Monday, February 2, 2026
Homeഅമേരിക്കആരൊരാളവൻ ? (കവിത )✍ജയേഷ് വ്ലാത്താങ്കര, തിരുവനന്തപുരം

ആരൊരാളവൻ ? (കവിത )✍ജയേഷ് വ്ലാത്താങ്കര, തിരുവനന്തപുരം

തീപ്പന്ത,മോർമ്മകൾ
പൊള്ളിച്ചു വിട്ടവൻ.

തീരാവ്രണങ്ങളിൽ
തീയെരിഞ്ഞേറെ
പ്പുകഞ്ഞവൻ.

കൂടും , കടങ്ങളും
നാടും, വഴികളും
പാതിയിൽവിട്ടിട്ടു വന്നവൻ.

പൊട്ടിയൊലിച്ചതിൻ
ബാക്കിയാം വ്യഥകളെ
വാക്കിന്നു കൂട്ടായ്
കരളിൽക്കൊരുത്തവൻ.

എല്ലാക്കടലും
കുടിച്ചുവറ്റിച്ചവൻ.
എല്ലാ മഴയും
നനഞ്ഞുതണുത്തവൻ.
എല്ലാവഴികളും
ഒറ്റയ്ക്ക് തിന്നവൻ.

വെയിൽപ്പക്ഷി
കൊത്തിപ്പറിച്ച
കരൾക്കൂടിലെപ്പൊഴും
കനിവിൻ മഹാവനം
നട്ടുനനച്ചവൻ.

ചങ്ങാതിയെന്നും
ചുരത്തുന്ന ചോരയിൽ
ഉപ്പായലിഞ്ഞവൻ.

മയിൽപ്പീലിപൂക്കുന്ന
താഴ്‌വാരമെന്നും
കിനാവിൽക്കിളിർപ്പിച്ചു
കാത്തുസൂക്ഷിച്ചവൻ.

ശലഭങ്ങൾ മാത്രം
പിറക്കുന്ന നാട്ടിൽ
വർണ്ണങ്ങളേഴുമായി
പാറിപ്പറന്നവൻ.

നേരിൻ്റെ നോവിൽക്കുരുങ്ങി
പിടഞ്ഞൊടുങ്ങുമ്പൊഴും
ഇരുണ്ടനാദത്തിനാൽ
തെരുവിലൊറ്റക്കു പാടിയോൻ.

നൂറു ഖട്ഗച്ചിനപ്പിൻ ചുവപ്പിൽ
ചൊട്ടുചോര ചേർക്കാത്തവൻ,

ചത്തശലഭത്തിൻ
ചിതയിലേക്കാഹൂതിയായ്
പറന്നു മറഞ്ഞവൻ.

പാതയോരങ്ങളിൽ
ദൈവം മറന്നിട്ട
വാക്കുകളെല്ലാം
എടുത്തു സൂക്ഷിച്ചവൻ.
പൊരുളും കിനാവും
പതിപ്പിച്ചു നക്ഷത്രമായി
തിരിച്ചു നൽകുന്നവൻ.

നാട്ടിലേക്കെത്തും
വഴികളെല്ലാമ്മറന്നേകനായ്
ചകിതനായ് ,
സംഭ്രമസ്വപ്നമായി
പതയോരത്തവൻ
നിൽക്കുന്നു കവിയാളൻ.

ജയേഷ് വ്ലാത്താങ്കര, തിരുവനന്തപുരം✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com