നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും
ശക്തര്‍ അതിജീവിക്കുകയും
ദുര്‍ബലര്‍ വംശനാശം വന്ന്
നാമാവശേഷമാവുകയും
ചെയ്യുമെന്ന്.
സംഗതി അത്ര ലളിതമല്ല കൂട്ടരേ.
ശക്തരുടെ വംശരക്ഷണത്തിന്
അശക്തര്‍ കൂടിയേ തീരു.
ഒരു ശക്തന്റെ കീഴില്‍ അനേകം
അശക്തര്‍ ഉണ്ടാവണം.
അതാണ് ശക്തരുടെ അതിജീവന
രഹസ്യം.
ഒരു അടിമയുടമസ്ഥന് ആയിരമല്ല
പതിനായിരമല്ല ലക്ഷമല്ല അടിമകള്‍
വേണം.
ഒന്നിന് കാക്കത്തൊള്ളായിരം
എന്നോമറ്റോ ആണ്
റേഷ്യോ.
അടിമവംശം പതിനായരക്കണക്കിന്
പെരുകുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍
നിങ്ങള്‍ ചിരിക്കും.
അടിമവൃാപാരം നിയമംമൂലം
നിരോധിക്കപ്പെട്ടത് ഞാന്‍ അറിഞ്ഞില്ല
എന്ന് നിങ്ങള്‍ പരിഹസിക്കും.
ചിരിച്ചോളിന്‍.
ഒരു ഇടയന്റെ കുഞ്ഞാടുകളല്ലേ
നിങ്ങളും ഞാനും !
കുഞ്ഞാടുകളുടെ വംശമില്ലെങ്കില്‍
ഇടയന്മാര്‍ പട്ടിണികിടന്ന് ചാവും എന്ന്
അറിയാന്‍ നമുക്കിഷ്ടമല്ല.
ടണ്‍ കണക്കിന് പൊരിച്ചു തിന്നിട്ടും
ഇറച്ചിക്കോഴികള്‍ക്കുണ്ടോ
ക്ഷാമം എന്ന് നിങ്ങളോര്‍ത്തു
നോക്കാറുണ്ടോ ?
ഉണ്ടാവില്ല.
എത്ര പുഴുങ്ങിത്തിന്നിട്ടും
തിന്നതില്‍ എത്രയോ ഇരട്ടിയുണ്ടല്ലോ
കോഴിമുട്ടകളും കോഴിക്കുഞ്ഞുങ്ങളും
എന്ന് നിങ്ങളോര്‍ത്തുനോക്കാറുണ്ടോ ?
ഉണ്ടാവില്ല.
ഒരു മനുഷ്യന് ആജീവനാന്തം തിന്നാന്‍
എത്ര കോഴി വേണ്ടിവരും എന്നോന്ന്
ഓര്‍ത്തു നോക്കിയിട്ടുണ്ടോ ?
ഉണ്ടാവില്ല.
ഇത്രയൊക്കെ കൊന്നുതിന്നിട്ടും
ഇറച്ചിക്കോഴികള്‍ പിന്നെയും
അത്രയത്ര ശേഷിക്കുന്നതോര്‍ത്ത്
നിങ്ങള്‍ അത്ഭുതപ്പെടുന്നില്ല.
കാരണം, നിങ്ങള്‍ക്കറിയാം
പൂര്‍ണത്തില്‍നിന്ന്
പൂര്‍ണമെടുത്താലും
പൂര്‍ണം അവശേഷിക്കുന്നുവെന്ന്;
നമ്മളെത്ര തിന്നാലും
ഇറച്ചിക്കോഴികളുടെ വംശം
അവശേഷിക്കുമെന്ന്
അതിജീവിക്കുമെന്ന്;
ഒരു പെണ്ണ് ആത്മഹത്യ ചെയ്താല്‍
ആയിരം പെണ്ണ് സ്വര്‍ണവും കാറും
വില്‍ക്കുന്ന ചന്തയില്‍
പിറക്കുമെന്ന്;
എത്ര സെെനികര്‍ വെടിയേറ്റു
മരിച്ചാലും
ഇല്ലാതാവില്ല സെെനികവംശമെന്ന്.
ഇറച്ചിക്കോഴികള്‍
ഇറച്ചിയാവാനും കൊല്ലപ്പെടാനും
അര്‍ഹതയുള്ളവരാണ്.
കോടാനുകോടി പെരുക്കത്തില്‍
അവ അവശേഷിക്കും.കഴുകന്മാരുടെ
കൂര്‍ത്ത കൊക്കും നഖങ്ങളും
അതിജീവിക്കുന്ന അതിജീവിതകളുടെ
വംശവും അറ്റുപോകുന്നില്ലെന്ന്
ആര്‍ക്കാണ് അറിയാത്തത്?
മനുഷ്യര്‍ എത്ര പീഡിപ്പിച്ചി്ട്ടും നമ്മുടെ
പീഡനത്തിനിരകളാവാനായി പുനരപി,
പുനരപി, അതിജീവിക്കുന്നു മണ്ണെന്ന
പെണ്ണ്, ഇല്ലേ?
കൊന്നുതിന്നാനാളില്ലാത്ത ഒരു
കാലം വന്നാല്‍ ഇറച്ചിക്കോഴികള്‍
പാഴായ്പ്പോയ അവരുടെ ജന്മമോര്‍ത്ത്
ആത്മഹത്യ ചെയ്യും.പിന്നെയും
അവശേഷിക്കും ഇറച്ചിക്കോഴികള്‍.



