ലച്ചുവിൻ്റെ പേരിൽ ആദ്യമായി ഒരു ഓൺലൈൻ പ്രോഡക്ട് വന്നപ്പോൾ ഞാനൊന്നമ്പരന്നു.
കൊണ്ട് വന്ന പയ്യനോട് ,എത്ര രൂപയാണെന്ന് ചോദിച്ചപ്പോൾ തുക ഓൺലൈനായി പേയ് ചെയ്തിട്ടുണ്ടെന്നവൻ പറഞ്ഞു
പായ്ക്കറ്റ് വാങ്ങി വില നോക്കിയപ്പോൾ 350 രൂപ,
അതിനുള്ളിലെന്താണെന്ന വ്യഗ്രതയിൽ ഞാനത് പൊട്ടിച്ച് നോക്കി
പ്രമുഖ കമ്പനിയുടെ, പിങ്ക് കളറുള്ള ഒരു ജോഡി ബ്രായും പാൻ്റീസുമായിരുന്നത്.
പിങ്ക് അവളുടെ ഫേവറിറ്റ് കളറായിരുന്നു.
പക്ഷേ അവൾക്കിത്രയും പൈസ എങ്ങനെ കിട്ടി ? വൈകുന്നേരം അവൾ സ്കൂൾ വിട്ട് വരുന്നത് വരെ അതായിരുന്നു എൻ്റെ ടെൻഷൻ.
കഴിഞ്ഞ വിഷുവിന് അവൾക്ക് കൈനീട്ടം കിട്ടിയ തുകയായിരുന്നതെന്നറിഞ്ഞപ്പോഴാണ് എൻ്റെ ആശങ്ക മാറിയത്.
പക്ഷേ, നിനക്ക് GPay ഒന്നുമില്ലല്ലോ? പിന്നെങ്ങനെയാ നീ അവർക്ക് പൈസ അയച്ച് കൊടുത്തത്?
ഞാനെൻ്റെ സംശയം ചോദിച്ചു.
അത് ഞാൻ സൂര്യയുടെ അക്കൗണ്ടിൽ നിന്നും അയച്ചിട്ട്, അവൾക്ക് ക്യാഷ് കൊടുത്തു.
‘ഓഹ്! അങ്ങനായിരുന്നോ?
അതോടെ ആ വിഷയം അവസാനിച്ചു.ദിവസവും ഓരോരോ വാർത്തകൾ കേൾക്കുന്നത് കൊണ്ട് ഞാൻ പലപ്പോഴും ലച്ചുവിനെ സംശയദൃഷ്ടിയോടെയാണ് കാണുന്നത് .അവൾ തെറ്റ് ചെയ്യില്ലെന്നറിയാമെങ്കിലും എപ്പോഴും ഒരു ഭയം എന്നെ ഗ്രസിച്ചിരുന്നു.
‘അമ്മയെന്തിനാ ഇത് പൊട്ടിച്ചത് ?എനിയ്ക്ക് വന്ന സാധനല്ലേ? അത് ഞാൻ പൊട്ടിക്കുവല്ലോ?’
അവൾ നീരസത്തോടെ പറഞ്ഞപ്പോൾ എനിയ്ക്ക് സങ്കടം വന്നു.
‘അല്ല മോളേ, നീയും ഞാനും രണ്ടല്ലല്ലോ? ഒന്ന് തന്നെയല്ലേ? അപ്പോൾ പിന്നെ ഞാൻ പൊട്ടിച്ചാലെന്താ?’
‘അമ്മേ, ഇത് പോലെ ഓൺലൈൻ വരുന്ന സാധനങ്ങൾ ഇഷ്ടമായില്ലെങ്കിൽ നമുക്ക് റിട്ടേൺ കൊടുക്കാൻ ഓപ്ഷനുണ്ട് .കൂടാതെ റീഫണ്ടുമുണ്ട് .പക്ഷേ ഇത് പോലെ കവറ് വലിച്ച് കീറി നശിപ്പിച്ചാൽ അവർ റിട്ടേൺ എടുക്കില്ല. അത് കൊണ്ട് ഇനി മുതൽ എൻ്റെ പേരിൽ വരുന്ന ഒരു സാധനവും ദയവ് ചെയ്ത് അമ്മ പൊട്ടിക്കരുത്.’
അവൾ തൊഴുത് പറഞ്ഞപ്പോൾ ഞാൻ ചെയ്തത് വലിയ അപരാധമായി പോയെന്ന് എനിയ്ക്ക് തോന്നി.
അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ,അവൾക്കൊരു കൊറിയർ വന്നത്. അതും ഓൺലൈൻ പേയ്മെൻ്റായിരുന്നു.
ഞാനത് ഭദ്രമായി വാങ്ങി വച്ചിട്ട്, ലച്ചു വന്നപ്പോൾ എടുത്ത് കൊടുത്തു. പേയ്മെൻ്റിൻ്റെ കാര്യത്തിൽ എനിയ്ക്ക് സംശയം തോന്നിയില്ല. അന്നത്തെ വിഷുകൈനീട്ടത്തിൻ്റെ ബാക്കി ഉണ്ടായിരിക്കും എന്ന് സമാധാനിച്ചു.
പക്ഷേ പിന്നീട് തുടർച്ചയായി അവളെ തേടി പല കമ്പനികളുടെയും കൊറിയറുകൾ വരാൻ തുടങ്ങിയപ്പോൾ, എന്നിൽ വീണ്ടും സംശയം മുള പൊട്ടി.
ആ പൊതികളിൽ എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ അവസാനം വന്ന പൊതി ഞാൻ അഴിച്ച് നോക്കി.
അതിനുള്ളിൽ ഭദ്രമായി വച്ചിരുന്ന വെളുത്ത പൊടികൾ നിറച്ച ചെറിയ പായ്ക്കറ്റുകൾ കണ്ട് എൻ്റെ ശ്വാസം നിലച്ചു.
ദിവസങ്ങളായി ടിവിയിലും മറ്റും കാണുന്ന ന്യൂസുകളിലൂടെ എനിയ്ക്ക് പരിചിതമായ മയക്ക് മരുന്നാണതെന്ന തിരിച്ചറിവ് എൻ്റെ കൈകാലുകൾ തളർത്തി.
ഈശ്വരാ,നീയെന്നെ തോല്പിച്ച് കളഞ്ഞല്ലോ? അദ്ദേഹം മരിച്ചതിന് ശേഷം മറ്റൊരു വിവാഹത്തെക്കുറിച്ച് പോലും ചിന്തിക്കാതെ തൊഴിലുറപ്പിന് പോയും കണ്ടവൻ്റെ അടുക്കളയിൽ എച്ചിൽപാത്രം കഴുകിയുമൊക്കെ എത്ര കഷ്ടപ്പെട്ടാണ് ഞാനവളെ വളർത്തിയത്. വഴി പിഴച്ച് പോകാതിരിക്കാൻ ക്ഷീണം കൊണ്ട് പോലും, കണ്ണുകൾ മാടിപ്പോകാതെ അവളുടെ പിന്നാലെ നടന്നിട്ട് , എൻ്റെ കണ്ണ് വെട്ടിച്ചവൾ തെറ്റിലേയ്ക്ക് പോയല്ലോ ദൈവമേ!
വൈകുന്നേരമാകാൻ അക്ഷമയോടെ ഞാൻ കാത്തിരുന്നു.
‘എവിടുന്നാടീ നിനക്കിത് കിട്ടുന്നത്? എന്തിനാടീ നീയിത് വരുത്തിയത്? എത്ര നാളായെടീ, നീയിത് ഉപയോഗിക്കാൻ തുടങ്ങിയിട്ട്?’
ഒന്നിന് പുറകെ ഒന്നായി അവൾക്ക് നേരെ ഞാൻ ചോദ്യങ്ങൾ തൊടുത്ത് വിട്ടു.
ഇതൊന്നും എനിയ്ക്ക് ഉപയോഗിക്കാനല്ല ഇതിൻ്റെ ആവശ്യക്കാർ എന്നെ തേടി വരും. ചോദിയ്ക്കുന്ന പൈസ അവര് തരും.അതിൽ പകുതി കമ്പനിയ്ക്ക് അയച്ചാൽ മതി. ബാക്കി എനിക്കുള്ളതാണ്.ഞാൻ വെറും ഇടനിലക്കാരി മാത്രമാണമ്മേ.
അത് കൊണ്ടെന്താ? നമുക്ക് കുറച്ച് നാൾ കൊണ്ട് ഇഷ്ടം പോലെ കാശുണ്ടാക്കാം.
കൂസലില്ലാതെയുള്ള അവളുടെ സംസാരം കേട്ട്, ഞാൻ വീണ്ടും ഞെട്ടി.
അതിന് നമുക്കതിനും മാത്രം പൈസ എന്തിനാ ലച്ചു? നമുക്ക് ജീവിക്കാനുള്ള കാശ് ഞാൻ അദ്ധ്വാനിച്ചുണ്ടാക്കുന്നില്ലേ? നീയീ ചെയ്യുന്നത് രാജ്യദ്രോഹമാണ്. മയക്ക് മരുന്ന് മൂലം നല്ലൊരു തലമുറ നശിച്ച് പോകുമെന്ന് നിന്നെ ഞാൻ പ്രത്യേകം പറഞ്ഞ് പഠിപ്പിക്കേണ്ടതുണ്ടോ ?
‘അമ്മയ്ക്ക് കിട്ടുന്ന നക്കാപ്പിച്ച വരുമാനം കൊണ്ട് നമ്മള് അരപ്പട്ടിണിയിലല്ലേ കഴിയുന്നത്? ആഴ്ചയിൽ ഒരിക്കലെങ്കിലും അരക്കിലോ ചിക്കൻ വാങ്ങാൻ അമ്മയുടെ കൈയ്യിൽ പൈസയുണ്ടാകുമോ ? എനിയ്ക്ക് സ്കൂളിൽ ഒന്ന് മാറിയിട്ടോണ്ട് പോകാൻ രണ്ടാമതൊരു യൂണിഫോമുണ്ടോ ?ഇപ്പോൾ ഇടുന്നത് തന്നെ കഴിഞ്ഞ വർഷം അപ്പുറത്തെ ജീന ഉപയോഗിച്ച് നരച്ചതല്ലേ? സ്കൂളിൽ ഒരു സ്പെഷ്യൽ ഡേ വന്നാൽ നല്ല ഒരു ചുരിദാറ് വേണമെങ്കിൽ, അമ്മാവൻ്റെ മക്കളോട് തെണ്ടണം ,എൻ്റെ കൂട്ടുകാരികൾ ആഴ്ച്ചയിൽ ഒരിക്കൽ അവരുടെ പേരൻ്റ്സുമായി ഔട്ടിങ്ങിന് പോകാറുണ്ട് .അന്നത്തെ ഫുഡ് ഏതെങ്കിലും നല്ല റസ്റ്റോറൻ്റിൽ നിന്നായിരിക്കും അവര് കഴിക്കുക. ആ വിശേഷങ്ങളൊക്കെ പിറ്റേന്ന് ക്ളാസ്സിൽ വന്ന് പറയുമ്പോഴൊക്കെ, ഞാനും കൊതിച്ചിട്ടുണ്ട്, മാസത്തിലൊരിക്കലെങ്കിലും
എനിയ്ക്ക് അമ്മയോടൊത്തൊന്ന് പുറത്ത് പോകാൻ കഴിഞ്ഞെങ്കിലെന്ന്. തീയറ്ററിൽ പോയിരുന്ന് സിനിമ കാണാനും ബീച്ചിലൂടെ ലഹങ്കയും ക്രോപ്ടോപ്പും ഷറാറയുമൊക്കെയണിഞ്ഞ് കപ്പലണ്ടി കൊറിച്ച് നടക്കാനുമൊക്കെ ഞാനും ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതിനൊക്കെ വരുമാനം ഒരു തടസ്സമാണെന്നറിഞ്ഞപ്പോഴാണ്, ഞാൻ രണ്ടും കല്പിച്ച് ഈ വഴി തിരഞ്ഞെടുത്തത് .പിന്നെ ഇത് വാങ്ങി ഉപയോഗിക്കുന്നവർ ഇതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അറിയാത്തവരൊന്നുമല്ലല്ലോ? അവർക്ക് കാശുള്ളത് കൊണ്ടും, ജീവിതം ആസ്വദിക്കണമെന്നുള്ളത് കൊണ്ടുമല്ലേ?അവര് വാങ്ങുന്നത്, അതിന് അമ്മയെന്തിനാ ഇത്ര ആശങ്കപ്പെടുന്നത് ?’
‘ലച്ചൂ, നീ ചെയ്യുന്നത് വളരെ വലിയൊരു തെറ്റാണ്.മറ്റുള്ളവരുടെ ജീവിതം ഇല്ലാതാക്കിയിട്ടാണോ നിൻ്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കാൻ നീ നോക്കുന്നത് ?അതൊരിക്കലും ഞാൻ സമ്മതിച്ച് തരില്ല. ഇന്നത്തോടെ ഇത് നിർത്തിക്കോ, ഞാനിത് മുഴുവൻ കത്തിച്ച് കളയാൻ പോകുവാണ് .മേലാൽ ഈ തെറ്റ് നീ ആവർത്തിക്കരുത്.’
മകൾക്ക് താക്കീത് കൊടുത്തിട്ട് ,ഞാനാ പൊതിക്കെട്ടുമെടുത്ത് അടുക്കള ഭാഗത്തേയ്ക്ക് നടന്നു.
‘അതിങ്ങ് താ അമ്മേ …
എത്ര രൂപ വിലയുള്ള സാധനമാണിതെന്നറിയാമോ?
അത് നശിപ്പിച്ച് കളയാൻ ഞാൻ സമ്മതിക്കില്ല.’
അവളെന്നെ വട്ടം കയറി പിടിച്ചു.
‘വിട് ലച്ചൂ,നീയെൻ്റെ കയ്യീന്ന് വാങ്ങിക്കും.’
‘ഇല്ല വിടില്ല…’
പിടിവലിക്കിടയിൽ അവൾ നിലത്ത് വീണു. ആ തക്കത്തിന് ഞാൻ പുറത്തേയ്ക്ക് പാഞ്ഞു.
പക്ഷേ ചാടിയെഴുന്നേറ്റ ലച്ചു,അരിശത്താൽ പുറകെ വന്ന് എന്നെ പിടിച്ച് തള്ളിയിട്ടു.
ആ വീഴ്ചയിൽ എൻ്റെ കൈയ്യിൽ നിന്ന് തെറിച്ച് വീണ പൊതിയവൾ കൈക്കലാക്കി.
‘ദേ ഇനിയെൻ്റെ ബിസിനസ്സിൽ കൈകടത്താൻ നോക്കിയാൽ, അമ്മയാണെന്നൊന്നും ഞാൻ നോക്കില്ല. എനിയ്ക്കിനിയെങ്കിലും ആർഭാടമായി ജീവിക്കണം ,അതിന് തടസ്സമായി നില്ക്കുന്നത് അമ്മയാണെങ്കിലും ഞാൻ തീർത്ത് കളയും പറഞ്ഞേക്കാം.’
അതും പറഞ്ഞവൾ പുറത്തേയ്ക്ക് പാഞ്ഞു.
ഇത് വരെ കാണാത്ത ലച്ചുവിൻ്റെ ഭീകരമുഖം കണ്ട്, ഞാൻ അന്ധാളിച്ച് പോയി. നാശത്തിലേയ്ക്കാണവളുടെ പോക്കെന്ന് എൻ്റെ മനസ്സ് മുന്നറിയിപ്പ് തന്നു . ഇങ്ങനെ പോയാൽ, എൻ്റെ മകൾ കാരണം ഒരു പുതുതലമുറ മുളയിലെ കരിഞ്ഞുണങ്ങും . അത് പാടില്ല .എന്ത് വില കൊടുത്തും അവളെ തടഞ്ഞേ പറ്റു.
ഞാൻ വേഗം ഫോണെടുത്ത് എമർജൻസി നമ്പർ ഡയൽ ചെയ്തു,
കുറച്ച് കഴിഞ്ഞ് പോലീസിൻ്റെയും എക്സൈസിൻ്റെയും കൂടാതെ മാധ്യമങ്ങളുടെയും വാഹനങ്ങൾ എൻ്റെ വീടിന് മുന്നിൽ വന്ന് നിരന്നപ്പോൾ ,അവർ എൻ്റെ മകളെ അന്വേഷിച്ച് വന്നതാണെന്ന് ഞാൻ കരുതി.
പക്ഷേ, ആ കൂട്ടത്തിൽ നിന്നും മുഖം നിറയെ ചിരിയുമായി എൻ്റെ ലച്ചു ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ സ്തബ്ധയായി നിന്ന് പോയി.
‘അമ്മേ …ഇതൊരു നാടകമായിരുന്നമ്മേ!
അതിൽ അമ്മ വിജയിച്ചമ്മേ.’
പുറകിൽ നിന്ന് ബാക്കിയുള്ളവരൊക്കെ കൈയ്യടിക്കുമ്പോൾ, മാധ്യമ പ്രവർത്തകർ മൈക്കുമായി എൻ്റെ അരികിലെത്തി.
മക്കൾ എന്ത് തെറ്റ് ചെയ്താലും അത് മറച്ച് വച്ച് അവരെ സപ്പോർട്ട് ചെയ്യുന്ന മാതാപിതാക്കൾ ഉള്ള ഈ ലോകത്ത് ,സ്വന്തം മകളെ പോലീസിന് ഒറ്റ് കൊടുക്കാൻ മാഡത്തിന് എങ്ങനെ തോന്നി?
ഇങ്ങനൊരു സിറ്റുവേഷൻ വന്നപ്പോൾ എനിയ്ക്ക് സ്വാർത്ഥമതിയാകാൻ കഴിഞ്ഞില്ല ഞാനപ്പോൾ ലച്ചുവിൻ്റെ മാത്രം അമ്മയായിരുന്നില്ല .ഈ നാട്ടിലെ ഓരോ കുട്ടിയും എന്നെപ്പോലെയുള്ള അമ്മമാർ നൊന്ത് പ്രസവിച്ചതാണെന്നും അത് കൊണ്ട് ലച്ചു എന്ന എൻ്റെ തല തിരിഞ്ഞ മകൾ കാരണം, മറ്റ് മക്കൾ നഷ്ടപ്പെട്ട് പോകരുതെന്നും എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു.
‘കൺഗ്രാജുലേഷൻസ് മാം ,എല്ലാ മാതാപിതാക്കളും ലക്ഷ്മിയുടെ അമ്മയെ പോലെയാവണം, എന്നാണ് എനിയ്ക്ക് ഈ അവസരത്തിൽ പറയാനുള്ളത്. മയക്കുമരുന്നിന് എതിരെയുള്ള ഈ കാമ്പയിനിൽ ഇനി മുതൽ ലക്ഷ്മിയുടെ അമ്മയായിരിക്കും നമ്മുടെ ലീഡർ മാത്രമല്ല ഈ നാടിൻ്റെ യശസ്സ് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടി മാതൃകയായ ലക്ഷ്മിയുടെ അമ്മ ശ്രീദേവിയ്ക്ക്, അവരുടെ ക്വാളിഫിക്കേഷൻ നോക്കി, നല്ലൊരു ജോലി നല്കാൻ അടുത്ത അസംബ്ലിയിൽ സർക്കാരിനോട് ഞാൻ ശുപാർശ ചെയ്യുമെന്നും, ഈയവസരത്തിൽ ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു.’
എം എൽ എ യുടെ പ്രസംഗം ഹർഷാരവത്തോടെയാണ് ഏവരും ശ്രവിച്ചത്.
കഥ കാലോചിതം
Good
കലോചിതം
നല്ല അവതരണം
നല്ലെഴുത്ത്