ക്യാപ്റ്റൻ രാജു.
ഇന്ത്യൻ നടനും സൈനിക ഉദ്യോഗസ്ഥനുമായിരുന്ന ക്യാപ്റ്റൻ രാജുവാണ് ഇന്നത്തെ താരം.
1950 ജൂൺ 27ന് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ എന്ന സ്ഥലത്ത് കെ ജി ഡാനിയേലിന്റെയും അന്നമ്മയുടെയും 7 മക്കളിൽ മൂന്നാമനായിട്ടാണ് രാജു ഡയനിയേൽ എന്ന ക്യാപ്റ്റൻ രാജു ജനിച്ചത്.
ഓമല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ, എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്നുമായിരുന്നു രാജു തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഓമല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപകരായിരുന്നു മാതാപിതാക്കൾ. സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു മികച്ച വോളിബോൾ കളിക്കാരനായിരുന്നു അദ്ദേഹം.
തുടർന്ന് പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ നിന്നും സുവോളജിയിൽ ബിരുദം നേടി. ശേഷം തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് സേവനമനുഷ്ഠിച്ച് ക്യാപ്റ്റൻ റാങ്ക് വരെ എത്തി.
സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം ഒരു കമ്പനിയിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലിക്ക് ചേർന്നു. ഇക്കാലത്ത് മുംബൈയിലെ അമച്വർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് സിനിമയിലേക്ക് കടന്നു.
1981ൽ പുറത്തിറങ്ങിയ ‘രക്തം’ എന്ന മലയാള സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 1987ൽ പുറത്തിറങ്ങിയ ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ ‘പവനായി’ എന്ന കഥാപാത്രം അദ്ദേഹത്തിന് മലയാള സിനിമയിൽ ഒരു ആരാധനാപദവി വളർത്തിയെടുക്കാൻ സഹായിച്ചു. തുടർന്ന് വില്ലൻ വേഷങ്ങളും ക്യാരക്ടർ വേഷങ്ങളും ചെയ്ത് അദ്ദേഹം ശ്രദ്ധേയനായി.
ടെലിവിഷൻ സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിച്ചിരുന്ന ക്യാപ്റ്റൻ രാജു, 1997 ൽ ഇതാ ഒരു സ്നേഹ ഗാഥ, 2012 ൽ മിസ്റ്റർ പവനായി 99.99 എന്നീ രണ്ട് മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
ഒരു ക്രിസ്തുമത വിശ്വാസിയായിരുന്നുവെങ്കിലും എല്ലാ മതവിഭാഗങ്ങളെയും അദ്ദേഹം ബഹുമാനിച്ചിരുന്നു. പ്രമീളയായിരുന്നു ജീവിതപങ്കാളി. മകൻ രവി. കൊച്ചിയിലെ പാലാരിവട്ടത്തായിരുന്നു കുടുംബസമേതം അദ്ദേഹം താമസിച്ചിരുന്നത്.
പ്രധാനമായും മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ക്യാപ്റ്റൻ രാജു, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 600 ൽ അധികം സിനിമകളിൽ വേഷമിട്ട അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളിൽ ചിലതാണ് നാടോടിക്കാറ്റ്, ഒരു വടക്കൻ വീരഗാഥ, സിഐഡി മൂസ, തിരകൾ, പാവം ക്രൂരൻ, ജനകീയ കോടതി, കരിമ്പിൻ പൂവിനക്കരെ, അമൃതംഗമയ, അടിമകൾ ഉടമകൾ, ഇന്നലെ, നമ്പർ 20 മദ്രാസ് മെയിൽ, രാജശില്പി, തുറുപ്പുഗുലാൻ തുടങ്ങിയവ.
2018 സെപ്റ്റംബർ 17ന് തന്റെ 68ആം വയസ്സിൽ ഹൃദയാഘാതം മൂലം അദ്ദേഹം കൊച്ചിയിൽ നിര്യാതനായി. മലയാള സിനിമയ്ക്ക് തന്റേതായ സംഭാവന നൽകി, ജനഹൃദയങ്ങളിൽ ഒരിടം കണ്ടെത്തി, കാലയവനികക്കുള്ളിൽ പോയ്‌മറഞ്ഞ പ്രിയ കലാകാരന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട്..




ക്യാപ്റ്റൻ രാജു എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ മിന്നിമറിയുന്നത് നിരവധി വില്ലൻ കഥാപാത്രങ്ങൾ..
മലയാളികൾക്ക് ഇഷ്ടമായിരുന്നു ആ വില്ലെനെ
അദ്ദേഹത്തിന്റെ ജീവിത വഴികൾ നന്നായി എഴുതി