Logo Below Image
Sunday, April 6, 2025
Logo Below Image
Homeഅമേരിക്കവഴിപിഴക്കുന്ന കൗമാരം. (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ")

വഴിപിഴക്കുന്ന കൗമാരം. (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ”)

സുബി വാസു

നമ്മുടെ കൗമാരങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? എവിടെയും അസ്വസ്ഥതനിറഞ്ഞു നിൽക്കുന്നു സ്കൂളിലെ തല്ലുമാലകൾ, അധ്യാപകരോടുള്ള സംഘർഷങ്ങൾ, ലഹരിയുടെ സാനിധ്യം, ആത്മഹത്യ തുടങ്ങി എത്രയെത്ര അനിഷ്ട സംഭവങ്ങൾ. നിസാര കാര്യങ്ങൾക്കു അടിപിടി കൂടി അതൊരു ആൾക്കൂട്ട തല്ലുകളായി രൂപപ്പെട്ടു സ്കൂളിലും, റോഡിലും, അങ്ങാടിയിലും അടിപിടി കൂടുന്നവർ! ഈ അടുത്ത് ഞങ്ങളുടെ അടുത്ത് സംഭവിച്ചതാണ്, എന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ. എന്താണ് കാരണം ചോദിച്ചാൽ നിസ്സാര പ്രശ്നം, ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്തില്ല, ലൈക് അടിച്ചില്ല തുടങ്ങിയ നിസാര പ്രശ്നങ്ങൾ. ആ സ്കൂളിലെ തന്നെ മറ്റൊരു കുട്ടിയുടെ ആത്മഹത്യ ഞെട്ടലോടെയാണ് ഞാൻ കേട്ടത്. തൊട്ട് മറ്റൊരു സ്കൂളിൽ ഒരു പെൺകുട്ടിയുടെ ആത്മഹത്യ, വേറെ സ്കൂളിൽ മറ്റൊരു കുട്ടിയുടെ ആത്മഹത്യാ. വിറങ്ങലിച്ചു കൊണ്ടാണ് ഞാൻ ഇതെല്ലാം കേട്ടത്.കാരണം അന്വേഷിക്കുമ്പോൾ കാര്യമായി ഒന്നും ഇല്ല. പക്ഷെ അവര് ആത്മഹത്യ ചെയ്തിരിക്കുന്നു.

അതെ സ്കൂളിലെ കൗൺസിലറുമായി സംസാരിക്കാൻ അവസരം കിട്ടി. അവരോട് ഞാൻ ഈ വിഷയം എല്ലാം അവതരിപ്പിച്ചു. ഇന്നത്തെ കൗമാരക്കാരുടെ അപകടം പിടിച്ച പോക്കിന്റെ അവസ്ഥ, അതിന് രക്ഷിതാക്കളും ഒരു കാരണമാണ്. മക്കൾക്ക്‌ വേണ്ടതെല്ലാം വാങ്ങികൊടുത്ത്, അവരുടെ ഇഷ്ടത്തിന് വിടുമ്പോൾ അതിന്റെ നന്മയും തിന്മയും ആരും നോക്കുന്നില്ല. മക്കൾ എന്ത് ചെയ്താലും അതൊക്കെ നിസ്സാരവൽക്കരിക്കുന്ന, അല്ലെങ്കിൽ എന്റെ കുട്ടി അങ്ങനെ ചെയ്യില്ല എന്നാണയിടുന്ന രക്ഷിതാക്കൾ. അധ്യാപകർ എന്തെങ്കിലും പറഞ്ഞാൽ അവരെ ഭീഷണിപ്പെടുത്തുന്ന കുട്ടികളും, രക്ഷിതാക്കളും,അതുമല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്ന മക്കൾ!.

എത്രയോ കുട്ടികൾ ലഹരിക്കടിമകളാണ്. കൗൺസിലിങ്ങും കാര്യങ്ങളും എല്ലാം നടത്തുന്നു, അതു അതിന്റെ വഴിക്കു പോകുന്നു, മക്കൾ വേറെ രീതിയിൽ അവരുടെ വഴിക്കു നീങ്ങുന്നു. സ്കൂളിൽ വിളിച്ചു ചേർത്ത ജനകീയ മീറ്റിംഗിൽ നിന്നാണ് ഇത്തരമോരു ലേഖനമെന്ന ചിന്ത എന്റെ മനസിലേക്ക് കടന്നു വന്നത്. രക്ഷിതാക്കളും, ഓട്ടോ ഡ്രൈവർമാരും, അങ്ങാടിയിൽ കച്ചവടം ചെയ്യുന്നവരും,പോലീസും അധ്യാപകരും,വിവിധ രാഷ്ട്രീയ നേതാക്കളും എല്ലാവരും പങ്കെടുത്ത മീറ്റിംഗ്. കൗമാരക്കാരുടെ ഒരുപാടു പ്രശ്നങ്ങൾ ചർച്ചയിൽ വന്നെങ്കിലും ഫോക്കസ് കൊടുത്തത് അവരുടെ അടിപിടി കളിൽ ആയിരുന്നു..

കൗമാരമെന്ന പ്രായം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട താണ്.അവരുടെ ചിന്തകളും, പ്രവർത്തികളും എല്ലാം കറങ്ങി തിരിഞ്ഞു നിൽക്കുന്ന പ്രായം
ശാരീരികവും മാനസികവുമായ ത്വരിതവളർച്ച ഉണ്ടാക്കുന്നത് വർധിച്ചതോതിൽ സ്രവിക്കപ്പെടുന്ന ഹോർമോണുകളാണ്. പ്രത്യേകിച്ച് സ്ത്രീപുരുഷ ലൈംഗിക ഹോർമോണുകൾ. നിർഭാഗ്യവശാൽ ഇതേ ഹോർമോണുകൾ പലതരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന സ്വഭാവ പെരുമാറ്റ രീതികൾക്കും കാരണമാകുന്നു. ചെറിയ കാര്യങ്ങളിൽപോലും സന്തോഷിക്കുക, അതുപോലെതന്നെ സങ്കടപ്പെടുക, പെെട്ടന്ന് ദേഷ്യപ്പെടുക, ദേഷ്യംവന്നാൽ പൊട്ടിത്തെറിക്കുക ഇവയെല്ലാം കൗമാരത്തിൽ സാധാരണയാണ്. ഇവ​ക്കെല്ലാം കാരണം ഇപ്പറഞ്ഞ ഹോർമോണുകളും മറ്റുമാണ്. നിസ്സാര കാര്യങ്ങളിലോ ഒരു കാരണവുമില്ലാതെ തന്നെയോ ഇക്കിളികൊണ്ടപോലെ ചിരിക്കുന്നതും തേങ്ങിക്കരയുന്നതും കൗമാരകാലത്തെ സവിശേഷ സ്വഭാവമായി മാത്രം കണ്ടാൽ മതി. അനുസരണക്കേട് എന്നു നാം സാധാരണ പറയുന്ന സ്വഭാവം കൗമാരത്തിലെ ഒരു പ്രത്യേകത മാത്രം.

അഡിക്​ഷൻ ഓരോ ചുവടിലും കൗമാരക്കാരെ കാത്ത് പതിയിരിക്കുന്ന മറ്റൊരു മാറാവിപത്താണ് അഡിക്ഷൻ എന്ന അടിമത്തം. പുകയില, മദ്യം, മറ്റു മയക്കുമരുന്നുകൾ എന്നിവയെല്ലാം അടിമത്തം ഉണ്ടാക്കും. പലപ്പോഴും അറിയാതെയോ അറിഞ്ഞുകൊണ്ട് ഒരു രസത്തിനുവേണ്ടിയോ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ തുടങ്ങുന്ന ഇത്തരം ശീലങ്ങൾ ഒരു ജീവിതത്തെ തന്നെ ഇരുളടഞ്ഞതാക്കും.പ്രത്യക്ഷത്തിൽ ഇത്രയും ഭീതിജനിപ്പിക്കാത്ത എന്നാൽ ഇതിനെക്കാൾ ഏറെ നാശംവിതക്കുന്നവയാണ് പുതുതലമുറ അടിമത്തങ്ങൾ. മൊബൈൽ, ടി.വി, കമ്പ്യുട്ടർ, ടാബ്, ഇൻറർനെറ്റ് എന്നിങ്ങനെ പോകുന്നു അവ. പലവിധം ഗെയിമുകളിലെ അമിതമായ അഭിരാമമാണ് ഇതിൽ മുഖ്യം. ഇത്തരം ശീലങ്ങൾക്ക് അടിപ്പെടുന്നവർ ഉൗണും ഉറക്കവും പോലും മാറ്റിവെച്ച് അതുമാത്രം ചിന്തിച്ചുനടക്കുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ ഇങ്ങനെയുള്ളവരിലെ കുറഞ്ഞ പാഠ്യനിലവാരവും മറ്റുള്ളവരുമായി ഇടപഴകാനുള്ള വിമുഖതയും വേറെയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ക്രമേണ അത് മാനസിക വൈകല്യമായി മാറുന്നു.

കൗമാരം എന്നത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടപ്രായമാണ്. ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും അവരുടെ മനസിനെ സന്തോഷത്തോടെ നിർത്തുകയും, അവരുടെ പ്രായം ആനന്ദമാക്കുകയും ചെയ്യണം.അതിനു ഏറ്റവും പ്രത്യക്ഷത്തിൽ ഇടപെടൽ നടത്താൻ പറ്റുന്നത് അച്ഛനും അമ്മയ്ക്കുമാണ്. അവരിൽ വരുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷണം നടത്തുകയും, അവർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും വേണം. ഏറ്റവും സൗഹൃദത്തോടെ മക്കളോട് ഇടപഴകുകയാണ് ആദ്യം വേണ്ടത്. അവരെ ഉപദേശിച്ചു കൊണ്ട് മുന്നോട്ട് പറ്റില്ല, നിയന്ത്രണങ്ങളും പാടില്ല. പക്ഷെ അവരെ അവരറിയാതെ നിയന്ത്രിക്കാൻ പറ്റും,അവിടെ നമുക്ക് വിജയിക്കാൻ പറ്റണം. അവരെന്തെങ്കിലും സംശയം ചോദിച്ചാൽ ഒളിച്ചോടുകയല്ല അതു ദൂരീകരിച്ചു കൊടുക്കുക. കടുത്ത നിയന്ത്രണങ്ങൾ വെക്കാതെ ഇരിക്കുക, കാരണം ആ പ്രായം ചങ്ങലകൾ പൊട്ടിക്കാൻ ശ്രമിക്കുന്നതാണ്.

അവർക്കു അവർ മുതിർന്നവരാണ് എന്ന തോന്നലിൽ ആണ് പലപ്പോഴും അവർ ഇടപെടുന്നത്. അതു അംഗീകരിച്ചു കൊടുക്കുക. വീട്ടിലെ കാര്യങ്ങളിൽ അവരെ ഉൾപ്പെടുത്തുകയും, അവരുടെ ആശയങ്ങൾ, അഭിപ്രായങ്ങൾ തേടുകയും വേണം. അവർ ആവശ്യപ്പെടുന്നതൊക്കെ വാങ്ങികൊടുക്കരുത്, അത്യാവശ്യം ആണെങ്കിൽ മാത്രം അതിനു ശ്രമിക്കുക, അല്ലാത്ത പക്ഷം അവരെ മനസിലാപ്പിക്കാൻ ശ്രമിക്കുക. കാരണം അവരും സാമ്പത്തിക ബുദ്ധിമുട്ട് അറിയണം അങ്ങനെ അറിഞ്ഞു വളരുമ്പോൾ ആണ് പലതിന്റെയും മൂല്യം അവർക്കു മനസിലാകൂ.

മൊബൈൽ അവർക്കു ആവശ്യങ്ങൾക്ക് മാത്രം കൊടുക്കുക. നിർബന്ധം പിടിച്ചാൽ കുറച്ചു നേരം അവരുടെ മാനസിക ഉല്ലാസത്തിനു വേണ്ടി കൊടുക്കുക. അവിടെയും വേറൊരു കാര്യം ചെയ്യാം, അവരുടെ സമയം കുറച്ചൂടെ ഉത്പാദനക്ഷമമാക്കി വെക്കാം. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു അതിലേക്കു വഴി തിരിച്ചു വിടാം, ബുക്ക് വായനയും, എഴുത്തും, ചിത്രം വരയ്ക്കാനും, മറ്റു ക്രാഫ്റ്റ്സ് ഉണ്ടാക്കാനും എല്ലാം അവരെ പരിശീലിപ്പിക്കാം.

മക്കൾ നിസാര പ്രശ്നങ്ങളുടെ പേരിൽ ആണ് ആത്മഹത്യ ചെയുന്നത്. അവരെ കൃത്യമായി മനസിലാക്കി നിർദേശങ്ങൾ നൽകാൻ കഴിയണം. മാനസികമായി അവർക്കു ധൈര്യവും, കരുത്തും നൽകണം. ചെറിയ പ്രശ്നങ്ങളുടെ പേരിൽ ശിക്ഷിക്കപെടരുത്, മറിച്ചു ആ തെറ്റുകൾ തിരുത്താനുള്ള ധൈര്യം കൊടുക്കണം. ലഹരിയിൽ വലക്കുള്ളിൽ അകപ്പെടുന്ന കൗമാരങ്ങൾ നിരവധിയാണ്. അവരെ കണ്ടെത്തി കൃത്യമായി കൗൺസിലിങ്ങും ചികിത്സയും നൽകണം. മാതാപിതാക്കളും, അധ്യാപകരും, സന്നദ്ധ സംഘടനകളും, പോലീസും എല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം അത്രത്തോളം ലഹരിയുടെ സാനിധ്യം വേരോടിയിട്ടുണ്ട്.

മോന്റെ സ്കൂളിൽ അന്ന് വന്നവരൊക്കെ മക്കളെ അടച്ചു ആക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു സംസാരിച്ചത്.അതിൽ ഒരു രക്ഷിതാവ് ഈ കുട്ടികളുടെ പ്രായവും അവരുടെ അവസ്ഥയും കൺവിൻസ് ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റ് രക്ഷിതാക്കൾ അതിനു സമ്മതിച്ചില്ല. പിന്നെങ്ങനെ കുട്ടികൾ നന്നാവും?മക്കളെ നേർവഴിക്കു നയിക്കേണ്ടവർ അതു മാനസിലാക്കിയില്ലെങ്കിൽ പിന്നെ ആരാണ് മനസ്സിലാക്കേണ്ടത്.

കൗമാരക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ഒരിക്കലും മുൻവിധിയോടെ കാര്യങ്ങൾ കാണരുത്. കുട്ടികൾ പല സാഹചര്യത്തിൽ വരുന്നവരാണ്. അവർക്കു കിട്ടിയ അനുഭവങ്ങൾ അവരുടെ സ്വഭാവത്തിൽ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ഇടപെടൽ ആണ് ആവശ്യം. നമ്മുടെ ഭാവിയെ നയിക്കേണ്ടവരാണ് അവർ ഉത്തമ പൗരന്മാരായി വളരണം അതിനു നമ്മൾ കൈകോർത്തെ പറ്റൂ..

സുബി വാസു നിലമ്പൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments