മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കേസില്‍ ബിഹാര്‍ എം പി പപ്പു യാദവ് അറസ്റ്റിൽ. 30 വർഷം പഴക്കമുള്ള വ്യാജ രേഖ തട്ടിപ്പുകേസിലാണ് അറസ്റ്റ് ചെയ്തത്. മഫ്തിയിൽ എത്തിയ പൊലീസ് സംഘമാണ് എം പിയെ അറസ്റ്റ് ചെയ്തത്. തന്നെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പപ്പു യാദവ് പറഞ്ഞു. നീറ്റ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബിഹാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്.
1995ൽ ഗർഡനിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടിയെടുത്തത്. നിശ്ചിത തീയതിയിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ തുടർച്ചയായി വിമർശനം ഉന്നയിച്ചുകൊണ്ടിരിക്കെയാണ്, 30 വർഷം പഴക്കമുള്ള കേസിൽ നടപടി ഉണ്ടായത്
എംപി/എംഎൽഎ കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പൊലീസ് പപ്പു യാദവിനെ വീട്ടിലെത്തി അറസ്റ്റു ചെയ്തത്. എന്നാൽ, മധേപുരയിലെ വീട്ടിലെത്തിയ പൊലീസ് സംഘം മഫ്തിയിലായിരുന്നുവെന്നും, അറസ്റ്റിനല്ല സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള വാറന്റാണ് അവരുടെ കൈവശമുണ്ടായിരുന്നതെന്നും പപ്പു യാദവ് ആരോപിച്ചു.



