പുക പിടിച്ച റാന്തൻ വിളക്കിന്റെ , ചില്ല് തുടച്ചു വൃത്തിയാക്കിയാൽ മാത്രമേ വിളക്കിന്റെ അകത്തെ പ്രകാശം കാണാൻ സാധിക്കുകയുള്ളൂ.ഇതുതന്നെയാണ് പല മനുഷ്യരുടെയും സ്ഥിതി. അവനവന്റെ ഉള്ളിലുള്ള ഈശ്വരനെ കാണാൻ കഴിയാത്ത വിധം ഹൃദയത്തിൽ പല വിശ്വാസങ്ങളുടെയും, അടിഞ്ഞു കൂടിയ കറ തുടച്ചു വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ധ്യാനം ചെയ്യുന്നതുകൊണ്ട് എന്ത് അനുഭവമാണ് ഉണ്ടാവുക എന്ന് സംശയിച്ച് ചെയ്യേണ്ട ഒരു മാർഗ്ഗമല്ല ധ്യാനം. ഒരു മത്സ്യത്തിന്റെ കഥയിൽ കൂടി വ്യക്തമാക്കാം. ജലത്തിൽ കളിച്ചു നടന്നിരുന്ന ഒരു മത്സ്യത്തിന് ജലം എന്താണ് എന്ന് അറിയാൻ ഒരു മോഹമുണ്ടായി. പല കൂട്ടുകാരോടും ചോദിച്ചിട്ടും, അവർക്കൊന്നും അതിനു ഉത്തരം പറയാൻ കഴിഞ്ഞില്ല. അങ്ങിനെ ഇരിക്കെ മത്സ്യം ,ഒരു മുക്കുവന്റെ വലയിൽ അകപ്പെടാൻ ഇടയായി. എങ്ങിനെയോ പെട്ടെന്ന് മത്സ്യം വലയിൽ നിന്ന് രക്ഷപ്പെട്ട് ജലത്തിലേക്ക് എത്തിച്ചേർന്നു. ഈ കുറച്ചുനേരത്തെ അനുഭവം കൊണ്ട് ജലം എന്താണെന്ന് മത്സ്യത്തിന് ബോധ്യപ്പെട്ടു. ഇതുതന്നെയാണ് ധ്യാനം അനുഭവിക്കുമ്പോൾ തിരിച്ചറിയുന്നത്.
മനുഷ്യജന്മം കിട്ടിയ നമ്മൾ ഭാഗ്യവാന്മാരാണ്, ഈ ജീവിതകാലത്ത്, ധ്യാനം ചെയ്യാൻ കഴിയുന്നത് മഹാഭാഗ്യമാണ്. എന്നാൽ ധ്യാനം എന്ന് കേട്ടാൽ കലിതുള്ളുന്ന ഒരു കൂട്ടരും ഉണ്ട്. അവരുടെ ആയുധമാണ് ഭ്രഷ്ഠ്. അവർക്ക് സ്വർഗ്ഗവും നരകവും ആണ് അവരുടെ സ്വപ്നം. ലോക അവസാന കാലം വരെ കാത്തിരിക്കുകയാണ് അവരുടെ വിശ്വാസം.
നമ്മുടെ മനസ്സിന് എപ്പോഴും പല ഭാവങ്ങളാണ്. സന്തോഷവും, ദുഃഖവും എല്ലാം അതിൽ കടന്നുവരും. മനസ്സിലെ ഭാവങ്ങൾ അനുസരിച്ചാണ് ഓരോ ദൃശ്യങ്ങളും നാം കാണുന്നത്.
അസ്വസ്ഥതയിൽ നിന്ന് മനസ്സിനെ സ്വസ്ഥതയിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരാളുടെ സംസ്കാരം പോലെ ആയിരിക്കും അയാളുടെ സ്വഭാവവും. പല മനുഷ്യ ജന്മങ്ങളിൽ കൂടി കയറിക്കൂടിയ ചീത്ത സംസ്കാരങ്ങളെ ശുദ്ധീകരിക്കണം. ഏതാനും ദിവസം സ്വയം ചെയ്യുന്ന ധ്യാന പരിശീലനം കൊണ്ട് ഹൃദയത്തെ ശുദ്ധീകരിച്ച് ആത്മീയ പ്രകാശം അനുഭവിക്കാൻ കഴിയും.
നേരം വെളുക്കുന്നതിനു മുമ്പ്, സൂക്ഷ്മമായ നിശബ്ദതയിൽ, ഒരിടത്ത് കണ്ണുകൾ തുറന്നൊ, കണ്ണുകൾ അടച്ചൊ ഇരിക്കാം. വെളിച്ചം ഇല്ലാതെ ഇരിക്കുകയാണ് ധ്യാനത്തിന് നല്ലത്. ഹൃദയത്തിലുള്ള ഈശ്വരനിൽ മുഴുവനായി അർപ്പിച്ചുകൊണ്ട് ഇരിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ താനേ അടഞ്ഞുപോകും.
മനസ്സിനെ മുഴുവനായി ഈശ്വരനിലേക്ക് തിരിക്കുക. ആത്മീയ പ്രകാശമാകുന്ന, ഈശ്വര ദർശനത്തിലേക്ക് കുറച്ചു ദിവസത്തെ പരിശീലനം കൊണ്ട് എത്തിച്ചേരാൻ കഴിയും. തുടക്കത്തിൽ 15 മിനിറ്റോ, 30 മിനിറ്റോ ധ്യാനിക്കാൻ പരിശീലിക്കുക. ദിവസവും ഒരു മണിക്കൂറാണ് ധ്യാനിക്കാൻ തിരഞ്ഞെടുക്കേണ്ടത്. ദൈവിക ഊർജ്ജവുമായി കണ്ണുകൾ തുറക്കുമ്പോൾ സൂര്യ പ്രകാശ കിരണങ്ങളാൽ കാണുന്ന പ്രഭാതം കുറച്ചുനേരം കണ്ടിരിക്കുന്നത് നല്ലതാണ്.
ധ്യാനം വഴി ആത്മീയ സംസ്കാരം നിറയുകയും ജീവിതം ധന്യമാക്കുകയും ചെയ്യും. മനോബലവും ഏകാഗ്രതയും കൈവരും. ദുർബല മനസ്സുമായി കീഴ്പെട്ടു കൊണ്ടുള്ള ജീവിതത്തിൽ നിന്ന്, ഏത് പ്രതിസന്ധികളെയും തരണം ചെയ്യുന്നതിനുള്ള ആത്മബലം കൈവരും. പല അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കുന്ന ഒരു രക്ഷകൻ തന്നോടൊപ്പം ഉണ്ടെന്ന വിശ്വാസം വന്നുചേരും.
ഏതു കാര്യം ചെയ്യുമ്പോളും അത് ആസ്വദിച്ച് , താല്പര്യത്തോടെ ചെയ്യുമ്പോൾ അതിന് അതിന്റേതായ ഭംഗി ഉണ്ടാകും. വിഷമങ്ങൾ മനസ്സിനെ തളർത്തും, ഏതിനെയും ധീരതയോടെ നേരിടുക. ഇതൊന്നും അത്ഭുതങ്ങൾ അല്ല. ഈശ്വരനെ അനുഭവിക്കുമ്പോൾ നമ്മളിൽ വന്നുചേരുന്നതാണ്.