‘മരണത്തിന്റെ മരണത്തിലൂടെ’ മാനവകുലത്തിന് മഹത്വപൂര്‍ണമായ രക്ഷ കൈവന്ന മഹോത്സവമാണല്ലോ ഈസ്റ്റർ അഥവ പുനരുത്ഥാനപ്പെരുന്നാള്‍. ”ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേല്‍ ഇനി കര്‍തൃത്വമില്ല” എന്നാണ് റോമര്‍ 6:9 ല്‍ പരിശുദ്ധനായ പൗലോസ് ശ്ലീഹ പറയുന്നത്. മണ്ണിനെ ജയിക്കുമ്പോഴാണ് വിത്തില്‍ നിന്നും വൃക്ഷം ഉണ്ടാവുന്നത്. ജീവന്‍ മരണത്തെ ജയിക്കുമ്പോഴാണ് ഉത്ഥാനം സംഭവിക്കുന്നത്. നന്മയാല്‍ തിന്മയെയും സത്യത്താല്‍ അസത്യത്തേയും നീതിയാല്‍ അനീതിയേയും ജയിക്കാന്‍ ഈസ്റ്റര്‍ ഇടയാക്കട്ടെ.
ജീവിതത്തില്‍ നാം നടത്തുന്ന എല്ലാ സ്‌നേഹാന്വേഷണങ്ങളും എത്തിച്ചേരുക ഉയിര്‍പ്പിന്റെ ഉത്കൃഷ്ടതയിലും ഉല്ലാസത്തിലും ആയിരിക്കും. അപരനെ അന്വേഷിച്ചിറങ്ങാനുള്ള ആത്മാര്‍ത്ഥസ്‌നേഹം ഉള്ളില്‍ ഉണ്ടാകണം എന്നാണ് ഉയിര്‍പ്പ് പെരുന്നാള്‍ ഉദ്‌ബോധിപ്പിക്കുന്നത്. മഗ്ദലന മറിയം അതിരാവിലെ അവനെ തേടിയിറങ്ങി. ഒന്നിനെത്തേടി തൊണ്ണൂറ്റി ഒന്‍പതിനെ വിട്ടിറങ്ങിയ നല്ലയിടനെപ്പോലെ, ആത്മാര്‍ത്ഥ സ്‌നേഹത്തോടെ അന്വേ ഷിച്ചിറങ്ങണം എന്ന അനുഗ്രഹീതമായ ഓര്‍മപ്പെടുത്തലാണ് ഈസ്റ്റര്‍ നല്‍കുന്നത്.
ഉയിര്‍ത്തെഴുന്നേറ്റതിന് ശേഷം ക്രിസ്തു എന്തു ചെയ്തു എന്നതാണ് ഏറ്റം ശ്രദ്ധേയമായ കാര്യം. തന്നെ മരണത്തിന് ഏല്‍പ്പിച്ചു കൊടുത്തവരോട് തമ്പുരാന്‍ എറ്റുമുട്ടിയില്ല, എതിരിട്ടില്ല, പകപോക്കിയില്ല, പകരം വീട്ടിയില്ല, പരിഹസിച്ചില്ല. തന്നെ കാത്തിരുന്നവരെ കാണാന്‍ പോയി. സ്‌നേഹിതര്‍ക്ക് വിരുന്നൊരുക്കി, തന്നെയോര്‍ത്ത് കരഞ്ഞവരെ ആശ്വസിപ്പിച്ചു.
എതിരാളികളോട് എന്ത് ചെയ്തു എന്നതാണ് ഇന്ന് ഈ ഈസ്റ്റര്‍ ദിനത്തില്‍ നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യം. എതിരാളികളോട് നാം ഏറ്റുമുട്ടിയോ? എതിരിട്ടോ? മാപ്പുകൊടുത്തോ? എതിരാളികളോട് എതിരിടാതെ എതിരേറ്റവനാണ് യേശുനാഥന്‍. പെരുമാറ്റം പോലെ തന്നെ പ്രതികരണവും പ്രധാനപ്പെട്ടതാണ്. ആളുകള്‍ എങ്ങനെ വേണമെങ്കിലും പെരുമാറട്ടെ, പ്രതികരണം എന്നിലാണ്. പ്രവൃത്തികള്‍ നോക്കിയല്ല, പ്രവൃത്തികളോടും പെരുമാറ്റങ്ങളോടുമുള്ള പ്രതികരണങ്ങള്‍ നോക്കിയാണ് ഒരാളെ വിലയിരുത്തേണ്ടത്. എതിരെ വരുന്നവരോട് എതിരിടാതെ എതിരേല്‍ക്കാനാവുമോ? ആകാശത്ത് കോടാനുകോടി നക്ഷത്രങ്ങളും മറ്റും ഉണ്ട്. എന്നാല്‍ അവയൊന്നും കൂട്ടിമുട്ടുന്നില്ല, സംഘര്‍ഷം ഉണ്ടാകുന്നില്ല. എന്നാല്‍ റോഡിലെ കൂട്ടിമുട്ടലും വീട്ടിലെ ഏറ്റുമുട്ടലും എത്ര മാത്രമാണ് മനുഷ്യരുടെ ഇടയില്‍. മനുഷ്യത്വം നഷ്ടപ്പെട്ട മതജീവിതമാണോ നമ്മുടേത്? ആരാധനക്കും ആഘോഷങ്ങള്‍ക്കും അല്പം പോലും കുറവില്ല, അനുകമ്പയും ആര്‍ദ്രതയും ആത്മീയതയും ഇല്ലാതെ പോകുന്നുവോ?
മരിച്ചുപോകുമ്പോള്‍ ഇല്ലാതാവുന്നത് സ്വപ്‌നങ്ങളാണ്. പ്രിയപ്പെട്ടവരുടെ സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ പകരാനായാല്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ മരിച്ചാലും മരിക്കാതെ ജീവിക്കും. ലഹരിയുടെ പിടിയിലകപ്പെട്ട് മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ വലിയ ക്രൂരത കാണിക്കുന്ന ഇന്നത്തെ കാലം ജീവിച്ചിരിക്കുന്നവരുടെ പോലും സ്വപ്‌നങ്ങള്‍ ഇല്ലാതാക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മെക്കുറിച്ച് കണ്ട നല്ല സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലൂടെ മരണത്തിനപ്പുറം ജീവന്‍ പകരാം. ക്രിസ്തുവിന്റെ സ്വപ്‌നങ്ങള്‍ക്ക് ജീവിതം കൊണ്ട് നിറം പകരാനാവുമ്പോഴാണ് ഉത്ഥാനം അര്‍ത്ഥപൂര്‍ണ്ണമാവുക, ക്രിസ്തു നമ്മിലൂടെ ജീവിക്കുക. ഉത്ഥാനത്തിന്റെ സ്‌നേഹം ഉള്ളില്‍ നിറക്കാം. ഉദാത്തസ്‌നേഹത്തിന്റെ ഉപകരണങ്ങളാകാം. എല്ലാവര്‍ക്കും ഉയിര്‍പ്പ് പെരുന്നാളിന്റെ ആശംസകള്‍ ഏറ്റം സ്‌നേഹത്തോടെ നേരുന്നു.
ഈസ്റ്റർ ദിനത്തിൽ വായിച്ചിരിക്കേണ്ട മഹത്തായ സന്ദേശം
എന്നും മനസ്സിൽ സൂക്ഷിക്കേണ്ട ഒത്തിരി കാര്യങ്ങൾ…
എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ