വെറും ഒരു മണിക്കൂറിനിടെ ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിലേക്ക് കടന്നുകയറിയ യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിൽ എത്തിച്ച സംഭവത്തിന് പിന്നാലെയാണ് ട്രംപ് പുതിയ വെല്ലുവിളികളുമായി രംഗത്തെത്തിയത്.
ഇന്ത്യയ്ക്കുനേരെ ഉൾപ്പെടെയുള്ള ആ 6 വെല്ലുവിളികൾ ഇങ്ങനെ:
∙ ക്യൂബ
വെനസ്വേലയ്ക്ക് നേരേ ഉയർത്തിയ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള സമാന ആരോപണങ്ങളാണ് ട്രംപ് ക്യൂബയ്ക്ക് നേരെയും തൊടുക്കുന്നത്. ‘‘ക്യൂബ ശരിക്കും തകരാൻ പോവുകയാണ്. അവർക്ക് സ്വന്തമായി വരുമാനം പോലുമില്ല. വെനസ്വേലയായിരുന്നു അവരുടെ ആശ്രയം. വെനസ്വേലൻ എണ്ണയുടെ പണമാണ് ക്യൂബയ്ക്കും കിട്ടിയിരുന്നത്. അമേരിക്ക പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിൽ പോലും ക്യൂബ ഉടൻ തകരും’’ – ട്രംപ് പറഞ്ഞു.
∙ മെക്സിക്കോ
മയക്കുമരുന്ന് തന്നെയാണ് മെക്സിക്കോയെയും ട്രംപിന്റെ കണ്ണിലെ കരടാക്കുന്നത്. രാജ്യത്തെ മയക്കുമരുന്ന് മാഫിയയെ തുരത്താൻ മെക്സിക്കൻ സർക്കാർ തയാറാകണമെന്ന് ട്രംപ് പറഞ്ഞു. ‘‘ഓരോ തവണയും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനോട് സംസാരിക്കുമ്പോഴും യുഎസ് സൈന്യത്തെ സഹായത്തിന് അയക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ, പ്രശ്നം അവർക്ക് തന്നെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്’’.
∙ കൊളംബിയ
കൊക്കെയ്ൻ ഉണ്ടാക്കി യുഎസിലേക്ക് കടത്തുന്ന, സമനില തെറ്റിയ ഒരാളാണ് കൊളംബിയ ഭരിക്കുന്നതെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ വിമർശിച്ച് ട്രംപ് പറഞ്ഞു. ‘‘അയാൾ അധികകാലം ഈ പണി ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല’’, ട്രംപ് പറഞ്ഞു. കൊളംബിയയെ ആക്രമിക്കുമോ എന്ന് ചോദിച്ചപ്പോൾ അതൊരു നല്ലകാര്യമായിരിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
∙ ഇറാൻ
ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ യുഎസ് നിരീക്ഷിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ‘‘പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലാനാണ് ഇറാനിയൻ ഭരണകൂടത്തിന്റെ തീരുമാനമെങ്കിൽ അമേരിക്കയിൽ നിന്ന് കടുത്ത ശിക്ഷ തന്നെ ഇറാൻ നേരിടേണ്ടി വരും’’ – ട്രംപ് പറഞ്ഞു.
∙ ഗ്രീൻലൻഡ്
ഡെന്മാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലൻഡിനെ യുഎസിന് വേണമെന്ന ആവശ്യവും ട്രംപ് ഉന്നയിച്ചു. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡിനെ ആവശ്യമാണ്. ഇത് സുരക്ഷയുടെ പ്രശ്നമാണ്. ഞങ്ങൾക്ക് ഗ്രീൻലൻഡിന്റെ മിനറലും ഓയിലുമൊന്നും വേണ്ട. ലോകത്തെ വേറെ ഏതു രാജ്യത്തേക്കാളും കൂടുതൽ എണ്ണ ഞങ്ങൾക്കുണ്ട്. നിങ്ങൾ ഗ്രീൻലൻഡിനെ നോക്കൂ. ഓരോ ദിക്കിലും ചൈനീസ്, റഷ്യൻ കപ്പലുകൾ ചുറ്റിത്തിരിയുകയാണ്. അതുകൊണ്ട്, ഗ്രീൻലൻഡ് ഞങ്ങൾക്ക് കിട്ടിയേപറ്റൂ’’ – ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ ആവശ്യം അനാവശ്യമാണെന്നായിരുന്നു ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡെറിക്സെൻ പ്രതികരിച്ചത്.
∙ ഇന്ത്യ
റഷ്യൻ എണ്ണയെച്ചൊല്ലിയാണ് ഇന്ത്യയ്ക്കുമേൽ ട്രംപിന്റെ പുതിയ ഭീഷണി. ഇനിയും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാനാണ് തീരുമാനമെങ്കിൽ കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.



