വാലൻടൈൻസ് ഡേ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് എല്ലാവരും സന്തോഷമായി ഇരിക്കുന്ന സമയമാണന്നറിയാം. എങ്കിലും ചില യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടാതിരിക്കാൻ കഴിയില്ല. കേരളത്തിലെ യുവാക്കളെക്കുറിച്ചാണ് പറയാനുള്ളത്. പുതിയ തലമുറയിൽപ്പെട്ട പല യുവതീയുവാക്കളും വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നില്ല. ‘ലിവിങ് ടുഗതർ, ലാവെൻഡർ മാര്യേജ്’ ഇങ്ങനെ പലതുമൊക്കെ പറയുന്നത് കേൾക്കാം. പക്ഷേ, എനിക്ക് പറയാനുള്ളത് വിവാഹം കഴിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളെക്കുറിച്ചാണ്. അവരുടെ പ്രശ്നം എന്താണെന്നുവച്ചാൽ, കെട്ടാൻ പെണ്ണിനെ കിട്ടാനില്ല. ഏത് സ്ത്രീകളോട് സംസാരിച്ചാലും, എന്റെ മകന് പറ്റിയ ഒരു പെൺകുട്ടിയെ കിട്ടാനുണ്ടോ എന്നാണ് അന്വേഷണം. പെൺകുട്ടികളുടെ എണ്ണം തീരെ കുറഞ്ഞുപോയതും ഉള്ള പെൺകുട്ടികളൊക്കെ പഠിച്ചു വിദേശത്തേക്ക് പോകുന്നതും ഇതിനു കാരണമായി. ജനിച്ചത് പെൺകുഞ്ഞാണെന്നറിയുമ്പോൾ മാതാപിതാക്കൾ ഉൾപ്പെടെ നിരാശപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ ആൺകുട്ടികൾക്കും ആഞ്ഞിലിത്തടിക്കും വില നിശ്ചയിക്കാൻ പറ്റില്ല എന്നാണ് പറഞ്ഞിരുന്നത്. അതിനാൽത്തന്നെ എല്ലായിടങ്ങളിലും മേൽക്കോയ്മ അവർക്കു ലഭിച്ചിരുന്നു. പെണ്ണ് പൊന്നാണെന്നു മനസ്സിലാക്കാൻ കാലം കുറെ വേണ്ടിവന്നു.
കെട്ടാൻ പെണ്ണിനെ കിട്ടാനില്ല എന്ന് പറയുമ്പോൾ എന്റെ ചുണ്ടിലും ഒരു ഗൂഢമന്ദസ്മിതം വിരിയാറുണ്ട്. പഴയതലമുറയെയും പുതിയ തലമുറയെയും കണ്ട ആളാണ് ഞാൻ. എത്ര സ്റ്റവ് ആണ് കേരളത്തിൽ പൊട്ടിത്തെറിച്ചിട്ടുള്ളത്. എത്രമാത്രം സ്ത്രീധനപീഡനമരണങ്ങൾ നടന്ന നാടാണ്. എന്തെല്ലാം സഹനങ്ങൾ ആയിരുന്നു. ‘കാരുണ്യം’ എന്ന സിനിമയിൽ നടൻ മുരളി ഭാര്യ മരിച്ചപ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ‘വെളുത്തത് വല്ലതുമുണ്ടോ അതിനെ ഉടുപ്പിക്കാൻ’. അക്കാലത്തു സ്ത്രീകളുടെ അവസ്ഥ അതായിരുന്നു. നല്ല വസ്ത്രം ധരിക്കാനില്ലാതെ, എല്ലാ പാത്രങ്ങളിലും വിളമ്പി കഴിയുമ്പോൾ ഭക്ഷണമില്ലാതെ… എന്തിന് വിവാഹം കഴിഞ്ഞാൽ സ്വന്തമായി പേരുപോലുമില്ലാതെ കണ്ണമ്പള്ളിലെ ചേട്ടത്തി, കാരക്കാട്ടെ ചേട്ടത്തി എന്നൊക്കെയാവും പിന്നെ വിളിപ്പേര്. പെറ്റുവളർത്തിയ മക്കളുടെ കല്യാണം കൂടാൻ പോലും അവകാശമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ, അമ്മ ഡാൻസ് കളിച്ചില്ലെങ്കിൽ മക്കൾ കല്യാണം കഴിക്കില്ല എന്ന അവസ്ഥവരെയായി. എന്റെ ഒരു കൂട്ടുകാരി പറയാറുണ്ട് കേരളത്തിലെ ഒരു ജില്ലയിലെ ഒരു പ്രത്യേക സ്ഥലത്ത് വിവാഹം കഴിച്ചു കൊണ്ടുചെന്നാൽ പച്ച സാരിയുടുത്താൽ കറുപ്പ് ബ്ലൗസ് ഇട്ടോണം. മാച്ചിങ് ബ്ലൗസ് പോലും ഇടാൻ പാടില്ല. കല്യാണം കഴിഞ്ഞു ചെന്നാലുടൻ നീണ്ട മുടിയാണെങ്കിൽ ഭർത്താവിന് ദോഷം വരും എന്നു പറഞ്ഞ് അത് മുറിപ്പിക്കും. ആഭരണങ്ങൾ ഊരി വാങ്ങും. പുറത്താരോടെങ്കിലും സംസാരിക്കണമെങ്കിൽ ഭർത്താവു വഴിയോ അമ്മായിയപ്പൻ വഴിയോ മാത്രം. അടുക്കള, പള്ളി… അതിനപ്പുറം മറ്റൊരു ലോകമില്ല. പിന്നവർക്ക് ബഹുമാനം കിട്ടുന്ന ഒരു കാലം വരും, വല്യമ്മച്ചി ആകുമ്പോൾ…. കൊച്ചുമക്കളുടെ സ്നേഹവും ബഹുമാനവുമൊക്കെ അപ്പോൾ ലഭിക്കും. സ്വന്തമായി അഭിപ്രായങ്ങളില്ലാതെ ആഗ്രഹങ്ങളില്ലാതെ തീരുമാനങ്ങളും ഇഷ്ടങ്ങളുമില്ലാതെ ഒരു ജീവിതം, സർവകാലവേലക്കാരിയായി ജീവിച്ചു തീർത്തതിന് വാർദ്ധക്യത്തിൽ കിട്ടുന്ന അംഗീകാരമാണത്.
ഇപ്പോഴത്തെ മാറ്റങ്ങൾ കാണുമ്പോൾ എനിക്ക് ചിരി വരും. പണ്ടൊക്കെ ഒരു പെൺകുഞ്ഞിനെ പോറ്റിവളർത്തി കെട്ടിച്ചു കൊടുത്തുകഴിയുമ്പോൾ പിറ്റേന്ന് മുതൽ ഭർത്താവിന് അവളുടെ മുഖത്തുനോക്കി തന്തക്കുവിളിക്കാൻ ഒരുളുപ്പുമുണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാത്തിനും കാലം മറുപടി കൊടുത്തുകൊണ്ടേയിരിക്കുന്നു. എങ്ങും പെണ്ണില്ല. ഇന്നിപ്പോൾ ഒരു പെണ്ണിനെ കിട്ടിയാൽമതി ഡിമാൻടുകൾ ഒന്നുമില്ല. പണ്ടൊക്കെ ഇത്ര പവൻ… ഇത്ര രൂപ… അങ്ങനെ എന്തൊക്കെയായിരുന്നു. ഇപ്പോൾ പെണ്ണുമില്ല പിടക്കോഴിയുമില്ല. പല വൈദികരും സംസാരമദ്ധ്യേ പറയാറുണ്ട്… എന്റെ ഇടവകയിൽ ഒരുപാട് ആൺകുട്ടികൾ പെണ്ണുകിട്ടാതെ, വിവാഹം കഴിക്കാതെ നിൽക്കുന്നുണ്ടെന്ന്. ഇങ്ങനെ പോയാൽ നമ്മുടെ ചെറുപ്പക്കാർ മറ്റു സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ പോയി വിവാഹം കഴിക്കേണ്ടി വരും. ലോകം നന്മയിൽ നിലനിൽക്കണമെങ്കിൽ കുടുംബം എന്ന കാഴ്ചപ്പാട് അത്യാവശ്യം തന്നെയാണ്. തമിഴർ ചോദിക്കുന്ന പോലെ നമുക്കും ചോദിക്കാം ” അശകുശലേ പെണ്ണുണ്ടോ ചെറുഗോശാലേ പെണ്ണുണ്ടോ”.
ചിന്തിപ്പിക്കുന്ന വിഷയം
നന്നായി എഴുതി
Very very appropriate topic and agree with you
percent.
നല്ല അവതരണം
ചിന്തനീയം….നന്നായി എഴുതി

പുതിയ കാലത്തിലെ മാറ്റങ്ങളെ കുറിച്ചുള്ള നല്ല നിരീക്ഷണം
സൂപ്പർ