മലയാളി മനസ്സിന്റെ സൗഹൃദങ്ങളേ പ്രിയ കൂട്ടുകാരേ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹ പൂർവ്വം സ്വാഗതം.
1961 ൽ നിർമ്മിച്ച ‘ഉണ്ണിയാർച്ച’ എന്ന പടത്തിലെ ‘അന്ന്നിന്നെ കണ്ടതിൽപിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു..’ എന്ന ഗനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.
ലളിതമധുരമായ പാശ്ചാത്തലസംഗീതം. ഗാനത്തിന്റെ വരികൾക്കും അർത്ഥത്തിനും ഊന്നൽ കൊടുത്തത്കൊണ്ട് ഗാനം ജനഹൃദയങ്ങളിൽ വാടാതെ കൊഴിയാതെ അന്നും ഇന്നും സുഗന്ധം പടർത്തിനിൽക്കുന്നു.
പി ഭാസ്കരന്റെ വരികൾക്ക് കെ രാഘവന്റെ സംഗീതം. ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം എ എം രാജയും പി സുശീലയും ചേർന്ന് ആലപിച്ചു.
പ്രണയത്തിൻ്റെയും വിരഹത്തിൻറെയും തേങ്ങലുകളാണ് ശിവരഞ്ജിനിയായ് ഈണമായ് രാഗമായ് താളമായ് ഗാനത്തിൽ തേൻമുള്ളുകളായ് നമ്മുടെ ഹൃദയത്തിലും നൊമ്പരക്കൂട് കെട്ടുന്നത്. നമുക്ക് ആ വരികളിലേക്ക് പോവാം.
അന്നു നിന്നെ കണ്ടതിൽ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു
അന്നു നമ്മൾ കണ്ടതിൽ പിന്നെ
ആത്മാവിലാനന്ദം ഞാനറിഞ്ഞു
ആശതൻ ദാഹവും ഞാനറിഞ്ഞു
ഓർമ്മകൾതൻ തേന്മുള്ളുകൾ
ഓരോരോ നിനവിലും മൂടിടുന്നു
ഓരോ നിമിഷവും നീറുന്നു ഞാൻ
തീരാത്ത ചിന്തയിൽ വേവുന്നു ഞാൻ
അന്നു നിന്നെ കണ്ടതിൽ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു
കണ്ണുനീരിൻ പേമഴയാൽ
കാണും കിനാവുകൾ മാഞ്ഞിടുന്നു
വീണയിൽ ഗദ്ഗദം പൊന്തീടുന്നു
വിരഹത്തിൻ ഭാരം ചുമന്നീടുന്നു
അന്നു നമ്മൾ കണ്ടതിൽ പിന്നെ
ആത്മാവിലാനന്ദം ഞാനറിഞ്ഞു
ആശതൻ ദാഹവും ഞാനറിഞ്ഞു
എത്ര മനോഹരമായാണ് കാലഘട്ടത്തിൻറെ സാഹിത്യത്തെ വരികളാക്കി മാറ്റിയിരിക്കുന്നത്. കാലം കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന ഈണം ശിവരഞ്ജിനിയുടെ പ്രത്യേകതയാണ്. നമുക്കാ ഈണം കൂടി ആസ്വദിക്കാം
പ്രിയപ്പെട്ടവരേ പ്രണയത്തിൻ്റെ പൂ നമ്മളും ചൂടിയതല്ലേ. വിരഹത്തിൻ്റെ പൊള്ളൽ നമ്മളും അറിഞ്ഞതല്ലേ. ഈ ഗാനം ഇഷ്ടമായില്ലേ…
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.
സ്നേഹപൂർവ്വം
മലയാളിയുടെ മനസ്സിൽ അന്നും ഇന്നും എന്നും നിലനിൽക്കുന്ന ഗാനം
നല്ല അവതരണം
നന്നായിട്ടുണ്ട്