിശദമായ ഒന്ന് വായിച്ചിട്ടില്ല. ശരിക്കും പഠിച്ചെഴുത്തിയത്..
ഒത്തിരി സന്തോഷം..
വായിച്ചു അഭിപ്രായം പങ്കു വെച്ചതിൽ സന്തോഷം
നല്ല അവതരണം