കോഴിക്കോടിന്റെ സ്വന്തം അഭിനേതാക്കളിൽ, പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്ന കുതിരവട്ടം പപ്പു ആണ് ഇന്ന് എൺപതുകളിലെ വസന്തങ്ങളിൽ. അതെ! നിഷ്കളങ്കതയോടെ വെളുവെളുക്കെ ചിരിക്കുന്ന പപ്പു.
കുതിരവട്ടം പപ്പു സിനിമകളിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ ഡയലോഗുകൾ ഇന്നും മലയാളക്കരയിൽ ഒരു തരംഗം തന്നെയാണ്. വെള്ളാനകളുടെ നാട്ടിലെ “ഇപ്പ ശരിയാക്കിത്തരാം” ടിപി ബാലഗോപാലൻ എം എ യിലെ “താമരശ്ശേരി ചുരം” തേന്മാവിൻ കൊമ്പത്തിലെ “ടാസ്കി വിളി” തുടങ്ങി പപ്പുവിന്റെ സ്വതസിദ്ധമായ ശൈലിയിൽ പിറന്ന എത്രയെത്ര ഡയലോഗുകളാണ് മലയാള ഭാഷാപദങ്ങളുടെ പട്ടികയിൽ ഇടം നേടിയത്! ഇവയൊക്കെ യുവതലമുറ ഇന്നും തമാശയായും അല്ലാതെയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു!
പനങ്ങാട് രാമന്റെയും ദേവിയുടെയും മൂത്തമകനായി 1936 ഡിസംബർ 24ന് കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ആണ് കുതിരവട്ടം പപ്പു ജനിച്ചത്. അച്ഛനമ്മമാർ നൽകിയ പേര് പനങ്ങാട്ട് പത്മദളാക്ഷൻ എന്നായിരുന്നു. കോഴിക്കോട് സെന്റ് ആന്റണീസിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പപ്പുവിന് കുട്ടിക്കാലം തൊട്ടേ നാടകത്തിൽ അതിയായ കമ്പമുണ്ടായിരുന്നു. 17 വയസ്സായപ്പോഴേക്കും ‘കുപ്പയിൽ നിന്ന് സിനിമയിലേക്ക്’ എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ അഭിനയമോഹത്തിന് തുടക്കം കുറിച്ച പപ്പു ‘മൂടുപടം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുമാറ്റം നടത്തി.
എന്നാൽ പപ്പുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് വൈക്കം മുഹമ്മദ് ബഷീർ രചന നിർവഹിച്ച “ഭാർഗവീനിലയം” എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിൽ അദ്ദേഹത്തിന് ലഭിച്ച കഥാപാത്രത്തിന്റെ പേര് കുതിരവട്ടം പപ്പു എന്നായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നിർദ്ദേശപ്രകാരം തുടർന്നുള്ള തന്റെ അഭിനയജീവിതത്തിൽ ആ പേര് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ആയിരത്തോളം ഇൻസ്റ്റന്റ് നാടകങ്ങളിലും സമസ്യ, മനസ്സ് എന്നീ രണ്ട് പ്രൊഫഷണൽ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഇതിൽ സമസ്യയിലെ അഭിനയത്തിന് മികച്ച ഹാസ്യ നടനുള്ള അവാർഡും നേടി.
നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി, തിക്കോടിയൻ, കെ ടി മുഹമ്മദ് എന്നിവർക്കൊപ്പം കുതിരവട്ടം പപ്പു പ്രവർത്തിച്ചിട്ടുണ്ട്. നാടക മേഖലയിലെ സുഹൃത്തുക്കളുടെ സഹായത്താൽ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പ് അദ്ദേഹം “അക്ഷര തീയേറ്റേഴ്സ്” സ്ഥാപിച്ചു.
അഹിംസ, കരിമ്പന, ഈ നാട്, ആൾക്കൂട്ടത്തിൽ തനിയെ, കാണാകിനാവ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.
ചെമ്പരത്തി, അവളുടെ രാവുകൾ, അങ്ങാടി തുടങ്ങിയ ചിത്രങ്ങൾ പപ്പുവിന്റെ ജീവിതത്തിൽ വഴിത്തിരിവായി.
മണിച്ചിത്രത്താഴ്, ദി കിംഗ് എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങൾ പ്രത്യേക ശ്രദ്ധ നേടി. ഹാസ്യ നടനായും സ്വഭാവനടനായും ഏറെ പ്രശംസ നേടിയ പപ്പു വില്ലൻ വേഷങ്ങൾ ചെയ്തിട്ടേയില്ല.
1963 മുതൽ 2000 വരെ കലാരംഗത്ത് സജീവമായിരുന്ന അദ്ദേഹം പത്മിനിയെ തന്റെ ജീവിതസഖിയായി കൂടെ കൂട്ടി. ബിന്ദു, ബിജു, ബിനു എന്നിവർ മക്കളാണ്. ഇതിൽ ബിനു അച്ഛന്റെ പാത പിന്തുടർന്ന് സിനിമാരംഗത്ത് സജീവമാണ്. 2000 ഫെബ്രുവരി 25ന് ഹൃദയാഘാതത്തെ തുടർന്ന് തന്റെ 63 ആം വയസ്സിൽ കുതിരവട്ടം പപ്പു എന്ന പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു.
ഓരോ കഥാപാത്രത്തിന്റെയും സൂക്ഷ്മതകൾ മനസ്സിലാക്കി, അവയെ പപ്പു ശൈലിയിലേക്ക് മാറ്റാൻ പ്രഗൽഭനായിരുന്നു അദ്ദേഹം.1500 ഓളം ചിത്രങ്ങളിൽ നിഷ്പ്രയാസം അഭിനയിച്ച്, താരപരിവേഷമോ ജാഡയോ ഒട്ടുമില്ലാതെ സാധാരണയിൽ സാധാരണക്കാരനായി ജീവിച്ച് പ്രേക്ഷകമനസ്സുകളിൽ തന്റെ ചിത്രം കോറിയിട്ട്, മലയാള സിനിമാലോകത്തിന് ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് രംഗമൊഴിഞ്ഞ തികഞ്ഞ കലാകാരന് ഏറെ ആദരവോടെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്,
പപ്പുവിനെ കുറിച്ച് ഓർമിക്കുമ്പോൾ ആദ്യം മുന്നിൽ വരുന്നത് താമരശ്ശേരി ചുരം ആണ്..
നല്ല എഴുത്ത്