കേരളത്തിലെ കോളേജിൽ നിന്നും, മറ്റു പ്രൊഫെഷ്ണൽ സ്ഥാപനങ്ങളിൽ നിന്നും ക്രൂരമായ റാഗിംഗ് വാർത്തകളും, ചിത്രങ്ങളും പുറത്തു വരുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്. കുട്ടികളെ പഠിപ്പിക്കാൻ വിടാൻ തന്നെ ഭയമുള്ള ഒരു കാലഘട്ടത്തിലാണ് ഞാനും നിങ്ങളുമൊക്കെ ജീവിക്കുന്നതെന്ന തിരിച്ചറിവ് ഒരു ബാർബറിയെൻ യുഗത്തിലേക്കുള്ള തിരിച്ചുപോക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഓരോ കോളേജുകളിലും നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഒക്കെ റാഗിംഗ് ക്രൂരതകളുടെ വാർത്തകൾ പുറത്തേക്ക് വരുമ്പോൾ ഓരോ രക്ഷിതാവിന്റെയും നെഞ്ചെരിഞ്ഞു കൊണ്ടിരിക്കുകയാണ്. അവരുടെ കുട്ടികളെ ഓർത്ത്, കുട്ടികളുടെ ഭാവിയോർത്ത്. ഇല്ലാത്ത പൈസയുണ്ടാക്കി മക്കളെ ഉന്നത വിദ്യാഭ്യാസത്തിനായി വിടുമ്പോൾ അവിടെ അവർ സുരക്ഷിതരല്ലെന്നറിയുമ്പോൾ ഉണ്ടാകുന്ന വേദനയും, രോഷവും എത്രയാണ്.
എന്തൊക്കെ സംഭവങ്ങളാണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ അരങ്ങേറുന്നത്. മനുഷ്യത്വത്തിന്റെ കണികപോലും ഇല്ലാത്ത ഇത്തരം കുട്ടികൾ, കുട്ടികൾ എന്ന് പറയാൻ പറ്റില്ല, കുറ്റവാളികൾ എന്ന് തന്നെയാണ് യഥാർത്ഥത്തിൽ വിളിക്കേണ്ടത്. ഇത്തരം കുറ്റവാളികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. അവരൊന്നും അറിവില്ലാത്ത കുട്ടികളല്ലാ. അവരെല്ലാം 18 വയസ്സുകഴിഞ്ഞ പൗരന്മാരാണ്, തങ്ങളുടെ ഭാവി ശോഭനമാക്കാൻ വേണ്ടി പഠിക്കാൻ വേണ്ടി ഇറങ്ങിയവരാണ്, പക്ഷേ അവർ ഇത്തരത്തിൽ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു കൊണ്ട് പരിക്കേൽപ്പിക്കുമ്പോൾ മനുഷ്യത്വം മരവിച്ചുപോയോ?.
ഇന്നലെ ഇവരുടെ ക്രൂരത ആ വീഡിയോ കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അറിയാതെയാണ് ഞാനതു തുറന്നത്, പെട്ടന്ന് ഓഫ് ചെയ്തു എഴുത്ത് മാത്രം വായിച്ചു, അതും വല്ലാത്ത വിങ്ങലോടെ. അത്രമേൽ ക്രൂരത കാണിക്കുമ്പോൾ ഒന്ന് ആലോചിച്ചു കൂടെ നമ്മുടെ ശരീരത്തെ കുറിച്ച്. ഒരു ഉറുമ്പ് കടിക്കുമ്പോൾ, അല്ലെങ്കിൽ ഒരു സൂചി കുത്തുമ്പോൾ വേദന താങ്ങാൻ കഴിയാത്തവരാണ് പലരും എന്നിട്ടുപോലും മറ്റൊരാളുടെ ഇത്രമേൽ ഏൽപ്പിക്കുമ്പോൾ അതിനെ വൈകൃതം എന്നല്ലേ വിശേഷിപ്പിക്കേണ്ടത്. അല്ലാതെ അതിനു വേറെ പേരില്ല. നിങ്ങളുടെ ഫ്രസ്ട്രഷനും, ക്രൂരതയും, മറ്റു മാനസിക ഉല്ലാസങ്ങളും, കാര്യങ്ങളും തീർക്കാൻ ഉള്ള ഉപാധികൾ അല്ല ജൂനിയർ വിദ്യാർഥികൾ. അവർ പഠിക്കാൻ വേണ്ടി വന്നവരാണ്. അവർ കടന്നു പോകുന്ന ട്രോമകൾ എത്രയാണെന്ന് എല്ലാവരും ഒന്ന് ചിന്തിച്ചു നോക്കിയേ.
പലരും പല സംഭവങ്ങളിലും പ്രതികൾ കുട്ടികളാണ് എന്നുള്ള കാരണവും, അതുപോലെ അവരുടെ ഭാവിയെന്താകും എന്നുള്ള പരിഗണന വെച്ച് കുറ്റകൃത്യങ്ങളുടെ അളവ് നോക്കാതെ തന്നെ അവർക്ക് ഇളവിന് പരിഗണന നൽകുന്നുണ്ട്. ഈ പരിഗണനയാണ് എപ്പോഴും വിഷയമായി വരുന്നത്. ഇവർക്ക് പരിഗണ കിട്ടുമ്പോഴും ഈ ക്രൂരത അനുഭവിച്ച ഇരയാകേണ്ടി വന്ന ഈ കുട്ടികളുടെ ട്രോമയും അവരുടെ ഭാവിയും അവരുടെ പ്രശ്നങ്ങളും എല്ലാം അനിശ്ചിതത്തിൽ കിടക്കുന്നു. ആ കുട്ടിയുടെ ഉള്ളിൽ നിറഞ്ഞു പോയ ഭയം, ആ കുട്ടിക്കു ഇനിയൊരു കോളേജിലോ, ഇൻസ്റ്റിറ്റ്യൂട്ടിലോ പഠിക്കാനോ ചേരാനോ ആ കുട്ടിക്ക് എന്തുമാത്രം ഭയം കാണും. ഭയം എന്നുള്ളത് മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും. അതുപോലെതന്നെ ആ കുട്ടികളുടെ രക്ഷിതാക്കളുടെ അവസ്ഥ ഉള്ളത് വിറ്റു പെറുക്കിയും മറ്റുമായിരിക്കും ചിലപ്പോൾ പഠിക്കാൻ വിട്ടത്. ഒരുപാടു സ്വപ്‌നങ്ങൾ ഉണ്ടാവും അവർക്കു. ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടിയെ ഉന്നതപഠനം പഠനത്തിനുവേണ്ടി അയക്കുന്നത് അവരുടെ ഭാവി മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു സംഭവിക്കുമ്പോൾ രക്ഷിതാക്കൾക്ക് എന്ത് സമാധാനമാണ് ഉള്ളത്. എന്തൊരു ഭാവി സുരക്ഷയാണ് ഇത്തരം കോളേജുകളിൽ നിന്ന് കൊടുക്കുന്നത്.
കോളേജുകളിൽ, ഹോസ്റ്റൽ മുറികളിൽ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ ഇപ്പോൾ ഒന്നും രണ്ടുമല്ല, ഇന്നോ ഇന്നലെയൊ തുടങ്ങിയതുമല്ല ഏറ്റവും അവസാനം സിദ്ധാർത്ഥിന്റെ കൊലപാതകമാണ് വന്നത്. അതിനുശേഷം ഇപ്പോൾ പുറത്തുവരുന്ന വാർത്തയാണ് ഈ കുട്ടികളുടെ ക്രൂരത. എന്തൊക്കെയാണ് നടക്കുന്നത്? ശക്തമായ നിയമത്തിൻറെ അഭാവമല്ലേ ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്. കോളേജ് അധികൃതരുടെ ശ്രദ്ധക്കുറവും ഇതിൽ നമുക്ക് ദർശിക്കാൻ പറ്റില്ലേ? കോളേജ് മാനേജ്മെന്റോ, സർക്കാരോ ആയിക്കോട്ടെ അവിടെയൊക്കെ കൃത്യമായ നിയമ സംവിധാനങ്ങളും, പഴുതടച്ച സുരക്ഷ സംവിധാനങ്ങളും ഇറക്കി കഴിഞ്ഞാൽ ഇങ്ങനെയുള്ള കൃത്യങ്ങൾ ആവർത്തിക്കപ്പെടുമൊ? അതുപോലെതന്നെ ഇങ്ങനെയുള്ള ക്രിമിനലുകളെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഒരു കുറ്റകൃത്യത്തിൽ ഇടപെടൽ ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരു കോളേജിലും ഒരിക്കലും അഡ്മിഷൻ കിട്ടാത്ത വിധം നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത് നമ്മൾ മാനുഷിക പരിഗണന കൊടുത്തു കൊണ്ട് അവരെ വീണ്ടും തിരിച്ചെടുക്കുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് പോകാൻ ഒരു പ്രചോദനമാവുകയാണ്.
എന്തൊക്കെ ചെയ്താലും ഇത്രയൊക്കെ ഉള്ളൂ, ഇതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല എന്നൊരു തോന്നൽ വരുന്നു. ബന്ധുബലവും, പണത്തിന്റെ കൊഴുപ്പും, സ്വാധീനവും ഉള്ളതുകൊണ്ട് പുറത്തിറങ്ങി വിലസുന്ന ഇത്തരക്കാർക്ക് ഇതൊരു നിസ്സാര കാര്യമാണ്. ഒരു കൊലപാതകം ചെയ്യാനും മടിയില്ലാത്ത ആളുകൾ ആണ് എന്നല്ലേ ഇവരുടെ സ്വഭാവരീതികൾ കാണിക്കുന്നത്. നാളെ ഒരു രോഗിയെ, അല്ലെങ്കിൽ തങ്ങളുടെ മുന്നിലെത്തുന്ന ആളുകൾക്ക് സേവനം ചെയ്യേണ്ടവരാണ് മനുഷ്യ പറ്റില്ലാത്ത ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.
ഞാനും ഒരു അമ്മയാണ് പ്ലസ് ടുവിനു പഠിക്കുന്ന ഒരു മകനുണ്ട്. എന്റെ മകന്റെ പ്ലസ് ടു പഠനം കഴിഞ്ഞിട്ട് അവനെയും ഞാൻ കോളേജുകളിലേക്കൊ, ഏതെങ്കിലും ഇന്സ്ടിട്യൂഷിനിലോ അഡ്മിഷൻ എടുത്തു പഠിക്കാൻ വിടാനുള്ളതാണ്. എന്റെ കുഞ്ഞിനു എന്ത് സുരക്ഷയാണ് ഉള്ളത്? എവിടെയാണ് ഞാൻ സുരക്ഷ ഉറപ്പോടെക്കേണ്ടത്? എങ്ങനെയാണ് ഞാൻ അവനെ പഠിക്കാൻ അയക്കുന്നത് എന്നുള്ള അങ്കലാപ്പിലാണ് ഇതേ ആശങ്ക പല രക്ഷിതാക്കളും ഇന്ന് സമൂഹത്തിൽ മുന്നിലേക്ക് വെച്ചു കഴിഞ്ഞു. എങ്ങനെയാണ് ഇതു പങ്കു വെക്കാതിരിക്കുക പുറത്തു വരുന്ന വാർത്തകൾ അത്ര ശുഭകരമല്ലല്ലോ
18 വയസ്സ് വരെ ഒന്നും അറിയിക്കാതെ, നോവിക്കാതെ വളർത്തി കൊണ്ടുവരുന്ന പൊന്നുമക്കൾ മറ്റൊരാളുടെ/ആൾക്കൂട്ടങ്ങളുടെ പീഡനത്തിനിരയായി അവരുടെ ഭാവി എല്ലാം നശിച്ച നമ്മുടെ കണ്മുന്നിൽ ഒരു ഭ്രാന്തനെപ്പോലെ അലയുന്ന അവസ്ഥയിലേക്ക് തള്ളപ്പെടുംമ്പോൾ നമ്മുടെ രക്ഷിതാക്കൾക്ക് എവിടെയാണ് സമാധാനം? എവിടെയാണ് മനസ്സമാധാനം കിട്ടുന്നത്? വല്ലാത്ത അവസ്ഥ തന്നെയാണതു.
സിദ്ധാർഥിന്റെ അച്ഛന്റെ കരച്ചിൽ, അത് മാറും മുൻപേയാണ് ഇപ്പോഴത്തെ വിവാദം. കുട്ടി എനിക്ക് വേദനിക്കുന്നു എന്ന് പറഞ്ഞിട്ട് പോലും വിടാതെ സ്വകാര്യ ഭാഗങ്ങളിലും മറ്റും ഭാരം കയറ്റിവച്ചും, ഡിവൈഡർ കൊണ്ട് മുറിവേൽപ്പിച്ചും എന്നിട്ടത് കണ്ടു രസിച്ചു വീഡിയോ എടുത്തു…. വല്ലാത്ത മനുഷ്യർ തന്നെ! ആ കുട്ടിയെ പീഡിപ്പിക്കുന്ന ക്രൂരമായ ദൃശ്യങ്ങൾ കണ്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല ഞാൻ വായിച്ചതാണ് വായിച്ചപ്പോൾ പോലും എൻറെ മനസ്സിലേക്ക് വല്ലാത്തൊരു വേദന ഇന്നും ഇപ്പോഴും ഈ എഴുതിക്കൊണ്ടിരിക്കുമ്പോൾ പോലും എനിക്കത് ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയിലേക്കാണ് വന്നിട്ടുള്ളത്. അത്രത്തോളം മാനസിക വിഷമം, മാനസിക സമ്മർദമാണ് ഈ സംഭവം എന്നിലുണ്ടാക്കിയത്.
ഞാൻ ഏതു കുട്ടികളെ കാണുമ്പോഴും ആ കുട്ടികളിലൊക്കെ എന്റെ മക്കളുടെ മുഖമാണ് എനിക്ക് ദർശിക്കാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഒരു കുറ്റകൃത്യങ്ങൾ ഏതു കോളേജ് ആയാലും,ഏതു കോളേജ് അധികൃതരായാലും അനുവദിച്ചുകൊടുക്കാതിരിക്കുക. അവർക്ക് തക്കതായ ശിക്ഷ കിട്ടണം.സ്വന്തം ശരീരം നോവുമ്പോൾ എന്താണ് എന്നുള്ളത് കാണിച്ചു കൊടുക്കണം. അല്ലാതെ ഇവരുടെ ഭാവി പരിഗണിച്ച് വെറുതെ വിടുകയല്ല വേണ്ടത് അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം. മാതൃകപരമായി ശിക്ഷ നടപ്പിലാക്കിയാൽ മാത്രമാണ് ഇനിയും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെയിരിക്കൂ. ഇനിയൊരു കുട്ടിയോടും ക്രൂരത ആവർത്തിക്കപ്പെടരുത്. അതിനായി അധ്യാപകരും, വിദ്യാർത്ഥി സംഘടനകളും, രക്ഷിതാക്കളും മുന്നോട്ട് വരണം. നമുടെ ഭാവി തലമുറയാണ്, പൗരന്മാരാണ് അവരെ ഇങ്ങനെ നശിപ്പിക്കാൻ, നശിക്കാൻ അനുവദിച്ചു കൂടാ..
തക്കതായ ശിക്ഷ ലഭിക്കാത്തത് കൊണ്ട് തന്നെ ആണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്
അതെ, ശിക്ഷ ഉറപ്പാക്കണം
അതേ, നല്ല ശിക്ഷ ഉറപ്പാക്കണം. കുറച്ചു നാൾ ചാനലുകൾ ഇത് ആഘോഷിക്കും. അത് കഴിയുമ്പോൾ ഇവരൊക്കെ പുറത്ത് ഇറങ്ങും.
മക്കളെ പഠിക്കാൻ വിട്ടാൽ മാത്രം പോരാ അവർ അവിടെ എങ്ങനെ പഠിക്കുന്നു, എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ പെടുന്നുണ്ടോ എന്നുകൂടെ നോക്കാൻ രക്ഷിതാക്കൾ തയ്യാറാവണം.
ആവർത്തനങ്ങൾ എന്നുമെന്നും…
അതെ, ഇതിങ്ങനെ ആവർത്തിക്കും മനുഷ്യത്വമില്ലാത്ത മനുഷ്യർ!അതാണ് ഇന്നത്തെ തലമുറ