ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും ഭാരത സർക്കാരിനാൽ നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശ വർക്കർമാർ. സ്ത്രീകളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു വളരെ വലിയ സേവനമാണ് ഇവർ ചെയ്തു പോരുന്നത്. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അവർക്കു പ്രയോജനകരമായ രീതിയിൽ പ്രാഥമിക ആരോഗ്യ സേവനം നടപ്പാക്കാൻ ലോകാരോഗ്യ സംഘടനയുടെ “അൽമ അറ്റ” എന്ന സംഘടന തീരുമാനിച്ചു. സമ്മേളനം നടന്ന് 27 വർഷങ്ങൾക്കു ശേഷം ദേശീയ ഗ്രാമീണ ആരോഗ്യ മിഷനിലൂടെ ഇന്ത്യ പ്രാഥമിക ആരോഗ്യ മേഖലയിലെ മുന്നേറ്റത്തെ കുറിച്ച് നടത്തിയ ചർച്ചയുടെ ഭാഗമായി 2005 ൽ ആശ വർക്കർ അഥവാ Accredited Social Health Activist എന്ന പേരിൽ സ്ത്രീകളായ സന്നദ്ധ പ്രവർത്തകരെ നിയമിക്കാൻ മൻമോഹൻ സിംഗ് സർക്കാർ തീരുമാനിക്കുന്നത്. സർക്കാർ ആരോഗ്യ മേഖലയിലെ ഡോക്ടർ, ഹെൽത്ത് ഇൻസ്‌പെക്ടർ, നഴ്സ് എന്നിവരും പൊതുജനവും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന കണ്ണികളാണിവർ.
ആശ വർക്കർ എന്ന അസംഘടിത തൊഴിലാളികൾ സാമൂഹിക ആരോഗ്യ രംഗത്തെ ചാലകങ്ങളായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 18 വർഷമായി. ഇന്ന് ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ആശ വർക്കർമാരുടെ സേവനമുണ്ട്. 2008 ൽ ആണ് കേരളത്തിൽ ആദ്യമായി ആശമാരെ നിയമിക്കുന്നത്. 1000 പേർക്ക് ഒരു ആശ എന്നാണ് കണക്ക്. മാതൃ ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ആശമാരുടെ ആദ്യ നിയമനം. മാതൃ ശിശു സംരക്ഷണം, പ്രാഥമിക വൈദ്യ സഹായം എത്തിക്കൽ, പകർച്ചവ്യാധി പകരാതിരിക്കാനുള്ള മുൻകരുതൽ എടുക്കൽ, ജീവിതശൈലീ രോഗങ്ങൾ പടരാതെ സമൂഹത്തെ സജ്ജമാക്കൽ, കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കൽ, ആരോഗ്യ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തൽ, കണക്കുകൾ റിപ്പോർട്ടുകൾ ഇവ തയ്യാറാക്കൽ എന്നിങ്ങനെ ഉത്തരവാദിത്തപ്പെട്ട ഒരുപാട് ജോലികൾ ചെയ്യുന്നവരാണ് ആശ വർക്കർമാർ. തൊഴിൽപരമായ അംഗീകാരം ലഭിക്കാതെ, പ്രതിഫലമില്ലാത്ത സാമൂഹികപ്രവർത്തനമായാണ് സ്ത്രീകൾ ആദ്യകാലങ്ങളിൽ ജോലി ചെയ്തിരുന്നത്. സന്നദ്ധ പ്രവർത്തനം ആയതിനാൽ തന്നെ ശമ്പളം, കൂലി എന്ന തൊഴിൽ അവകാശങ്ങൾ ആശമാർക്ക് ലഭിക്കില്ല. തൊഴിലാളികളുടെ യാതൊരു അവകാശവും ഇവർക്കില്ല.
300 രൂപയാണ് ഇവർക്ക് ആദ്യമായി കിട്ടിയ വരുമാനം. പിന്നീട് അത് 500 ആയി, 1000 ആയി. നിരന്തര സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി കേരള സർക്കാർ നൽകുന്ന ഓണറേറിയം 7000 രൂപയാക്കി. കേന്ദ്ര സർക്കാർ ഇൻസെന്റീവ് ആയി 2000 രൂപയാണ് നൽകുന്നത്.
ആശമാരെക്കുറിച്ച് പലരോടും സംസാരിച്ചപ്പോൾ അവർ ഓരോ ദിവസവും നടക്കുന്നതിന് കയ്യും കണക്കും ഇല്ല എന്നാണ് അറിഞ്ഞത്. ഇവരിൽ ഭൂരിഭാഗം പേരും സാമ്പത്തിക പരാധീനതകൾ ഉള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. വിധവകൾ, വാടകക്ക് താമസിക്കുന്നവർ, രോഗികളായ കുടുംബാംഗങ്ങളെ പോറ്റേണ്ടവർ, അങ്ങനെ പലരും. ഇവരുടെ ചിലവുകൾ ആര് വഹിക്കും….. പലപ്പോഴും ശമ്പളം പോലും അവർക്ക് കൃത്യമായി കിട്ടുന്നില്ല. 3 മാസം കൂടുമ്പോഴാണ് അവർക്ക് ശമ്പളം നൽകുന്നത്. ഇവരുടെ സ്തുത്യർഹമായ സേവനങ്ങൾ അറിയണമെങ്കിൽ കൊറോണക്കാലത്തേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കിയാൽ മതി. ഇവരുടെ ജോലി സമയത്തിന് കൃത്യത ഇല്ല. എപ്പോൾ ആര് വിളിച്ചാലും സേവനസന്നദ്ധരായിരിക്കണം. ഇവർ ചെയ്യുന്ന ജോലിയുടെ ക്രെഡിറ്റ് മറ്റു പലരും കൊണ്ടുപോകുകയാണ് പതിവ്. എങ്കിലും ഇത്രയും സ്തുത്യർഹമായ സേവനങ്ങൾ ചെയ്യുന്ന ആശവർക്കർമാരെ ആദരിക്കേണ്ടതിനു പകരം വെയിലും മഴയും കൊണ്ട് സമരം ചെയ്യേണ്ടതിലേക്ക് അവരെ എത്തിക്കുകയും അവരുടെ സമര പന്തൽ പൊളിച്ചു കളയുകയും അവരെ അപമാനിക്കുകയും ചെയ്തതിന്റെ പിന്നിൽ ആരാണ്?
സാക്ഷര കേരളമേ ലജ്ജിക്കൂ…
ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം എന്ന് ശ്രീബുദ്ധൻ പറഞ്ഞിട്ടുണ്ട്. ആശമാരുടെ ദുഃഖങ്ങൾക്ക് ആരാണ് കാരണം? അവരുടെ പ്രശ്നങ്ങൾക്ക് ആര് പരിഹാരം കണ്ടെത്തും? മറ്റു പല മേഖലകളിലും പണം വാരി കോരി ചെലവാക്കുന്നവർ എന്തുകൊണ്ടാണ് ഈ പാവങ്ങൾക്ക് നേരെ കണ്ണ് തുറക്കാത്തത്? അവരുടെ ന്യായമായ ആവശ്യങ്ങൾ PF, ESI, ഗ്രാറ്റുവിറ്റി, ചെറിയ തുകയെങ്കിലും പെൻഷൻ ഇതൊക്കെ അവർ അർഹിക്കുന്നുണ്ട്. തീർച്ചയായും അതിന് വേണ്ടിയുള്ള ഇടപെടലുകൾ ഉണ്ടാവണം. ആശ വർക്കർമാർക്ക് വേണ്ടി സംസാരിക്കാൻ കൂടുതൽ ആളുകൾ ഉണ്ടാവണം. അവരുടെ സേവനം നമുക്ക് അത്യാവശ്യമാണ്. മറ്റ് ഏതെങ്കിലും മേഖലകളിൽ നിന്നുള്ള ആരുടെയെങ്കിലും സമരമായിരുന്നെങ്കിൽ പിന്തുണയുമായി ഒരുപാട് പേർ എത്തിയേനെ. ഈ പാവങ്ങളുടെ സമരമായതിനാലാവാം പ്രത്യേകിച്ചു നേട്ടം ഒന്നും കിട്ടാനില്ലാത്തതുകൊണ്ടുമാവാം ആരുടേയും ശബ്ദമൊന്നും അധികം ഉയർന്നു കേൾക്കുന്നില്ല. മഴയും വെയിലും സഹിച്ച് നിരാഹാര സമരം തുടരുകയാണ് അവർ.
ആശാവർക്കർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടപ്പെട്ടവർ തയ്യാറാവുമെന്ന് നമുക്ക് വിശ്വസിക്കാം. അല്ലെങ്കിൽ ആവശ്യങ്ങൾ നേടിയെടുക്കാനായി നിരാഹാര സമരം ചെയ്യുന്ന അവരോടൊപ്പം അവർക്ക് പിന്തുണ പ്രഖ്യാപിച്ച് നമുക്കും ഉറച്ചുനിൽക്കാം. ആശമാരുടെ സമരം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.
ആശമാരുടെ ആശങ്കകൾ സൂപ്പർ
നല്ല അവതരണം