Friday, December 5, 2025
Homeഅമേരിക്കഐ പി സി എൻ ഏ എഡിസൺ കൺ വെൻഷനെ, "അല", "ഇല", "ഉല" എന്നിങ്ങനെ...

ഐ പി സി എൻ ഏ എഡിസൺ കൺ വെൻഷനെ, “അല”, “ഇല”, “ഉല” എന്നിങ്ങനെ സംഗ്രഹിച്ചാൽ

പി ഡി ജോർജ് നടവയൽ

സുനിൽ ട്രൈസ്റ്റാർ എന്ന നേതൃശാലിയുടെ , ഷിജോ പൗലോസ് എന്ന കർമകുശലൻ്റെ, വിശാഖ് ചെറിയാൻ എന്ന പ്രവർത്തന നിരതൻ്റെ , രാജു പള്ളത്ത് എന്ന കഠിനാദ്ധ്വാനിയുടെ, സുനിൽ തൈമറ്റം എന്ന ദീർഘവീക്ഷണ ബുദ്ധിയുടെ സാരഥ്യത്തിൽ ക്രമപ്പെടുന്ന ഐ പി സി എൻ ഏ എഡിസൺ കൺ വെൻഷന് ഫിലഡൽഫിയയുടെ പൂർണ്ണ വിജയാശംസകൾ.

ഐ പി സി എൻ ഏ എഡിസൺ കൺവെൻഷനെ, “അല”, “ഇല”, “ഉല” എന്നിങ്ങനെയുള്ള മൂന്നു വാക്കുകളിൽ സംഗ്രഹിക്കാൻ തുനിഞ്ഞാൽ എങ്ങനെയിരിയ്ക്കും? അമേരിക്കൻ മലയാളികളുടെ സ്വത്വബോധത്തിന് അലയൊലി നൽകുന്നത് ഐ പി സി എൻ ഏയിൽ ഭാഗഭാക്കായിരിക്കുന്ന പച്ച മനുഷ്യരാണ്; അതിനാൽ “അല” എന്ന വാക്ക് അനുയോജ്യമാകുന്നു.

പത്രം എന്നതാണല്ലോ ഇല. വളവും വെള്ളവും സൂര്യപ്രകാശവും ചേർത്ത് അന്നജം ഉത്പ്പാദിപ്പിക്കുന്ന ദൈവീക സൂത്രം, “ഇല”; ശുദ്ധ വായു പ്രദാനം ചെയ്യുന്ന ദിവ്യത, “ഇല”. ശൂന്യതയെ തരണം ചെയ്യാൻ പച്ചപ്പും നിറക്കൂട്ടും പകരുന്ന വിതാനങ്ങൾ, “ഇല”.

ഈ വിധ രീതികൾ, അമേരിക്കൻ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ നിർവഹിക്കുന്നവരുടെ കൂട്ടായ്മയാണ് ഐ പി സി എൻ ഏ പ്രവർത്തകർ എന്നതിനാൽ, “ഇല'” എന്ന വാക്കും, ഇവിടെ അന്വർത്ഥം.

“ഉലയിലൂതിപ്പഴുപ്പിച്ച കൈകൾ” എന്ന് ചുള്ളിക്കാടിൻ്റെ കവിതയിൽ കേട്ടവരാണല്ലോ മലയാളികൾ. ജീവിതാനുഭവങ്ങളുടെ ഉലയിൽ, പതം നേടുന്ന അമേരിക്കൻ മലയാളികളെ, ഉലയാതെ, വലഞ്ഞു് അലയാൻ വിടാതെ , പിടിച്ചു നടത്തുന്ന അക്ഷരവള്ളികളായ മാദ്ധ്യമങ്ങളുടെ , കാഴ്ച്ചകളുടെ, പ്രസാരക രാണ് ഐ പി സി എൻ ഏ പ്രവർത്തകർ എന്ന നിലയിൽ “ഉല” എന്ന വാക്കും അത്ഥ പൂർണ്ണം. ഈ വാക്കുകളെ കഴ്ച്ച വച്ചും കൊണ്ട്, ഐ പി സി എൻ ഏ എഡിസൺ കൺവെൻഷന് വിജായശംസകൾ നേരുകയാണ്.

മറ്റൊരു വശത്തേയ്ക്ക് ഒന്നു തിരിയുമ്പോൾ: പൊളിറ്റിക്കൽ പൊണൊറോളജി, പാതോക്രസി, സൈക്കോപതി, ഐഡിയോളജിക്കൽ മാസ്ക്, കൺവേഴ്സീവ് തിങ്കിങ്, സോഷ്യോപതി എന്നിങ്ങനെ നിരവധിയായ അപകട പ്രവണതകളുടെ പിടിലമർന്നു നശിക്കുന്ന മാനവ വംശത്തിൻ്റെ പിടച്ചിൽ കാണാം. സാങ്കേതിക വിജ്ഞാന വിസ്ഫോടനങ്ങളുടെ വിവരണാതീതമായ ആഘാതങ്ങളിൽ, നിലമ്പരിശാകുന്ന മാനവിക മൂല്യങ്ങൾ. സത്യത്തെ മുക്കിക്കൊല്ലാൻ പോരുന്ന ശബ്ദകോലാഹലങ്ങൾ.- ഇത്തരം പ്രതിസന്ധികളിൽ ഗതികെടുന്ന വർത്തമാന കാലം. നേർവഴിക്കുള്ള തിരിച്ചു വരവിന് കാതോർക്കുന്ന ഒരു ജനതയെ, സമാശ്വസിപ്പിക്കുന്നതിന്, ആർക്കാവും എന്ന അന്വേഷണ കാലവും കൂടെയാണിപ്പോഴത്തേത്. ഈ അന്വേഷണകാലത്ത്, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ), സമഗ്രതയുടെയും സഹാനുഭൂതിയുടെയും പൗരധർമബോധ വത്ക്കരണത്തിൻ്റെയും, ചന്ദന ലേപമായി നിലാവുതിർക്കുന്നെങ്കിൽ, അത്, ശുഭദായകം.

ജനാധിപത്യ ആദർശങ്ങളുടെ പ്രതീക്ഷയും, നവീകരണ പരീക്ഷണ ശാലയു മായ അമേരിക്കയിൽ വേരൂന്നി നിന്നുള്ള, ഐപിസിഎൻഎ യുടെ എഡിസൺ കൺവെൻഷൻ, പത്രപ്രവർത്തകരുടെ ഒത്തുചേരൽ മാത്രമല്ല, അമേരിക്കൻ മലയാളികളിലും, ഇന്ത്യൻ-അമേരിക്കൻ സമൂഹങ്ങളിലും, മാനവിക നീതിബോധത്തെ ഊട്ടിഉറപ്പിക്കുന്നതിനുള്ള പത്രപ്രവർത്തനത്തിന്റെ പവിത്രമായ പങ്കിന്റെ, നിസ്വാർത്ഥ ശ്രമങ്ങളുടെ, ക്രമാനുഗതമായ താളിയോല വരകളാവുകയും കൂടെയാണ്.

തെറിവിളികളുടെയും കൊലവെറികളുടെയും ചലച്ചിത്രക്കൂത്താട്ടങ്ങൾ, മതവെറിയുടെ ഉച്ചഭാഷിണികൾ ,തൊഴിൽ മടിയരുടെ രാഷ്ട്രീയ വായ്ത്താരികൾ ,വഴിപിഴച്ച ആൺപെൺ യുദ്ധങ്ങൾ, ഉപഭോഗതൃഷ്ണകളുടെ കുലം കുത്തലുകൾ… എന്നിങ്ങനെ പടരുന്ന വ്യാധികളിൽ തകരുന്ന കേരളം ഒരു വശത്ത്. എന്നിട്ടും പ്രതീക്ഷ കെടാതെ, അദ്ധ്വാനവും പഠനവും തുടരുന്ന സാധാരണ യുവജനത. ഈ ദ്വന്ദങ്ങളിൽ, പത്ര ലോകമാണ് പവിത്രതയേതെന്ന് പറഞ്ഞു തന്ന് വഴികാട്ടിയാകേണ്ടത്. കാരണം അവർ ഏതു വീട്ടിലും വായു പോലെ എത്തിപ്പെടുന്നവരാണ്. മലയാളിയുടെ ജീവ ശ്വാസമായി വ്യക്തി ബോധത്തിലേയ്ക്ക് , പത്ര ലോകം വ്യാപിക്കുന്നു. അതിനാൽ മലയാള പത്രപ്രവർത്തക നിരയുടെ സ്വയം പരിശോധനയുടെ , മാറ്റുരയ്ക്കലിൻ്റെ, പുനർവീര്യാർജ്ജനത്തിൻ്റെ നേരങ്ങളായ്, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എഡിസൻ കൺവെൻഷൻ പ്രണമിക്കട്ടേ എന്ന് ആശംസിക്കുന്നു.

നിരവധി ഐപിസിഎൻഎ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെയും ഭവനമായ കേരളം, അപകടകരമായ വനവത്ക്കരണ ഭീതിയെ അഭിമുഖീകരിക്കുന്നു: വന്യമൃഗങ്ങളുടെ ആക്രമണം, വിഷം കലർന്ന ഭക്ഷണസാധനങ്ങൾ, പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, രാഷ്ട്രീയ അനീതികൾ, ഉദ്യോഗസ്ഥ കെടുകാര്യസ്ഥതകൾ, വിദ്യാഭ്യാസ വൈകല്യങ്ങൾ, കച്ചവട സംസ്കാരത്തിലൂന്നിയ മാധ്യമങ്ങൾ, പൗരബോധമറ്റ പൊതുജീവിതം എന്നിവയാൽ ധാർമ്മിക നിലവാരത്തിന്റെ സ്ഥിരമായ തകർച്ച. പരിശീലനം ലഭിക്കാത്ത, സ്വയം പ്രഖ്യാപിത പത്രപ്രവർത്തകരുടെ ഉയർച്ച – പലപ്പോഴും സെൻസേഷണലിസവും വ്യക്തിപരമായ അജണ്ടകളും – പത്രങ്ങളുടെ വിശ്വാസ്യതയെ കൂടുതൽ ദുർബലപ്പെടു ത്തുന്ന പതനം-; ഇതെല്ലാമാണ് കേരളത്തിൻ്റെ സമകാലീന പരിച്ഛേദനത്തിൻ്റെ ഒരംശം.

ഈ ദുരവസ്ഥകളിൽ കേരളത്തിലെ തിരക്കുകളിൽ നിന്ന് മാറി നിന്ന്, ഇല കൊഴിയും നേരങ്ങളെ കടന്ന്, പുതു നാമ്പുകളെ കിളിർപ്പിക്കുന്ന അനുഭവങ്ങളിലേയ്ക്ക് പത്രമാനസ്സർ പരിണമിയ്ക്കുവാൻ കാരണമാവട്ടേ എന്ന് ആശംസിക്കുന്നു.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com