ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് കൂട്ടുകാരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
1991 ൽ നിർമ്മിച്ച ‘ഞാൻ ഗന്ധർവ്വൻ’ എന്ന പടത്തിലെ “പലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ” എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കാൻ പോവുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാഷാണ് സംഗീതം നൽകിയിരിക്കുന്നത്. കാപി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം പാടിയിരിക്കുന്നത് ചിത്ര.
കൊച്ചുപെൺകുട്ടികൾക്ക് മുത്തശ്ശിമാർ പറഞ്ഞുകൊടുക്കുന്നതാണ് ഈ ഗന്ധർവ്വസങ്കൽപം. മുടി അഴിച്ചിട്ട് ആട്ടി നടക്കരുത്, ത്രിസന്ധ്യക്ക് സർപ്പാക്കാവ് ഗന്ധർവസാമീപ്യമുള്ള ഇടങ്ങൾ ഇവിടെയൊന്നും ഒറ്റക്ക് പോവരുത് എന്നൊക്കെ. ഈ സങ്കൽപം കൊണ്ട് തന്നെ പെൺകുട്ടികളുടെ മനസ്സിൽ ഒരു ഗന്ധർവ്വൻ സ്ഥാനം പിടിക്കുന്നു.
പാട്ടിലെ ആ.. എന്ന തുടക്കംതന്നെ ഉന്മദിനിയെപ്പോലെ ഓടിവരുന്ന പെൺകുട്ടിയെയാണ് നമ്മൾ കാണുന്നത്. നിറയെ പൂത്ത പാലയുടെ ചുവട്ടിലേക്കെത്തുമ്പോളേക്കും പാലപ്പൂ കൊണ്ട് അവളെ പുഷ്പഭിഷേകം ചെയ്യുന്നു. അവളും ഗന്ധർവ്വനും തമ്മിൽ ഇഴപിരിച്ചെടുക്കാനാവാത്ത ബന്ധം ഉടലെടുത്തുകഴിഞ്ഞു.
“മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ.. കന്നിക്കൈകളിലേകി നവലോകങ്ങൾ..” അതേ ആ ഗന്ധവ്വന്റെ കൈകളിലൂടെ അവൾ നവലോകങ്ങൾ കണ്ടു.
നമുക്ക് പാട്ടിന്റെ വരികളിലേക്ക് വരാം.
ആ…ആ..ആ
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2)
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ
കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..)
മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ
കന്നിക്കൈകളിലേകി നവലോകങ്ങൾ (2)
ആയിരം സിരകളുണർന്ന വിലാസ
ഭാവമായ് വിരഹിണീ വിധുവായ്
ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2)
രാവിലുണർന്ന വിലോലതയിൽ
ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ…)
നീലക്കാർമുകിലോരം വിളയാടുമ്പോൾ
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2)
മാനസം മൃദുല വസന്തമയൂരനടകളിൽ
തെല്ലിളം തുടിയായ്
പദമണിയുമ്പോൾ കാവുണരുമ്പോൾ (2)
മുത്തിളകുന്ന മനോലതയിൽ
ഗന്ധർവ്വ രാഗമായ് (പാല…)
എത്ര ലളിതമനോഹരമായ വരികൾ!
“പാലപ്പൂവേ നിൻതിരു മംഗല്യത്താലി തരൂ..
മകരനിലാവേ നീയെൻ നീഹാരപുടവ തരൂ..
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ ….”
നമുക്ക് ഗാനം കൂടി കേട്ടുനോക്കാം
ഗാനം കേട്ടില്ലേ.. എത്ര മനോഹരം അല്ലേ
അപൂർവ്വ സിദ്ധികളുമായ് ഗന്ധർവ്വന്മാർ ചിലപ്പോൾ ഭൂമിയയിലേക്കിറങ്ങി വരാറുണ്ട്. മനുഷ്യജന്മമെടുത്തുകൊണ്ട്. അവർതന്നെ ചിലപ്പോൾ അത് വിളിച്ചുപറയാറുണ്ട്. മനപൂർവ്വമല്ല. ഉള്ളിന്റെയുള്ളിൽ നിന്നും വരുന്നത്. ചിലതെല്ലാം നിറവേറ്റാനുണ്ട്, അങ്ങിനെയിവിടെ അധികം നിൽക്കാൻ പറ്റില്ല. തിരിച്ചുപോവുമെന്ന് പറഞ്ഞ് ഈ പടത്തിലെ ഗന്ധർവ്വൻ മേഘപടലങ്ങളിൽചേർന്ന് ലയിച്ചു പോവുന്നത് വേദനയോടെ നമ്മൾ നോക്കി നിന്നു.
ഞാൻ ഗന്ധർവ്വൻ എനിക്ക് തിരിച്ചു പോവണം എന്ന് പറഞ്ഞ് തന്നെയാണ് ഈ പടവും അവസാനിക്കുന്നത്.. പലപ്പൂവേ എന്ന ഗാനം ഈ പടത്തിന്റെ ഇതിവൃത്തം കൂടിയാണ്. അറം തട്ടിയ വാക്കുകളുടെ അമ്പേറ്റ് പിടഞ്ഞുവീണ പത്മരാജന് വേണ്ടിയാണ് മലയാളി മനസ്സിന്റെ ഇന്നത്തെ ഈ ഗാനാർപ്പണം.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.
ഞാൻ ഗന്ധർവ്വൻ സിനിമ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല പത്മരാജന്റെ മാജിക് എങ്ങനെയാണ് കാണാതിരിക്കുക…!
മുത്തശ്ശി കഥകളും ഗന്ധർവ സൂചനകളും ഒക്കെ നൽകി ഗാനത്തെ നന്നായി വിശകലനം ചെയ്തത് ഒത്തിരി ഇഷ്ടായി
നല്ല അവതരണം