ശിവക്ഷേത്ര പ്രദക്ഷിണം (തുടർച്ച)
അങ്ങനെ യോഗമാർഗ്ഗത്തിൽ അനാദൃശ്യമായ സാദൃശ്യം വഹിക്കുന്ന ഒന്നാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. അത് മൂന്നായാൽ ഉത്തമമാണെന്ന് മുൻപ് പറഞ്ഞുവല്ലോ. സാധാരണ ക്രിയാദികൾക്കു മൂന്ന് പ്രണായാമമാണ് വിധിച്ചിട്ടുള്ളത് എന്ന് ഓർത്താൽ ഈ അടിസ്ഥാനം മനസ്സിലാക്കാവുന്നതാണ്. സാധാരണ ദേവന്മാർക്ക് സാധാരണ പ്രദക്ഷിണവും സവ്യാപസവ്യമാകുന്ന പ്രദക്ഷിണവും ചെയ്യുന്നതിൻ്റെ പൊരുൾ ഇപ്പോൾ വ്യക്തമായിരിക്കുമല്ലോ.
ദക്ഷിണയും പ്രദക്ഷിണവും
സാധാരണ കർമ്മങ്ങൾ ചെയ്യുമ്പോഴും വിദ്യാഭ്യാസത്തിൻ്റെ അവസാനഭാഗത്തു ഗുരുദക്ഷിണ ചെയ്യണമെന്നാണ് വ്യവസ്ഥ. കർമ്മങ്ങൾ ചെയ്യുമ്പോൾ നാം ചെയ്യുന്നത് പുരോഹിതനെ താല്ക്കാലിക ആചാരനായി വരിയ്ക്കുകയാണ്.ഇതിനെ ആചാര്യവരണം എന്നാണ് പറയുക. അങ്ങനെ ഒരു ക്രിയ യാഗാദി കർമ്മങ്ങളിലും ഉയർന്ന താന്ത്രിക കർമ്മങ്ങളിലും പതിവുള്ളതാണ്. അപ്പോൾ പുരോഹിതൻ താല്ക്കാലിക ആചാര്യനാണ്.-ഗുരുവാണ്. ആ ഗുരുവിൻ്റെ പ്രഭാവം കൊണ്ട് നമ്മുടെ ആദ്ധ്യാത്മിക ശക്തിയുടെ പ്രബോധനം ഉണ്ടാവുകയാണ് ചെയ്യുന്നത്. പുരോഹിതനും ഗുരുനാഥനുമെല്ലാം ഇതാണ് ചെയ്യുന്നത്. അപ്പോൾ ഉണർന്ന ഈശ്വരശക്തി നമ്മുടെ കർമ്മമാർഗ്ഗത്തിലൂടെ ചരിയ്ക്കുമ്പോൾ കാര്യപ്രാപ്തിയും കർമ്മഫലവും ഉണ്ടാകുന്നു. വിദ്യാഭ്യാസമാണെങ്കിൽ അതിൻ്റെ പ്രാപ്തിയും. അങ്ങനെ ഉണർത്തി വിട്ട ഈശ്വരശക്തിയെ വേണ്ട മാർഗ്ഗത്തിൽ പിംഗളാമാർഗ്ഗത്തിലൂടെ കൊണ്ടുപോകണമെന്നുള്ളതിൻ്റെ സൂചനയാണ് ഗുരുവിനായി നാം ചെയ്യുന്ന ദക്ഷിണ. ആ ദക്ഷിണ വലതു കൈ കൊണ്ട് നമ്മുടെ സ്വയാർജ്ജിതവിത്തം (പുരുഷൻ്റെ പ്രതിരൂപം) ഗുരുവിന് – അതായത് ആചാര്യന് – അതായത് ഈശ്വരൻ്റെ പ്രതിപുരുഷന് നാം അർപ്പിക്കുന്നു. അതായത് ഈശ്വരാഭിമുഖമായി നാം ചരിയ്ക്കുവാൻ തുടങ്ങുന്നു എന്ന് സാരം. ഇതാണ് ഏതു ക്രിയയുടേയും അവസാന ചടങ്ങ്. അതുകൊണ്ടാണ് ദക്ഷിണ ചെയ്തില്ലെങ്കിൽ കമ്മഫലപ്രാപ്തി ഉണ്ടാവുകയില്ലെന്ന് പറയുന്നത്. ഗുരുദക്ഷിണയുടേയും കഥ ഇതു തന്നെയാണ്. ഗുരു സാധകനിൽ നിക്ഷേപിച്ച ഈശ്വരചൈതന്യത്തെ സ്വന്തം തപസ്സിനാൽ, പ്രയത്നത്താൽ വളർത്തിയെടുത്ത പ്രക്രിയയയാണ് ദക്ഷിണ. പ്രദിക്ഷണവുമായി ഇതിത് ബന്ധവുമുണ്ട്. ആദ്ധ്യാത്മികശക്തിയുടെ ഊർദ്ധ്വ പ്രവാഹമാണിത്. ഇത് പൗരുഷംകൊണ്ടും തപസ്സുകൊണ്ടും സാധിയ്ക്കേണ്ടതാണ്.അപ്രകാരമല്ലാതെ വരുമ്പോൾ ഈശ്വര ശക്തിയും അനുഗ്രഹങ്ങളും ഫലിയ്ക്കാതെ പോകുന്നു. താൻ പാതി ദൈവം പാതി എന്ന് പറയാറുള്ളതുപോലെ ഉയർന്ന ആദ്ധ്യാത്മിക സാധനകളുടെ കാര്യത്തിലും ഇതുതന്നെയാണ് പ്രമാണം എന്നു വരുന്നു. ദക്ഷിണയും പ്രദിക്ഷിണവും വാസ്തവത്തിൽ ഒരേ ആശയത്തെത്തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് നാം വ്യക്തമായി ധരിയ്ക്കേണ്ടതായിട്ടുണ്ട്.
അങ്ങനെ ചുഴിഞ്ഞാലോചിക്കുമ്പോൾ ക്ഷേത്രങ്ങളിൽ സാധാരണക്കാർ ചെയ്യുന്ന പ്രദക്ഷിണം മുതലായ ചടങ്ങുകളിൽ പോലും അതിരഹസ്യങ്ങളായ ആദ്ധ്യാത്മിക സാധനാമാർഗ്ഗങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നുണ്ടെന്ന് വ്യക്തമാകും. പൂജ ചെയ്യാൽ അറിയാത്ത ഒരാൾ ഈശ്വരനെ ആരാധന ചെയ്യേണ്ടത് ഇങ്ങനെയാണ്. വാസ്തവത്തിൽ പ്രദക്ഷിണ നമസ്ക്കാരാദികൾ ആരാധനയുടെ സാധാരണരൂപമായ അർഘ്യം, പദ്യം, തുടങ്ങിയ ഷോഡശോപചാര പൂജയുടെ അവസാനത്തെ ചടങ്ങുകളാണ്. പൂജ ചെയ്യാൻ സാധാരണക്കാരന് അവകാശമില്ലെന്ന വാദത്തിൻ്റെ അടിത്തറ ഇവിടെ ഇളകുകയാണ്. പക്ഷേ സാധാരണ ക്ഷേത്രങ്ങളിൽ ഇങ്ങനെയെല്ലാവരും അകത്തു കയറി പൂജ ചെയ്തു തുടങ്ങിയാലത്തെ കുഴപ്പമോർത്താണ് തക്ക പരിശീലനം ലഭിച്ചവരെ ശാന്തിക്കാരായി ക്ഷേത്രങ്ങളിൽ നിയമിച്ചിരിക്കുന്നത്. ഒരു ബാങ്കിൽ കാഷ്യർ ആകുവാൻ എല്ലാ മനുഷ്യർക്കും അവകാശമുണ്ടെങ്കിലും അതിനു യോഗ്യതയും പരിശീലനവുമുള്ളയാളിനെ നിയമിക്കുന്നതു പോലെയുള്ള പ്രക്രിയയാണിത്. നേരെ മറിച്ച് വരുന്നവരെല്ലാം കയറിയിരുന്ന് ക്യാഷ് കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയും കുഴപ്പങ്ങളും ഒന്നാലോചിച്ചു നോക്കൂ! അത്തരത്തിലുള്ള ദുരവസ്ഥ വന്നു ക്ഷേത്രം താറുമാറായി പോകാതിരിക്കാൻ വേണ്ടിയാണ് ക്ഷേത്രങ്ങളിൽ ഇത്തരം ചിട്ടകൾ നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം ചിട്ടകളെ സാധാരണക്കാർ പൂർണ്ണമനസ്സോടെ – ഭക്തിശ്രദ്ധാദികളോടെ അനുഷ്ഠിക്കുകയാണെങ്കിൽ തങ്ങളിൽ ലീനമായ ഈശ്വരശക്തി ഉണർന്നുകിട്ടുകയും അങ്ങനെ കിട്ടുന്ന ഭഗവത്പ്രസാദത്തിൻ്റെ മാഹാത്മ്യം കൊണ്ട് ആത്മീയങ്ങളും ഭൗതീകങ്ങളുമായ നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിതപ്രായങ്ങളാകുകയും ചെയ്യും.
ദേവദർശനമെന്ന യോഗാനുഭൂതി.
പ്രദക്ഷിണം കഴിഞ്ഞു നടയ്ക്കൽ എത്തുന്ന ആരാധകൻ അവൻ്റെ ദീർഘമായ ആദ്ധ്യാത്മിക പ്രയാണം കഴിഞ്ഞ് ഈശ്വരൻ്റെ പ്രത്യേക ദർശനമനുഭവിക്കുകയാണ്. അവിടെ നാം നമ്മുടെ സങ്കല്പത്തിനനുസരിച്ചും ആ ക്ഷേത്രത്തിലെ ദേവൻ്റെ മൂലമന്ത്രാനുസാരിയായ ധ്യാനരൂപത്തിനനുസരിച്ചുമുള്ള കരചരണാദ്യവയവങ്ങളോടുകൂടിയ സർവ്വാഭരണാലങ്കാരയുധങ്ങളോടുകൂടിയ ദേവവിഗ്രഹത്തെ കാണുകയാണ്. ദീപങ്ങളാകുന്ന പ്രകാശപ്പൊലിമയിലാണ് നാം ഈ വിഗ്രഹത്തെ ദർശിയ്ക്കുന്നത്. അദ്ധ്യാത്മിക അനുഭൂതിയിൽ ആദ്യം ദൃശ്യമാകുന്നത് ഒരു പ്രകാശവും പിന്നീട് ധ്യാനോക്ത രൂപവുമായിരിക്കും.
(തുടരും)
അറിവു നൽകുന്ന പ്രദക്ഷിണ വിശേഷങ്ങൾ
സജിക്കും അരവിന്ദനും ഷീഫക്കും നന്ദി – സ്നേഹം
നമസ്ക്കാരം ഗുരുജി. തങ്ങളിൽ അന്തർലീനെ മായിരിക്കുന്ന ഈശ്വരീയ ശക്തിയെ ഉണർത്താനാണ് പ്രദക്ഷിണം. അവിടെ ഗുരുപുരോഹിതനാണ് ത്തിനാൽ തന്നെ ദക്ഷിണ നൽകി അനുഗൃഹീതരാകണം. നന്ദി ഗുരുജി . നമസ്ക്കാരം