എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ബാറുകളും ബിവറേജുകളും മാത്രം. നാഴി അരിക്ക് മുട്ട് വന്നാലും നാല് പെഗ്ഗിന് മുട്ട് വരരുത്. ജനനമായാലും മരണമായാലും കല്യാണമായാലും എന്താഘോഷമായാലും മദ്യത്തിൽ മുക്കി എടുക്കണം. മദ്യം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മാനസിക പക്വത ഇല്ലാത്ത മലയാളിയെ (ആട്, മാഞ്ചിയം, തേക്ക് മുതൽ ഇന്റർനെറ്റ് തട്ടിപ്പുകൾ വരെ ഇതിന് ഉദാഹരണം) ബോധ്യപ്പെടുത്താൻ ഇത് മൂലം മുതലെടുപ്പ് നടത്തുന്നവർക്ക് കഴിഞ്ഞു.
മദ്യം ചായയും കാപ്പിയും പോലെ ഒരു നിത്യോപയോഗ വസ്തുവായി മാറി. തൊട്ടിൽ മുതൽ പട്ടട വരെ ഇതില്ലാതെ പറ്റില്ലെന്നായി. സ്കൂൾ കുട്ടികൾ പോലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായികൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. മദ്യത്തെക്കാളും ഭീകരമായ മറ്റൊരു വിപത്ത് നമ്മുടെ നാടിനെ പിടികൂടിയിരിക്കുന്നു. മയക്കുമരുന്ന് മാഫിയ നമ്മുടെ നാട്ടിൽ വല വിരിച്ചിരിക്കുന്നു. സ്കൂൾ തലം മുതൽ അവർ കച്ചവടം നടത്തുന്നു. എത്ര മാരകമായൊരു വിപത്താണിത്. കാണേണ്ടവർ ഒന്നും കാണുന്നുമില്ല. മിണ്ടേണ്ടവർ ഒന്നും മിണ്ടുന്നുമില്ല. ചെയ്യേണ്ടവർ ഒന്നും ചെയ്യുന്നുമില്ല.
ഇത്രയധികം കൊലപാതക പരമ്പരകൾ കേരളത്തിൽ നടക്കുന്നതിന് പിന്നിൽ മയക്കുമരുന്ന് ഉപയോഗം തന്നെയാണെന്ന് എല്ലാവർക്കും അറിയാം. എനിക്ക് പറയുവാനുള്ളത് മാതാപിതാക്കളോടാണ്.. മക്കളെ ശ്രദ്ധിക്കുക. അവരുടെ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയേണ്ടത് മാതാപിതാക്കൾ ആണ്. പ്രത്യേകിച്ചും അമ്മമാർ. നമ്മുടെ കുഞ്ഞുങ്ങളെ റാഞ്ചാൻ കാത്തിരിക്കുന്ന കഴുകന്മാരുടെ മുൻപിലേക്ക് അവരെ എറിഞ്ഞു കൊടുക്കാതിരിക്കുക.
ചെറിയ അശ്രദ്ധ വലിയ വിപത്തുകൾ വിളിച്ചു വരുത്തും. വീട്ടിൽ നിന്ന്
മോഷണം, വീട്ടിലുള്ളവരെ ഉപദ്രവിക്കൽ പിന്നീട് അത് സമൂഹത്തോടുള്ള ഉപദ്രവമായി മാറുന്നു. മോഷണങ്ങൾ, കൊലപാതകങ്ങൾ അങ്ങനെ അങ്ങനെ പലതും. കുട്ടികളുടെ ചെറിയ ചെറിയ തെറ്റുകൾ മൂടിവെക്കുമ്പോൾ മാതാപിതാക്കളെ നിങ്ങൾ ഓർക്കുക വലിയ വിപത്തിലേക്കാണ് നിങ്ങൾ അവരെ തള്ളിവിടുന്നത്. അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടിവരുന്നത് കുടുംബം മാത്രമല്ല ഒരു തെറ്റും ചെയ്യാത്ത സമൂഹത്തിൽ ഉള്ളവർ കൂടിയാണ്. പല ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്.
പണ്ടൊക്കെ അദ്ധ്യാപകരെ കുട്ടികൾ ബഹുമാനിച്ചിരുന്നു. ഇപ്പോൾ അദ്ധ്യാപകർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ്. അവർക്കവരുടെ ജോലി സംരക്ഷിക്കണം, കുടുംബം സംരക്ഷിക്കണം. ആദ്യ കാലത്തൊക്കെ പഠിക്കാത്ത മക്കളെ നോക്കി അവൻ കപ്പയിട്ടോ, റബ്ബർ വെട്ടിയോ ജീവിച്ചോളും എന്ന് മാതാപിതാക്കൾ പറയുമായിരുന്നു. ഇന്നിപ്പോൾ മദ്യം വിറ്റോ മയക്കുമരുന്ന് വിറ്റോ ജീവിച്ചോളും എന്ന് പറയേണ്ടുന്ന അവസ്ഥയിൽ നമ്മുടെ നാടിനെ കൊണ്ടെത്തിച്ചിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവർ ഈ വിപത്തിനെതിരെ എന്തെങ്കിലും ചെയ്യുമെന്ന് ആരും വിചാരിക്കേണ്ടതില്ല. അതുകൊണ്ട് കുടുംബത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ.
കുട്ടികളുടെ മുൻപിലിരുന്ന് മദ്യപിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ഒന്നോർക്കുക അവർ ചെയ്യുന്നത് ശരിയാണ് വലുതാകുമ്പോൾ ഞങ്ങൾക്കും ഇത് ചെയ്യാം അതിൽ തെറ്റൊന്നുമില്ല എന്നാണ് കുഞ്ഞുങ്ങൾ ധരിക്കുന്നത്. അങ്ങനെ ഉള്ള മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ ഇങ്ങനെ യൊക്കെ ആവുന്നതിൽ അതിശയിക്കാനൊന്നുമില്ല. ഈ കെട്ട കാലത്തിൽ ജീവിക്കേണ്ടി വന്നതിൽ ദുഃഖമുണ്ട്.
ഈ കാലത്തു കുഞ്ഞുങ്ങളെ വളർത്തേണ്ടിവരുന്ന മാതാപിതാക്കളെ ഓർത്ത് ഞാനും വ്യാകുലപ്പെടുന്നു. ഈ കാലത്താണല്ലോ എന്റെ കൊച്ചുമക്കളും വളരേണ്ടത് എന്നോർത്ത് എനിക്കും ആശങ്ക ഉയരുന്നു.മക്കളെ ചേർത്ത് പിടിക്കുക. അവരെ ശ്രദ്ധിക്കുക. മനസിലാക്കുക.നമ്മുടെ കുഞ്ഞുങ്ങൾ പരുന്തിൻ കാലിൽ പോകാതെ നന്മയുള്ളവരായി വീടിനും സമൂഹത്തിനും പ്രയോജനമുള്ളവരായി വളരട്ടെ. ജാഗ്രതെ
മികച്ച ലേഖനം
ചിന്തനീയം
Good
വളരെ നല്ല ലേഖനം.
ഇന്നത്തെ തലമുറ വഴി തെറ്റി പോകാതിരിക്കുവാൻ കൂട്ടായ ഒരു പ്രയത്നത്തിന്റെ ആവശ്യകത ഉണ്ട്.
സമൂഹം ഒറ്റക്കെട്ടായി നിന്നാൽ ഏത് വിപത്തിനെയും നേരിടാനാവും